ജയ് ഭീം! ലാൽ സലാം! ഒന്നിച്ചു മുഴങ്ങുമ്പോൾ

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
രാഷ്ട്രീയം ജി.സമ്പത് 21 നവംബർ 2016.



ജി.സമ്പത്

കഴിഞ്ഞ സെപ്റ്റംബർ 16 ന് ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് വ്യത്യസ്തമായ ഒരു ദളിത് റാലിക്ക് സാക്ഷ്യം വഹിച്ചു. അതിൽ പങ്കെടുത്തു പ്രസംഗിച്ച ഇടതുപക്ഷനേതാക്കന്മാരുടെ എണ്ണമായിരുന്നു ആ റാലിയെ വ്യത്യസ്ഥമാക്കിയത്. പ്രകാശ് അം‌ബേദ്‌കർ, രാധികാ വെമുലാ, ജിഗ്‌നേശ് മേവാനി എന്നിവർക്കൊപ്പം വേദി പങ്കിട്ടവരിൽ സീതാറാം യെച്ചൂരി, സുധാകർ റെഡ്ഡി, ഡി രാജാ തുടങ്ങിയവരും ഉണ്ടായിരുന്നു. 'ദളിത്' എന്നു സ്വയം വിളിച്ച ആ റാലിയിൽ 'ജയ് ഭീം' മുദ്രാവാക്യങ്ങളൊടൊപ്പം ഉയർന്നുകേട്ടത് ഇടതു വൃത്തങ്ങൾക്കു പുറത്ത് അപൂർ‌വ്വമായി മാത്രം കേൾക്കാറുള്ള 'ലാൽ സലാം' അഭിവാദ്യങ്ങളായിരുന്നു.

ജയ് ഭീമിന്റെയും ലാൽ സലാമിന്റെയും ഈ ചങ്ങാത്തം ഒരു രാഷ്ട്രീയ കൂട്ടുകെട്ടായി വികസിപ്പിക്കാൻ കഴിഞ്ഞാൽ അത് ഇടതുപക്ഷത്തിനും ദളിത് രാഷ്ട്രീയത്തിനും മഹത്വപൂർണ്ണമായ ഒരു തുടക്കമാവും. ഗുജറാത്തിൽ ഏതാനും മാസങ്ങൾക്കു മുമ്പു നടന്ന ദളിത് പ്രക്ഷോഭങ്ങൾ, ജയ് ഭീം ലാൽ സലാം ബാന്ധവം, മുദ്രാവാക്യങ്ങൾക്കപ്പുറം പ്രായോഗികതലത്തിൽ നടപ്പിലായാലുള്ള അപാര സാധ്യതകളിലേയ്ക്ക് വിരൽ ചൂണ്ടുന്നതാണ്.

ഗുജറാത്ത്‌ പാഠങ്ങൾ

ഉനായിൽ ദളിത് യുവാക്കൾ 'ഗോ‌സം‌രക്ഷകരുടെ' പീഡനത്തിനിരയായ സംഭവത്തിനുശേഷം ഗുജറാത്തിലുണ്ടായ അണിചേരൽ നിസാരമല്ലാത്ത രണ്ടു നേട്ടങ്ങൾക്ക് കാരണമായി. അഹമ്മദാബാദ് ജില്ലയിലെ ധോൽക്കാ താലൂക്കിൽ സരോദാ വില്ലേജിൽ 115 ഭൂരഹിതരായ ദളിത് കുടുംബങ്ങൾക്ക് 220 ബീഘാ ഭൂമി പതിച്ചുനൽകാൻ സർക്കാർ നിർ‌ബന്ധിതരായി എന്നതാണ് ഒന്നാമത്തേത്.

