മോഡിയുടെ വാഗ്‌പാടവത്തെ ചെറുക്കാൻ ആർക്കു കഴിയും?

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ടി.ജെ.എസ്. ജോർജ് 01 നവംബർ 2020 രാഷ്ട്രീയം
Photo - PTI

ബ്രിട്ടീഷ് ജനാധിപത്യത്തെ ബോറിസ് ജോൺസൺ എത്രമാത്രം താറുമാറാക്കിയോ, അത്രതന്നെ താറുമാറാക്കി, അമേരിക്കൻ ജനാധിപത്യത്തെ ഡൊണാൾഡ് ട്രമ്പ്. എന്നാൽ ബ്രിട്ടീഷ് ജനാധിപത്യത്തിന്റെയും അമേരിക്കൻ ജനാധിപത്യത്തിന്റെയും സഹജമായ ശക്തി അവയുടെ വീണ്ടെടുപ്പ് എളുപ്പമാക്കും. പക്ഷെ ഇന്ത്യയുടെ അവസ്ഥ അങ്ങനെയല്ല. ഹിന്ദുത്വ പക്ഷപാതം അടിച്ചേല്പിക്കാനും, സ്വന്തം പ്രതിഛായയെ പരിപോഷിപ്പിക്കാനുമായി നരേന്ദ്ര മോഡി അധികാരം ദുർവിനിയോഗം ചെയ്യുന്നതുമൂലം ഉണ്ടാകുന്ന ചേതങ്ങൾ അത്രയെളുപ്പം പരിഹരിക്കാവുന്നതല്ല. ആറു വർഷമായി അദ്ദേഹം ഇതു ചെയ്തുകൊണ്ടിരിക്കുന്നു – ഇനിയും കിടക്കുന്നു നാലും കൂടി – ഈ കാലമത്രയും ഇന്ത്യയ്ക്ക് സഹായകരമായി വർത്തിച്ചിരുന്ന മൗലികമായ ജനാധിപത്യ മര്യാദകളെ പിച്ചിച്ചീന്തി എറിയൽ.

ഈ മോഡി കാലയളവിൽ പാർലമെന്റിനെ നോക്കുകുത്തിയാക്കുന്ന പ്രമാദമായ ചില ചെയ്തികൾ ഒന്നോടിച്ചുനോക്കാം.

  1. ചോദ്യോത്തരവേള റദ്ദാക്കി,
  2. അവതരിപ്പിക്കപ്പെടുന്ന ബില്ലുകൾ പാർലമെന്ററി കമ്മറ്റി സൂക്ഷ്മനിരീക്ഷണം നടത്തുന്ന കീഴ്വഴക്കം നിർത്തലാക്കി.
  3. 'ഡിവിഷൻ' – സന്നിഹിതരായിരിക്കുന്ന അംഗങ്ങളിൽ ഭൂരിപക്ഷത്തിന്റെ താല്പര്യം അറിയുക എന്നത് വേണ്ടെന്നു വച്ചു.
  4. ചർച്ചകൾ ഇല്ലാതായി – മൂന്നുമണിക്കൂറിനുള്ളിൽ ഏഴു ബില്ലുകൾ പാസാക്കി – പ്രതിപക്ഷ ബഞ്ചുകൾ ഒഴിഞ്ഞുകിടന്നപ്പോൾ.

തീരുമാനങ്ങളിൽ യാതൊരു പങ്കുമില്ലാത്ത നോക്കുകുത്തിയായ മന്ത്രിസഭ. സിവിൽ സർവീസ് ഏറാൻ മൂളികളുടെ ഒരു സംഘമായി തരം താഴ്ത്തപ്പെട്ടിരിക്കുന്നു. പേരിനുപോലും ഒരു പ്രതിപക്ഷമില്ല. അതിനു നന്ദിപറയാം വെറുതേ ഒഴുകിനടക്കാൻ മാത്രം താല്പര്യമുള്ള രാഹുൽ ഗാന്ധിയോട്.

