ഭരണകൂട അജണ്ടയിൽ പെട്ടുപോയ മാദ്ധ്യമങ്ങളും പ്രതിപക്ഷവും

അഭിപ്രായവേദി സംരംഭത്തിൽ നിന്ന്
Bharanakoota-Agendayil-Pettupoya
ഭരണകൂട അജണ്ടയിൽ പെട്ടുപോയ മാദ്ധ്യമങ്ങളും പ്രതിപക്ഷവും

Bharanakoota-Agendayil-Pettupoya Author:P. N. Venugopal 2017-02-06 Standard

നോട്ട് അസാധുവാക്കലിന്റെ ആഘാതവും വിശദാംശങ്ങളും ചർച്ച ചെയ്യാതെ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിലൂടെ ജനാധിപത്യപരമായ സുതാര്യത എങ്ങനെ നിഷേധിക്കപ്പെട്ടു എന്ന് ഈ ലേഖനം പരിശോധിക്കുന്നു. പൊതുജന ശ്രദ്ധ തിരിച്ചുവിടാനുള്ള ഭരണകൂട അജണ്ടകളെ തിരിച്ചറിയുന്നതിൽ മാധ്യമങ്ങളും പ്രതിപക്ഷവും പരാജയപ്പെടുന്നതിലെ അപകടാവസ്ഥയാണ് ഇതിലൂടെ ചൂണ്ടിക്കാണിക്കുന്നത്. File:Bharanakoota-Agendayil-Pettupoya-1.jpg

🏠 മുഖപ്പേജ് › രാഷ്ട്രീയം

നോട്ട് അസാധുവാക്കലിന്റെ ആഘാതവും വിശദാംശങ്ങളും ചർച്ച ചെയ്യാതെ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിലൂടെ ജനാധിപത്യപരമായ സുതാര്യത എങ്ങനെ നിഷേധിക്കപ്പെട്ടു എന്ന് ഈ ലേഖനം പരിശോധിക്കുന്നു. പൊതുജന ശ്രദ്ധ തിരിച്ചുവിടാനുള്ള ഭരണകൂട അജണ്ടകളെ തിരിച്ചറിയുന്നതിൽ മാധ്യമങ്ങളും പ്രതിപക്ഷവും പരാജയപ്പെടുന്നതിലെ അപകടാവസ്ഥയാണ് ഇതിലൂടെ ചൂണ്ടിക്കാണിക്കുന്നത്.
ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി
ചിത്രം: Live Mint
പാർലമെന്ററി ജനാധിപത്യത്തിന്റെ മര്യാദകളും കീഴ്‌വഴക്കങ്ങളും പാലിക്കാതെ ഒരു മരണത്തിനുകുറുകെ കാലെടുത്തു വച്ച് ഫെബ്രുവരി ഒന്നാംതീയതി അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബഡ്ജറ്റ് അക്ഷന്തവ്യമായ മറ്റൊരു അപരാധം കൂടി ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ ഉണ്ടായ ഏറ്റവും വലിയ സംഭവത്തെ സംഗതിവശാലുള്ള ഏതാനും പരാമർശങ്ങളിൽ ഒതുക്കി എന്നതാണത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കുമേൽ ആസൂത്രിതമായി പതിച്ച 'നോട്ട് അസാധുവാക്കൽ' എന്ന വെള്ളിടിയുടെ ആഘാതം ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തികരേഖയായ ബഡ്ജറ്റിലല്ലെങ്കിൽ പിന്നെയെവിടെയാണ് ചർച്ചചെയ്യപ്പെടുക?

അസാധുവാക്കിയ നോട്ടുകളിൽ 86 ശതമാനം ഡിസംബർ 10 നകം ബാങ്കുകളിൽ തിരിച്ചെത്തിക്കഴിഞ്ഞിരുന്നു എന്ന് റിസർവ് ബാങ്ക് പ്രസ്താവിച്ചിരുന്നു. എന്നാൽ ബാക്കിയുണ്ടായിരുന്ന 21 ദിവസങ്ങളിൽ എത്ര ശതമാനംകൂടി തിരിച്ചെത്തി എന്ന് ബഡ്ജറ്റിലൂടെ ജനങ്ങളെ അറിയിക്കുക എന്നത് ഭരണകർത്താക്കളുടെ ചുമതലയല്ലേ? രാജ്യത്തെ ഓരോ മേഖലയേയും നോട്ടു പിൻവലിക്കൽ എങ്ങനെയൊക്കെ ബാധിച്ചു എന്ന വിശകലനം വേണ്ടേ? ഉണ്ടായ തിരിച്ചടിയെ എങ്ങനെ മറികടക്കാൻ ഉദ്ദേശിക്കുന്നു എന്ന വിശദീകരണം വേണ്ടേ? അതില്ലാതെ 2017-18 ലേയ്ക്ക് ലക്ഷ്യമിടുന്ന വരവുചിലവു കണക്കുകൾക്ക് എന്തു പ്രസക്തി?