രണ്ടാം വിജയം അഹമ്മദാബാദ് മുനിസിപ്പൽ കോർ‌പ്പറേഷനിലെ 6000 വരുന്ന ശുചീകരണത്തൊഴിലാളികൾക്കായിരുന്നു. 36 ദിവസം അവർ സമരത്തിലായിരുന്നു. കരാർ ജീവനക്കാരുടെ നിയമനങ്ങൾ സ്ഥിരപ്പെടുത്തുക, പ്രോവിഡന്റ് ഫണ്ട്, ചികിത്സാ സഹായം, മിനിമം വേതനം, എല്ലാ തൊഴിലാളികൾക്കും സുരക്ഷാ കവചങ്ങൾ, അപകടങ്ങൾ മൂലം പരുക്കോ മരണങ്ങളോ ഉണ്ടാവുന്നെങ്കിൽ ഏറ്റവും അടുത്ത ആശ്രിതർക്ക് ജോലി, മുതലായവയായിരുന്നു അവരുടെ ആവശ്യങ്ങൾ. ഇവയെല്ലാം തന്നെ അംഗീകരിക്കപ്പെട്ടു.

ദളിത് രോഷം പ്രായോഗിക രാഷ്ട്രീയ പരിപാടിയാക്കി പരിവർത്തനം ചെയ്ത രണ്ട് ഉദാഹരണങ്ങളാണ് ഇവ. ദളിത് സംഘടനകളോടൊപ്പം ഗുജറാത്തിലെ ട്രെയ്‌ഡ് യൂണിയനുകളും പൗരാവകാശ സംഘടനകളും സമരമുഖത്തുണ്ടായിരുന്നു. ആ മുന്നേറ്റത്തിന്റെ ഗുണഭോക്താക്കൾ ദളിതുകളായിരുന്നെങ്കിലും ആവശ്യങ്ങൾ ഉന്നയിച്ചത് സ്വത്വാധിഷ്ടിതമായി ആയിരുന്നില്ല, സാമ്പത്തികാധിഷ്ഠിതമായിത്തന്നെ ആയിരുന്നു. ഭൂമിയുടെ ഉടമയാവുന്നതും സ്ഥിരം ജോലി ലഭിക്കുന്നതും ദളിതരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതാണ്. എന്നാൽ സാമ്പത്തികാവശ്യങ്ങൾ തീക്ഷ്ണ സമരങ്ങളുടെ പ്രധാനമുദ്രാവാക്യമാവുക വളരെ അപൂർ‌വ്വമായെ ദളിത് സമരങ്ങളിൽ കാണാറുള്ളൂ.

ഇതിന്റെ ഒരു വിപരീത സമാന്തരം ഇടതു രാഷ്ട്രീയത്തിലും ദൃശ്യമാണ്. അവർ ഒരിക്കലും ജാതി പ്രശ്നങ്ങൾ ഗൗരവത്തോടെ സമീപിച്ചിട്ടില്ല-ദളിതരുടെ നേർക്കുള്ള അതിക്രമങ്ങളേയോ, പൊതുവായിത്തന്നെ ജാതീയതയേയോ അഭിമുഖീകരിക്കാൻ ശ്രമിച്ചിട്ടില്ല. ഇടതുപക്ഷം വർഗ്ഗരാഷ്ട്രീയത്തിലേക്ക് സ്വയം തളച്ചിട്ടു-വർഗ്ഗചൂഷണത്തിന്റെ അടിക്കെട്ടായി വർത്തിക്കുന്ന ജാതീയതയെ വെല്ലുവിളിക്കാൻ കൂട്ടാക്കിയില്ല. അദ്ധ്വാനിക്കുന്ന ജനവിഭാഗം ജാതി അടിസ്ഥാനത്തിൽ വിഘടിച്ചുപോയാലോ എന്ന ഭയമാണ് പ്രധാന കാരണം.

