ഭരണകൂടം, യുദ്ധം, രക്തസാക്ഷിത്വം

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
രാഷ്ട്രീയം — ഹാപ്പിമോൻ ജേക്കബ് 06 മാർച്ച് 2017


ഗുർമെഹർ കൗർ

ദേശീയതയേയും രാജ്യസ്നേഹത്തേയും പറ്റി ധാർഷ്ട്യവും യഥാസ്ഥിതിക ധാർമികതയും കലർത്തി നടന്നുകൊണ്ടിരിക്കുന്ന ബഹളങ്ങൾക്കിടയിൽ ദൽഹി സർ‌വ്വകലാശാലയിലെ വിദ്യാർത്ഥി ഗുർമെഹർ കൗറിന്റെ വാക്കുകൾ ഏറ്റവും വിവേകപൂർണവും മനുഷ്യത്വപരവുമായിരുന്നു. 'പാകിസ്ഥാനല്ല യുദ്ധമാണ് എന്റെ അച്ഛനെ കൊന്നത്... ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ സമാധാനത്തിനുവേണ്ടിയാണ് ഞാൻ പൊരുതുന്നത്. നമ്മൾ തമ്മിൽ യുദ്ധമുണ്ടായിരുന്നില്ലെങ്കിൽ എന്റെ അച്ഛൻ ഇന്നും ജീവനോടെയുണ്ടാവുമായിരുന്നു.' ഈ വാചകങ്ങൾ പക്ഷെ, ബി ജെ പി നേതാക്കൾക്കും മറ്റു ചില പ്രമുഖർക്കും രുചിച്ചില്ല.

ഹാപ്പിമോൻ ജേക്കബ് ജവഹർലാൽ നെഹ്രു യൂണിവേർസിറ്റിയിൽ സ്കൂൾ ഓഫ് ഇന്റെർനാഷണൽ സ്റ്റഡീസ് വിഭാഗത്തിൽ അസോസിയറ്റ് പ്രൊഫസർ
ഹംഗറിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി & സ്കൂൾ ഓഫ് പബ്ലിക് പോളിസിയിൽ സീനിയർ ഗ്ലോബൽ ചലഞ്ചസ് ഫെലൊ

'ആരൊക്കെയോ ഈ പെൺകുട്ടിയുടെ മനസ്സു മലിനമാക്കുന്നു' എന്നായിരുന്നു ആഭ്യന്തര സഹമന്ത്രി റിജിജുവിന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ പാർട്ടിക്കാരനായ പ്രതാപ് സിംഹ എം പിയും എതാണ്ട് അതേ അഭിപ്രായം‌തന്നെ ട്വിറ്ററിലൂടെ പ്രകടിപ്പിച്ചു. യുദ്ധമമാണ് തന്റെ അച്ഛനെ കൊന്നത് എന്ന കൗറിന്റെ പ്രസ്താവനയുടെ സന്ദർഭവവും വിശാലമായ അർത്ഥവും ഉൾക്കൊള്ളാൻ അവർക്കും അവരെ പിന്തുണയ്ക്കുന്നവർക്കും കഴിഞ്ഞിട്ടില്ലെന്ന് ഈ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. കൗറിന്റെ ചിന്താബന്ധുരമായ അഭിപ്രായങ്ങളെ ദേശീയതയുടെ ചാട്ടവാറുകൊണ്ട് നേരിടുന്നത് കാണുമ്പോൾ യുദ്ധം ചിലർക്ക് സമാധാനത്തേക്കാൾ ലാഭകരമാണെന്നും അതിനാൽ യുദ്ധത്തിനാണ് മുൻഗണ എന്നും തോന്നിപ്പോകുന്നു.