ഈ സാഹചര്യങ്ങളിൽ അധികാരപ്രമത്തനാവാതിരിക്കാൻ നരേന്ദ്രമോഡിയ്ക്ക് എങ്ങനെയാണ് കഴിയുക. അദ്ദേഹം അങ്ങനെയായി എന്നത് എല്ലാവർക്കും വ്യക്തമായിരിക്കുന്നു. ബിസിനസ്സുകാരുടെ ഇടയിൽ പരക്കുന്ന 'ഭയത്തിന്റെ ചുറ്റുപാടുകളെ'പ്പറ്റി രാഹുൽ ബജാജ് സംസാരിക്കുകയുണ്ടായി. അധികാരസ്ഥാനങ്ങളിൽ ഉള്ളവരുടെയും ധനോല്പാദകരുടെയും ഇടയിൽ ഉളവായിട്ടുള്ള പരസ്പര വിശ്വാസമില്ലായ്മയെ കുറിച്ച് അജയ് പിരമൾ പരാമർശിക്കുകയുണ്ടായി. കിരൺ മജുംദാർ ഷാ പറഞ്ഞു, 'നാമെല്ലാം സമൂഹ ഭ്രഷ്ടർ.' നമ്മുടെ 'ഏറ്റവും മലിനീകരിക്കപ്പെട്ട പുഴകളെ' കുറിച്ചും, 'പാരമ്യത്തിലെത്തി നിൽക്കുന്ന'അന്തരീക്ഷ മലിനീകരണത്തെ'ക്കുറിച്ചും അതിവാചാലനാവുമായിരുന്ന നാരായണമൂർത്തി നയതന്ത്രപരമായ മൗനത്തിലാണ്ടു. എന്നാൽ അദാനിയും അംബാനിയും അഭൂതപൂർവമായ നേട്ടങ്ങളുടെ ഉയരങ്ങളിലാണ്. 'മോഡിയുടെ ഇന്ത്യയിൽ കുത്തകക്കാരുടെ ഉയർച്ച' എന്ന പുസ്തകത്തിൽ രവി കാന്ത് പറയുന്നു: "അംബാനിയുടെ കുതിച്ചുകയറ്റത്തിന്റെ താക്കോൽ സാങ്കേതിക മികവല്ല, കുത്തകയാണ്.. ടെലികോം, എണ്ണ, ചില്ലറ വില്പന, എൻടർടൈന്മെന്റ്. ഭരിക്കുന്ന പാർട്ടിയിൽനിന്ന് തനിക്കു ലഭിക്കുന്ന പിന്തുണ, നിയമങ്ങളെ തനിക്കുവേണ്ട രീതിയിൽ അട്ടിമറിക്കുന്നതിന് ഉപയോഗിച്ച പല ഉദാഹരണങ്ങളുമുണ്ട്."

ഇതിന്റെ തിക്തഫലങ്ങൾ അനുഭവിച്ചത് രാജ്യത്തിന്റെ സാമ്പത്തികമേഖലയാണ്. വ്യവസായിയായ ഹർഷ് ഗോയങ്ക അതിന്റെ ഒരു പട്ടികതന്നെ ഉണ്ടാക്കിയയിട്ടുണ്ട്. മത്സ്യബന്ധനം അരക്ഷിതാവസ്തയിലാണ്, മദ്യ കമ്പനികൾ അടച്ചുപൂട്ടലിലാണ്, പേപ്പർ മില്ലുകൾ പണി നിർത്തുന്നു, വാഹന നിർമാണ കമ്പനികൾ വഴിമുട്ടി നിൽക്കുന്നു, ബേക്കറികൾക്ക് വേണ്ടത്ര ധാന്യപ്പൊടി ലഭിക്കുന്നില്ല, കളിപ്പാട്ടക്കമ്പനികൾ അടച്ചുപൂട്ടുന്നു, സിനിമകൾക്ക് തിരശ്ശീല വീണിരിക്കുന്നു. പക്വതയുള്ള ഏതു രാഷ്ട്രീയ നേതൃത്വവും ഈ ആപൽസന്ധി തരണം ചെയ്യാനായിരിക്കും തങ്ങളുടെ പൂർണ ശ്രദ്ധ അർപ്പിക്കുക. എന്നാൽ മോഡിജി അല്ല. അദ്ദേഹം കൊറോണ പ്രതിസന്ധി പരിഹരിച്ചത് എങ്ങനെയെന്നു നോക്കൂ. അദ്ദേഹം ചുമ്മാ അങ്ങു പ്രഖ്യാപിച്ചു: 'കുരുക്ഷേത്രയുദ്ധം ജയിക്കാൻ 18 ദിവസമെടുത്തു. കൊറോണയുമായുള്ള നമ്മുടെ യുദ്ധത്തിന് 21 ദിവസമെടുക്കും.' (ഒരു രാഷ്ട്രനേതാവിന് എത്ര അർഥശൂന്യനാവാനാകും!)