എന്നാൽ ഇന്ത്യയിലെ തൊഴിലാളി വർഗ്ഗം ബഹുവിധ സ്വത്ത്വങ്ങളുടെ അച്ചുതണ്ടുകളിൽ വിഘടിതമായിരുന്നു; ജാതിയായിരുന്നു അതിൽ ഏറ്റവും പ്രമുഖ ഘടകം. ജാതി അടിസ്ഥാനത്തിലുള്ള ഈ വിഭാഗീയതയെ നേരിടുന്നതിൽ ഇടതു പക്ഷത്തിനുണ്ടായ പരാജയമാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുകക്ഷികൾ പാർശ്വവൽക്കരിക്കപ്പെടാനുള്ള മുഖ്യഹേതു. ഇടതുപക്ഷത്തിന്റെ ഉന്നത നേതൃത്വത്തിലുള്ള സവർണ്ണമേധാവിത്വമാണ് അംബേദ്‌കർ അനുയായികൾ ജാതീയമായ ചൂഷണത്തോട് ഇടതുപക്ഷം പുലർത്തുന്ന അന്ധതയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇടതുപക്ഷപ്പാർട്ടികളുടെ പൊളിറ്റ് ബ്യൂറോയിലോ കേന്ദ്രക്കമ്മറ്റികളിലോ വിരലിലെണ്ണാവുന്ന ദളിതുകളേയുള്ളു എന്നത് ഒരു വസ്തുതയുമാണ്.

അതേസമയം അംബേദ്‌കർ വാദികളുടെ സ്വത്ത്വരാഷ്ട്രീയത്തെപ്പറ്റി ഇടതുപക്ഷത്തിന്റെ വിമർശനത്തിൽ കഴമ്പില്ലാതില്ല. 'ജാതി പ്രശ്നം' എന്ന ലേഖനത്തിൽ അനുരാധാ ഘണ്ഡി പറയുന്നു: ' ദളിതുകളുടെ ഐകമത്യത്തിനുവേണ്ടി ആഹ്വാനം നടത്തുകയും എന്നാൽ ചൂഷിതരായ മറ്റു ജനവിഭാഗങ്ങളിൽനിന്നും, അവരെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപ്പാർട്ടികളിൽനിന്നും, ദളിതുകളെ അകറ്റിനിർത്താൻ ബോധപൂർ‌വ്വം ശ്രമിക്കുകയും ചെയ്യുന്ന ദളിതുകളിലെ ഒരു പ്രമാണിവർഗ്ഗത്തെ ഭരണവർഗ്ഗം ബോധപൂർ‌വ്വം സ്പോൺസർ ചെയ്യുന്നു.'

സ്വത്വ രാഷ്ട്രീയത്തിന്റെ പരിമിതികൾ

ദളിത്- ഒ ബി സി ഐക്യം വർഗ്ഗവൈരുദ്ധ്യം മൂലം "നിലനിർത്തുക പ്രായോഗികമായി അസാധ്യമാണ്" എന്ന ശ്രീമതി ഘണ്ഡിയുടെ നിരീക്ഷണം സമീപകാലത്തെ സംഭവങ്ങൾ ശരി‌വയ്ക്കുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ കർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ജാതിക്കാർ പരസ്പരം ഐക്യപ്പെട്ടുകൊണ്ടിരിക്കുന്നത് ഭൂവുടമകളോ, മുതൽ ആളുന്നവരോ ആയ മേൽ ജാതിക്കാർക്കെതിരേയല്ല, മറിച്ച് ദളിതുകൾക്കെതിരേയാണ്. രാജസ്ഥാനിലെ ഗുജ്ജാർ പ്രക്ഷോഭങ്ങൾക്കുശേഷം, ഹരിയാണായിൽ ജാട്ടുകളും ഗുജറാത്തിൽ പട്ടേലുകളും മഹാരാഷ്ട്രായിൽ പട്ടേലുകളും ഏറ്റവും ഒടുവിൽ മഹാരാഷ്ട്രത്തിൽ മറാത്താകളും സം‌വരണം ആവശ്യപ്പെട്ടുകൊണ്ട് തെരുവിലിറങ്ങിയിരിക്കുന്നു. ഇതിനുപുറമെ അവർക്ക് മറ്റൊരു ആവശ്യം കൂടിയുണ്ട്: പട്ടികജാതി- പട്ടികവർഗ്ഗ (പീഡന നിരോധന) ആക്റ്റ് ൽ വെള്ളം ചേർക്കുക.

