‘മോഡിക്ക് ബദൽ ഇല്ല’ എന്ന പ്രചാരണം ഒരു ഭോഷ്ക്ക്
രാഷ്ട്രീയം | — അരുൺ ഷൗരി | 15 സെപ്തംബർ 2018 |
---|
നരേന്ദ്ര മോഡി വീണ്ടും അധികാരത്തിൽ വന്നാൽ ജനാധിപത്യാവകാശങ്ങളുടേയും സ്വതന്ത്രവും ന്യായാധിഷ്ടവുമായ തെരഞ്ഞെടുപ്പുകളുടേയും ഭാവി അനിശ്ചിതത്വത്തിലാവുമെന്ന് പ്രശസ്ത പത്രാധിപരും മുൻ ബി ജെ പി മന്ത്രിയുമായിരുന്ന അരുൺ ഷൗരി അഭിപ്രായപ്പെട്ടു. ബി ജെ പിയ്ക്കെതിരെ ഒരു പൊതുസ്ഥാനാർഥിയെ മത്സരിപ്പിക്കാൻ എല്ലാ പ്രതിപക്ഷപാർട്ടികളും പ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ദ വയർ' എന്ന സൈബർ പ്രസിദ്ധീകരണത്തിനുവേണ്ടി കരൺ ഥാപ്പർ നടത്തിയ അഭിമുഖസംഭാഷണത്തിലാണ്, മോഡിക്കൊരു ബദൽ കണ്ടുപിടിക്കാൻ പ്രതിപക്ഷത്തിനു കഴിയില്ല എന്ന പ്രചാരണം ഒരു മിഥ്യയാണെന്ന് ഷൗരി ശക്തിയുക്തം വാദിച്ചത്. തങ്ങളുടെ പഴഞ്ചൻ വാദങ്ങളും വിദ്വേഷങ്ങളും ഉപേക്ഷിച്ച് ഒരുമിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തത്.
“അതുകൊണ്ട് ഭൂതകാലം മറക്കുക.. . ഇതൊരു പുതിയ സാഹചര്യമാണ്. രാജ്യം മാത്രമല്ല അപകടത്തിൽ. വ്യക്തിപരമായി നിങ്ങൾ ഓരോരുത്തരും അപകടത്തിലാണ്. ഒരോ പ്രതിപക്ഷ നേതാവിനെയും ഉപയോഗം കഴിഞ്ഞാൽ ആ നിമിഷം മോഡി ഇല്ലാതാക്കും. നിതീഷ് കുമാറിനെയും നവീൻ പട്നായിക്കിനെയും കാത്തുവച്ചിരിക്കുന്നത് ഇതുതന്നെയാണ്. അതുകൊണ്ട് ഭൂതകാലത്തെ മറക്കുക, എന്തിന്, ഭാവികാലത്തേയും മറക്കുക, നാളെ അവർക്കെതിരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വരില്ലേ എന്ന് ആശങ്കപ്പെടാതിരിക്കുക.”