  • 'പാകിസ്ഥാനല്ല യുദ്ധമാണ് എന്റെ അച്ഛനെ കൊന്നത്... തുടങ്ങിയ ഗുർമെഹർ കൗറിന്റെ ചിന്താബന്ധുരമായ അഭിപ്രായങ്ങളെ ദേശീയതയുടെ ചാട്ടവാറുകൊണ്ട് നേരിടുന്നത് കാണുമ്പോൾ യുദ്ധം ചിലർക്ക് സമാധാനത്തേക്കാൾ ലാഭകരമാണെന്നും അതിനാൽ അതിനാൽ യുദ്ധത്തിനാണ് മുൻഗണ എന്നും തോന്നിപ്പോകുന്നു.
  • 'പിതാവ്', 'മാതാവ്' എന്നീ നിലകളിൽ രാഷ്ട്രങ്ങൾ പൂജിക്കപ്പെടേണ്ട സചേതന ജീവികളല്ല, മറിച്ച് ശക്തമായ താല്പര്യങ്ങളുള്ള സംഘങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന സ്ഥാപനങ്ങളാണ്. അവരുടെ അധികാരവും നിയന്ത്രണശക്തിയും നിരന്തരമായി പരിശോധിക്കപ്പെടേണ്ടതും ചോദ്യം ചെയ്യപ്പെടേണ്ടതും അത്യന്താപേക്ഷിതമാണ്.
  • ദുർഘടസാഹചര്യങ്ങളിൽ സേവനം അനുഷ്ടിക്കുമ്പോഴും ഏറ്റുമുട്ടലുകളിൽ ജീവൻ നഷ്ടപ്പെടുമ്പോഴും നമ്മുടെ സൈനികർ സഹിക്കുന്ന ത്യാഗങ്ങൾ ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മൾ വിലമതിക്കേണ്ടതാണ്. എന്നാൽ അവരുടെ മരണത്തെ രക്തസാക്ഷിത്വത്തിന്റെ ചമയത്തിൽ അവതരിപ്പിക്കുന്നത് സംഘർഷനിവാരണമെന്ന കഠിനമായ ചുമതല ഏറ്റെടുക്കാതിരിക്കാനും യുദ്ധത്തിന് കാരണം കാണിക്കാനുമാണ്.

കുറേക്കൂടി മൗലികമായ അർത്ഥതലത്തിൽ പരിശോധിച്ചാൽ ചരിത്രപരമായി രൂപംകൊള്ളുന്ന രാഷ്ട്രത്തെ 'പിതാവ്', 'മാതാവ്' എന്നീ നിലകളിൽ മനസ്സിലാക്കുന്നത് ആധുനിക രാഷ്ട്രങ്ങളുടെ നിഷ്ഠുരതകളെ അംഗീകരിലും മാപ്പുനൽകലുമാണ്. രാഷ്ട്രത്തെ മനുഷ്യവൽക്കരിക്കുന്നത് അവസനിപ്പിച്ചാൽ മാത്രമേ അവയുടെ ചരിത്രപരമായ സ്വഭാവങ്ങൾ മനസ്സിലാക്കാനാകൂ. ആധുനികരാഷ്ട്രങ്ങൾ അക്രമത്തെ സംഘടിപ്പിക്കുകയും തങ്ങളുടെ കുത്തകയാക്കുകയും മാത്രമല്ല, അവയുടെ ചരിത്രപരമായ പരിണാമത്തിൽ അക്രമത്തിന് കേന്ദ്രസ്ഥാനവുമുണ്ട്. യുദ്ധങ്ങളും ശക്തി പ്രയോഗിക്കലും ആധുനിക രാഷ്ട്രങ്ങൾക്ക് സഹജമാണ്. ആഴത്തിൽ വേരുകളുള്ള ഈ പ്രവണത ഭ്രാന്തമായി പടരാതിരിക്കാൻ നിരന്തരമായ ജനകീയ ഇടപെടലുകളും യുക്തിസഹമായ ചർച്ചകളും സമാധാന ശ്രമങ്ങളും അത്യാവശ്യമാണ്. രാഷ്ട്രങ്ങൾ പൂജിക്കപ്പെടേണ്ട സചേതന ജീവികളല്ല, മറിച്ച് ശക്തമായ താല്പര്യങ്ങളുള്ള സംഘങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന സ്ഥാപനങ്ങളാണ്. അവരുടെ അധികാരവും നിയന്ത്രണശക്തിയും നിരന്തരമായി പരിശോധിക്കപ്പെടേണ്ടതും ചോദ്യം ചെയ്യപ്പെടേണ്ടതും അത്യന്താപേക്ഷിതമാണ്.

