ഒഴിവുദിവസത്തെ കളി

അഭിപ്രായവേദി സംരംഭത്തിൽ നിന്ന്
Ozhivu‌-Divasathe-Kali
ഒഴിവുദിവസത്തെ കളി

Ozhivu-Divasathe-Kali Author:P. N. Venugopal 2016-05-17 Standard

999

സനൽകുമാർ ശശിധരന്റെ 'ഒഴിവുദിവസത്തെ കളി' എന്ന ചിത്രത്തിന്റെ പ്രമേയ സവിശേഷതകളെ വിലയിരുത്തുന്ന നിരൂപണം. പണമേധാവിത്വം, ജാതീയത, ലിംഗവിവേചനം തുടങ്ങിയ സാമൂഹിക വിഷയങ്ങളെ ചിത്രം എങ്ങനെയാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നതെന്ന് ഇവിടെ ചർച്ച ചെയ്യുന്നു. File:Ozhivu-Divasathe-Kali-1.jpg

🏠 മുഖപ്പേജ് › ചലച്ചിത്രം

സനൽകുമാർ ശശിധരന്റെ 'ഒഴിവുദിവസത്തെ കളി' എന്ന ചിത്രത്തിന്റെ പ്രമേയ സവിശേഷതകളെ വിലയിരുത്തുന്ന നിരൂപണം. പണമേധാവിത്വം, ജാതീയത, ലിംഗവിവേചനം തുടങ്ങിയ സാമൂഹിക വിഷയങ്ങളെ ചിത്രം എങ്ങനെയാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നതെന്ന് ഇവിടെ ചർച്ച ചെയ്യുന്നു.
സനൽകുമാർ ശശിധരൻ
സാഹിത്യകൃതികളിൽ അധിഷ്ഠിതമായ ചലച്ചിത്രങ്ങൾ ലോകസിനിമയിൽ സർ‌വസാധാരണമാണ്. മലയാള സിനിമയും ഇതിനൊരു അപവാദമല്ല. ചെമ്മീൻ, അരനാഴികനേരം, ഇണപ്രാവുകൾ, അശ്വമേധം, രമണൻ...ഇങ്ങനെ ഒരു നീണ്ട നിരതന്നെയുണ്ട്. എന്നാൽ കഴിഞ്ഞ ഏതാണ്ട് രണ്ടു ദശകങ്ങളായി ആ പ്രതിഭാസം ഏതാണ്ട് നിലച്ചതുപോലെയായിരുന്നു. പക്ഷെ, അടുത്തകാലത്ത് ആ പ്രവണത ഉയർത്തെഴുനേറ്റതായി കാണുന്നു. നോവലുകളും നാടകങ്ങളുമല്ല ചെറുകഥകളാണ് ദൃശ്യമാധ്യമത്തിൽ പുനരവതരിക്കുന്നത് എന്നുമാത്രം. മെച്ചപ്പെട്ട മിക്ക ചെറുകഥകളുടേയും പ്രധാന ആകർഷണമായ 'നാടകീയത്'യാവാം ചലച്ചിത്രകാരന്മാർക്ക് പ്രചോദനമാവുന്നത്.

ഒഴിവുദിവസങ്ങളിൽ ലോഡ്ജ് മുറിയിൽ ഒത്തുകൂടാറുള്ള മദ്ധ്യവയസ്കരായ നാലു സുഹൃത്തുക്കളുടെ കഥയാണ് ഒഴിവുദിവസത്തെ കളിയിൽ ഉണ്ണി ആർ പറയുന്നത്. മദ്യപാനം, പരദൂഷണം, കുമ്പസാരം, കഥ പറച്ചിൽ, അവസാനം എന്തെങ്കിലുമൊരു കളി...അങ്ങനെയൊരു ഒഴിവുദിവസത്തിൽ അവർ 'കള്ളനും പോലീസും' കളിയിൽ എത്തുന്നു.കള്ളന്റെ മേൽ രാജ്യദ്രോഹക്കുറ്റവും ആരോപിക്കപ്പെടുന്നു. രാജ്യദ്രോഹിക്കു വധശിക്ഷ വിധിക്കപ്പെടുന്നു. മറ്റുമൂന്നുപേരും ചേർന്ന് ആ ശിക്ഷ നടപ്പിലാക്കി ലോഡ്ജ് മുറി അടച്ചുപൂട്ടി സ്ഥലം വിടുന്നു.