‘ഈ ഗവണ്മെന്റും ഈ പാർട്ടിയും ഒന്നേമുക്കാൽ മനുഷ്യരുടെയാണ് : അതിലെ 'ഒന്ന് ' അമിത് ഷായാണ്, മോഡിയല്ല. മോഡി പ്രസംഗങ്ങൾ കാച്ചുന്നതിലും പ്രതിച്ഛായ മിനുക്കുന്നതിലും തിരക്കിട്ടു മുഴുകുമ്പോൾ സർക്കാർ യന്ത്രത്തിന്റെ വിവിധ ശാഖകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് സർക്കാരിന്റെ അധികാരം കയ്യാളുന്നത് അമിത് ഷായാണ്. തീരുമാനങ്ങളെടുക്കുന്നതിൽ അമിത് ഷാ മോഡിയുടെ ക്യാബിനറ്റ് മന്ത്രിമാരേക്കാളും അധികാരം കയ്യാളുന്നുണ്ട്’ |
“ഈ തെരഞ്ഞെടുപ്പ് നിങ്ങൾ തോറ്റാൽ, പിന്നെ അടുത്ത തെരഞ്ഞെടുപ്പ് എന്നൊന്ന് ഉണ്ടാവില്ല എന്ന് ദയവുചെയ്തു മനസ്സിലാക്കുക. ഇത്തരം പരിഗണനകളിലൂടെ 2019 ൽ നമുക്കു ലഭിക്കാൻ പോകുന്ന അവസരം നഷ്ടപ്പെടുത്തിയാൽ നിഷ്‌പക്ഷമായ ഒരു തെരഞ്ഞെടുപ്പ് ഭാവിയിൽ പ്രതീക്ഷിക്കേണ്ട” “രണ്ടു സംഖ്യകൾ പ്രതിപക്ഷം മറക്കാൻ പാടില്ല, 31-69, 60-90” ഷൗരി പറഞ്ഞു. “മുപ്പത്തിയൊന്ന് ശതമാനം എന്നു പറയുന്നത് 2014 ൽ മോഡിയ്ക്കു കിട്ടിയ വോട്ടുകളാണ്. അന്നത്തേക്കാൾ അദ്ദേഹത്തിന്റെ ജനപിന്തുണ ഇന്ന് കാര്യമായിക്കുറഞ്ഞിരിക്കുന്നു. അതായത് പ്രതിപക്ഷത്തിന്റെ വോട്ടുകൾ 69 ശതമാനത്തിൽ തുടങ്ങുന്നു”
'രണ്ടാമത്തെ ജോഡി നമ്പറുകൾ ഒരു ഓർമ്മപ്പെടുത്തലാണ് : ലോകസഭയിലേയ്ക്ക് 60 ശതമാനം അംഗങ്ങളെ തെരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങളിൽ മോഡിക്ക് 90 ശതമാനം സീറ്റുകൾ ജയിക്കാൻ കഴിഞ്ഞു. മൂന്നു സംസ്ഥാനങ്ങളിൽ - ഉത്തർപ്രദേശ്, ബീഹാർ, മഹാരഷ്ട്രാ - പ്രതിപക്ഷത്തിന് ഒരുമിച്ചുനിൽക്കാൻ കഴിഞ്ഞാൽ മോഡിക്ക് വീണ്ടും 90 ശതമാനം സീറ്റുകൾ ലഭിക്കില്ല'
മോഡി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഒരിക്കൽ ജനങ്ങൾ തള്ളിക്കളഞ്ഞ ആ പഴയ നേതാക്കൾ വീണ്ടും അധികാരത്തിൽ വരും എന്ന് ജനങ്ങളിൽ ചിലർക്കെങ്കിലുമുള്ള ഭയത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. 'ഒരു പുതിയ ഗവണ്മെന്റ് പുതിയ വെല്ലുവിളികളാണ് ഉയർത്തുക, അവയെ അതാതുസമയത്ത് വേണ്ടരീതിയിൽ അഭിമുഖീകരിക്കും. മാത്രമല്ല, ജിഗ്നേഷ് മേവാനി, കനയ്യ കുമാർ, അല്പേഷ് താക്കൂർ, ഹാർദ്ദിക് പട്ടേൽ തുടങ്ങിയവരുടെ ഒരു പുതു നേതൃനിര ഉയർന്നുവരുന്നുമുണ്ട്,' ഷൗരി പറഞ്ഞു.
മോഡി സർക്കാർ ഏതാണ്ടൊക്കെ അഴിമതിരഹിതമായിരുന്നു എന്നാണല്ലോ പൊതു ധാരണ എന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം 'റഫേൽ വിമാനക്കരാർ' ചൂണ്ടിക്കാട്ടി. “എന്തായാലും ഒരു കാര്യമോർക്കണം, അഴിമതിയെന്നാൽ നിയമവിരുദ്ധമായ പണമിടപാടുകൾ മാത്രമല്ല. മറ്റനേകം രൂപങ്ങളുണ്ട് അഴിമതിക്ക്,” അദ്ദേഹം പറഞ്ഞു: നീതിനിർവഹണത്തിലെ അഴിമതി, ആദർശപരമായും ചരിത്രപരമായും സാമൂഹ്യപരമായ അഴിമതിയുമുണ്ട്.
