മുൻപുതന്നെ കീഴ്പ്പെടുത്തപ്പെട്ട ഇറാനിലെ ജനങ്ങളെ സാമ്രാജ്യത്വത്തിന്റെ ബോംബാക്രമണങ്ങൾ ഭയപ്പെടുത്തുമ്പോൾ, ആ ജനങ്ങളുടെ വേദനയോടും യുദ്ധങ്ങൾ സൃഷ്ടിക്കുന്ന ദാരുണമായ പ്രതിസന്ധികളോടും ലോകം ആഴത്തിലുള്ള സഹാനുഭൂതി പ്രകടിപ്പിക്കേണ്ടതുണ്ട്. അപ്പോൾ തന്നെ, ഇറാനിലെ വിമോചന പോരാട്ടത്തെ കേവലം സാമ്രാജ്യത്വത്തിന്റെ സൃഷ്ടിയായി കാണുകയോ, ആഗോള സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയത്തിന്റെ അജണ്ടകൾക്ക് മാത്രം കീഴ്പെടുത്തുകയോ ചെയ്യാതെ, ആ ജനങ്ങളുടെ യഥാർത്ഥ പോരാട്ടത്തെയും തിരിച്ചറിയേണ്ടതുണ്ട്.
ഇറാനെതിരെയുള്ള അമേരിക്കൻ-ഇസ്രായേൽ യുദ്ധം ഇതിനകം തന്നെ വലിയ വിനാശങ്ങൾ വിതച്ചിട്ടുണ്ട്. ഏകദേശം 2,000 പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ, ഈ യുദ്ധത്തിന്റെ നിയമവിരുദ്ധതയെ പുരോഗമനവാദികൾ ചോദ്യം ചെയ്തത് തികച്ചും സ്വാഭാവികമാണ്.
എന്നിരുന്നാലും, ഇറാനിലെ ഫെമിനിസ്റ്റ്, ജനാധിപത്യ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത് പോലെ, പല അന്താരാഷ്ട്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളും ബുദ്ധിജീവികളും ഭൗമരാഷ്ട്രീയത്തിന് മാത്രമായിരുന്നു മുൻഗണന നൽകിയിരുന്നത്. ഇസ്ലാമിക പൗരോഹിത്യത്തിന്റെ സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിൽ ഇറാനിയൻ ജനത അനുഭവിച്ച യാതനകളെയും അവിടത്തെ ആഭ്യന്തര ജനാധിപത്യ സമരങ്ങളെയും ഈ നിലപാടുകൾ പലപ്പോഴും അവഗണിക്കുകയാണ് ചെയ്തത്. അതിനാൽ സാമ്രാജ്യത്വത്തിന്റെ ക്രൂരതകളെയും മതപരമായ സ്വേച്ഛാധിപത്യത്തിന്റെ ഭീകരതകളെയും ഒരേസമയം, എന്നാൽ ഒന്നിനൊന്ന് മാറ്റിനിർത്തിക്കൊണ്ടുതന്നെ മനസ്സിലാക്കേണ്ടതുണ്ട്.
പടിഞ്ഞാറൻ സാമ്രാജ്യത്വ ശക്തികളുടെ കുറ്റകൃത്യങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. ഇറാനിൽ ജനാധിപത്യം കൊണ്ടുവരാൻ അമേരിക്ക ശ്രമിക്കുന്നു എന്നതിന്റെ വിരോധാഭാസം ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കില്ല. 1953-ൽ എണ്ണയുടെമേൽ പരമാധികാരം പ്രഖ്യാപിച്ചതിന്റെ പേരിൽ പ്രധാനമന്ത്രി മുഹമ്മദ് മൊസാദ്ദെഗിന്റെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ആംഗ്ലോ-അമേരിക്കൻ ശക്തികൾ അട്ടിമറിച്ചാണ് ഇറാനിലെ ജനാധിപത്യത്തിന്റെ മുള നുള്ളിക്കളഞ്ഞത്. അമേരിക്കയുടെ താല്പര്യങ്ങൾക്ക് വഴങ്ങുന്ന ഷാ ഭരണാധികാരി മുഹമ്മദ് റെസ പഹ്ലവിയെ അധികാരത്തിലേറ്റിയ അന്നുമുതൽ ഇന്നുവരെ ഇറാനിൽ ജനാധിപത്യം അന്യമാണ്.
