നോട്ട് അസാധുവാക്കൽ - ഭാവിയിലേയ്ക്ക് ഒരു ചൂണ്ടുപലക?
രാഷ്ട്രീയ നിരീക്ഷകൻ
അസാധുവാക്കിയ നോട്ടുകളിൽ 86 ശതമാനം ഡിസംബർ 10 നകം ബാങ്കുകളിൽ തിരിച്ചെത്തിക്കഴിഞ്ഞിരിക്കുന്നു എന്ന റിസർവ് ബാങ്ക് പ്രസ്താവന, നോട്ട് അസാധുവാക്കൽ പരിപാടി വൻ പരാജയമായിരുന്നു എന്നതിന്റെ കുമ്പസാരമാണ്. നവംബർ 8 ന് അസാധുവാക്കൽ നയം പ്രഖ്യാപിച്ചപ്പോൾ കേന്ദ്ര സർക്കാർ പ്രതീക്ഷിച്ചിരുന്നത് കള്ളപ്പണവും കള്ളനോട്ടുകളുമായി കുറഞ്ഞത് മൂന്നുലക്ഷം കോടി രൂപയെങ്കിലും ബാങ്കിങ് സവിധാനത്തിലേയ്ക്ക് തിരിച്ചെത്തുകില്ലെന്നും അത്രയും പണം എന്നേയ്ക്കുമായി രാജ്യത്തുനിന്നും അപ്രത്യക്ഷമാവുമെന്നുമായിരുന്നു. (റിസർവ് ബാങ്കിന്റെ ബാധ്യത മൂന്നുലക്ഷം കോടികണ്ട് കുറയും, കാത്തിരുന്നോളൂ എന്നായിരുന്നു ബി ജെ പി യുടെ വക്താക്കൾ ആ ദിവസങ്ങളിൽ വീമ്പു പറഞ്ഞിരുന്നത്.) എന്നാൽ റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് ഇനി കേവലം രണ്ടു ലക്ഷം കോടി രൂപയുടെ നോട്ടുകൾ മാത്രമേ അവശേഷിക്കുന്നുള്ളു. തിരിച്ചെടുക്കലിനായി ബാക്കിയുള്ള പതിനഞ്ചിലേറെ ദിവസങ്ങളിൽ അതിൽ നല്ലൊരു പങ്കും മടങ്ങിയെത്തുമെന്നുതന്നെയാണ് ഇതുവരെ കണ്ട പ്രവണത സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ ജനകോടികളിൽ ബഹുഭൂരിപക്ഷത്തിന്റെയും 'സ്വസ്ഥജീവിതം' സാധാരണഗതിയിൽത്തന്നെ അസ്വസ്ഥമാണ്. ആ 'സ്വസ്ഥജീവിതത്തെ'പ്പോലും തകിടം മറിച്ച നോട്ട് പിൻവലിക്കൽ ഏതു സാമ്പത്തിക മാനദണ്ഡം എടുത്തുനോക്കിയാലും ഒരു ദുരന്തം തന്നെയായി.. ആഭ്യന്തര ഉല്പാദനം ഭീമമായിക്കുറഞ്ഞു, ഓഹരി വിപണി കുത്തനെ ഇടിഞ്ഞു, കേവലം രണ്ടാഴ്ചകൊണ്ട് , അതായത് നവംബർ 25 വരെ, ബാങ്കുകളുടെ വായ്പാ വിതരണം 61000 കോടി കുറഞ്ഞു.
ഇതൊരു ദുരന്തമല്ലെന്നും അടിഞ്ഞുകൂടിയ അഴുക്കിനെതിരെയുള്ള പ്രതിവിധിയാണെന്നുമാണ് സംഘപരിവാർ സാമ്പത്തികശാസ്ത്രജ്ഞൻ എസ് ഗുരുമൂർത്തി അവകാശപ്പെടുന്നത്. (ദ ഹിന്ദു.13/12/2016). താൽക്കാലികമായി ബുദ്ധിമുട്ടുകളുണ്ടാവുമെന്നും വളർച്ചയെ താൽക്കാലികമായി ബാധിക്കും എന്നും മനസ്സിലാക്കാൻ ഹാർവാഡ് സർവകലാശാലയിലൊന്നും പോയി പഠിക്കേണ്ടെന്നും ഏത് ബിരുദ വിദ്യാർത്ഥിക്കും ഇതൊക്കെ അറിയുമെന്നും അദ്ദേഹം തുടർന്നുപറയുന്നു.
