ഗോ വിജ്ഞാന പരീക്ഷകൾ
ദൈനംദിന പ്രശ്നങ്ങൾ | 08 ആഗസ്റ്റ് 2016 |
---|
പശുവിന്റെ പേരിൽ അക്രമം വേണ്ടെന്നും ഗോസംരക്ഷകരിൽ ഭൂരിഭാഗവും സമൂഹവിരുദ്ധരെന്നും ഉള്ള പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന പത്രങ്ങളെല്ലാം വലിയ വാർത്തയാക്കിയിരിക്കുകയാണ്. അസഹിഷ്ണുതയും സ്പർദ്ധയും വിഭാഗീയതയും വളർത്തുന്ന സംഭവങ്ങളും പ്രസംഗങ്ങളും താൻ കണ്ടിട്ടും കേട്ടിട്ടുമില്ല എന്ന ഭാവത്തേക്കാൾ ഭേദം ഏറെവൈകിയാണെങ്കിലും ഇതുതന്നെയാണ്. എന്നാൽ ഈ 'സമൂഹവിരുദ്ധർ' അവർ ഉദ്ദേശിച്ച ലക്ഷ്യം നേടിക്കഴിഞ്ഞതിനുശേഷം അവരെ തള്ളിപ്പറയുന്നതിൽ ഒരർത്ഥവുമില്ല.
ചെന്നൈയ്യിൽ നിന്നിറങ്ങുന്ന 'ഫൗണ്ടൻ ഇങ്ക്' എന്ന മാസികയുടെ ഏറ്റവും പുതിയ ലക്കത്തിന്റെ എഡിറ്റോറിയൽ ഈ സന്ദർഭത്തിൽ ശ്രദ്ധേയമാകുന്നു. മഹന്ത് ആദിത്യനാഥിനെപ്പോലുള്ള എം പി മാരേയും ഗിരിരാജ് സിങ്ങിനെപ്പോലെയുള്ള മന്ത്രിമാരെയും തന്റെ മൗനം കൊണ്ട് മോദി പ്രോത്സാഹിപ്പിക്കുന്നു എന്ന് ഫൗണ്ടൻ ഇങ്ക് പറയുന്നു. സമൂഹത്തിൽ ചലനങ്ങൾ ഉണ്ടാക്കുന്ന 150 വിശിഷ്ടവ്യക്തികളെ പ്രധാനമന്ത്രി അടുത്തയിടെ തന്റെ ഔദ്യോഗികവസതിയിൽ വിരുന്നിനു ക്ഷണിച്ചു. ജമ്മു കാശ്മീർ പ്രശ്നം പരിഹരിക്കാൻ അഭിപ്രായ വോട്ടെടുപ്പു നടത്തണമെന്ന് പറഞ്ഞതിന് സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണെ മർദ്ദിച്ച താജിന്ദർ പാൽ ബഗ്ഗയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ബഗ്ഗ ട്വീറ്ററിൽ അഭിമാനത്തോടെ എഴുതി: 'അയാൾ എന്റെ രാജ്യത്തെ തകർക്കാൻ നോക്കി, ഞാൻ അയാളുടെ തലയും. കണക്കു തീർത്തു. ഓപ്പറേഷൻ പ്രശാന്ത് ഭൂഷൺ വിജയിച്ചു.'