എന്നാൽ ബഡ്ജറ്റ് വിശകലനം ചെയ്ത് പത്രമാധ്യമങ്ങളിലേറെയും ഗൗരവപരമായ ഈ അപാകതയെ വളരെ ലാഘവത്വത്തോടെ പറഞ്ഞുപോവുകയാണുണ്ടായത്. പ്രതിപക്ഷ ത്തുനിന്നുള്ള പ്രതികരണങ്ങളും ഏതാണ്ട് ഇമ്മട്ടിൽതന്നെയായിരുന്നു. അപൂർണ്ണമായ ഒരു രേഖ വിശകലനം ചെയ്യുന്നതുതന്നെ അർത്ഥശൂന്യമാണ്. ഭരണകൂടം ഒരുക്കുന്ന കെണിയിൽചെന്നു വീണുകൊടുക്കുകയാണത്.

മോഡി സർക്കാരിന്റെ ഒരു തന്ത്രമാണിത്. രാജ്യത്ത് എന്തു ചർച്ചചെയ്യപ്പെടണമെന്ന അജൻഡ അവരാണു നിശ്ചയിക്കുക. പാർലമെന്റിൽ നൂറുശതമാനവും അങ്ങനെതന്നെയാണെന്ന് അവർ പോലും സമ്മതിക്കും. എന്നാൽ

പാർലമെന്റിന്റെ പടിക്കുപുറത്ത്, മാദ്ധ്യമങ്ങളിലും സമൂഹത്തിലും പൊതുചർച്ചാവേദികളിലും തങ്ങൾ തീരുമാനിക്കുന്ന അജൻഡാ അനുസരിച്ച് കാര്യങ്ങൾ കൊണ്ടുപോകുന്നതിൽ ബിജെപി വിജയിച്ചിരിക്കുകയാണ്.

കഴിഞ്ഞ രണ്ടരവർഷങ്ങളിലെ പ്രധാന വിഷയങ്ങളിലൂടെ പിന്നോട്ടുനടന്നാൽ ഇതു ശരിയായ നിഗമനമാണെന്ന് മനസ്സിലാക്കാം. ഓരോന്നും സമൂഹ്യമദ്ധ്യത്തിലോട്ടു പൊട്ടിവീഴുക, അത്രതന്നെ പ്രമുഖരോ പ്രശസ്തരോ അല്ലാത്ത സംഘപരിവാർ / ബി ജെ പി നേതാക്കളുടെ ആക്രമണൊത്സുകതയുള്ള, ഹിംസാത്മകമായ പ്രസംഗ / പ്രസ്താവനകളിലൂടെയാണ്. അവയെ എതിർക്കേണ്ടത് അനിവാര്യവും അടിയന്തരവും ആയതിനാൽ എല്ലാവരും അതിലേയ്ക്കു തിരിയുന്നു. വാദപ്രതിവാദങ്ങൾ ഒട്ടൊന്നടങ്ങുമ്പോൾ മറ്റൊരു വിഷമയമായ വിഷയം വലിച്ചെറിയപ്പെടുകയായി. ഈ തുടർച്ചയിൽനിന്നുതന്നെ മനസ്സിലാക്കാം, ഇവയൊന്നും യാദൃച്ഛികമല്ല, ബൃഹത്തായ ഒരു അജൻഡായുടെ ഭാഗമായി ആസൂത്രണം ചെയ്യപ്പെട്ടതാണെന്ന്.