കൂടാതെ, നമ്മളിൽ പലരും വിശ്വസിക്കുന്നതുപോലെ അധാർമ്മികളായ ബാഹ്യശക്തികൾ നമ്മുടെമേൽ അടിച്ചേല്പിക്കുന്ന അനഭിമതമായ ആപത്തല്ല യുദ്ധം. മറിച്ച് മിക്കപ്പോഴുമത്, നമ്മുടെ രാഷ്ട്രീയക്കാരും ഭരണകൂടങ്ങളും അവരുടെ രാഷ്ട്രീയത്തിനും ഇതര താല്പര്യങ്ങൾക്കും വേണ്ടി സൃഷ്ടിക്കുന്നതാണ്. ഭരണകൂടങ്ങൾ വേണ്ടെന്നോ സൈന്യം വേണ്ടെന്നോ അല്ല പറഞ്ഞുവരുന്നത്. പക്ഷെ, രാജ്യസുരക്ഷ എന്നത് പൊതു നിരീക്ഷണവിധേയമല്ലാതെ, ചോദ്യം ചെയ്യപ്പെടാതെ തുടരുന്നത് അനുവദിക്കാൻ കഴിയില്ല. "അധികാരത്തിലുള്ളവരെയും പോലീസിനെയും ചോദ്യം ചെയ്യുന്നതും സംശയങ്ങൾ ഉന്നയിക്കുന്നതും അവസാനിപ്പിക്കണ"മെന്ന റിജിജുവിന്റെ ഉപദേശം അവിടെ നിൽക്കട്ടെ, ഭരണകൂടത്തിന്റെ ചെയ്തികളെ ചോദ്യം ചെയ്യൽ ഒരു സ്വഭാവമാക്കി മാറ്റേണ്ടതാണ്: നമ്മുടെതന്നെ നന്മക്കായി.

രാജ്യങ്ങൾ യുദ്ധത്തെ, അല്ലെങ്കിൽ ശ്രീമതി കൗർ പറയുന്നതുപോലെ 'ഭരണകൂട ഒത്താശയോടുകൂടിയ വിദ്വേഷത്തെ' ആഭ്യന്തര രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. ചിലപ്പോൾ സാമ്പത്തികമാന്ദ്യം, അല്ലെങ്കിൽ ഉയരുന്ന തൊഴിലില്ലായ്മ പോലുള്ള ആഭ്യന്തര പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനായി യുദ്ധം ഉപയോഗിക്കപ്പെടാറുണ്ട്. 'സർജിക്കൽ സ്ട്രൈക്ക്' രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിച്ചതും 2014 ലെ ജമ്മു കാഷ്മീർ തെരഞ്ഞെടുപ്പു കാലത്ത് ജമ്മു മേഖലയിൽ വെടിനിർത്തൽ ലംഘനങ്ങൾ ക്രമാതീതമായി വർദ്ധിച്ചതും ഉദാഹരണങ്ങളാണ്.

