കേരളത്തിൽ ഇടതുപക്ഷത്തിൻറെ സ്വഭാവം മാറുന്നു

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഡോ. ബർട്ടൻ ക്ളീറ്റസ് 11 മെയ് 2021 രാഷ്ട്രീയം
Photo credit- frontline.thehindu.com

നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് ഇടതുമുന്നണി കേരളത്തിൽ അധികാരം നിലനിർത്തിയിരിക്കുന്നത്. നാല് പതിറ്റാണ്ടിലേറെയായി ഇടതുപക്ഷത്തെയും കോൺഗ്രസിനെയും മാറിമാറി പരീക്ഷിച്ചു കൊണ്ടിരുന്ന സംസ്ഥാനത്തിന് ഇത് ഒരു പുതുമയാണ്. സംസ്ഥാനത്തെ രാഷ്ട്രീയത്തിൻറെ സ്വഭാവത്തിലും പ്രയോഗത്തിലും വർഷങ്ങൾക്കുശേഷം അടിസ്ഥാനപരമായ മാറ്റം ഉണ്ടായതുകൊണ്ടാണ് ഇത്തരത്തിൽ ഒരു രീതി വ്യത്യാസം സംഭവിച്ചത്.

ആധുനിക ഭരണകൂടത്തെ കുറിച്ചുള്ള സങ്കല്പം

ഒരു രാഷ്ട്രീയ സംഘടന എന്ന നിലയിൽ സിപിഐഎമ്മിന് ഭരണകൂടത്തെയും ഭരണത്തെയും കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. ഇത് മിക്ക രാഷ്ട്രീയ സംഘടനകളിൽ നിന്നും വ്യത്യസ്തമായതും ലെനിനിസ്റ്റ് മാതൃക എന്ന് പൊതുവേ അറിയപ്പെടുന്നതുമാണ്. പാർട്ടിയുടെ രൂപീകരണം തൊട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെയും ആധുനിക ഭരണ വ്യവസ്ഥയെ ഇടതുപക്ഷം ഒരു ബൂർഷ്വാ സംവിധാനമായാണു കണ്ടിരുന്നത്. അതിനാൽ വിപ്ലവമെന്ന ആത്യന്തിക ലക്ഷ്യം കൈവരിക്കുന്നതിനായി ഇടതുപക്ഷ സർക്കാരുകൾ പാർട്ടിയുടെ അജണ്ട നടപ്പിലാക്കുകയായിരിക്കും ചെയ്യുക എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. സർക്കാരിനെക്കാൾ പാർട്ടിയാണ് ശക്തമെന്ന് കണക്കാക്കപ്പെട്ടിരുന്നു.

ഡോ. ബർട്ടൻ ക്ളീറ്റസ്
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ ചരിത്ര പഠന കേന്ദ്രത്തിൽ അസി.പ്രൊഫസർ

ഈ കാഴ്ചപ്പാട് കേരളത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് അടിസ്ഥാനപരമായി മാറി. ബംഗാളിലും ത്രിപുരയിലും ഉണ്ടായ ഭരണനഷ്ടം പൊളിറ്റ്ബ്യൂറോയെ ദുർബലമാക്കുകയും പാർട്ടിക്ക് കേരള സർക്കാരിൻറെ മേലുള്ള പിടി അയഞ്ഞുപോകുകയും ചെയ്തു.

ഡോ. ബർട്ടൻ ക്ളീറ്റസ്
BurtonCleetus.png
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ ചരിത്ര പഠന കേന്ദ്രത്തിൽ അസി.പ്രൊഫസർ

സംഘർഷത്തിൽ നിന്നും സമവായത്തിലേക്ക്

കൃഷിക്കാരും ഭൂവുടമകളൂം തമ്മിലും വ്യവസായ തൊഴിലാളികളും വ്യവസായികളും തമ്മിലും കാലങ്ങളായി നിലനിന്നിരുന്ന സംഘർഷഭരിതമായ രാഷ്ട്രീയ അന്തരീക്ഷം പുതിയ സർക്കാർ അവസാനിപ്പിച്ചു. കേരളത്തിൻറെ മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യ-സാംസ്കാരിക ഘടനയും ഇടത് ഗവൺമെൻറിൻറെ ഈ സ്വഭാവ മാറ്റത്തെ സ്വാധീനിച്ചു. മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയ്ക്ക് ഒത്ത് ഒരു വലിയ ഇടത്തരം വിഭാഗം കേരളത്തിൽ ശക്തിപ്രാപിച്ചു, കാർഷിക ഭൂമി കുറഞ്ഞു, വടക്കേ ഇന്ത്യയിൽ നിന്നും വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നും തൊഴിലാളികൾ കേരളത്തിൽ എത്തി. ഇവയെല്ലാം തൊഴിലാളി കർഷകത്തൊഴിലാളി വിമോചന രാഷ്ട്രീയ മുദ്രാവാക്യങ്ങളിൽ നിന്ന് മധ്യവർഗ്ഗ അഭിലാഷങ്ങൾ കൂടി പ്രതിധ്വനിക്കുന്ന മുദ്രാവാക്യങ്ങളിലേക്ക് മാറാൻ ഇടതുപക്ഷത്തെ നിർബന്ധിതരാക്കി. ഈ പ്രക്രിയയിൽ തങ്ങളുമായി അരനൂറ്റാണ്ടിലേറെ കാലമായി ഏറ്റുമുട്ടലിലായിരുന്ന ക്രൈസ്തവ സഭയുമായും സംസ്ഥാനത്തെ മറ്റ് ശക്തരായ മത, സാമൂഹ്യ, സാമ്പത്തിക വിഭാഗങ്ങളുമായും അവർ സമാധാനം സ്ഥാപിച്ചു.