മൻമോഹൻ സർക്കാരിലും മോഡി സർക്കാരിലും പാർട്ടി പ്രസിഡന്റുമാർ എന്ന നിലയിൽ സോണിയാ ഗാന്ധിയുടേയും അമിത് ഷായുടേയും പങ്കിനെപ്പറ്റി ഥാപ്പറുടെ ചോദ്യത്തിന്, തീരുമാനങ്ങളെടുക്കുന്നതിൽ അമിത് ഷാ മോഡിയുടെ ക്യാബിനറ്റ് മന്ത്രിമാരേക്കാളും അധികാരം കയ്യാളുന്നുണ്ടെന്ന് ഷൗരി പറഞ്ഞു.
'എന്നെപ്പോലെയുള്ള ഒരു ചെറിയ മനുഷ്യനുപോലും വാജ്പേയുടെ മന്ത്രിസഭയിലെ എൽ കെ അദ്വാനിയെപ്പോലെ മുതിർന്ന നേതാവിനോട്പോലും അഭിപ്രായ വ്യത്യാസങ്ങൾ അറിയിക്കാൻ കഴിഞ്ഞിരുന്നു. അടൽജി തുറന്ന ചർച്ച പ്രോത്സാഹിപ്പിച്ചിരുന്നു. അതൊന്നും ഇന്നു സാധ്യമല്ല," സർക്കാരും കാവി പാർട്ടിയും മോഡി—ഷാ എന്ന ഇരുവരുടെ കൈകളിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നു എന്നു സൂചിപ്പിച്ചുകൊണ്ട് പറഞ്ഞു.
“പാർട്ടി എന്നൊന്ന് അവശേഷിക്കുന്നില്ല,” ബി ജെ പിയെ കുറിച്ച് അദ്ദേഹം പറഞ്ഞു. ഷായുടേയും മോഡിയുടേയും സാന്നിദ്ധ്യത്തിൽ സ്വതന്ത്രമായി സംസാരിക്കാൻ പോലും അംഗങ്ങൾക്ക് ഭയമാണെന്ന് അരുൺ ഷൗരി കൂട്ടിച്ചേർത്തു.
“ഈ ഗവണ്മെന്റും ഈ പാർട്ടിയും ഒന്നേമുക്കാൽ മനുഷ്യരുടെയാണ് : അതിലെ 'ഒന്ന് ' അമിത് ഷായാണ്, മോഡിയല്ല,” ഷൗരി പറഞ്ഞു. മോഡി പ്രസംഗങ്ങൾ കാച്ചുന്നതിലും പ്രതിച്ഛായ മിനുക്കുന്നതിലും തിരക്കിട്ടു മുഴുകുമ്പോൾ സർക്കാർ യന്ത്രത്തിന്റെ വിവിധ ശാഖകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് സർക്കാരിന്റെ അധികാരം കയ്യാളുന്നത് അമിത് ഷായാണ്.
അരുൺ ജയ്റ്റ്ലിയെപ്പറ്റി അദ്ദേഹം പറഞ്ഞത്, ധനമന്ത്രി 'മോഡിയുടേയും ഷായുടെയും 'ബ്ലോഗ്ഗിങ് മന്ത്രി'യാണെന്നാണ്.
ഏതാണ്ടെല്ലാ സർക്കാർ സ്ഥാപനങ്ങളും മോഡി ഭരണത്തിൻ കീഴിൽ അട്ടിമറിക്കപ്പെട്ടിരിക്കയാണ്. ഉത്തരപ്രദേശ് പോലീസിന്റെ വ്യാജ ഏറ്റുമുട്ടലുകളും എതിരഭിപ്രായക്കാരെ അടിച്ചമർത്തുന്നതും ഉദാഹരണങ്ങളാണ്. സൊഹറാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസിലെ 54 സാക്ഷികൾ മൊഴിമാറ്റിപ്പറഞ്ഞു. ഇത് അഴിമതിയല്ലേ? ഭീമ—കോറെഗാവ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വ്യാജേന തടവിലാക്കപ്പെട്ടവരുടെ പക്കൽനിന്നും പിടിച്ചെടുത്തതെന്ന് കൊട്ടിഘോഷിക്കുന്ന രേഖകൾ — മോഡിയെ വധിക്കാൻ ഗൂഢാലോചന — വ്യാജനിർമ്മിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഡി — ഷാ ദ്വയം 2019 ലെ തെരഞ്ഞെടുപ്പുവരെയും കാതലായ പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാൻ ശ്രമിക്കും.
