ഹിന്ദുത്വ 2.0 - മോഡിയുടെ പുതിയ രാഷ്ട്രീയ ബ്രാൻഡ്

abhiprayavedi.org സംരംഭത്തിൽ നിന്ന്
04:41, 16 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VijayanPN (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search
രാഷ്ട്രീയം ഹാപ്പിമോൻ ജേക്കബ് 15 ആഗസ്റ്റ് 2017.



മോഡിയും നെതന്യാഹുവും - ചിത്രത്തിന് കടപ്പാട് : The Financial Express

ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോഡി അടുത്തയിടെ അവിടേയ്ക്ക് പോകുന്നതിൽ കാട്ടിയ വ്യക്തമായ ഉത്സാഹവും ആഭിമുഖ്യവും ഇന്ത്യൻ ഭരണകൂട ആശയങ്ങളെ മൗലികമായ മാറ്റങ്ങൾക്ക് വിധേയമാക്കുവാൻ ബി ജെ പി യും അവർ ഭരിക്കുന്ന സർക്കാരും പദ്ധതിയിട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്. 'മാറ്റം' എന്നത് മോഡി സർക്കാരിന്റെ അടിസ്ഥാനപരമായ ഒരു മന്ത്രമാണ് എന്നതിൽ സംശയമില്ല. BJP സർക്കാരിന്റെ സാമ്പത്തിക, ഭരണ രംഗങ്ങളിലെ നേട്ടങ്ങൾ പരിമിതമോ അല്ലയോ എന്ന് തർക്കിക്കാമെങ്കിലും മൂന്ന് വർഷത്തെ മാറ്റങ്ങൾ വെറും തൊലിപ്പുറത്തുള്ളതോ? അതോ അടിസ്ഥാനപരമായ 'മാതൃകാ മാറ്റം' (Paradigm shift) സംഭവിച്ചുവോ?

'The Structure of Scientific Revolution' എന്ന തോമസ് കുൻ ന്റെ പ്രസിദ്ധമായ പുസ്തകം, നിലവിലുള്ള അവസ്ഥയുടെ ഉപരിപ്ലവമായ മാറ്റങ്ങളുടെയും അടിസ്ഥാന മാതൃകകൾ തന്നെ മാറ്റുന്നതിന്റെയും വ്യത്യാസങ്ങൾ വിശദീകരിക്കുന്നുണ്ട്. മാതൃകകൾ മാറുക എന്നത് അടിസ്ഥാന മാറ്റവും വിപ്ലവകരവുമാണ്. മോഡി നമ്മളുടെ രാജ്യതന്ത്രത്തിന്റെ മാതൃകകൾ മാറ്റിയോ, അങ്ങനെയെങ്കിൽ അതിനെ നമ്മൾ എങ്ങിനെ കാണുന്നു, എങ്ങിനെ പ്രതികരിക്കുന്നു?

രാഷ്ട്രീയത്തിന് പുതിയ മുദ്ര

ദിവസം ചെല്ലുന്തോറും ഒരു കാര്യം കൂടുതൽ വ്യക്തമാകുന്നു. ശക്തമായ പ്രത്യയശാസ്ത്രത്താൽ നിയന്ത്രിതമാണ് ഈ മാതൃകാ മാറ്റമെന്ന് കാണാൻ കഴിയുന്നില്ലെങ്കിൽ ബി ജെ പി യുടെ ആനുകാലിക രാഷ്ട്രീയ ചുവടുവെയ്പ്പുകളും നയരൂപീകരണങ്ങളും നമുക്ക് മനസ്സിലാക്കാനാവില്ല. ഇത് പഴയ പരിപാടികളുടെ ആവർത്തനമോ അവയുടെ ഏച്ചുകൂട്ടലുകളോ അല്ല, ഇത് ആകപ്പാടെ പുതിയ ഒരു രാഷ്ട്രീയ ബ്രാൻഡാണ്. കുൻ പറയുന്നതുപോലെ നമ്മൾ കാണുന്നത്, എന്തും പരീക്ഷിക്കാനുള്ള സന്നദ്ധതയും, പരസ്പരം മത്സരിക്കുന്ന വികാരപ്രകടനങ്ങളുടെ ധാരാളിത്വവും, അടിസ്ഥാനതത്വങ്ങളെക്കുറിച്ചും സംവാദത്തിന് തയ്യാറെടുത്ത (...) രാഷ്ട്രീയ ആശയങ്ങളെയുമാണ്. പഴയ രാഷ്ട്രീയ ഉപകരണങ്ങൾകൊണ്ട് ഈ ഭരണകൂടത്തിന്റെ നയങ്ങളെ വിശകലനം ചെയ്യാൻ ശ്രമിച്ചാൽ നമ്മൾ അവയുടെ വലിയ ചിത്രം കാണുകയുമില്ല, വിവക്ഷകൾ മനസ്സിലാക്കുകയുമില്ല.