സനൽകുമാർ ശശിധരൻ

കഥാബീജം നിലനിർത്തിക്കൊണ്ടുതന്നെ, 2003 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കഥയിൽ സാരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് ചലച്ചിത്രകാരനായ സനൽകുമാർ ശശിധരൻ. തിരക്കഥയും അദ്ദേഹത്തിന്റെ തന്നെ. സുഹൃത്തുക്കളുടെ എണ്ണം നാലിൽനിന്ന് അഞ്ചാകുന്നു. അവർ ഒത്തുകൂടുന്നത് ലോഡ്ജ് മുറിയിലല്ല, വനമെന്നുപറയാവുന്ന ഒരിടത്തിലെ ഒരു വലിയ കെട്ടിടത്തിൽ. സഹായിയായി ഒരു ചെറുപ്പക്കാരനും അവർക്ക് ഭക്ഷണം പാകം ചെയ്യാനായി ഒരു സ്ത്രീയും. കേരളത്തിലെ ഒരു തിരഞ്ഞെടുപ്പിന്റെ അവധിദിവസത്തിലേയ്ക്ക് ആ ഒഴിവുദിവസത്തെ മാറ്റി പ്രതിഷ്ഠിക്കുന്നു. ഈ മാറ്റങ്ങളോടെ തന്റേതാക്കിമാറ്റിയ കഥയുടെ പശ്ചാത്തലം വളരെ വിപുലമാക്കുന്നു ചലച്ചിത്രകാരൻ.

'കേരളീയമെന്ന്' ഇക്കാലത്ത്‌ വിശേഷിപ്പിക്കാവുന്ന പല പ്രവണതകളേയും നിശിതമായ വെളിച്ചത്തിലേയ്ക്കു കൊണ്ടുവരുന്നു ഈ ചിത്രം. ലക്കുകെട്ട മദ്യപാനമാണൊന്ന്. അബലയായ സ്ത്രീയെക്കണ്ടാൽ 'അവൈലബിൾ' ആണോ എന്നാണ് ആദ്യത്തെ അന്വേഷണം. ഒരാൾ നോക്കിയാസ്വദിക്കുന്നതേയുള്ളു, രണ്ടാമൻ 'നിന്റെ വീട്ടിൽ ആരൊക്കെയുണ്ട്' ൽ തുടങ്ങി തന്റെ താല്പര്യം പ്രകടിപ്പിക്കുന്നതേയുള്ളു, പക്ഷേ മൂന്നാമൻ കയറിപ്പിടിക്കാൻ‌തന്നെഒരുമ്പെടുന്നു. എന്നാൽ അതേത്തുടർന്നുള്ള സദാചാര ചർച്ചയിൽ സ്വന്തം ഭാര്യ ഒന്നു പരാമർശിക്കപ്പെടുന്നതുപോലും സഹിക്കാൻ പറ്റുന്നില്ല.

പണമേധാവിത്വം, പൂണൂൽ മേധാവിത്വം, വർണമേധാവിത്വം, ഇതൊന്നും നമ്മുടെ മണ്ണിൽനിന്ന് ഒഴിഞ്ഞുപോയിട്ടില്ലെന്ന് ഈ ചിത്രം നമ്മെ ഓർപ്പിക്കുന്നു.

കൂട്ടത്തിൽ കറുത്തവൻ തന്നെ കള്ളൻ എന്ന അനിവാര്യതയിലേയ്ക്കെത്തുന്നു 'കള്ളനും പോലീസും' കളി. ലോങ് ഷോട്ടുകളിൽ അഭിരമിക്കുന്നു സം‌വിധായകൻ. തുടക്കത്തിൽ അന്തമില്ലാതെ നീണ്ടുപോകുന്ന, പ്രേക്ഷകരെ ഒരു പരിധിവരെയെങ്കിലും മടുപ്പിക്കുന്ന മദ്യപാനരംഗത്തിന്റെ കേടു തീർക്കാനെന്നോണം ഏതാണ്ട് അരമണിക്കൂറോളം നീളുന്ന അവസാനത്തെ ലോങ് ഷോട്ട് അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്നു.

