നോട്ട് അസാധുവാക്കൽ - ഭാവിയിലേയ്ക്ക് ഒരു ചൂണ്ടുപലക?

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
രാഷ്ട്രീയം | സാമ്പത്തികം രാഷ്ട്രീയ നിരീക്ഷകൻ 16 ഡിസംബർ 2016.



ചിത്രത്തിന് കടപ്പാട് - financialexpress.com

അസാധുവാക്കിയ നോട്ടുകളിൽ 86 ശതമാനം ഡിസംബർ 10 നകം ബാങ്കുകളിൽ തിരിച്ചെത്തിക്കഴിഞ്ഞിരിക്കുന്നു എന്ന റിസർ‌വ്‌ ബാങ്ക് പ്രസ്താവന, നോട്ട് അസാധുവാക്കൽ പരിപാടി വൻ പരാജയമായിരുന്നു എന്നതിന്റെ കുമ്പസാരമാണ്. നവംബർ 8 ന് അസാധുവാക്കൽ നയം പ്രഖ്യാപിച്ചപ്പോൾ കേന്ദ്ര സർക്കാർ പ്രതീക്ഷിച്ചിരുന്നത് കള്ളപ്പണവും കള്ളനോട്ടുകളുമായി കുറഞ്ഞത് മൂന്നുലക്ഷം കോടി രൂപയെങ്കിലും ബാങ്കിങ് സംവിധാനത്തിലേയ്ക്ക് തിരിച്ചെത്തുകില്ലെന്നും അത്രയും പണം എന്നേയ്ക്കുമായി രാജ്യത്തുനിന്നും അപ്രത്യക്ഷമാവുമെന്നുമായിരുന്നു. (റിസർ‌വ് ബാങ്കിന്റെ ബാധ്യത മൂന്നുലക്ഷം കോടികണ്ട് കുറയും, കാത്തിരുന്നോളൂ എന്നായിരുന്നു ബി ജെ പി യുടെ വക്താക്കൾ ആ ദിവസങ്ങളിൽ വീമ്പു പറഞ്ഞിരുന്നത്.) എന്നാൽ റിസർ‌വ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് ഇനി കേവലം രണ്ടു ലക്ഷം കോടി രൂപയുടെ നോട്ടുകൾ മാത്രമേ അവശേഷിക്കുന്നുള്ളു. തിരിച്ചെടുക്കലിനായി ബാക്കിയുള്ള പതിനഞ്ചിലേറെ ദിവസങ്ങളിൽ അതിൽ നല്ലൊരു പങ്കും മടങ്ങിയെത്തുമെന്നുതന്നെയാണ് ഇതുവരെ കണ്ട പ്രവണത സൂചിപ്പിക്കുന്നത്.

കള്ളപ്പണമെന്നാൽ അടുക്കിക്കൂട്ടിവച്ചിരിക്കുന്ന നിധികളല്ലെന്നും അത് സാമ്പത്തിക രംഗത്ത് പ്രവർത്തിക്കുകയും പുനരുല്പാദിപ്പിക്കപ്പെടുകയും ചെയ്യുന്ന നിയമവിരുദ്ധമായ ധനമാണെന്നും തിരിച്ചറിയുന്നവർക്കേ അതിനെതിരായ ഫലപ്രദ മാർഗങ്ങൾ സ്വീകരിക്കാനാകൂ. സ്വന്തം പേരിന്റെ പെരുമയ്ക്കുവേണ്ടി അധികാരം ഉള്ളവർ ചെയ്യുന്ന കാര്യങ്ങളുടെ വരും വരായ്കകൾ അനുഭവിക്കേണ്ടത് സാധാരണ ജനങ്ങളാണ്.