ഹാപ്പിമോൻ ജേക്കബ് ജവഹർലാൽ നെഹ്രു യൂണിവേർസിറ്റിയിൽ സ്കൂൾ ഓഫ് ഇന്റെർനാഷണൽ സ്റ്റഡീസ് വിഭാഗത്തിൽ അസോസിയറ്റ് പ്രൊഫസർ
ഹംഗറിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി & സ്കൂൾ ഓഫ് പബ്ലിക് പോളിസിയിൽ സീനിയർ ഗ്ലോബൽ ചലഞ്ചസ് ഫെലൊ

നമ്മളിൽ ചിലർ മാതൃകാ മാറ്റമുണ്ടായത് കാണാൻ കൂട്ടാക്കുന്നില്ല, മറ്റ് ചിലർ കണ്ടതിനെ അംഗീകരിക്കുന്നില്ല. പലരും ഇപ്പോഴും നെഹൃവിയൻ മതേതര ലിബറൽ ലോകവീക്ഷണങ്ങളുടെ മായിക പ്രലോഭനങ്ങളിൽ മുങ്ങിയാണ് മോഡിയേയും അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയബ്രാൻഡിനേയും ചോദ്യംചെയ്യുന്നതെന്ന് തോന്നുന്നു. അടൽ ബിഹാരി വാജ്പെയ് യുടെ നേതൃത്വത്തിൽ വന്ന പഴയ ബി ജെ പി സർക്കാരും ഏറെക്കുറെ നെഹൃ മാതൃക തന്നെയാണ് പിന്തുടർന്നിരുന്നത്. അവരുടെ നയങ്ങൾ ചോദ്യംചെയ്യപ്പെട്ടപ്പോളൊക്കെ ഞങ്ങൾ നെഹൃ മാതൃക യാണ് മുന്നോട്ട് കൊണ്ടുപോകുന്നത് എന്നായിരുന്നു എൻ ഡി എ നേതാക്കൾ പ്രതിരോധിച്ചിരുന്നത്. അത് ഏതാണ്ട് ശരിയായിരുന്നുതാനും. എന്നാൽ ഇന്ന് അവർ യാതൊരു സങ്കോചവുമില്ലാതെ നെഹൃ മാതൃകയിൽനിന്ന് ഹിന്ദുത്വ 2.0 മാതൃകയിലേയ്ക്ക് മാറിയിരിക്കുന്നു.

മാത്രമല്ല, മോഡിയുടെ രാഷ്ട്രീയം നെഹൃവിയൻ ലോകവീക്ഷണത്തിന്റെ അട്ടിമറിക്കലാണെന്ന് കരുതുന്നത് ശരിയായിരിക്കില്ല. ഹിന്ദുത്വ 2.0 അടിസ്ഥാനപരമായും ഭിന്നമായ ഒരു ലോക വീക്ഷണമാണ്. ഈ നയങ്ങൾ തെറ്റോ അപ്രായോഗികമോ ആയേക്കാം, എന്നാൽ ഇവ പുതിയ മാതൃകയിലേയ്ക്കുള്ള വ്യക്തമായ മാറ്റമാണ്.