വൻകിട അമേരിക്കൻ എണ്ണക്കമ്പനികളുടെ പിന്തുണയോടെ പടിഞ്ഞാറൻ ശക്തികൾ ജനാധിപത്യപരവും തൊഴിലാളിവർഗപരവുമായ മുന്നേറ്റങ്ങളെ അടിച്ചമർത്തിയത് ഇറാനിൽമാത്രം ഒതുങ്ങിനിന്നില്ല; അത് ലെബനൻ, സിറിയ, സൗദി അറേബ്യ, ഇറാഖ് എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. രാഷ്ട്രീയ സൈദ്ധാന്തികനും ചരിത്രകാരനുമായ തിമോത്തി മിച്ചൽ തന്റെ "കാർബൺ ഡെമോക്രസി" എന്ന കൃതിയിൽ ചൂണ്ടിക്കാണിക്കുന്നതുപോലെ, കൽക്കരിയുടെ ഉൽപ്പാദന-വിതരണ പ്രക്രിയ തൊഴിലാളികളുടെ പണിമുടക്കുകൾക്കും പ്രതിരോധങ്ങൾക്കും നേരിട്ട് വിധേയമായിരുന്നു. ഇത് പടിഞ്ഞാറൻ രാജ്യങ്ങളിലെ തൊഴിലാളികൾക്ക് ഭരണകൂടങ്ങളെ സമ്മർദ്ദത്തിലാക്കാനും ജനാധിപത്യ അവകാശങ്ങൾ നേടിയെടുക്കാനും അവസരമൊരുക്കി.
എന്നാൽ പശ്ചിമേഷ്യയുടെ അവസ്ഥ ഇതിന് നേർവിപരീതമായിരുന്നു. അവിടെ സമൃദ്ധവും വിലകുറഞ്ഞതുമായ എണ്ണയുടെ ഉൽപ്പാദനത്തിനും വിതരണത്തിനും മേൽ തൊഴിലാളികൾക്ക് ഒരു സ്വാധീനവും ഉണ്ടായിരുന്നില്ല. പടിഞ്ഞാറൻ രാജ്യങ്ങൾ പശ്ചിമേഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ ഇറക്കുമതി ചെയ്തു. അവിടത്തെ ഭരണാധികാരികളിലേക്ക് കോടിക്കണക്കിന് ഡോളർ ഒഴുകി. എണ്ണപ്പാടങ്ങൾക്ക് മേലുള്ള സൈനിക ഭീഷണികളെ നേരിടാൻ പശ്ചിമേഷ്യൻ രാജ്യങ്ങൾ പെട്രോഡോളർ ഉപയോഗിച്ച് അമേരിക്കൻ ആയുധങ്ങൾ വാങ്ങിക്കൂട്ടുകയും ചെയ്തു. ഇത്തരം വലിയ ചാക്രിയ പ്രക്രിയയിലൂടെ ജനാധിപത്യവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ പശ്ചിമേഷ്യൻ ഭരണകൂടങ്ങളെ ആശ്രയിച്ചും പിന്തുണച്ചുകൊണ്ടുമാണ് പടിഞ്ഞാറ് അതിന്റെ ജനാധിപത്യത്തെ നിലനിർത്തിയത് എന്ന് തിമോത്തി മിച്ചൽ വ്യക്തമാക്കുന്നു.
പടിഞ്ഞാറൻ സാമ്രാജ്യത്വം ലോകത്തിന് വരുത്തിവെച്ച മനുഷ്യനാശങ്ങൾ വളരെ വലുതാണ്. "ദി ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത്" ജേണലിലെ ഗവേഷണമനുസരിച്ച്, 1970 മുതൽ 2021 വരെ ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾക്കുമേൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ കൊണ്ട് മാത്രം (സാമ്രാജ്യത്വ യുദ്ധങ്ങളിലെ മരണങ്ങൾക്ക് പുറമെ) 38 ദശലക്ഷം ആളുകളാണ് മരണപ്പെട്ടത്. ഇതിൽ പകുതിയും കുട്ടികളും വയോധികരുമാണ്.