ഇതൊക്കെയല്ലാതെ, ഹിന്ദു — മുസ്ലീം വിഭാഗീയത പ്രോത്സാഹിപ്പിക്കുക മാത്രമാണ് അവരുടെ കയ്യിലുള്ള ഏക കാർഡെന്നും അരുൺ ഷൗരി ഓർമ്മിപ്പിച്ചു.
വായിൽ എല്ലിൻ കഷണമുള്ള നായയ്ക്ക് കുരയ്ക്കാൻ കഴിയില്ല
മുഖ്യധാരാ മാധ്യമങ്ങളെക്കുറിച്ച്
ദ വയർ വർത്തമാനങ്ങളിൽ പങ്കെടുത്തു സംസരിച്ച അരുൺ ഷൗരി മുഖ്യധാരാ മാധ്യമങ്ങളെ നിശിതമായി വിമർശിച്ചു. “അത് ജനാധിപത്യത്തിന്റെ നാലാം തൂണാണ്. സർക്കാരിനെക്കൊണ്ട് കണക്കു പറയിക്കാനായി രൂപകല്പന ചെയ്തിരിക്കുന്ന സ്ഥാപനം. എന്നാൽ കഷ്ടം, അതു സംഭവിക്കുന്നേയില്ല,” അദ്ദേഹം പറഞ്ഞു. സുപ്രധാനമായ പല വാർത്തകളേയും — ഏതാനും പ്രസിദ്ധീകരണങ്ങളൊഴിച്ചാൽ — മാധ്യമങ്ങൾ പിൻതുടരുന്നതേയില്ല.
'“ജയ് ഷായുടെ ഇടപാടുകളെപ്പറ്റി കമ്പനി കാര്യങ്ങളുടെ വകുപ്പിന്റെ വെബ് സൈറ്റിൽ വന്ന കണക്കുകൾ രേഖപ്പെടുത്തുക മാത്രമാണ് ദ വയർ ചെയ്തത്. എന്നിട്ടും അത് ആരും ചർച്ച ചെയ്യാൻ പാടില്ലാ എന്ന് നിങ്ങൾ പറയുന്നു. മാധ്യമങ്ങൾ അതിന്റെ പുറകേ പോയില്ല. ദ വയറിന് ഒരു സ്റ്റേ ഓർഡർ കിട്ടിയാൽ മറ്റുള്ളവരെല്ലാം അത് പ്രസിദ്ധീകരിക്കുകയാണ് വേണ്ടത്.”
തുടർന്ന്, ഷൗരി പെന്റഗൺ രേഖകളെ ഉദാഹരണമായി എടുത്തുകാണിച്ചു. ന്യൂയോർക്ക് ടൈംസ് ആ സംഭവം പുറത്തുകൊണ്ടുവന്നപ്പോൾ തുടർന്ന് ആ വിഷയം പ്രസിദ്ധീകരിക്കാൻ പാടില്ല എന്ന് സർക്കാർ, കോടതി ഓർഡർ സമ്പാദിച്ചു. ടൈംസിന് തുടർന്ന് പ്രസിദ്ധീകരിക്കാൻ കഴിയാതെവന്നപ്പോൾ ടൈംസു മായി മത്സരിക്കുന്ന വാഷിങ്ടൺ പോസ്റ്റ് ആ വാർത്താ പരമ്പര മുന്നോട്ടു കൊണ്ടുപോയി. സർക്കാർ രണ്ടു പത്രങ്ങളേയും കോടതി കയറ്റി, എന്നാൽ അവസാനം മാധ്യമസ്വാതന്ത്ര്യത്തിന് ആക്കം കൂട്ടുന്ന വിധികൾ ലഭിച്ചു.