പശുവാദികളായ മോദിപക്ഷ ഭരണകർത്താക്കൾ ചെയ്തുകൂട്ടുന്ന കാര്യങ്ങളിലേയ്ക്കും എഡിറ്റോറിയൽ വെളിച്ചം വീശുന്നു. ഹരിയാണയിലെ മന്ത്രിമാർ തങ്ങൾക്കു സ്വന്തഇഷ്ടപ്രകാരം ചിലവാക്കാവുന്ന 40 കോടിരൂപയിൽ 6.25 കോടിരൂപ പശു സംരക്ഷണത്തിനായി മാറ്റിവച്ചിരിക്കുന്നു. ആ സംസ്ഥാനം പശുക്കൾക്ക് തിരിച്ചറിയൽ കാർഡ് നൽകാൻ പോകുന്നു. (ചിലപ്പോൾ വാർദ്ധക്യപെൻഷനും നൽകിയേക്കാം. വൃദ്ധജനങ്ങൾക്ക് മാസം 750രൂപാ കൊടുക്കാമെങ്കിൽ അവർ പൂജിക്കുന്ന മൃഗത്തിനും എന്തുകൊണ്ടായിക്കൂടാ എന്ന് ഫൗണ്ടൻ ഇങ്ക്.) സമീപ സംസ്ഥാനമായ രാജസ്ഥാൻ ജാലോർ പട്ടണത്തിൽ ഒരു ഗോമൂത്ര റിഫൈനറി ആരംഭിച്ചിരിക്കുന്നു; ഇനിമുതൽ ആശുപത്രികളിൽ നിലം തുടയ്ക്കുന്നത് ഗോമൂത്രം കൊണ്ടായിരിക്കുമത്രെ. മഹാരാഷ്ട്രയിലെ മാലേഗാവിൽ പശുവും കാളയും ക്ടാവും ഉടമസ്ഥനും ചേർന്നുള്ള ഫോട്ടോ നിർബന്ധിതമാക്കുന്നു.
കുറ്റകൃത്യങ്ങൾ കുറയ്ക്കാനും കുറ്റവാളികളെ ഉദ്ധരിക്കാനും പശുക്കളുമായുള്ള സഹവാസം സഹായിക്കുമെന്ന ഒരു കണ്ടുപിടിത്തവുമായി ആർ എസ് എസ് എത്തിയിരിക്കുന്നത്രെ. എന്നാൽ ആ പശുക്കൾ ഭാരതീയ പൈതൃകമുള്ളവതന്നെയാകണം. അല്ലെങ്കിൽ വിപരീതഫലമാവും ഉണ്ടാവുക. വിദ്യാർത്ഥികൾക്ക് പശുവിന്റെ മതപരവും സാമൂഹികവുമായ പ്രാധാന്യത്തെപ്പറ്റി എത്രമാത്രം ബോധമുണ്ടെന്ന് അറിയാനായി സർക്കാർ സ്കൂളുകളിൽ 'ഗോവിജ്ഞാന പരീക്ഷകൾ' നടത്താനും അവർക്ക് ഉദ്ദേശമുണ്ടത്രെ.
ഇതൊക്കെ ഏതെങ്കിലും ഒരു വ്യക്തിയുടെ തലതിരിവുമാത്രമായിരുന്നെങ്കിൽ അത് കൗതുകം ജനിപ്പിക്കുമായിരുന്നു. എന്നാൽ ഇതിനു തുനിഞ്ഞിറങ്ങുന്നത് സംസ്ഥാന സർക്കാറുകളും ചിലവാക്കുന്നത് സർക്കാർ ഖജനാവിൽനിന്നും ആവുമ്പോളാണ് ചിത്രം മാറുന്നത്.
ദാദ്രിക്കുശേഷം ഉനായിൽ ദളിതർക്കുനേരെയുണ്ടായ അതിക്രമം ഗുജറാത്തിലെ ഗ്രാമങ്ങളെ ആകെ കലുഷിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 31 ന് 20,000 ദളിതുകൾ ചേർന്ന് പ്രതിജ്ഞയെടുത്തു: ഇനിമേൽ തങ്ങൾ ചത്ത മൃഗങ്ങളെ മറവുചെയ്യില്ല, തെരുവുകളും ഓടകളും വൃത്തിയാക്കില്ല. പശു നിങ്ങളുടെ മാതാവെങ്കിൽ നിങ്ങൾതന്നെ അതിനെ മറവുചെയ്യുക.
Enable comment auto-refresher
Anonymous user #1
Permalink |