ഗാസയിലെ വംശഹത്യയുടെ പേരിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന അമേരിക്കയും ഇസ്രായേലും തങ്ങളുടെ 'ദുഷ്ട' ശത്രുവായി കാണുന്ന ഇറാനിയൻ ഭരണകൂടത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുമ്പോൾ, 'ജനാധിപത്യ പടിഞ്ഞാറ്' ലക്ഷ്യം വെച്ചുള്ള സാമ്പത്തിക നയങ്ങളിലൂടെ ഹിറ്റ്ലറും സ്റ്റാലിനും മാവോയും ഭരണകൂട അടിച്ചമർത്തലുകളിലൂടെ കൊന്നൊടുക്കിയതിനേക്കാൾ എത്രയോ അധികം സിവിലിയന്മാരുടെ മരണത്തിന് കാരണമായിട്ടുണ്ടെന്ന ചരിത്രസത്യം നാം തിരിച്ചറിയേണ്ടതുണ്ട്.
ചരിത്രം ഇങ്ങനെയാണെങ്കിലും പാശ്ചാത്യ സാമ്രാജ്യത്വം ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയപ്പോൾ, അവരുടെ മതാധിപത്യ സ്വേച്ഛാധിപത്യം ആയിരക്കണക്കിന് ആളുകളെ മാത്രമെ കൊന്നൊടുക്കിട്ടുള്ളല്ലോ എന്ന് ആശ്വസിക്കാൻ ഇറാനിയൻ ജനതയോട് ആവശ്യപ്പെടുന്നത് അന്യായമാണ്. പാശ്ചാത്യ ഉപരോധങ്ങൾ ഇറാനിയൻ ജീവിതങ്ങളെ ഗണ്യമായി വഷളാക്കി, ലോകവുമായുള്ള സുപ്രധാന സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക, ശാസ്ത്രീയ വിനിമയങ്ങൾ അവർക്ക് നഷ്ടപ്പെടുത്തി. എന്നിരുന്നാലും ഇറാനിലെ നിലവിലെ സ്വേച്ഛാധിപത്യം ഉപരോധങ്ങളുടെയോ സാമ്രാജ്യത്വത്തിന്റെയോ മാത്രം ഫലമല്ല.
പണ്ഡിതനായ എസ്കന്ദർ സദേഗി-ബൊറൂജെർഡി വാദിക്കുന്നത് പോലെ, ഇറാനിൽ ഒന്നിലധികം ആഭ്യന്തര വൈരുദ്ധ്യങ്ങളുണ്ട്: തീവ്രമായ ലിംഗ നിയന്ത്രണം, പേർഷ്യൻ - ഷിയാ ആധിപത്യമുള്ള ദേശരാഷ്ട്രത്തിന്റെ പ്രതിസന്ധികൾ, "മതാത്മക ജനാധിപത്യ"ത്തിന്റെ പ്രശ്നങ്ങൾ എന്നിങ്ങനെ. എന്നാൽ വിദേശ ആഖ്യാനങ്ങളിൽ അവഗണിക്കപ്പെടുന്നതും ഏറ്റവും നിർണ്ണായകവും ഇസ്ലാമിക് റിപ്പബ്ലിക്ക് ഇപ്പോൾ സ്വേച്ഛാധിപത്യ മുതലാളിത്തവുമായി സമന്വയിച്ചിരിക്കുന്നു എന്നതാണ്.
ഈ പ്രത്യേകതകളിൽ ചിലതൊക്കെ മറ്റ് രാജ്യങ്ങളിലും കാണാമെങ്കിലും, ഇറാനിൽ ഒരു മതക്രമം ക്രൂരമായി അടിച്ചേൽപ്പിക്കുന്നതിനായി നടത്തുന്ന അറസ്റ്റുകളും പീഡനങ്ങളും വധശിക്ഷകളും ജനങ്ങളുടെ, വിശേഷിച്ച് സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയാകെ ശ്വാസംമുട്ടിച്ചു കളഞ്ഞു.