ചില പ്രത്യേക വിഭാഗങ്ങളെ മാത്രം സംരക്ഷിക്കുന്നവർ എന്നതിൽനിന്ന് എല്ലാവരുടെയും സംരക്ഷകരായി പാർട്ടി മാറിയിരിക്കുന്നു.

ബൂർഷ്വാ ഭരണകൂടം എന്ന സങ്കല്പനം അടർന്നുപോയി. വളർന്നുവരുന്ന മധ്യവർഗ്ഗത്തിൻറെ താൽപര്യങ്ങൾ സംരക്ഷിക്കാൻ അത് ഭരണകൂടത്തെയും അതിൻറെ സംവിധാനങ്ങളെയും ഉപയോഗിച്ചു. ഇതഃ പര്യന്തം തങ്ങളോടൊപ്പം നിന്നിരുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജാതികൾ, സമുദായങ്ങൾ, വർഗ്ഗങ്ങൾ എന്നിവയിൽനിന്ന് കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഇടമായിരുന്ന ജാതി സമുദായ വർഗ്ഗ വിഭജനം ഇല്ലാത്ത ഒരു ബഹുജന പ്രദേശത്തേക്ക് ഇടതുമുന്നണി സർക്കാർ പ്രവേശിച്ചു.

സംസ്ഥാനത്തെ തകർത്ത രണ്ടു വൻ വെള്ളപ്പൊക്കങ്ങളും പകർച്ചവ്യാധിയും ഇടതുപക്ഷത്തിന് വെല്ലുവിളിയായല്ല അവസരമായാണ് ഭവിച്ചത്. സൗജന്യ ഭക്ഷണശാലകൾ സ്ഥാപിക്കുക, എല്ലാവർക്കും റേഷൻ കിറ്റുകൾ നൽകുക, പ്രായമായവർക്ക് പെൻഷൻ നൽകുക എന്നിവ ഉൾപ്പെടെയുള്ള നിരവധി ക്ഷേമ നടപടികളിലൂടെ ഇടതുമുന്നണി സർക്കാർ ഒരു പ്രത്യേക വിഭാഗത്തിനും എതിരില്ലാത്ത കരുതലുള്ള സംരക്ഷകനായി രൂപാന്തരപ്പെട്ടു. ഇത് മധ്യവർഗത്തിന് പ്രത്യേകിച്ചും ഗുണം ചെയ്തു. പ്രതിഷേധത്തിന്റെയും ഏറ്റുമുട്ടലിന്റെയും പൗരുഷമുള്ള പ്രതിച്ഛായയിൽ നിന്ന് വ്യത്യസ്തമായി അവർ അനുരഞ്ജനത്തിന്റെ ഭാഗത്തായി. പകർച്ചവ്യാധി ക്കെതിരായ പോരാട്ടത്തിലെ ഒരു പ്രമുഖ വ്യക്തി എന്ന നിലയിൽ ആരോഗ്യമന്ത്രി കെ. കെ. ഷൈലജയുടെ പെട്ടെന്നുള്ള ഉയർച്ച മാതൃകാപരമായ കരുതൽ എടുക്കുന്ന ഒരു മധ്യവർഗ്ഗ കുടുംബത്തിൻറെ പ്രതിച്ഛായയാണ് സർക്കാരിന് നൽകിയത്. എല്ലാവർക്കും ഭക്ഷണവും സുരക്ഷയും ഉറപ്പാക്കുന്ന ഒരു കൂട്ടുകുടുംബത്തിൻറെ സ്ഥാനത്തേക്കു സൗജന്യറേഷൻ നയത്തിലൂടെ സർക്കാർ എത്തി.

നിലം നഷ്ടപ്പെടുന്നു

എല്ലാവർക്കും അംഗീകരിക്കാൻ കഴിയാത്ത വിഭാഗീയത നിറഞ്ഞ ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ മുൻപ് ഇടതു വിരുദ്ധത മാത്രം പ്രചരിപ്പിച്ചാൽ മതിയായിരുന്നു. എന്നാൽ ആ രാഷ്ട്രീയ വ്യവഹാരം മാറി എന്നത് മനസ്സിലാക്കുവാൻ കോൺഗ്രസിന് കഴിഞ്ഞില്ല.