വസ്തുതകൾ പരിശോധിച്ചാൽ വെടിനിർത്തൽ ലംഘ‍നങ്ങൾ, ഭീകരാക്രമണങ്ങൾ, സൈനികരുടെ മരണങ്ങൾ തുടങ്ങിയവ ബി ജെ പി അധികാരത്തിൽ വന്നതിനുശേഷം വല്ലാതെ വർദ്ധിച്ചതായിക്കാണാം. കാഷ്മീരിൽ സമാധാനം സ്ഥാപിക്കുന്നതിലും പാകിസ്ഥാനുമായി കാഷ്മീർ പ്രശ്നം ചർച്ചചെയ്യുന്നതിലും ബി ജെ പി പരാജയപ്പെട്ടതുമൂലം രാജ്യത്തിനു വലിയ വില കൊടുക്കേണ്ടിവരുന്നു എന്ന നിഗമനത്തിലെത്തിയാൽ അതു യുക്തിസഹമല്ലേ?

കൂടാതെ പല സുരക്ഷാഭീഷണികളും വിഭാവന ചെയ്യപ്പെടുന്നു, അതേപ്പറ്റി വിഭിന്നാഭിപ്രായങ്ങൾ പ്രകടിപ്പിച്ചാൽ അത് രാജ്യവിരുദ്ധമായി മുദ്രകുത്തപ്പെടുന്നു. തുടർന്നുണ്ടാവുന്ന കോലാഹലത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നു. ഇതൊന്നും കൂടാതെ ആഴത്തിലുള്ള ബിസിനസ്സ് താല്പര്യങ്ങളുമുണ്ട്, രാഷ്ട്രീയബന്ധമുള്ള, പ്രതിരോധവ്യവസായത്തിലെ സം‌രംഭകരാണ് ഏറ്റുമുട്ടലിൽനിന്നും യുദ്ധത്തിൽനിന്നും ലാഭമുണ്ടാക്കുന്നത്.

രക്തസാക്ഷിത്വം എന്ന മിത്ത്

ദുർഘടസാഹചര്യങ്ങളിൽ സേവനം അനുഷ്ടിക്കുമ്പോഴും ഏറ്റുമുട്ടലുകളിൽ ജീവൻ നഷ്ടപ്പെടുമ്പോഴും നമ്മുടെ സൈനികർ സഹിക്കുന്ന ത്യാഗങ്ങൾ ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മൾ വിലമതിക്കേണ്ടതാണ്. എന്നാൽ അവരുടെ മരണത്തെ രക്തസാക്ഷിത്വത്തിന്റെ ചമയത്തിൽ അവതരിപ്പിക്കുന്നത് സംഘർഷനിവാരണമെന്ന കഠിനമായ ചുമതല ഏറ്റെടുക്കാതിരിക്കാനും യുദ്ധത്തിന് കാരണം കാണിക്കാനുമാണ്. സർക്കാരിന്റെയും ചിലപ്പോഴൊക്കെ പൊതുജനങ്ങളുടെയും വിവരണങ്ങളിൽ സൈനികരും അതിർത്തി ഗ്രാമങ്ങളിലെ ഗ്രാമീണരും വെടിവയ്പിലോ, മൈൻ പൊട്ടിയോ, വാഹനാപകടങ്ങളിലൊ കൊല്ലപ്പെടുമ്പോൾ അവർ രക്തസാക്ഷിത്വം വരിച്ചു എന്നു ഘോഷിക്കാറുണ്ട്. മരണം വരിക്കാൻ യാതൊരു താല്പര്യവുമില്ലാത്ത ഒരു ഗ്രാമീണൻ, രണ്ട് സൈന്യങ്ങൾ തമ്മിലുള്ള വെടിവയ്പിനിടയിൽ പെട്ട് കൊല്ലപ്പെടുന്നത് എങ്ങനെയാണ് രക്തസാക്ഷിത്വം വരിക്കലാവുക?

