ഇടതുപക്ഷത്തിന് കോൺഗ്രസ്സിന്റെ ആവശ്യമില്ല

abhiprayavedi.org സംരംഭത്തിൽ നിന്ന്
18:08, 22 മാർച്ച് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VijayanPN (സംവാദം | സംഭാവനകൾ) ('{|style="margin:3px; text-align:left; color:#000;" ! style="background:#efefef; font-size:120%; border:1px solid #a3bfb1;...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Jump to navigation Jump to search
രാഷ്ട്രീയം ജി സമ്പത്ത് 21 മാർച്ച് 2018.



ഒ വി വിജയന്റെ ഒരു കാർട്ടൂണിൽനിന്ന്
ജി സമ്പത്ത്

ഇന്ത്യൻ ദേശീയത നിർമ്മിച്ചത് ജനറൽ തിമ്മയ്യയും ജനറൽ കരിയപ്പയുമല്ല - സുഭാഷ് ചന്ദ്ര ബോസ് പോലുമല്ല - ഗാന്ധി, നെഹ്രു, ടഗോർ, അംബേദ്കർ, പട്ടേൽ... പിന്നെ ധർണകളിലും സത്യാഗൃഹങ്ങളിലും ദണ്ഡി പോലുള്ള മാർച്ചുകളിലും മറ്റും പങ്കെടുത്ത് മർദ്ദനമേറ്റുവാങ്ങിയ പേരുകളറിയാത്ത അനേകായിരങ്ങളുമാണ്. നമ്മൾ സൈന്യത്തെ മാനിക്കുന്നു. പക്ഷേ, അവർ ചെയ്യാൻ ഉദ്ദേശിക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങൾ അവരുടെ തലയിൽ കെട്ടിവെക്കരുത്

ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ഉദകക്രിയ ചെയ്യാൻ വെമ്പലോടെയിരിക്കുന്ന ചില തല്പരകക്ഷികൾ സന്തോഷം തിരയടിച്ച ഒരുകൂട്ടം ചരമക്കുറിപ്പുകൾ ഇറക്കിയിട്ട് കഷ്ടിച്ച് ഒരാഴ്ചയെ ആവുന്നുള്ളു. എന്തായിരുന്നു ആ ഉൽ‌പ്രേക്ഷ - സൂര്യാസ്തമയത്തിന് ചോരച്ചുവപ്പും സൂര്യോദയത്തിനു കാവിയും?

കഴിഞ്ഞ വാരാന്ത്യത്തിൽ മഹാരാഷ്ട്രയിലെ 30,000 കർഷകർ ദിവസങ്ങളോളം സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഒരൊറ്റലക്ഷ്യവുമായി മാർച്ച് ചെയ്തു: തങ്ങളേന്തുന്ന ചുവന്ന കൊടികൾ ഇന്ത്യയുടെ വാണിജ്യ സിരാകേന്ദ്രത്തിൽ നാട്ടുക, ഭരണവർഗ്ഗ മേലാളന്മാരുടെ അടുക്കളയിലെ ഫ്രിജ്ജുകൾ നിറയ്ക്കാൻ വേണ്ട ഉല്പന്നങ്ങൾ കൃഷിചെയ്തുണ്ടാക്കുന്ന, എന്നാൽ തങ്ങളെ കണ്ടിട്ടും കേട്ടിട്ടുമില്ലെന്ന മേനി നടിക്കുന്ന അവരിൽനിന്ന് തങ്ങളുടെ അവകാശങ്ങൾ പിടിച്ചുവാങ്ങുക.

എന്നാൽ ഇടതുപക്ഷം മരണക്കിടക്കയിലല്ലേ? ത്രിപുര തെരഞ്ഞെടുപ്പിൽ സി പി ഐ (എം)ന് കനത്ത തിരിച്ചടിയല്ലേ ലഭിച്ചത്? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലും അധികാരം നഷ്ടപ്പെട്ടാലോ? ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ 'വിവേകം' അനുസരിച്ച് ഇടതുപക്ഷം ആയുസ്സു നിലനിർത്തുന്നു എന്നേയുള്ളു, ആ നിലനില്പെങ്കിലും തുടർന്നുണ്ടാവണമോ വേണ്ടയോ എന്നു തീരുമാനിക്കുക, ഒരു പഴകിയ കീറാമുട്ടി ചോദ്യത്തിനു ലഭിക്കുന്ന ഉത്തരത്തിൽ അധിഷ്ടിതമായിരിക്കുമത്രേ. ഇടത്- കോൺഗ്രസ്സ് സഖ്യം വേണമോ വേണ്ടയോ?