എന്നിരുന്നാലും ഒരു ‘വിശുദ്ധരേഖ'യായി കൊണ്ടാടപ്പെട്ടുപോരുന്ന ബഡ്ജറ്റ് പോലും ഈ വിധത്തിൽ ഉപയോഗിക്കപ്പെടുന്നത് ജനാധിപത്യത്തിന്റെ നിസ്സാരവത്കരണമാണ്. ഭരണകക്ഷിയുടെ നിഗൂഢ തന്ത്രങ്ങൾ തിരിച്ചറിയുന്നതിൽ നിരന്തരമായി പ്രതിപക്ഷം പരാജയപ്പെടുന്നു എന്നതാണ് ഏറ്റവും പരിതാപകരം.

എഴുത്തുകാരൻ / എഴുത്തുകാരി

Author-PNVenugopal.png

പി. എൻ. വേണുഗോപാൽ

പി.എൻ. വേണുഗോപാൽ (1954–2026) എഴുത്തുകാരനും മാധ്യമപ്രവർത്തകനും വിവർത്തകനുമായിരുന്നു.

ആലപ്പുഴയിൽ ജനിച്ച അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം നിർവഹിച്ചത് മഹാരാഷ്ട്രയിലെ നാസിക്കിലാണ്. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം (എം.എ.) നേടി. 1975-ൽ സിൻഡിക്കേറ്റ് ബാങ്കിൽ ഓഫീസർ ട്രെയിനിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 2001-ൽ ജോലി വിട്ട് സാഹിത്യ, മാദ്ധ്യമ രംഗത്തേക്ക് തിരിഞ്ഞു.

പരിസ്ഥിതി, രാഷ്ട്രീയം, വികസനം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളിൽ ഡൗൺ ടു എർത്ത്, ഇന്ത്യ ടുഗെദർ, സമകാലിക മലയാളം തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ അദ്ദേഹം ലേഖനങ്ങളും അഭിമുഖങ്ങളും എഴുതിയിട്ടുണ്ട്.

=പ്രധാന വിവർത്തനങ്ങൾ::

ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക്: ചാൾസ് ഡിക്കൻസിന്റെ ഒലിവർ ട്വിസ്റ്റ്, ആൽബെർ കാമ്യുവിന്റെ ദ ഫാൾ, തോമസ് ഹാർഡിയുടെ ഫാർ ഫ്രം ദി മാഡിങ് ക്രൗഡ്, ഇറ്റാലോ കാൽവിനോയുടെ മിസ്റ്റർ പൊലോമർ, സത്യജിത് റായുടെ ആത്മകഥയായ എന്റെ അപ്പുവിനോടൊപ്പമുള്ള കാലം തുടങ്ങിയവ പരിഭാഷപ്പെടുത്തി. ടി.ജെ.എസ്. ജോർജ്, നടൻ നസറുദ്ദീൻ ഷാ എന്നിവരുടെ ജീവചരിത്രങ്ങളും അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക്: പ്രശസ്ത നോവലിസ്റ്റ് ഇ. സന്തോഷ് കുമാറിന്റെ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് അദ്ദേഹം ഏറെ ശ്രദ്ധനേടി. അന്ധകാരനാഴി എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ദി ഐലൻഡ് ഓഫ് ലോസ്റ്റ് ഷാഡോസ് (The Island of Lost Shadows), 2016-ലെ ക്രോസ്വേഡ് ബുക്ക് അവാർഡിന്റെ ഷോർട്ട്ലിസ്റ്റിൽ ഇടംനേടിയിരുന്നു. സന്തോഷ് കുമാറിന്റെ ചെറുകഥാ സമാഹാരമായ എ ഫിസ്റ്റ്ഫുൾ ഓഫ് മസ്റ്റേർഡ് സീഡ്സും (A Fistful of Mustard Seeds) ഏറെ പ്രശംസിക്കപ്പെട്ട വിവർത്തനമാണ്.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യവും തമിഴ്, തെലുങ്ക് ഭാഷകളിൽ പരിജ്ഞാനവുമുണ്ടായിരുന്ന അദ്ദേഹം, സത്യജിത് റായുടെ ക്ലാസിക് ചിത്രമായ പഥേർ പാഞ്ചാലിക്ക് മലയാളം സബ്ടൈറ്റിലുകൾ തയ്യാറാക്കുന്നതിലും പങ്കുവഹിച്ചു.


"https://abhiprayavedi.org/index.php?title=Bharanakoota-Agendayil-Pettupoya&oldid=4195" എന്ന താളിൽനിന്ന് ശേഖരിച്ചത്