അതുകൊണ്ടുതന്നെ സ്വത്ത്വരാഷ്ട്രീയം തങ്ങളെ വളരെയൊന്നും മുമ്പോട്ടു കൊണ്ടുപോകില്ലെന്ന് ദളിതുകളിലെ ഒരു വിഭാഗത്തിനെങ്കിലും (പ്രത്യേകിച്ചും അവർ കേവലം ഏഴു ശതമാനം മാത്രമുള്ള ഗുജറാത്തിൽ അതു വളരെ പ്രകടമായി) തിരിച്ചറിവുണ്ടായി. ഈ തിരിച്ചറിവ് (അവരെ) ഇന്ത്യൻ രാഷ്ട്രീയ യാത്ഥാർത്ഥ്യങ്ങളുടെ മൂന്നു സത്യങ്ങളുമായി മല്പിടുത്തം അനിവാര്യമാക്കുന്നു.

ഒന്ന്, ഇന്നത്തെ തെരഞ്ഞെടുപ്പ് വ്യവസ്ഥയിൽ സ്വത്ത്വ രാഷ്ട്രീയത്തിന് പരമാവധി ലഭിക്കുക ദളിതർക്ക് നിസ്സാരമായ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ കഴിയുന്ന ദളിത് വോട്ടുകളുടെ ദല്ലാളന്മാരെയാണ്. ഈ ദല്ലാളന്മാർ ജാതിവ്യവസ്ഥയെ വെല്ലുവിളിക്കില്ലെന്നുമാത്രമല്ല, അവരുടെ വ്യക്തിപരമായ ഉയർച്ച സ്വസമുദായത്തിന്റെ ശാക്തീകരണമാണെന്ന്‌ ആർത്തുവിളിക്കുകയും ചെയ്യും. രാം‌ദാസ് ആഠ്‌വലേ, ഉദിത് രാജ് തുടങ്ങിയ നേതാക്കൾ ഈ പ്രതിഭാസത്തിന്റെ ഉദാഹരണങ്ങളാണ്. മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയെ (ബി എസ് പി) എടുത്താൽ ഒരു വ്യക്തിയിൽ മാത്രം അധികാരം കേന്ദ്രീകരിച്ചിരിക്കുന്നു ( ഇത് ഇന്ത്യൻ രാഷ്ട്രീയപ്പാർട്ടികളെ പൊതുവേ ബാധിക്കുന്ന ഒരു വ്യാധിയാണ്) എന്നതിനാൽ ആ പാർട്ടിയുടെ രാഷ്ട്രീയ സാദ്ധ്യതകൾ വെട്ടിക്കുറയ്ക്കപ്പെടുന്നു.

രണ്ട്, ദളിത് രാഷ്ട്രീയത്തിന് നിർണ്ണായകശക്തിയായി മാറണമെങ്കിൽ അനിവാര്യമായ ദളിത്- ഒ ബി സി ഐക്യം വർഗ്ഗ വൈരുദ്ധ്യങ്ങൾ മൂലം ഒരു ചാപിള്ളയാവുന്നു. പീഡനക്കേസുകളിൽ കുറ്റാരോപിതരായവരുടെ ജാതികളേതെന്ന് ഒരു നോട്ടം മതി അങ്ങനെയൊരു ഐക്യപ്പെടൽ തള്ളിക്കളയാൻ.