ത്രിപുരയിൽ സി പി ഐ (എം)ന് സംഭവിച്ചത് വലിയൊരു തിരിച്ചടിതന്നെയായിരുന്നു. അങ്ങനെയല്ല എന്നു കരുതുന്നത് കണ്ണടച്ച് ഇരുട്ടാക്കൽ മാത്രമാവും. എന്നാൽ ആ പരാജയം കോൺ‌ഗ്രസ്സുമായി സഖ്യമുണ്ടാക്കലിന് ഒരു ഒഴിവുകഴിവായി മാറുകയാണെങ്കിൽ അതൊരു ദുരന്തം തന്നെയാവും.

ഇങ്ങനെയൊരു മുന്നണിക്കു‌വേണ്ടി ശഠിക്കുന്നവർ രണ്ടു വാദങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത് : നിരന്തരമായി പാർശ്വ‌വൽക്കരിക്കപ്പെടുന്നതിലൂടെ സ്വന്തം നിലയിൽ ഒരു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ശക്തി ഇടതിനു നഷ്ടപ്പെട്ടിരിക്കുന്നു. രണ്ട്, ഇന്ത്യയെ സാമൂഹികമായി വിഭജിക്കുന്ന ഹിന്ദുത്വ ശക്തികൾ 2019ൽ അധികാരത്തിൽ വരുന്നത് തടയനായി എല്ലാ മതേതര പാർട്ടികളും കൈകോർക്കണം.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഈ രണ്ട് വാദഗതികൾക്കും ഹൃസ്വകാല പ്രസക്തിയുണ്ടാവാം. എന്നാൽ ദീർഘകാല വീക്ഷണത്തിൽ, കോൺഗ്രസ്സുമായി കൂട്ടുകൂടുന്നത് തന്ത്രപരമായ ഒരബദ്ധമാവും. ഇപ്പോൾത്തന്നെ വല്ലാതെ ചുരുങ്ങിയിരിക്കുന്ന പുരോഗമന രാഷ്ട്രീയ ഇടത്തെ ഏറെ പരിമിതമാക്കും. മാത്രമല്ല, തീവ്ര ദേശീയതയുടെ വെറുപ്പ് രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.

എന്താണ് ഭാവിയിൽ സംഭവിക്കാൻ പോകുന്നത്, എന്നു മനസ്സിലാക്കാൻ സി പി എമ്മിന് വലിയ സിദ്ധാന്തങ്ങളുടെയൊന്നും സഹായം ആവശ്യമില്ല. മറ്റുരാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് എന്തു സംഭവിച്ചു എന്ന് പരിശോധിച്ചാൽ മാത്രം മതി. യുദ്ധാനന്തര പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്ന ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 1976 ലെ ദേശീയ തെരഞ്ഞെടുപ്പിൽ 34.4ശതമാനം വോട്ടു ലഭിച്ചു. തുടർന്ന് ആ പാർട്ടി ഇന്ത്യയിലെ കോൺഗ്രസ്സ് പാർട്ടിയുടെ ഇറ്റാലിയൻ പതിപ്പായ, മദ്ധ്യപാത അവലംബിക്കുന്ന 'ക്രിസ്ത്യൻ ഡെമോക്രസി'യുമായി 'ചരിത്രപരമായ ധാരണ'യിലെത്തി ഭരണത്തിലേറി. തങ്ങൾക്കു ലഭിച്ച മാൻഡേറ്റ് ഇടതുപക്ഷ പരിപാടികൾ മുന്നോട്ടുവയ്ക്കാനായി ഉപയോഗിക്കാം എന്നു മോഹിച്ചുപോയി.

മറിച്ച് ആ മുന്നണിഭരണ കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി വലതുപക്ഷത്തേയ്ക്ക് പ്രയാണം തുടങ്ങുകയാണുണ്ടായത്. മതേതര, പുരോഗമന പാർട്ടിയായിരുന്ന ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി, ക്രിസ്ത്യൻ ഡെമോക്രസിയുടെ അണികളെ പ്രീണിപ്പിച്ചു നിർത്താൻ വേണ്ടി വിവാഹമോചനം, ഗർഭച്ഛിദ്രം മുതലായ വിഷയങ്ങളിൽ പുറകോട്ടു നടന്നു. ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആ സഖ്യത്തിന്റെ ആഘാതത്തിൽനിന്ന് ഒരിക്കലും കരകയറിയില്ല.