രാജ്യത്ത് സ്ത്രീകൾ പൂർണ്ണ സാക്ഷരത നേടുകയും സർവ്വകലാശാലകളിൽ വിദ്യാർത്ഥിനികളുടെ പ്രാതിനിധ്യം 60 ശതമാനത്തോളം ഉയരുകയും ചെയ്തു എന്നത് ശരിയാണ്. എന്നാൽ അതേസമയം തന്നെ പുരുഷ രക്ഷകർതൃത്വം, അനന്തരാവകാശനിയമങ്ങളിലേയും ക്രിമിനൽ നിയമങ്ങളിലെയും വിവേചനം, വിവാഹപ്രായം 18-ൽ നിന്ന് ഒമ്പതായി കുറച്ച നടപടി, നിർബന്ധിത മൂടുപടവും വസ്ത്രധാരണ ചട്ടങ്ങളും, മിശ്രലിംഗ സാമൂഹിക ഒത്തുചേരലുകൾക്കുള്ള വിലക്കുകൾ എന്നിവ നടപ്പാക്കപ്പെട്ടു. അതോടൊപ്പം സ്ത്രീകളുടെ തൊഴിലില്ലായ്മ, ഉയർന്ന വിദ്യാഭ്യാസമുള്ള സ്ത്രീകളുടെ കുറഞ്ഞ തൊഴിൽ പങ്കാളിത്തം അവരുടെ ഹ്രസ്വമായ സഞ്ചാരപഥം ഇതെല്ലാം ചേർന്ന് പ്രതിഷേധങ്ങളുടെ തിരമാലകൾക്ക് കാരണമായി.
22 കാരിയായ കുർദിഷ് യുവതി ജിന മഹാസ അമിനി ഹിജാബ് നിയമം ലംഘിച്ചു എന്നാരോപിച്ച് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് 2022-ൽ ഇറാനിലെ 160-ഓളം നഗരങ്ങളിൽ "സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം" എന്ന മുദ്രാവാക്യമുയർത്തി ആളുകൾ തെരുവിലിറങ്ങിയത് ഇതിന്റെ ഉദാഹരണമാണ്. രാഷ്ട്രീയ സൈദ്ധാന്തികനായ ഷാദി മൊഖ്താരി നിരീക്ഷിക്കുന്നത് പോലെ, ഈ പ്രതിഷേധങ്ങൾ പാശ്ചാത്യ സാമ്രാജ്യത്വം മുൻകൈയെടുത്ത് ഉണ്ടാക്കിയതായിരുന്നില്ല മറിച്ച് മനുഷ്യാവകാശ ബോധത്തിൽ നിന്ന് ഉടലെടുത്തതാണ്. അതുപോലെ അവ ഇസ്ലാമിനെയല്ല ചോദ്യം ചെയ്തത്, മതത്തിന്റെ പേരിൽ അടിച്ചമർത്തലുകളെ ന്യായീകരിച്ച ഭരണകൂടത്തെയാണ്
മറുവശത്ത്, 2026 ജനുവരിയിലെയും 2019-ലെയും പ്രക്ഷോഭങ്ങൾ പ്രധാനമായും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട തൊഴിലാളിവർഗത്തിന്റെയും പാവപ്പെട്ടവരുടെയും അമർഷത്തിന്റെ ഫലമായിരുന്നു. ഈ പ്രക്ഷോഭങ്ങളെ ഭരണകൂടം ക്രൂരമായി അടിച്ചമർത്തുകയും നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയുമുണ്ടായി. സാമ്രാജ്യത്വ ഉപരോധങ്ങൾ സാമ്പത്തിക തകർച്ചയ്ക്ക് കാരണമാണെങ്കിലും വിപ്ലവത്തിലൂടെ പാവങ്ങളെ രക്ഷിക്കുമെന്ന് അവകാശപ്പെട്ട ഭരണകൂടം സമീപ പതിറ്റാണ്ടുകളിൽ വരേണ്യവർഗത്തിന് അനുകൂലമായി നടപ്പാക്കിയ മുതലാളിത്ത നയങ്ങളും ഇതിന് ആക്കം കൂട്ടി. അതിലുപരിയായി, കമ്മ്യൂണിസ്റ്റുകാർക്കും തൊഴിലാളി സംഘടനകൾക്കുമെതിരെ പ്രവർത്തകരെ കൊന്നുകളയുന്നതുൾപ്പടെയുള്ള ക്രൂരമായ അടിച്ചമർത്തലുകളാണ് ഭരണകൂടം സ്വീകരിച്ചത്.