അവസാനമായി, പൊതുമേഖലയിൽ നിന്ന് നിഷ്ക്രമിക്കുകയും സ്വകാര്യമേഖല ഔദ്യോഗികനയം ആവുകയും ചെയ്യുന്നതോടെ സം‌വരണത്തിന് ബഹുഭൂരിപക്ഷം ദളിതർക്കും ആശ്വാസം പകരാൻ കഴിയില്ല. സം‌വരണത്തിനുവേണ്ടി പ്രക്ഷോഭങ്ങൾ നടത്തുന്ന പ്രബലസമുദായങ്ങൾ ഇനിയും മനസ്സിലാക്കാത്ത ഒരു യാഥാർത്ഥ്യമാണത്. എന്നാൽ വൈകാതെതന്നെ അവർക്കും അത് അംഗീകരിച്ചേ കഴിയൂ. സം‌വരണത്തിനപ്പുറത്തേയ്ക്ക് നാം ചിന്തിച്ചാൽ സ്വത്ത്വരാഷ്ട്രീയത്തിന് മറ്റെന്ത് -സാധിച്ചുകൊടുക്കാൻ എന്നതോ പോട്ടെ- വാഗ്ദാനം ചെയ്യാൻ പോലും കഴിയും?

കേവലമായ രാഷ്ട്രീയ യുക്തി അനുശാസിക്കുന്നത് ദളിതുകൾ അവരുടെ, സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക അവസ്ഥ പങ്കിടുന്നവരിൽൽനിന്ന് സഖ്യകക്ഷികളെ കണ്ടെത്തുക എന്നതാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ സ്വത്ത്വ രാഷ്ട്രീയത്തിനപ്പുറത്തേയ്ക്ക് ദൃഷ്ടി ചെലുത്തുക. ഒറ്റയ്ക്ക് നിന്നാൽ, കിട്ടുന്ന അതേ നാണയത്തിൽ ജാതീയമായി അടിച്ചമർത്തുന്നവരെ തിരിച്ചടിക്കാനോ, അവർ നിയന്ത്രിക്കുന്ന പാർട്ടികളുടെ വോട്ട് ബാങ്ക് ആയി മാറുന്നത് ഒഴിവാക്കാനോ അവർക്ക് അംഗബലമില്ല.

സമീപകാലത്തെ ഒരു ഉദാഹരണമെടുത്താൽ, ഗോസം‌രക്ഷകർ കൊളുത്തിയ അക്രമത്തിന്റെ തീജ്വാല മുസ്ലീങ്ങളേയും ദളിതുകളേയും ലക്ഷ്യമിട്ടായിരുന്നു. ദളിത്- മുസ്ലീം ഐക്യത്തിനുവേണ്ടിയുള്ള വിളികൾ ഉയർന്നു. എന്നാൽ മുസ്ലീങ്ങൾക്ക് ന്യൂനപക്ഷമെന്ന സ്വത്ത്വം കൂടിയുണ്ട്. ഈ കൂട്ടുകെട്ട് വർഗ്ഗവൈരുദ്ധ്യങ്ങൾ മാത്രമല്ല, ജാതീയമായ വൈരുദ്ധ്യങ്ങൾക്കും വിധേയമാണ്. അതുമാത്രം മതി ആ കൂട്ടുകെട്ടിനെ തകർക്കാൻ. ദളിത്- മുസ്ലീം ഐക്യത്തിനായി ഉത്തർപ്രദേശിൽ നടത്തിയ ശ്രമം പരാജയപ്പെട്ടത് അതിന്റെ ദൃഷ്ടാന്തമാണ്.