പുതിയ മാതൃകയുടെ അതിർ രേഖ

ഈ പുതിയ ഹിന്ദുത്വ മാതൃക ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തെയും വിദേശ നയത്തേയും തർക്കപ്രശ്നങ്ങങ്ങളുടെ പരിഹാര രീതികളെയും സാമൂഹ്യ ജീവിതത്തെയും കാര്യമായി ബാധിക്കും. ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ ശ്രേണിയിൽ പുരോഗമനവാദികളും ഇടതുപക്ഷചായ്‌വ് ഉള്ളവരും നെഹൃവിയൻ ബുദ്ധിജീവികളും കാലങ്ങളായി ഒരു മാന്യസ്ഥാനത്തായിരുന്നു. അവർ സംവാദങ്ങൾ നിയന്ത്രിക്കുകയും പൊതുധാർമികതയുടെ അതിരുകൾ നിശ്ചയിക്കുകയും രാജ്യത്തിന്റെ അവസ്ഥയെ വ്യാഖ്യാനിക്കുകയും ചെയ്തുപോന്നു. എന്നാൽ ഇന്നത്തെ ഹിന്ദുത്വ മാതൃകയിൽ ഇതല്ല സ്ഥിതി. പുരോഗമനവാദികൾ ഇന്ന് പ്രതിരോധത്തിലാണ്. ഹിന്ദുത്വ ബുദ്ധിജീവികൾ മുൻകൈ നേടുന്നു. ആദ്യത്തേതിൽനിന്ന് രണ്ടാമത്തേതിലേയ്ക്ക് കുറേപേർ മറുകണ്ടം ചാടുന്നു.

നമ്മുടെ രാഷ്ടീയ സങ്കൽപ്പനങ്ങളിൽ ന്യൂനപക്ഷങ്ങളുടെ പങ്ക് നിർണായക മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്ര പ്രണേതാക്കൾ 'ന്യൂനപക്ഷ പ്രീണനം' ഉണ്ടാകില്ല എന്ന് പറയുമ്പോൾ അവർ ഉദ്ദേശിക്കുന്നത് ന്യൂനപക്ഷങ്ങൾ ഒന്നുകിൽ വരുതിയിൽ നിൽക്കുക അല്ലെങ്കിൽ രണ്ടാംതരം പൗരന്മാരാകാൻ തയ്യാറായിക്കൊള്ളുക എന്നാണെന്ന് തോന്നുന്നു. ശരിക്കും രണ്ടുംതമ്മിൽ വ്യത്യാസമൊന്നുമില്ല.

ആക്രമണോത്സുകത നിറഞ്ഞ രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുന്ന ഹിന്ദുത്വ 2.0 ആഭ്യന്തര സംഘർഷങ്ങളെ പരിഹരിക്കുന്നത് രാഷ്ട്രീയ ബന്ധങ്ങൾ പുനഃസ്ഥാപിക്കാനോ പുനരാരംഭിക്കാനോ പൊരുത്തപ്പെടുത്താനോ താല്പര്യമില്ലാതെ കടുത്ത വാക്‌-പയറ്റുകളിലൂടെയും രണോത്സുക തന്ത്രങ്ങളിലൂടെയുമാണ്. ഈ രീതി വിശാലമായ പൊരുത്തപ്പെടുത്തലുകളുടെയും ലോലമായ രാഷ്ട്രീയ സാഹചര്യങ്ങളെ പരിഗണിക്കുന്നതുമായ നെഹൃവിയൻ പ്രശ്നപരിഹാര രീതികളിൽനിന്നും വാജ്പേയിയുടെ കാലത്തെ നയങ്ങളിൽനിന്നും കടക വിരുദ്ധമാണ്.