ഇറാനിലെ വലിയൊരു വിഭാഗം വരുന്ന അസർബൈജാനികൾ, കുർദുകൾ, സുന്നി ബലൂച്ചുകൾ തുടങ്ങിയ വംശീയ-മത ന്യൂനപക്ഷങ്ങൾക്ക് ഭരണകൂടത്തിന്റെ ലിംഗ, വർഗ വിവേചനവും അക്രമവും സാംസ്കാരിക വിവേചനങ്ങളും ഒരേസമയം അനുഭവിക്കേണ്ടിവരുന്നുണ്ട്.
ഇറാനിലെ ഭരണകൂടത്തെ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെയുള്ള ഒരു പ്രതിരോധമായി മാത്രം കാണുകയും, അത് സ്വന്തം ജനങ്ങളെ അടിച്ചമർത്തുന്ന ക്രൂരതകളെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുമ്പോഴാണ് അന്താരാഷ്ട്ര പുരോഗമന പ്രസ്ഥാനങ്ങൾക്ക് പിഴച്ചുപോകുന്നത്. കൊല്ലപ്പെട്ട ചില ഇറാനിയൻ ഭരണാധികാരികളെ വിദ്യാസമ്പന്നരായ ദാർശനികരായി യാതൊരു വിമർശനവുമില്ലാതെ വാഴ്ത്തുന്ന പ്രവണതയും ഇതിന്റെ ഭാഗമാണ്. നിയമപരമായ വഴികളില്ലാത്ത, ധീരമായ ചെറുത്തുനിൽപ്പിന് കനത്ത വില നൽകേണ്ടിവന്ന അര നൂറ്റാണ്ട് താണ്ടിയ ഇറാനിയൻ ജനതയോട് ആഗോള സാമ്രാജ്യത്വ വിരുദ്ധതയുടെ കൃത്യമായ പദ്ധതികളും സിദ്ധാന്തങ്ങളും പാലിക്കണമെന്നും വിമോചനത്തിനായി കാത്തിരിക്കണമെന്നും ആവശ്യപ്പെടുന്നത് നീതികേടാണ്.
മറ്റേതൊരു വൈവിദ്ധ്യമാർന്ന സമൂഹത്തെയും പോലെ ഇറാനിലെ ജനങ്ങളും രാഷ്ട്രീയമായി സങ്കീർണ്ണമായ അഭിപ്രായങ്ങൾ ഉള്ളവരാണ്. ഇന്നും ഭരണകൂടത്തെ പിന്തുണയ്ക്കുന്നവരും മുൻകാല രാജവാഴ്ചയെ അനുകൂലിക്കുന്നവരും ഈ ദുരിതങ്ങളിൽ നിന്ന് രക്ഷനേടാൻ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സഹായം തേടുന്നവരും അവരിലുണ്ട്.
2026 ജനുവരിയിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ട പ്രക്ഷോഭങ്ങൾക്ക് ശേഷം, പരാജയപ്പെട്ട വിപ്ലവവും കടുത്ത നിസ്സഹായാവസ്ഥയും കാരണം യുദ്ധം പോലെയുള്ള വിശദീകരിക്കാനാകാത്ത മാർഗ്ഗങ്ങൾ പോലും സ്വാതന്ത്ര്യത്തിനായുള്ള അവസാന വഴിയായി കാണാൻ ആളുകളെ പ്രേരിപ്പിക്കുന്നുവെന്ന് നരവംശശാസ്ത്രജ്ഞനായ ഷഹ്റാം ഖോസ്രവി വാദിച്ചിരുന്നു.