ദളിതരിലെ തന്നെ വരേണ്യവർഗ്ഗവും ജാതീയമായി അവരെ അടിച്ചമർത്തുന്നവരും തമ്മിലുള്ള സഹകരണത്തിനെതിരേയും ജാതീയമായി അവരെ അടിച്ചമർത്തുന്നവരിലെത്തന്നെ ധനികരും ദരിദ്രരും തമ്മിലുള്ള സഹകരണത്തിനെതിരേയും ദളിത് രാഷ്ട്രീയത്തിന് മറുപടിയില്ല. ദളിതരുടെ ഇടയിലെ മാത്രമല്ല, ഒ ബി സി കളിലേയും ഉയർന്നജാതികളിലേയും സ്വന്തമെന്നു പറയാൻ ഒന്നുമില്ലാത്തവരുടെ ഭൗതികാവശ്യങ്ങൾ വിളംബരം ചെയ്യാനും അതിനായി പോരാടാനും കഴിയുന്നില്ലെങ്കിൽ ദളിത് രാഷ്ട്രീയത്തിന് മുമ്പോട്ടു നീങ്ങാൻ കഴിയില്ല. ഭൂമിയില്ലാത്തവരും കരാർ തൊഴിലാളികളും കടം കയറിയ കൃഷിക്കാരും കുടിയേറ്റത്തൊഴിലാളികളും ഇക്കൂട്ടത്തിൽ പെടും.

അതുപോലെതന്നെ, സാമൂഹികമായി അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ ജനാധിപത്യാഭിലാഷങ്ങൾ സാക്ഷാൽക്കരിക്കാനുള്ള യത്നത്തിൽ പങ്കാളികളായില്ലെങ്കിൽ ഇടതുപക്ഷത്തിന് യാതൊരു ഭാവിയുമില്ല.

ജാതിയുടെ ഉന്മൂലനമാണ് ഏതു പുരോഗമന രാഷ്ട്രീയത്തിനും അനിവാര്യമായ ഒരു ഉപാധിയാവുന്നതെന്ന് ഇടതുപക്ഷം അംഗീകരിച്ചേമതിയാവൂ. ഇന്ത്യയേപ്പോലെ ഭാഗികമായി ആധുനികവത്കരിക്കപ്പെട്ട ഒരു അർദ്ധ ഫ്യൂഡൽ രാജത്ത് ജാതിവിരുദ്ധത കൂടി ഒപ്പമില്ലാതെ മുതലാളിത്തവിരുദ്ധതയ്ക്കു മാത്രമായി പരിവർത്തന സാദ്ധ്യതകൾ തുലോം കുറവാണ്. ഈ ഒരു അറിവ് ഇടതുപക്ഷത്തിന്റെയും ദളിത് ശക്തികളുടേയും കൈകോർക്കൽ അനിവാര്യമാക്കുന്നു.

ഇടതു ദളിത് ഐക്യം അത്ര പുതിയ കാര്യമൊന്നുമല്ല. മാർക്സും അംബേഡ്കറും മുമ്പും ഒരുമിച്ചു വന്നിട്ടുണ്ട്. 1950 ൽകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുമായിച്ചേർന്ന് ഭൂരഹിതരായ ദളിതുകൾക്ക് സർക്കാർ ഭൂമി നൽകണമെന്ന് ആവശ്യമുന്നയിച്ച് പ്രക്ഷോഭങ്ങൾ നയിച്ചിട്ടുണ്ട്. 1970 കളിൽ മഹാരാഷ്ട്രായിലെ ദളിത് പാന്തർ പ്രസ്ഥാനം ദളിതരുടെ ഇടതുപക്ഷ പ്രസ്താവമായിരുന്നു.

ഇന്ന്, മൂലധനത്തിന്മേലും ഭരണകൂടത്തിലും നിയന്ത്രണമുള്ള ജാതീയകൂട്ടായ്മ ഒരു വശത്തും അടിച്ചമർത്തപ്പെട്ടവരും സാമ്പത്തികമായി പാർശ്വ‌വൽക്കരിക്കപ്പെട്ടരും മറുവശത്തുമായി അണിനിരന്നിരികക്കുകയാണ്. ഭരണ വർഗ്ഗം, എല്ലായ്പോഴുമെന്നപോലെ , ജാതീയാതിർത്തികളെ മറികടന്നുകൊണ്ട്‌ തങ്ങളുടെ വർഗ്ഗതാല്പര്യങ്ങളെക്കുറിച്ച് അവബോധമുള്ളവരാണ്. എന്നാൽ അദ്ധ്വാന വർഗ്ഗം, പ്രത്യേകിച്ചും അവരിലെ ദളിതരും ഒ ബി സി കളും വിവിധ സ്വത്ത്വബോധങ്ങളാൽ വിഭജിക്കപ്പെട്ടിരിക്കുന്നതുമൂലം ഒരു വർഗ്ഗമെന്ന നിലയിലലുള്ള അവരുടെ സ്വത്തം കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു.