2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ആകെ 6,40,867 ഗ്രാമങ്ങൾ. 2015 ലെ കണക്കുകൾപ്രകാരം അതിൽ 7 ശതമാനം ഗ്രാമങ്ങളിൽ മാത്രമാണ്‌ ഒരു ബാങ്ക് ശാഖയോ ഗ്രാമീണ ബാങ്ക് ശാഖയെന്കിലുമോ ഉള്ളത്. ഇവ ഒന്നുമില്ലാത്ത, രണ്ടായിരത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള 4,90,000ഗ്രാമങ്ങളിൽ 80ശതമാനത്തിലും ബാങ്കുകൾ എന്ന പേരിൽ പ്രവർത്തിക്കുന്നത് കമ്മീഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഏജന്റുകളാണ്. ഗ്രാമങ്ങളിൽ ശാഖകൾ തുടങ്ങാൻ ബാങ്കുകൾ തയ്യാറാകാത്തതിനെ തുടർന്ന് 2006 മുതൽ നടപ്പിലാക്കുന്ന പരിപാടിയാണിത്. നോട്ട് പിൻവലിക്കലിനെ തുടർന്ന് ഒരു ഏജന്റിന് കൈവശം വെക്കാവുന്ന പരമാവധി തുക 50000/- അതായത് രണ്ടായിരം പേർക്ക്. ഏകദേശം ഒരു ലക്ഷത്തോളം ഗ്രാമങ്ങളിൽ ഈ ഏജന്റുകൾ പോലുമില്ല.

ഇന്ത്യയിലെ ജനകോടികളിൽ ബഹുഭൂരിപക്ഷത്തിന്റെയും 'സ്വസ്ഥജീവിതം' സാധാരണഗതിയിൽത്തന്നെ അസ്വസ്ഥമാണ്. ആ 'സ്വസ്ഥജീവിതത്തെ'പ്പോലും തകിടം മറിച്ച നോട്ട് പിൻ‌വലിക്കൽ ഏതു സാമ്പത്തിക മാനദണ്ഡം എടുത്തുനോക്കിയാലും ഒരു ദുരന്തം തന്നെയായി.. ആഭ്യന്തര ഉല്പാദനം ഭീമമായിക്കുറഞ്ഞു, ഓഹരി വിപണി കുത്തനെ ഇടിഞ്ഞു, രൂപയുടെ വില കുറഞ്ഞു. കേവലം രണ്ടാഴ്ചകൊണ്ട് , അതായത് നവം‌ബർ 25 വരെ, ബാങ്കുകളുടെ വായ്പാ വിതരണം 61000 കോടി കുറഞ്ഞു.

ഇതൊരു ദുരന്തമല്ലെന്നും അടിഞ്ഞുകൂടിയ അഴുക്കിനെതിരെയുള്ള പ്രതിവിധിയാണെന്നുമാണ് സംഘപരിവാർ സാമ്പത്തികശാസ്ത്രജ്ഞൻ എസ് ഗുരുമൂർത്തി അവകാശപ്പെടുന്നത്. (ദ ഹിന്ദു.13/12/2016). താൽക്കാലികമായി ബുദ്ധിമുട്ടുകളുണ്ടാവുമെന്നും വളർച്ചയെ താൽക്കാലികമായി ബാധിക്കും എന്നും മനസ്സിലാക്കാൻ ഹാർ‌വാഡ് സർ‌വകലാശാലയിലൊന്നും പോയി പഠിക്കേണ്ടെന്നും ഏത് ബിരുദ വിദ്യാർത്ഥിക്കും ഇതൊക്കെ അറിയുമെന്നും അദ്ദേഹം തുടർന്നുപറയുന്നു.

