അമേരിക്കയുടെ സമ്മർദ്ദതന്ത്രങ്ങൾക്ക് മുന്നിൽ ഇന്ത്യ കീഴടങ്ങുന്നു
സാമ്പത്തികം | 01 ജൂലൈ 2018. |
---|
ഇറാനെതിരെ അമേരിക്ക ഉയർത്തുന്ന സാമ്പത്തിക-വ്യാപാര ഉപരോധത്തിൽ പങ്കുചേരാൻ ഇന്ത്യയും തയ്യാറെടുക്കുന്നതായി വിദേശ വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്യുന്നു. ഇറാനുമായുള്ള വ്യാപാരബന്ധങ്ങളിൽ യാതൊരു വ്യതിയാനവും ഉണ്ടാവില്ലെന്ന് ഏതാനും ദിവസങ്ങൾക്കുമുൻപു മാത്രമാണ് മന്ത്രി സുഷമാ സ്വരാജ് ഇറാന്റെ വിദേശകാര്യ മന്ത്രിക്ക് വാക്കു നൽകിയത്.
യു എസ് ഏർപ്പെടുത്തുന്ന ഏകപക്ഷീയമായ വിലക്കുകൾ അംഗീകരിക്കില്ല, ഐക്യരാഷ്ട്രസഭയുടെ ഉപരോധങ്ങളിൽ മാത്രമേ പങ്കുചേരൂ എന്നതായിരുന്നു എക്കാലവും ഇന്ത്യയുടെ നയം.
ചൈന കഴിഞ്ഞാൽ ഇറാൻ എണ്ണയുടെ രണ്ടാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ.
തങ്ങളുടെ സ്ഥാപിതതാല്പര്യങ്ങൾ സംരക്ഷിക്കാനായി മറ്റു രാജ്യങ്ങളെ ബലിയാടുകളാക്കുക എക്കാലവും അമേരിക്കയുടെ രീതിയാണ്. എന്നാൽ ഒരിക്കലും ഇന്ത്യ അതിനു നിന്നുകൊടുത്തിട്ടില്ല. ഇത്തവണ പക്ഷേ അമേരിക്കയ്ക്കുമുന്നിൽ മുട്ടുമടക്കുന്ന ലക്ഷണമാണ് ഇന്ത്യ പ്രദർശിപ്പിക്കുന്നത്. ഇറാനിൽനിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതിപൂർണമായി അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ഇന്ത്യൻ എണ്ണക്കമ്പനികളോട് പെട്രോളിയം മന്ത്രാലയം നിർദ്ദേശം നൽകിക്കഴിഞ്ഞു.
യു എസ് ഏർപ്പെടുത്തുന്ന ഏകപക്ഷീയമായ വിലക്കുകൾ അംഗീകരിക്കില്ല, ഐക്യരാഷ്ട്രയുടെ ഉപരോധങ്ങളിൽ മാത്രമേ പങ്കുചേരൂ എന്നതായിരുന്നു എക്കാലവും ഇന്ത്യയുടെ നയം. |
ഈ ഒരു പശ്ചാത്തലത്തിലാണ് 'ഇറാനുമായുള്ള ബന്ധം അതിന്റെ സമഗ്രതയിൽ പരിഗണിക്കണ'മെന്ന മുൻ വൈസ് പ്രസിഡന്റ് ഹാമിദ് അൻസാരിയുടെ പ്രസ്താവന ഏറെ പ്രസക്തമാവുന്നത്. ഇറാൻ നമുക്ക് എണ്ണ വ്യാപാരി മാത്രമല്ല, പാകിസ്ഥാന്റെ മറുവശത്ത്, അഫ്ഗാനിസ്ഥാനിലേയ്ക്കും മറ്റു പലരാജ്യങ്ങളിലേയ്ക്കും വഴി തുറന്നു തരുന്ന രാജ്യം കൂടിയാണ്.
വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധങ്ങൾ എക്കാലവും ഉഭയകക്ഷി ബന്ധങ്ങളായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒരു വൻ ശക്തിയുടേയും ചൊൽപ്പടിയിലായിരുന്നില്ല ഇന്ത്യയുടെ വിദേശനയരൂപീകരണം.
രാജ്യസ്നേഹത്തിന്റെ അളവുതൂക്കങ്ങൾ ജനഗണമനയുടെയും വന്ദേമാതരത്തിന്റെയും ഗോവധനിരോധനത്തിന്റെയും കണക്കുകൾ മാത്രമായി മാറുമ്പോൾ ഇതിലും ആപൽകരമായ കെണികൾ ഇന്ത്യാക്കാരെ കാത്തിരിക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
Enable comment auto-refresher