പാകിസ്ഥാനുമായി സമാധാനം സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ലാഹോർ സന്ദർശിച്ചപ്പോൾ അതിനെ മികച്ച നയതന്ത്രമെന്ന് ബി ജെ പി നേതാക്കൾ ആർത്തുവിളിച്ചു. എന്നാൽ ശ്രീമതി കൗറിനെപ്പോലെ ആരെങ്കിലും പാകിസ്ഥാനുമായി സമാധാനം എന്ന്‌ ആഹ്വാനം ചെയ്യുമ്പോൾ അവരുടെ 'മനസ്സുകൾ മലിനമാക്കപ്പെട്ടിരിക്കുന്നു,' എന്ന് ബി ജെ പി നേതാക്കൾ ആക്രോശിക്കുന്നു. രാഷ്ട്രീയമായി സൗകര്യപ്രദമായ ഇരട്ടത്താപ്പിന്റെ ഉത്തമ ഉദാഹരണമാണിത്.

രക്തസാക്ഷിത്വത്തെ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതുതന്നെ വഴിതെറ്റിക്കലാണ്, കാരണം തീർത്തും അനാവശ്യമായ ഒരു അകാലമരണത്തെ രക്തസാക്ഷിത്വത്തിന്റെ ചമയങ്ങളിൽ, നൈമിഷികമായ കീർത്തിയിൽ മറച്ച് സൈനികന്റെ ജീവന്റെ പ്രാധാന്യത്തെ കുറയ്ക്കുകയാണ്. ഒരു സൈനികന്റെ ജീവന് അതിന് വിലയായി ലഭിക്കുന്ന സാമ്പത്തിക സഹായത്തേക്കാളും രക്തസാക്ഷി എന്ന ബഹുമതിയേക്കാളും വിലയുണ്ട്. കൂടാതെ സിവിലിയൻ ജീവിതം നയിക്കുന്ന നമുക്ക് ഇത് അവരുടെ അനിവാര്യമായ വിധിയായി കണക്കാക്കാനും അവസരമൊരുക്കുന്നു: 'മരിക്കാൻ തയ്യാറല്ലെങ്കിൽ നിങ്ങൾ എന്തിനു സൈന്യത്തിൽ ചേരുന്നു?' എന്ന ചോദ്യത്തോടെ. പക്ഷേ ശ്രീമതി കൗർ പറഞ്ഞതുപോലെ, 'ചർച്ചകൊണ്ടു പരിഹരിക്കാമെങ്കിൽ അവർ എന്തിനു മരിക്കണം?' ബാക്കിയുള്ളവർ സമാധാനത്തോടെ ജീവിക്കുവാൻ നിങ്ങൾ ജീവൻ ത്യജിക്കണമെന്ന് സമൂഹം യുവാക്കളെ ബ്രെയിൻ വാഷ് ചെയ്യുന്നതെന്തിനാണ്?

നമ്മുടേതിനേക്കാൾ ഒട്ടും വിലകുറഞ്ഞതല്ല ചെറുപ്പക്കാരായ സൈനികരുടെ ജീവൻ. ചരിത്രപരമായിത്തന്നെ ഭരണവർഗ്ഗങ്ങൾക്കാണ് യുദ്ധങ്ങളിൽനിന്നും ഏറ്റുമുട്ടലുകളിൽനിന്നും നേട്ടങ്ങളുണ്ടാവാറുള്ളത്. അതുകൊണ്ടുതന്നെ യുവാക്കളെ കുരുതികൊടുക്കാൻ ഭരണവർഗ്ഗത്തിനെ അനുവദിക്കാൻ പാടില്ല. രക്തസാക്ഷിത്വ മേന്മകൾ നമ്മുടെ യുവാക്കളെ കൊലയ്ക്കുകൊടുക്കുന്നതിനെ മാത്രമല്ല അതിർത്തിക്കപ്പുറത്ത് ഇതേസാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നതിനേയും ന്യായീകരിക്കുന്നു. രക്തസാക്ഷിത്വത്തെ പ്രശ്നവൽക്കരിക്കുന്നത് നമ്മുടെ സൈനികരെ അപകീർത്തിപ്പെടുത്തലല്ല, മറിച്ച് നമ്മുടെ ജീവൻ പോലെ പവിത്രമാണ് അവരുടെ ജീവനും എന്ന് ഊന്നിപ്പറയലാണ്.