എന്നാൽ ബാങ്കിലും ഏ റ്റി എമ്മിലുമുള്ള നീണ്ടനിരകൾ അത്ര താൽക്കാലികമൊന്നുമല്ല എന്നാണ് സൂചനകൾ. കഴിഞ്ഞ 'മൻ കീ ബാത്' (നവംബർ 27 ) പ്രസംഗത്തോടെ പ്രധാനമന്ത്രി തന്റെ ചുവടുകൾ മാറ്റുന്നു എന്ന്‌ വ്യക്തമായിരിക്കുന്നു. ആ സന്ദേശത്തിൽ അദ്ദേഹം കള്ളപ്പണത്തെക്കുറിച്ചോ കള്ളനോട്ടിനെക്കുറിച്ചോ അല്ല പ്രാധാന്യം നൽകി സം‌സാരിച്ചത്, മറിച്ച് ഒരു 'കാഷ് ലെസ്സ്' സമൂഹത്തെക്കുറിച്ചാണ്. 90 ശതമാനം വിനിമയങ്ങളും കറൻസി നോട്ടുകളെന്ന മാധ്യമത്തിലൂടെ നടക്കുന്ന ഒരു സമൂഹത്തെ ഡിസംബർ 30 നകം സമ്പൂർണ 'കാഷ്‌ലെസ്സ്' സമൂഹമാക്കി മാറ്റാം എന്നൊന്നും അദ്ദേഹം പോലും അവകാശപ്പെടില്ലല്ലോ. അതായത് ഇനിയും ഏറെക്കാലം ജനങ്ങൾ ക്യൂ നിൽക്കും, ആഴ്ചയിൽ 24000 എന്ന പരിധിയും നിലനിൽക്കും. ഇ വാലെറ്റ്, പേറ്റി‌എം തുടങ്ങിയവ ഉൾക്കൊള്ളുന്ന ഡിജിറ്റാൽ നാണയ വിനിമയലോകം അതിന്റെ അടിത്തറ പുഷ്ടിപ്പെടുത്തും. എന്നാൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും അതിന്റെ ഗുണഭോക്താക്കൾ ആവുകയുമില്ല.

അങ്ങനെയൊരു 'ഡിജിറ്റലൈസ്‌ഡ് ക്യാഷ്‌ലെസ്സ്' സമ്പദ്‌വ്യവസ്ഥയിൽ ആഗോളകുത്തകകൾക്ക് എത്രമാത്രം സ്വാധീനം ചെലുത്താൻ കഴിയും എന്നത് പഠനവിധേയമാക്കേണ്ടതാണ്.

എന്നാൽ അതിലും ഗൗരവതരമായ ഒരു വിഷയം ഇനിയും സമഗ്രമായി ചർച്ചചെയ്യപ്പെട്ടിട്ടില്ല. ജനാധിപത്യമര്യാദകളോട് പ്രധാനമന്ത്രി മോഡി പ്രദേശിപ്പിക്കുന്ന അവഗണനയും പുച്ഛവും ആണത്.

സാമ്പത്തിക വിദഗ്ദ്ധരുമായോ പണത്തിന്റെയും നോട്ടുകളുടെയും ചുമതലക്കാരായ ഭാരതീയ റിസർവ് ബാങ്കുമായോ കൂടിആലോചിക്കുകയോ മുന്നൊരുക്കങ്ങൾ നടത്തുകയോ ചെയ്യാതെയുമാണ് ഈ തന്നിഷ്ടം നടപ്പാക്കിയത് എന്നത് വ്യക്തമാണ്‌. നീക്കങ്ങൾ രഹസ്യമാക്കുക എന്നതായിരുന്നു ലക്ഷ്യമത്രെ. സ്വന്തം കാബിനെറ്റിനെയും റിസർവ് ബാങ്കിനെയും പോലും വിശ്വാസമില്ലെന്നല്ലേ ഇതിന് അർത്ഥം? മറ്റൊന്ന് തന്റെ ഏകപക്ഷീയമായ തീരുമാനങ്ങളെ എതിർക്കുവാൻ കെൽപ്പുള്ളവർ കൂട്ടത്തിലില്ല എന്ന ഉറപ്പും. നോട്ട് പിൻവലിക്കലിനെപ്പറ്റി പത്രക്കാരോട് സംസാരിക്കരുതെന്ന നേതൃത്വത്തിന്റെ അറിയിപ്പ് അണികൾ എത്ര ഭംഗിയായി നിറവേറ്റി.