ദളിതുകൾക്ക് ഇടതിനെ ആവശ്യമുണ്ട്, കാരണം മറ്റൊരു രാഷ്ട്രീയക്കൂട്ടായ്മയും അവർക്കു താല്പര്യമുള്ള വിഷയങ്ങൾ- ജീവിക്കാൻ വേണ്ട വേതനം, ജോലിസ്ഥിരത, പെൻഷൻ - തങ്ങളുടെ പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇടതുപക്ഷത്തെ സം‌ബന്ധിച്ചിടത്തോളം ദളിത് പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടുവരുക എന്നത് അവരുടെ അസ്തിത്വത്തിന്റെ തന്നെ ആവശ്യമായിരിക്കുന്നു. ദളിതരിലെ മഹാഭൂരിപക്ഷം അദ്ധ്വാന വർഗ്ഗമാണെന്നതുകൊണ്ട് ഇരുകൂട്ടരുടേയും രാഷ്ട്രീയ താല്പര്യങ്ങൾ തമ്മിൽ പൊരുത്തമുണ്ട്.

ശരിയാണ് , ഇരുകൂട്ടരും കഴിഞ്ഞകാലത്ത് പരസ്പരം തെറ്റിയിട്ടുണ്ട്. ദളിതുകൾക്ക് ഇടതു വഞ്ചനയുടെ കഥകൾ പറയാനുമുണ്ടാവും. ഭൂതകാല ആശാഭംഗങ്ങളെ മാറ്റിനർത്തി, ജയ് ഭീമും ലാൽ സലാമും തമ്മിൽ ഒരു പങ്കാളിത്തം പുനർ സന്ദർശിക്കാവുന്ന ഒരു പരീക്ഷണമാണ്.


(http://www.thehindu.com/opinion/lead/demonetisation-the-morality-of-binaries/article9357888.ece 'ദ ഹിന്ദു' ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സംക്ഷിപ്ത പരിഭാഷ –ലേഖകന്റെ അനുമതിയോടെ — പകർപ്പവകാശം ലേഖകന്)



Deveswar

97 months ago
Score 0++

ഇടതുപക്ഷത്തെ സം‌ബന്ധിച്ചിടത്തോളം ദളിത് പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടുവരുക എന്നത് അവരുടെ അസ്തിത്വത്തിന്റെ തന്നെ ആവശ്യമായിരിക്കുന്നു. ദളിതരിലെ മഹാഭൂരിപക്ഷം അദ്ധ്വാന വർഗ്ഗമാണെന്നതുകൊണ്ട് ഇരുകൂട്ടരുടേയും രാഷ്ട്രീയ താല്പര്യങ്ങൾ തമ്മിൽ പൊരുത്തമുണ്ട്.

ശരിയാണ് , ഇരുകൂട്ടരും കഴിഞ്ഞകാലത്ത് പരസ്പരം തെറ്റിയിട്ടുണ്ട്. ദളിതുകൾക്ക് ഇടതു വഞ്ചനയുടെ കഥകൾ പറയാനുമുണ്ടാവും. ഭൂതകാല ആശാഭംഗങ്ങളെ മാറ്റിനർത്തി, ജയ് ഭീമും ലാൽ സലാമും തമ്മിൽ ഒരു പങ്കാളിത്തം പുനർ സന്ദർശിക്കാവുന്ന ഒരു പരീക്ഷണമാണ്.
Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.