മോഡിയുടെ കണക്കുകൂട്ടലുകളിൽ വാക്കുകൾക്കാണ് പ്രാധാന്യം, പ്രവർത്തികൾക്ക് രണ്ടാം സ്ഥാനമേയുള്ളൂ. നരേന്ദ്ര മോഡി ഒരിക്കലും ഇതു മനസ്സിലാക്കില്ല എന്നതാണ് ദുരന്തം. അദ്ദേഹം ഒരു പ്രാസംഗികനാണ്, ചിന്തകനല്ല. അദ്ദേഹം വാക്കുകളുടെ ആളാണ്, പ്രവർത്തിയുടെയല്ല. അദ്ദേഹം സംസാരിക്കുന്നു. അത്ര മാത്രം.

പ്രവർത്തി വേണ്ടിടത്ത് മൗനമാണ് തന്ത്രം. ചൈന അസാധാരണമായി ആക്രമണോത്സുകത പ്രകടിപ്പിക്കുന്നു. ലഡാക്കിലെ ചിലയിടങ്ങൾ അവർ കൈവശപ്പെടുത്തിയിരിക്കുന്നു, നമ്മുടെ സൈനികരെ വകവരുത്തുകയും ചെയ്തിരിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി യാതൊന്നും ചെയ്യുന്നില്ല. കെങ്കേമൻ പദ്ധതികൾ പ്രഖ്യാപിക്കുകയും പിന്നീടതു മറന്നുകളയുകയും പതിവായിരിക്കുന്നു. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ അദ്ദേഹം എല്ലാ ഗ്രാമങ്ങൾക്കും ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ, ഓരോ പൗരനും ആരോഗ്യ ഐ ഡി കാർഡ്..... വാഗ്ദാനം ്ചെയ്തു.ഒന്നും സംഭവിച്ചില്ല. ചിലപ്പോൾ പ്രധാന മന്ത്രിക്ക് അടുത്ത സ്വാതന്ത്ര്യ ദിനത്തിലും ഇതേ വാഗ്്ദാനങ്ങൾ നൽകണമായിരിക്കാം.

അപകടമെന്തെന്നാൽ, മറ്റുരാജ്യങ്ങൾ ശ്രദ്ധിക്കുക, പ്രസംഗത്തേക്കാൾ പ്രവർത്തിയെ ആണ്. ലഡാക്കിൽ മാത്രമല്ല, ആഗോള സ്വാധീനത്തിലും ചൈന മുന്നിലാണ്.ജി ഡി പി യിൽ ബാംഗ്ലാദേശ് ഇന്ത്യയെ മറികടക്കാൻ പോകുന്നു. ഈയിടെയാണ് ശ്രീലങ്ക അതു ചെയ്തത്. ഈ രാജ്യങ്ങളുടെയൊക്കെ ശക്തിമാനായ സഖ്യകക്ഷിയായി തീരുകയാണ് ചൈന.

ഇന്ത്യൻ നേതൃത്വം ഒന്നുകിൽ ഇതൊന്നും കാണുന്നില്ല, അല്ലെങ്കിൽ ഇതൊക്കെ മനസ്സിലാക്കാൻ കഴിയാതെ നടപടികളിലേയ്ക്കു കടക്കാൻ മടിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി വിജയത്തെ മനസ്സിലാക്കുന്നത് വ്യത്യസ്ഥമായ പന്ഥാവുകളിലൂടെയാണെന്ന തോന്നൽ ഒഴിവാക്കാൻ കഴിയുന്നില്ല. തന്റെ വാക് ചാതുരി കൊണ്ട് ഇന്ദ്രജാലം സാധിക്കുന്നു എന്നതുകൊണ്ട്, ആ തരത്തിലുള്ള ചാതുര്യമാണ് ഒരു നേതാവിന് അവശ്യം എന്ന് അദ്ദേഹം ചിലപ്പോൾ ധരിച്ചുവശായിട്ടുണ്ടാവാം.

മോഡിയുടെ കണക്കുകൂട്ടലുകളിൽ വാക്കുകൾക്കാണ് പ്രാധാന്യം, പ്രവർത്തികൾക്ക് രണ്ടാം സ്ഥാനമേയുള്ളൂ. നരേന്ദ്ര മോഡി ഒരിക്കലും ഇതു മനസ്സിലാക്കില്ല എന്നതാണ് ദുരന്തം. അദ്ദേഹം ഒരു പ്രാസംഗികനാണ്, ചിന്തകനല്ല. അദ്ദേഹം വാക്കുകളുടെ ആളാണ്, പ്രവർത്തിയുടെയല്ല. അദ്ദേഹം സംസാരിക്കുന്നു. അത്ര മാത്രം.


'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്' ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ — പകർപ്പവകാശം ലേഖകന്.

ലേഖനം പങ്കിടുന്നതിനായി ഈ ലിങ്ക് പകർത്തുക ‌-->> <clippy show="true">https://bit.ly/3es1wHe</clippy>


Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.