നോട്ട് അസാധുവാക്കലിനെക്കുറിച്ച് അമർത്യ സെൻ

ചിത്രത്തിന് കടപ്പാട് -വിക്കിപീഡിയ

ചോദ്യം : നമ്മുടെ സമ്പത് ഘടനയിൽനിന്ന് കള്ളപ്പണം ഇല്ലാതാക്കാൻ ഈ അൻപത് ദിവസങ്ങളുടെ കഷ്ടപ്പാടുകൾ സഹായിക്കില്ലേ?
അമർത്യ സെൻ : അത് എങ്ങിനെ നടക്കും? കള്ളപ്പണത്തിന്റെ വളരെ ചെറിയൊരു അംശം മാത്രമല്ലേ പണമായി സൂക്ഷിക്കപ്പെടുന്നുള്ളു. ആറ് ശതമാനം അല്ലെങ്കിൽ പരമാവധി പത്ത് ശതമാനം. ഈ പത്ത് ശതമാനം ഇല്ലാതാക്കിയാൽ കള്ളപ്പണം ഇല്ലാതായി എന്നോ? പത്ത് ശതമാനം എന്നത് തന്നെ ഒരു കടന്ന അനുമാനമാണ്. കള്ളപ്പണം കൈകാര്യം ചെയ്യുന്നതിൽ വിരുത് നേടിയവർ സമർത്ഥമായി രക്ഷപെടും. കൗശലങ്ങളറിയാത്ത സത്യസന്ധരായ പാവപ്പെട്ടവർ പീഡിപ്പിക്കപ്പെടും. അവർക്ക് ധനനഷ്ടവും ഉണ്ടാകും.

ചോദ്യം : ഇത് ഒരു തെറ്റായ നയമാണെങ്കിൽ എന്തുകൊണ്ടാണ് നോട്ട് അസാധുവാക്കലിനെതിരെ പ്രതിഷേധങ്ങൾ ഇതേവരെ ഉയരാഞ്ഞത്?
അമർത്യ സെൻ : ഈ ബാലിശമായ പ്രവൃത്തിയെ ചുറ്റിപ്പറ്റിയുള്ള സർക്കാരിന്റെ പ്രചരണങ്ങൾ അതിശക്തമായിരുന്നു. നോട്ട് അസാധുവാക്കലിനെ അനുകൂലിക്കുന്നില്ലെങ്കിൽ നിങ്ങൾ കള്ളപ്പണക്കാരുടെ ഒപ്പമാണ് എന്ന് വീണ്ടും വീണ്ടും അവർ ജനങ്ങളോട് പറഞ്ഞുകൊണ്ടിരുന്നു. ഇതൊരു വിഡ്ഢി വിശകലനമാണ്, പക്ഷേ മുതലെടുക്കാൻ പറ്റുന്ന ഒരു രാക്ഷ്ട്രീയ മുദ്രാവാക്യവുമാണ്. നോട്ട് അസാധുവാക്കൽ സൃഷ്ടിച്ച അവസാനിക്കാത്ത പ്രതിസന്ധിയെക്കുറിച്ചുള്ള വ്യക്തത അനുഭവങ്ങളുടേയും കണക്കുകളുടേയും പശ്ചാത്തലത്തിൽ സാവധാനം മനസ്സിലായിവരുന്നതേയുള്ളു. നിറുത്തില്ലാതെ ആവർത്തിച്ചുകൊണ്ടിരിക്കുന്ന വളച്ചൊടിക്കലുകളിലൂടെയും പ്രചരണത്തിലൂടെയും യഥാർത്ഥത്തിലില്ലാത്ത ഉദ്ദേശശുദ്ധിയും വിജയവും ഉയർത്തിക്കാട്ടാനാകും. അന്തിമമായി സത്യം വിജയിക്കുമെങ്കിലും ഒരു വലിയ ജനവിഭാഗത്തിന്റെ വിശ്വാസം കുറേ കാലത്തേയ്ക്ക് നിലനിർത്താൻ സർക്കാരിനാകും, യു പി യിലെ തെരഞ്ഞെടുപ്പ് വരെയെങ്കിലും.


('ദ ഹിന്ദു' ദിനപ്പത്രത്തിൽ 2017 ജാനുവരി 17 ന് പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ നിന്ന്)

റിസർവ് ബാങ്കിനെ വിശ്വാസത്തിലെടുത്തില്ല എന്നതിന്റെ ഏറ്റവും വ്യക്തമായ തെളിവുകളാണ് പിൻവലിച്ചതിന് പകരം നൽകാൻ നോട്ടുകൾ കരുതിയില്ല എന്നതും അസാദ്ധ്യമായ അൻപത് ദിവസ ലക്‌ഷ്യം ബാങ്കിനു നല്കിയതും. കത്തിച്ചുകളയാൻ വച്ചിരുന്ന മുഷിഞ്ഞ നൂറിന്റെ നോട്ടുകൾ വീണ്ടും ജനങ്ങൾക്ക് വിതരണം ചെയ്താണ് നിൽക്കക്കള്ളിയില്ലാത്ത റിസർവ് ബാങ്ക് രാജഭക്തി വെളിവാക്കിയത് !