ഇടതുമുന്നണി സർക്കാർ ആധുനിക ഭരണകൂടത്തിൻറെ എല്ലാ സാധ്യതകളും ഉപയോഗിക്കുകയും പ്രതിപക്ഷത്തോട് പോലും സമവായ നയങ്ങൾ സ്വീകരിക്കുകയും ചെയ്തപ്പോൾ കോൺഗ്രസിന് രാഷ്ട്രീയ ഇടം നഷ്ടപ്പെടുകയായിരുന്നു. ചില പ്രത്യേക ജനവിഭാഗങ്ങളെ മാത്രം സംരക്ഷിക്കുന്നവർ എന്ന് കണക്കാക്കപ്പെട്ടിരുന്ന, പാർട്ടി നിയന്ത്രിതമായ ഒരു സർക്കാർ, അതിൻറെ രീതികളിൽ നിന്ന് മാറി എല്ലാ ജനവിഭാഗങ്ങളുടെയും ഉന്നമനത്തിനായി ശ്രമിക്കുമ്പോൾ കോൺഗ്രസ് വളരെ കാലമായി കൈവശം വെച്ചിരുന്ന ഒരു ഇടത്തിലേക്ക് ഇടതുപക്ഷം കടക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി സർക്കാരിനെ പിന്തുണക്കണോ അതോ എതിർക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് കോൺഗ്രസ്.

ഇടതുപക്ഷത്തിൻറെ വിഭാഗീയവും സംഘർഷാത്മകവുമായ ശൈലിയുടെ സഹായത്താൽ ഒരു പ്രത്യയശാസ്ത്രവും ഇല്ലാതെയും ദുർബലമായ സംഘടനാ സംവിധാനത്തോടുകൂടിയും കോൺഗ്രസ് ഇത്രയും കാലം പിടിച്ചുനിന്നു. എല്ലാവർക്കും അംഗീകരിക്കാൻ കഴിയാത്ത വിഭാഗീയത നിറഞ്ഞ ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ ഇടതു വിരുദ്ധത മാത്രം പ്രചരിപ്പിച്ചാൽ മതിയായിരുന്നു. എന്നാൽ ആ രാഷ്ട്രീയ വ്യവഹാരം മാറി എന്നത് മനസ്സിലാക്കുവാൻ കോൺഗ്രസിന് കഴിഞ്ഞില്ല. ന്യൂനപക്ഷങ്ങളിൽ വലിയൊരു വിഭാഗം ഉയരുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ ഭയപ്പെടുകയും വലതുപക്ഷത്തിന് എതിരായ പോരാട്ടത്തിൽ ഇടതുപക്ഷത്തെ ഒരു ഹിതകരമായ സാധ്യതയായി കണക്കാക്കുകയും ചെയ്തു. സുപ്രീം കോടതിയുടെ ശബരിമല വിധി വന്നപ്പോൾ അതിനെ എതിർക്കുവാനും ആചാരങ്ങളെ സംരക്ഷിക്കുവാനുമാണ് കോൺഗ്രസ് തീരുമാനിച്ചത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത്തരമൊരു നിലപാടിന് മാത്രമേ സാധ്യത ഉണ്ടായിരുന്നുള്ളൂ എന്ന് ഒരാൾക്ക് വേണമെങ്കിൽ വാദിക്കാം. ഈ തെരഞ്ഞെടുപ്പിൽ പോലും ഉയർന്ന ജാതി, യാഥാസ്ഥിതിക, ഹിന്ദു വോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ഈ വിഷയം വീണ്ടും ഉന്നയിച്ചത്. എന്നാൽ ശബരിമല പ്രശ്നം ഒരുപ്രയോജനവും ഉണ്ടാക്കിയില്ല. അതൊരു ചത്തകുതിര ആയിരുന്നു. ഇടതുപക്ഷത്തിനെതിരായി വിശ്വാസയോഗ്യമായ ഒരു ആഖ്യാനവും നിരത്താൻ അവർക്ക് കഴിഞ്ഞില്ല.

പരമ്പരാഗത ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിൽ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് ഇടതുപക്ഷം കോൺഗ്രസിന്റേത് എന്ന് കരുതിയിരുന്ന മേഖലകളിലേക്ക് കടന്ന് കേരളത്തിൽ വീണ്ടും ജയിച്ചത്. അതിൻറെ അടിസ്ഥാന മൂല്യങ്ങളുമായി ഏറ്റുമുട്ടാതെ ഇടതുപക്ഷത്തിന് ഈ ഇടം നിലനിർത്താൻ കഴിയുമോ എന്നതും നഷ്ടപ്പെട്ട നില വീണ്ടെടുക്കാൻ കോൺഗ്രസിന് എത്ര കഴിയുമെന്നതും കാണാനുണ്ട്.


'ദ ഹിന്ദു' ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ - ലേഖകന്റെ അനുമതിയോടെ — പകർപ്പവകാശം ലേഖകന്.

ലേഖനം പങ്കിടുന്നതിനായി ഈ ലിങ്ക് പകർത്തുക ‌-->> <clippy show="true"> https://bit.ly/3uGx2Z1</clippy>


Anonymous user #1

42 months ago
Score 0++
വളരെ നല്ല വിശകലനം. ലളിതവും വ്യക്തവും.
Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.