'ഒരാൾപ്പൊക്കം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായിരുന്ന സനൽ ശശിധരന് 'ഒഴിവുദിവസത്തെ കളി'യ്ക്ക് 2015 ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള അവാർഡ് ലഭിച്ചിരുന്നു. എങ്കിലും പൊതുപ്രദർശനത്തിനായി സിനിമാശാലകൾ ഇനിയും ലഭിച്ചിട്ടില്ല ഈ ചിത്രത്തിന്. ജൂൺ 17 ന് റിലീസുണ്ടാവും എന്നറിയുന്നു. കാണാനുള്ള അവസരം ലഭിച്ചാൽ തീർച്ചയായും കണേണ്ട ചിത്രം.

എഴുത്തുകാരൻ / എഴുത്തുകാരി

Author-PNVenugopal.png

പി. എൻ. വേണുഗോപാൽ

പി.എൻ. വേണുഗോപാൽ (1954–2026) എഴുത്തുകാരനും മാധ്യമപ്രവർത്തകനും വിവർത്തകനുമായിരുന്നു.

ആലപ്പുഴയിൽ ജനിച്ച അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം നിർവഹിച്ചത് മഹാരാഷ്ട്രയിലെ നാസിക്കിലാണ്. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം (എം.എ.) നേടി. 1975-ൽ സിൻഡിക്കേറ്റ് ബാങ്കിൽ ഓഫീസർ ട്രെയിനിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 2001-ൽ ജോലി വിട്ട് സാഹിത്യ, മാദ്ധ്യമ രംഗത്തേക്ക് തിരിഞ്ഞു.

പരിസ്ഥിതി, രാഷ്ട്രീയം, വികസനം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളിൽ ഡൗൺ ടു എർത്ത്, ഇന്ത്യ ടുഗെദർ, സമകാലിക മലയാളം തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ അദ്ദേഹം ലേഖനങ്ങളും അഭിമുഖങ്ങളും എഴുതിയിട്ടുണ്ട്.

=പ്രധാന വിവർത്തനങ്ങൾ::

ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക്: ചാൾസ് ഡിക്കൻസിന്റെ ഒലിവർ ട്വിസ്റ്റ്, ആൽബെർ കാമ്യുവിന്റെ ദ ഫാൾ, തോമസ് ഹാർഡിയുടെ ഫാർ ഫ്രം ദി മാഡിങ് ക്രൗഡ്, ഇറ്റാലോ കാൽവിനോയുടെ മിസ്റ്റർ പൊലോമർ, സത്യജിത് റായുടെ ആത്മകഥയായ എന്റെ അപ്പുവിനോടൊപ്പമുള്ള കാലം തുടങ്ങിയവ പരിഭാഷപ്പെടുത്തി. ടി.ജെ.എസ്. ജോർജ്, നടൻ നസറുദ്ദീൻ ഷാ എന്നിവരുടെ ജീവചരിത്രങ്ങളും അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക്: പ്രശസ്ത നോവലിസ്റ്റ് ഇ. സന്തോഷ് കുമാറിന്റെ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് അദ്ദേഹം ഏറെ ശ്രദ്ധനേടി. അന്ധകാരനാഴി എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ദി ഐലൻഡ് ഓഫ് ലോസ്റ്റ് ഷാഡോസ് (The Island of Lost Shadows), 2016-ലെ ക്രോസ്വേഡ് ബുക്ക് അവാർഡിന്റെ ഷോർട്ട്ലിസ്റ്റിൽ ഇടംനേടിയിരുന്നു. സന്തോഷ് കുമാറിന്റെ ചെറുകഥാ സമാഹാരമായ എ ഫിസ്റ്റ്ഫുൾ ഓഫ് മസ്റ്റേർഡ് സീഡ്സും (A Fistful of Mustard Seeds) ഏറെ പ്രശംസിക്കപ്പെട്ട വിവർത്തനമാണ്.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യവും തമിഴ്, തെലുങ്ക് ഭാഷകളിൽ പരിജ്ഞാനവുമുണ്ടായിരുന്ന അദ്ദേഹം, സത്യജിത് റായുടെ ക്ലാസിക് ചിത്രമായ പഥേർ പാഞ്ചാലിക്ക് മലയാളം സബ്ടൈറ്റിലുകൾ തയ്യാറാക്കുന്നതിലും പങ്കുവഹിച്ചു.


"https://abhiprayavedi.org/index.php?title=Ozhivu‌-Divasathe-Kali&oldid=4252" എന്ന താളിൽനിന്ന് ശേഖരിച്ചത്