നോട്ട് പിൻവലിക്കൽ പ്രഖ്യാപിച്ച ദിവസം പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത് മൂന്ന് സൈനിക മേധാവികളും സുരക്ഷാ ഉപദേശകനുമായാണ് . അതിർത്തിയിലെ അസ്വസ്ഥതകൾക്കിടയിൽ നടന്ന ഈ കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നുവെന്ന വാർത്തകേട്ട ജനങ്ങൾ പാക്കിസ്ഥാനോട് യുദ്ധം പ്രഖാപിക്കുവാൻ പോകുന്നുവോ എന്ന് അമ്പരന്നു. എന്നാൽ അത് തങ്ങളോടുതന്നെയുള്ള യുദ്ധ പ്രഖ്യാപനമായിരുന്നു എന്ന് അവർ തിരിച്ചറിഞ്ഞില്ല. ജീവനും സ്വത്തിനും ചികിത്സയ്ക്കും മാന്യതയ്ക്കും സ്വകാര്യതയ്ക്കും തൊഴിലെടുക്കാനുള്ള അവകാശത്തിനും ഒക്കെമേൽ അനിശ്ചിതമായി നീണ്ടുനില്ക്കുന്ന ലംഘനങ്ങൾ അടിച്ചേൽപ്പിച്ച് ഇതെല്ലാം സഹിക്കുന്നവരെ രാജ്യസ്നേഹികളെന്നും അല്ലാത്തവരെ ദ്രോഹികളെന്നും മുദ്ര ചാർത്തി വിഭജിക്കുന്ന രീതി ഫാസിസത്തിന്റെതാണ്

ഇന്ത്യൻ പ്രസിഡന്റിന്റെ അനുമതി ലഭിച്ച ഒരു ഓർഡിനൻസിലൂടെയാണ് നോട്ട് അസാധുവാക്കൽ പോലെ നിർണായകമായ ഒരു തീരുമാനം വരേണ്ടിയിരുന്നത്. അത് ചെയ്തില്ല എന്നത് തൽക്കാലത്തേയ്ക്ക് മാറ്റിനിർത്തിയാലും അതേപ്പറ്റി ജനപ്രതിനിധി സഭയിൽ ഒരു പ്രസ്താവന ചെയ്യാനോ ആ വിഷയം ചർച്ച ചെയ്യാനോ പ്രധാനമന്ത്രി തയാറായില്ല എന്നത് ഭാവിയിലേയ്ക്കുള്ള ഒരു ചൂണ്ടുപലകയാണ്. അടിയന്തരാവസ്ഥപോലെ വ്യക്തിസ്വാതന്ത്ര്യത്തിലും അഭിപ്രായസ്വാതന്ത്ര്യത്തിലും കടിഞ്ഞാണിടുന്ന തീരുമാനങ്ങൾ ഒരു 'രാത്രി സന്ദേശ'ത്തിലൂടെ രാഷ്ട്രത്തിനുമേൽ അടിച്ചേല്പിക്കുന്നതിനെതിരെ എന്തു പ്രതിരോധമാണ് ഭാരതീയർക്കുള്ളത്?


|


Anonymous user #1

98 months ago
Score 0++

The cost benefit analysis of Demon would lead you different conclusions depending on your premises and inclinations.But this thoroughly botched up misadventure is the trump card that the ruling party proposes to use in the forth coming assembly elections.The opposition parties have proved to be thoroughly unequal to match the bikes of the ruling party.The only hope the country has lies with the native wisdom of the unlettered Indian.Howsover theymay try to overthrow this regime Rahul,Yadav,Mayawathi combine would ensure that it won't happen. People of Bihar spoke in spite of the betrayal of the left combine.Their mandate is being squandered. The promoters of the Demon firmly believe that the poor and dispossessed look up to them for salvation.They are not discerning enough to know the difference between black wealth and cash.Opposition parties are making themselves a sorry spectacle. People have chosen Fascism and Nazism.Can only hope that history doesn't repeat itself. But if it does it's our on making.

Kautilya.
Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.