രണ്ടാമതായി, ഇടതിന് കോൺഗ്രസ്സിനേക്കാൾ കോൺഗ്രസ്സിന്‌ ഇടതിനെയാണ് ആവശ്യം.കോൺഗ്രസ്സ് എല്ലാക്കാലത്തും ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും ഒപ്പം കൊണ്ടുനടന്നിട്ടുണ്ട്‌. ഏതുപക്ഷത്തിനാണോ അതാതു സമയത്ത് മേൽക്കൈ, ആ പക്ഷത്തിന്റെ പ്രതിഫലനമായിരുന്നു എക്കാലവും കോൺഗ്രസ്സിന്റെ രാഷ്ട്രീയ സ്വഭാവം.

കോൺഗ്രസ്സിന്റെ ഏറ്റവും പുരോഗമനസ്വഭാവഘട്ടങ്ങൾ -ജവാഹർലാൽ നെഹൃവിന്റെ കാലം, ജനോപകാരപ്രദമായ അനേകം നിയമങ്ങൾ നടപ്പിൽ വരുത്തിയ യു പി ഏ യുടെ ആദ്യ എട്ടുവർഷങ്ങൾ-പാർലമെന്റിനുള്ളിലും പുറത്തും തത്ത്വാധിഷ്ടിതമായ നിലപാടുകളിൽ ഉറച്ചുനിന്ന ഇടതുപക്ഷമില്ലായിരുന്നെങ്കിൽ സംഭവിക്കുമായിരുന്നില്ല.

സമ്മർദ്ദം തുടരാൻ വേണ്ട സ്വാധീനമുള്ള ഇടതിന്റെ അഭാവത്തിൽ കോൺഗ്രസ്സ് വലതുപക്ഷത്തേയ്ക്ക് സ്വതവേ ആടിയുലഞ്ഞ് നീങ്ങിപ്പോകും- സാമ്പത്തിക നിലപാടുകളിൽ മാത്രമല്ല, സാമൂഹ്യനിലപാടുകളിലും. ഇപ്പോഴുള്ള പുരോഗമന സാദ്ധ്യതകളെല്ലാം നഷ്ടപ്പെട്ട് ഭാരതീയ ജനതാപാർട്ടിയുടെ ഒരു മങ്ങിയ നിഴലാവും.

ഇതാണ് കോൺഗ്രസ്സിന് ഗുജറാത്തിൽ സംഭവിച്ചത്, കഴിഞ്ഞ വർഷം ജിഗ്നേഷ് മേവാനി, ഹാർദിക് പട്ടേൽ, അല്പേഷ് ഠാക്കൂർ തുടങ്ങിയവരുമായി ധാരണയുണ്ടാക്കിയതോടെയാണ്, കോൺഗ്രസ്സിന്റെ പുരോഗമന പ്രവണതകൾക്ക് വീണ്ടും ജീവൻ വയ്ക്കുന്നത് . ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ നേതാക്കൾ ഇടതുപക്ഷത്തിന്റെ സാമൂഹ്യാടിത്തറയായ ഭൂരഹിത ദളിതർ, തൊഴിലില്ലാത്ത അദ്ധ്വാന വർഗ്ഗങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ട കർഷകർ, ഇവരുടെ താല്പര്യങ്ങളാണ് സം‌രക്ഷിക്കാൻ തുനിഞ്ഞത് എന്നതാണ്. അവർ നയിക്കുന്ന പ്രസ്ഥാനങ്ങളുടെ പുനർ‌വിതരണ രാഷ്ട്റീയം ഇടതുപക്ഷവുമായി പ്രകൃത്യാതന്നെ യോജിച്ചുപോകുന്നതാണ്. എന്നാൽ ഗുജറാത്തിൽ ഇടതിന്റെ സാന്നിദ്ധ്യം നാമമാത്രമായതിനാൽ, ഇത്തരം വിഭാഗങ്ങളുടെ താല്പര്യ സം‌രക്ഷണത്തിൽ കോൺഗ്രസ്സിന്റെ ചരിത്രം ശോചനീയമായിട്ടുപോലും, അവർക്ക് കോൺഗ്രസ്സിനൊപ്പം പോകേണ്ടിവന്നു.