എന്നാൽ, യഥാർത്ഥത്തിൽ യുദ്ധം ആരംഭിച്ചുകഴിഞ്ഞപ്പോൾ ആ ചിന്തകൾ മാറിമറിഞ്ഞു. പരമോന്നത നേതാവ് അലി ഖമേനിയുടെ വധത്തെ സ്വാതന്ത്ര്യത്തിന്റെ വരവെന്നമട്ടിൽ ആദ്യം ആഘോഷിച്ച ചിലർ തന്നെ ഇപ്പോൾ തങ്ങളുടെ മേൽ വീഴുന്ന ബോംബുകളെയും സ്വന്തം കുട്ടികളുടെ മരണങ്ങളെയും സ്വന്തം രാജ്യം ശിഥിലമാകുന്നതിനെയും കുറിച്ച് ഭയപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യുദ്ധം തുടങ്ങിയതിനുശേഷം ഇറാനിയൻ-അമേരിക്കൻ സമൂഹത്തിൽ നടത്തിയ വോട്ടെടുപ്പിൽ, യുദ്ധം തുടങ്ങിയ യുഎസ് തീരുമാനത്തെക്കുറിച്ച് തുല്യമായ ഭിന്നതയുണ്ടായിരുന്നുവെങ്കിലും തുടർന്ന് വേണ്ടത് നയതന്ത്ര പരിഹാരമാണെന്ന് 62% ആഗ്രഹിച്ചു.
ചരിത്രം പഠിപ്പിക്കുന്നത് സാമ്രാജ്യത്വത്തിന് ഒരിക്കലും വിമോചനത്തിലോ ജനാധിപത്യത്തിലോ താല്പര്യമില്ല എന്നാണ്. അമേരിക്കൻ വ്യോമാക്രമണത്തിൽ 165 ഇറാനിയൻ കുട്ടികൾ കൊല്ലപ്പെട്ടുവെന്ന കാര്യം പോലും ഡൊണാൾഡ് ട്രംപ് ധിക്കാരപൂർവ്വം വിസമ്മതിച്ചു. ഒരു ജനാധിപത്യ ഇറാൻ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ താല്പര്യങ്ങൾക്ക് എതിരായിരിക്കും. അതേസമയം, പടിഞ്ഞാറൻ സാമ്രാജ്യത്വത്തിന് ഇസ്ലാമിക മൗലികവാദത്തോടും വലിയ എതിർപ്പൊന്നുമില്ല; അത് തങ്ങളുടെ താല്പര്യങ്ങൾക്ക് വഴങ്ങുന്നതാണെങ്കിൽ. പശ്ചിമേഷ്യയിലെ യുഎസ് സാമ്രാജ്യത്വത്തിന്റെയും എണ്ണശൃംഖലയുടെയും പ്രധാന കണ്ണിയായ സൗദി അറേബ്യയുടെ ചരിത്രം ചൂണ്ടിക്കാണിച്ചുകൊണ്ട്, മക്ഡൊണാൾഡ്സും ജിഹാദും എക്കാലത്തും പരസ്പര വിരുദ്ധമല്ലെന്ന് തിമോത്തി മിച്ചൽ 'മക്ജിഹാദ്' ("McJihad") എന്ന ആശയത്തിലൂടെ സമർത്ഥിക്കുന്നുണ്ട്.
ഈ യുദ്ധം കടുത്ത ദുഃഖമാണ് സമ്മാനിക്കുന്നത്; അത് കേവലം ഭൗതികമായ നാശനഷ്ടങ്ങളെ ഓർത്ത് മാത്രമല്ല, സാമ്രാജ്യത്വത്തിനും മതസ്വേച്ഛാധിപത്യത്തിനും എതിരെ ഒരേസമയം പോരാടിയ ഇറാനിയൻ ജനതയ്ക്ക് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി അന്താരാഷ്ട്ര തലത്തിൽ ലഭിക്കേണ്ടിയിരുന്ന പുരോഗമന ഐക്യദാർഢ്യം ലഭിച്ചില്ല എന്ന തിരിച്ചറിവ് കൂടിയാണത്. ഒരു ഇറാനിയൻ സ്ത്രീയുടെ ആശങ്ക നിറഞ്ഞ വാക്കുകൾ ഇതാണ്: "ഈ അവശിഷ്ടങ്ങൾക്കൊപ്പം അതേ മുല്ലമാരെയും അതേ ഭരണകൂടത്തെയും തന്നെ നമുക്ക് ലഭിച്ചാലോ?"
അതിനോട് നമുക്ക് ഇങ്ങനെയും കൂട്ടിച്ചേർക്കാം: "അതോടൊപ്പം പുതിയൊരു പാശ്ചാത്യ സാമ്രാജ്യത്വ ആധിപത്യം കൂടി വന്നാലോ?"