ഇരട്ടത്താപ്പ്

'നമ്മുടെ സൈനികരെയും അവരുടെ ബലിദാനങ്ങളെയും' രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കാൻ സമർത്ഥരാണ് ബി ജെ പി നേതൃത്വം. എന്നാൽ അവരിലൊരാൾ (ബി എസ് എഫിലെ തേജ് ബഹാദൂർ), അല്ലെങ്കിൽ അവരുടെ ബന്ധുക്കൾ (ശ്രീമതി കൗർ) കാര്യങ്ങൾ തുറന്നുപറയുമ്പോൾ ബി ജെ പി നേതാക്കൾ അന്യായം എന്നു വിളിച്ചുകൂവുന്നു. എന്തൊരു സൗകര്യം! ബി ജെ പിക്ക് 'നമ്മുടെ ജവാന്മാരെ' തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ മാത്രമെ താല്പര്യമുള്ളെന്നും അവരുടെ ക്ഷേമത്തിലോ രാജ്യരക്ഷയിലൊ നമ്മുടെ സൈനികരെ കൊലയ്ക്കുകൊടുക്കുന്ന സംഘർഷങ്ങൾ പരിഹരിക്കുന്നതിലൊ താല്പര്യമില്ലെന്നും വ്യക്തമാവുന്നു.

പാകിസ്ഥാനുമായി സമാധാനം സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ലാഹോർ സന്ദർശിച്ചപ്പോൾ അതിനെ മികച്ച നയതന്ത്രമെന്ന് ബി ജെ പി നേതാക്കൾ ആർത്തുവിളിച്ചു. എന്നാൽ ശ്രീമതി കൗറിനെപ്പോലെ ആരെങ്കിലും പാകിസ്ഥാനുമായി സമാധാനം എന്ന്‌ ആഹ്വാനം ചെയ്യുമ്പോൾ അവരുടെ 'മനസ്സുകൾ മലിനമാക്കപ്പെട്ടിരിക്കുന്നു,' എന്ന് ബി ജെ പി നേതാക്കൾ ആക്രോശിക്കുന്നു. രാഷ്ട്രീയമായി സൗകര്യപ്രദമായ ഇരട്ടത്താപ്പിന്റെ ഉത്തമ ഉദാഹരണമാണിത്.


(http://www.thehindu.com/opinion/lead/war-state-and-martyrdom/article17403302.ece 'ദ ഹിന്ദു' ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ] സംക്ഷിപ്ത പരിഭാഷ –ലേഖകന്റെ അനുമതിയോടെ — പകർപ്പവകാശം ലേഖകന്)



Anonymous user #1

95 months ago
Score 0++
നല്ല ഭക്ഷണം കിട്ടുന്നില്ലെന്നും വയർനിറയാനുള്ള ഭക്ഷണം കിട്ടുന്നില്ലെന്നും കൊടും തണുപ്പത്ത് അതിർത്തിയിൽ ജോലിചെയ്യുന്ന ജവാൻ വീഡിയോയിലൂടെ പരാതി ഉന്നയിച്ചപ്പോൾതന്നെ അദ്ദേഹത്തിന്റെ മൊബൈൽ അധികൃതർ പിടിച്ചെടുത്തു. ഇപ്പോൾ പുറത്തുവന്ന ആരോപണം അതിലെ കോണ്ടാക്റ്റ് ലിസ്റ്റിൽ കുറെ പാക്കിസ്ഥാൻകാരുടെ പേരുണ്ടെന്നാണ്. അതായത് ചാരനാണെന്ന്! ഈ സർക്കാരിന് ആരേയും ഒതുക്കാൻ 'പാക്കിസ്ഥാൻ' എന്ന ഒറ്റമൂലി മാത്രം മതി.
Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.