ലോകജനാധിപത്യരാജ്യങ്ങളിലെല്ലാം തന്നെ ഇടതുപക്ഷത്തിനു സ്വാധീനമുള്ള കാലങ്ങളിൽ മാത്രമേ പുരോഗമന രാഷ്ട്രീയം പുഷ്ടിപ്പെട്ടുള്ളൂ എന്നത് ശ്രദ്ധേയമാണ്. ഇടതിന്റെ ഈ നായകത്വം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മൂലധനത്തിനു മേൽ തൊഴിലാളി പ്രസ്ഥാനങ്ങൾ കൈവരിച്ച വിജയങ്ങളുടെ പശ്ചാത്തലത്തിൽ കെട്ടിപ്പൊക്കിയതായിരുന്നു. ഉദാര ക്ഷേമരാഷ്ട്രങ്ങളായി വിലസുന്ന പടിഞ്ഞാറൻ മുതലാളിത്ത സമ്പദ്‌വ്യവസ്ഥകൾ കേവല ലിബറലിസത്തിന്റേതല്ല, കറകളഞ്ഞ ഇടതുപ്ക്ഷത്തിന്റെ സംഭാവനയാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ക്ഷേമരാഷ്ട്ര സങ്കല്പവും ദ്രവിക്കാൻ തുടങ്ങി, ഇടതുപക്ഷം ഒരു പുറം തോടിനുള്ളിലേയ്ക്കു ചുരുങ്ങി, എല്ലാ വികസന പ്രശ്നങ്ങൾക്കും സർ‌വരോഗസംഹാരിയായി 'നിയോ ലിബറലിസം'അരങ്ങുവാഴാൻ തുടങ്ങി.

വലതുപക്ഷ വെറുപ്പു രാഷ്ട്രീയത്തിന്റെ ഉയർച്ചയും ഇടതുപക്ഷത്തിന്റെ ക്ഷയത്തിനും തമ്മിൽ പരസ്പരബന്ധമുണ്ട്. നാസി യൂറോപ്പുമുതൽ സമകാലിക ഗ്രീസും ജർമനിയും വരെ പലയാവർത്തി ചരിത്രം തെളിയിച്ചിട്ടുണ്ട്, ജനാധിപത്യത്തിന് കടുത്ത പ്രതിരോധം തീർക്കുകയും നവഫാസിസ്റ്റ് ശക്തികളെ തെരുവിൽ നേരിടുന്നതും ഇടതുപക്ഷത്തോട് ബന്ധപ്പെട്ട വിഭാഗങ്ങളാണ്, ലിബറലുകളല്ലാ എന്ന്. ഇതു നാം ഇന്ത്യയിലും കണ്ടിട്ടുണ്ട്, ജെ എൻ യു മുതൽ കേരളം വരെയും.

കാരണം വളരെ ലളിതമാണ് : മൂലധനവും വലതുപക്ഷ ദേശീയതയും ( അല്ലെങ്കിൽ ഫാസിസം ) തമ്മിലും അദ്ധ്വാനവർഗ്ഗത്തിന്റെ ഇല്ലായ്മയും അധികാരപ്രമത്തത നിറഞ്ഞ 'പോപ്പുലിസത്തിന്റെ' പ്രലോഭനവും തമ്മിൽ വേർതിരിക്കാൻ വേണ്ട സൈദ്ധാന്തിക ആർജ്ജവം ലിബറലിസത്തിനില്ല. നേരേ മറിച്ച് ജാതിപരമായ പീഡനത്തെയും വിഭാഗീയതയെയും സ്വതന്ത്രവിപണി ചികിത്സയും ഉപഭോഗവർദ്ധനവും കൊണ്ട് പരിഹരിക്കാമെന്ന് ലിബറലിസം വിശ്വസിക്കുകയും ചെയ്യുന്നു.