എന്നാൽ ബാങ്കിലും ഏ റ്റി എമ്മിലുമുള്ള നീണ്ടനിരകൾ അത്ര താൽക്കാലികമൊന്നുമല്ല എന്നാണ് സൂചനകൾ. കഴിഞ്ഞ 'മൻ കീ ബാത്' (നവംബർ 27 ) പ്രസംഗത്തോടെ പ്രധാനമന്ത്രി തന്റെ ചുവടുകൾ മാറ്റുന്നു എന്ന് വ്യക്തമായിരിക്കുന്നു. ആ സന്ദേശത്തിൽ അദ്ദേഹം കള്ളപ്പണത്തെക്കുറിച്ചോ കള്ളനോട്ടിനെക്കുറിച്ചോ അല്ല പ്രാധാന്യം നൽകി സംസാരിച്ചത്, മറിച്ച് ഒരു 'കാഷ് ലെസ്സ്' സമൂഹത്തെക്കുറിച്ചാണ്. 90 ശതമാനം വിനിമയങ്ങളും കറൻസി നോട്ടുകളെന്ന മാധ്യമത്തിലൂടെ നടക്കുന്ന ഒരു സമൂഹത്തെ ഡിസംബർ 30 നകം സമ്പൂർണ 'കാഷ്‌ലെസ്സ്' സമൂഹമാക്കി മാറ്റാം എന്നൊന്നും അദ്ദേഹം പോലും അവകാശപ്പെടില്ലല്ലോ. അതായത് ഇനിയും ഏറെക്കാലം ജനങ്ങൾ ക്യൂ നിൽക്കും, ആഴ്ചയിൽ 24000 എന്ന പരിധിയും നിലനിൽക്കും. ഇ വാലെറ്റ്, പേറ്റിഎം തുടങ്ങിയവ ഉൾക്കൊള്ളുന്ന ഡിജിറ്റാൽ നാണയ വിനിമയലോകം അതിന്റെ അടിത്തറ പുഷ്ടിപ്പെടുത്തും. എന്നാൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും അതിന്റെ ഗുണഭോക്താക്കൾ ആവുകയുമില്ല.
അങ്ങനെയൊരു 'ഡിജിറ്റലൈസ്‌ഡ് ക്യാഷ്‌ലെസ്സ്' സമ്പദ്‌വ്യവസ്ഥയിൽ ആഗോളകുത്തകകൾക്ക് എത്രമാത്രം സ്വാധീനം ചെലുത്താൻ കഴിയും എന്നത് പഠനവിധേയമാക്കേണ്ടതാണ്.
എന്നാൽ അതിലും ഗൗരവതരമായ ഒരു വിഷയം ഇനിയും സമഗ്രമായി ചർച്ചചെയ്യപ്പെട്ടിട്ടില്ല. ജനാധിപത്യമര്യാദകളോട് പ്രധാനമന്ത്രി മോഡി പ്രദേശിപ്പിക്കുന്ന അവഗണനയും പുച്ഛവും ആണത്.
ഇന്ത്യൻ പ്രസിഡന്റിന്റെ അനുമതി ലഭിച്ച ഒരു ഓർഡിനൻസിലൂടെയാണ് നോട്ട് അസാധുവാക്കൽ പോലെ നിർണായകമായ ഒരു തീരുമാനം വരേണ്ടിയിരുന്നത്. അത് ചെയ്തില്ല എന്നത് തൽക്കാലത്തേയ്ക്ക് മാറ്റിനിർത്തിയാലും അതേപ്പറ്റി ജനപ്രതിനിധി സഭയിൽ ഒരു പ്രസ്താവന ചെയ്യാനോ ആ വിഷയം ചർച്ച ചെയ്യാനോ പ്രധാനമന്ത്രി തയാറായില്ല എന്നത് ഭാവിയിലേയ്ക്കുള്ള ഒരു ചൂണ്ടുപലകയാണ്. അടിയന്തരാവസ്ഥപോലെ വ്യക്തിസ്വാതന്ത്ര്യത്തിലും അഭിപ്രായസ്വാതന്ത്ര്യത്തിലും കടിഞ്ഞാണിടുന്ന തീരുമാനങ്ങൾ ഒരു 'രാത്രി സന്ദേശ'ത്തിലൂടെ രാഷ്ട്രത്തിനുമേൽ അടിച്ചേല്പിക്കുന്നതിനെതിരെ എന്തു പ്രതിരോധമാണ് ഭാരതീയർക്കുള്ളത്?