'സ്വതന്ത്ര മാദ്ധ്യമങ്ങളുള്ള ഏതു രാജ്യത്തും ഒരു പത്രം ഒരു സംഭവത്തിന്റെ ഒരു വശം പ്രസിദ്ധീകരിക്കുകയാണെങ്കിൽ മറ്റ് ഇരുപതു പത്രങ്ങൾ അവിടെ കുഴിച്ച് കുഴിച്ച് ഒളിഞ്ഞുകിടക്കുന്ന എല്ലാ വശങ്ങളും വെളിച്ചത്തുകൊണ്ടുവരും. എന്നാൽ ഇവിടെ 'കാരവാൻ' മാത്രമെ ജയ് ഷാ സ്റ്റോറി മുമ്പോട്ടു കൊണ്ടുപോയുള്ളു.'
മനപ്പൂർവമാണോ മാധ്യമങ്ങൾ ആ വാർത്തയെ പിന്തുടരാതിരുന്നത് എന്ന് കരണ ഥാപ്പർ ചോദിച്ചതിന് ഒരു സുലു പഴഞ്ചൊല്ലായിരുന്നു ഷൗരിയുടെ മറുപടി: 'വായിൽ എല്ലിൻ കഷണമുള്ള നായയ്ക്ക് കുരയ്ക്കാൻ കഴിയില്ല'
ഭയം മൂലമാണ് മാധ്യമങ്ങൾ സത്യത്തിലേയ്ക്ക് എത്തിപ്പെടാൻ ശ്രമിക്കാത്തത് എന്നു താൻ കരുതുന്നില്ല എന്ന് ഷൗരി വിശദീകരിച്ചു. 'ഭയം ഒരു ഒഴിവുകഴിവു മാത്രമാണ്.'
മീഡിയായുടെ പോക്കിൽ മടുപ്പും നിരാശയുമുണ്ടോ എന്ന ചോദ്യത്തിന് ഇതായിരുന്നു ഷൗരിയുടെ ഉത്തരം: 'അതെല്ലാം ഞാൻ എന്നേ തരണം ചെയ്തു കഴിഞ്ഞു. മീഡിയായിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നു; മടുത്തുപോകുകയോ നിരാശനാവുന്നതോ നമ്മുടെ വികാരങ്ങളെ വെറുതേ ദുരുപയോഗം ചെയ്യുന്നതിനു തുല്യമാണ്.'
എന്നാൽ ഭയവും ഭീഷണിയും മാധ്യമങ്ങളെ നിയന്ത്രിച്ചുനിർത്താൻ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏ ബി പി ന്യൂസ് അവരുടെ ചില പത്രപ്രവർത്തകരെ പറഞ്ഞുവിട്ടു. നിങ്ങൾ (കരൺ ഥാപ്പർ) പ്രധാന ചാനലുകളിൽ പ്രത്യക്ഷപ്പെടേണ്ടയാളാണ്. എൻ ഡി ടി വിയും സമ്മർദ്ദത്തിലാണ്. കുരങ്ങന്മാരെ ഭയപ്പെടുത്താൻ കോഴിക്കുഞ്ഞുങ്ങളെ കൊല്ലുക എന്നതാണ് തന്ത്രം.
പകർത്തിയെഴുത്തുകാരുടെ കൈകളാണ് നമ്മുടെ അച്ചടി യന്ത്രങ്ങളെന്ന് മഹാത്മാ ഗാന്ധി പറയാറുണ്ടായിരുന്നു. ഇന്നു നമുക്ക് ഇന്റർനെറ്റ് ഉണ്ട്. കോർട്ട് ഓർഡർ പ്രകാരം ഒരു വാർത്ത പ്രസിദ്ധീകരിക്കാൻ കഴിയാതെ വരികയാണെങ്കിൽ നമുക്കത് സർക്കുലേറ്റ് ചെയ്യാൻ കഴിയും. അത് ഇന്ത്യ മുഴുവൻ എത്തും, ഷൗരി പറഞ്ഞു.
Enable comment auto-refresher