അതുകൊണ്ടാണ് ഹിന്ദുത്വ സേനാദളങ്ങൾ തങ്ങളുടെ ഏറ്റവും നീചമായ വിദ്വേഷം ലിബറലുകളെ ഒഴിവാക്കി ഇടതുപക്ഷത്തിനുനേരെ ലക്ഷ്യമാക്കുന്നത്. ഇന്ത്യയിലെ ഇടതുപാർട്ടികളെ സംബന്ധിച്ചിടത്തോളം അവർ എന്താണു ചെയ്യേണ്ടതെന്നത് വളരെ വ്യക്തമാണ് : തെരുവുകളിലേയ്ക്കിറങ്ങുക, തങ്ങളുടെ സംഘടനാ ചാതുര്യവും കഴിവുകളും രാജ്യത്തെമ്പാടും പൊട്ടിമുളച്ചുവരുന്ന ജനകീയ മുന്നേറ്റങ്ങൾക്കായി - കർഷകക്കൂട്ടായ്മകൾ മുതൽ അധ്യാപകരുടെ സമരങ്ങൾ വരെ, വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ, ദളിത് പ്രസ്ഥാനങ്ങൾ, ഭൂമിക്കായി ആദിവാസികളുടെ സമരങ്ങൾ- വിനിയോഗിക്കുക.

തങ്ങളുടെ തെരഞ്ഞെടുപ്പ് വിഹ്വലതകളും ഉൽക്കണ്ഠകളും മാറ്റിവച്ച്, രാഷ്ട്രീയ പടയൊരുക്കം നടത്തിയാൽ ഇടതുപക്ഷത്തിന് എന്തൊക്കെ നേടാൻ കഴിയുമെന്നതിന്റെ ദൃഷ്ടാന്തമായിരുന്നു സി പി എമ്മിന്റെ കർഷക സംഘടനയായ ആൾ ഇന്ത്യാ കിസാൻ സഭയുടെ വിജയകരമായ കർഷക മാർച്ച്. ആ റാലി ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തേയ്ക്കു പ്രവേശിച്ചപ്പോൾ ഇടതുപക്ഷേതര പാർട്ടികൾ മാത്രമല്ല, 'ഇടതു വിരുദ്ധ' പ്രതിപക്ഷ പാർട്ടികളും -കോൺഗ്രസ്സ്, മഹാരാഷ്ട്ര നവനിർമ്മാൺ സേന, ശിവസേന - 'ചുവപ്പു കടലിലേയ്ക്ക്' എടുത്തു ചാടുകയായിരുന്നു.

അവസാന വിശകലനത്തിൽ, കോൺഗ്രസ്സും ഇടതുപക്ഷവും ഒരു മുന്നണിയായി മത്സരിക്കുന്നതിനു പകരം, രണ്ടു മുന്നണികളായി, ഒന്ന് ഇടതുപക്ഷത്തിന്റെയും മറ്റൊന്ന് മദ്ധ്യവർത്തികളുടെയും മുന്നണി, ബിജെ പിയ്ക്കെതിരെ ഉയർത്തുന്നതാവും ബുദ്ധിപരം. ഇതിന്റെ ഒരു പ്രധാന മേന്മ, ബിജെപി യെ അതിന്റെ യഥാർത്ഥ സാമൂഹ്യ സാംസ്ക്കാരിക ഭൂമികയിൽ, അതായത് തീവ്ര വലതുപക്ഷത്തുതന്നെ തളച്ചിടാൻ കഴിയും എന്നതാണ്.

ഇങ്ങനെയൊരു സം‌വിധാനം സാധ്യമാവുമെങ്കിൽ ഒരു ഹിന്ദുത്വ പാർട്ടിക്ക് മദ്ധ്യത്തിലുള്ള ഇടം കൈക്കലാക്കി, ഇടതുപക്ഷത്തെപൂർണമായും നിഷ്കാസനം ചെയ്യുക ദുഷ്കരമാവും.

കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം, ഏതു നിറം കൊണ്ടും പെയിന്റു ചെയ്യാൻ കഴിയുന്ന ഒരു കൈ ആണത്. എന്നാൽ ചുവപ്പിനെ പ്രശോഭിപ്പിക്കാൻ ഒരു സ്വതന്ത്ര ഇടതുപക്ഷമില്ലെങ്കിൽ ചായപ്പലകയിൽ അവശേഷിക്കുക കാവിയുടെ വർണ്ണവ്യതിയാനങ്ങൾ മാത്രമാവും.



'ന്യൂ ഇന്ത്യൻ എക്സ്പ്രസ്' ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ [1]–ലേഖകന്റെ അനുമതിയോടെ — പകർപ്പവകാശം ലേഖകന്.



Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.