വിഭാഗീയത സൃഷ്ടിക്കുന്ന തരത്തിലുള്ള ഈ മാതൃകാമാറ്റം മറ്റ് പലതിനുമൊപ്പം പ്രത്യയശാസ്ത്ര തർക്കങ്ങൾക്കും തെരുവ് യുദ്ധങ്ങൾക്കും പ്രാദേശിക വിഭജനത്തിനും ഇന്ത്യൻ യൂണിയന്റെ അടിസ്ഥാന തത്വങ്ങളുടെ പുനഃപരിശോധനയിലേയ്ക്കുപോലും പോയേക്കാം. എന്നാൽ ഈ ഭരണകൂടവും അതിന്റെ പ്രത്യയാശാസ്ത്ര നായകരും രാജ്യത്തിന്റെ വൈവിദ്ധ്യത്തെ പരിഗണിക്കാതെയും മത വികാരങ്ങളും പ്രാദേശിക വ്യത്യാസങ്ങളും പൗരാവകാശങ്ങളും കണക്കിലെടുക്കാതെയും മാതൃകാമാറ്റം നടപ്പിലാക്കാൻ ശ്രമിച്ചാൽ ആഭ്യന്തര യുദ്ധത്തിന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഭിന്നതകൾ വർദ്ധിക്കുന്നതിനും കലാപങ്ങൾക്കും വഴിവെക്കും.

മാതൃകാമാറ്റം മോഡിയുടെ വിദേശ നയത്തിലും സുരക്ഷാ നയത്തിലും വ്യക്തമാകുന്നുണ്ട്. ഇന്ത്യയുടെ നിർണായക അയൽപക്കങ്ങളായ ചൈനയോടും പാക്കിസ്ഥാനോടും അശ്രാന്തമായി നടത്തേണ്ട നയതന്ത്രതലപരിഹാര ശ്രമങ്ങളെ പുറകിലേയ്ക്ക് തള്ളിമാറ്റിക്കൊണ്ട് ആക്രമണങ്ങളും കൈയ്യടി വാങ്ങാനുള്ള ശ്രമങ്ങളും മുന്നേറുന്നു. ഈ ആക്രമണോത്സുകതയുടെ അനിവാര്യമായ ഫലങ്ങൾ സ്പഷ്ടമാകുന്നുമുണ്ട്. ശക്തിയുടെയും അധികാരത്തിന്റെയും പ്രദർശനം ഹിന്ദുത്വരാഷ്ട്രീയത്തിൽ രൂഢമൂലമാണെങ്കിലും നയതന്ത്ര ശ്രമങ്ങളുടെ അഭാവം ഈ അവസ്ഥയെ മുൻപ് എന്നത്തേക്കാളും കഠിനമാക്കിയിരിക്കുന്നു.

ഈ മാതൃകാമാറ്റം സാമൂഹ്യ-രാഷ്ട്രീയ ഘടനയിൽ ഉണ്ടാക്കുന്ന അനതരഫലങ്ങൾ നമുക്ക് പരിചിതമല്ലാത്തതോ അസ്വസ്ഥ ജനകമോ ആയ പ്രതിഭാസങ്ങൾക്ക് ജന്മം നൽകും. നിലവിലെ മാതൃക ശ്രേഷ്ഠമാണെന്നല്ല. ഉദാഹരണത്തിന് ഹിന്ദുമതത്തിന്റെ സ്വയം അവരോധിച്ച സംരക്ഷകർ മുസ്ലീമുകളെ കൂട്ടംകൂടി തല്ലിക്കൊല്ലുന്നത് കാണുമ്പോൾ നാം ഭയചകിതരാകുന്നില്ലേ, എന്നാൽ നമുക്ക് ചുറ്റും നിലനിൽക്കുന്ന കടുത്ത ദാരിദ്ര്യമോ മനുഷ്യത്വമില്ലാത്ത ജാതി വ്യവസ്ഥയോ അത്രയ്ക്ക് നമ്മളെ അലോസരർപ്പെടുത്തുന്നില്ലല്ലോ. ഈ ഒരു മടുപ്പിന്റെ കാരണം പട്ടിണിയേയും ജാതി സമ്പ്രദായങ്ങളേയും നിലവിലുള്ള സാമൂഹ്യ-രാഷ്ട്രീയ മാതൃകയുടെ ഭാഗമായി നമ്മൾ അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു, ചിലപ്പോഴൊക്കെ ന്യായീകരിക്കുകയും ചെയ്യുന്നു എന്നതാണ്. എന്നാൽ ഹിന്ദുസേനകൾ ഇന്ത്യയിലെ മുസ്ലീമുകൾക്കെതിരെ ചൊരിയുന്ന നിന്ദാഭാഷണങ്ങൾ നമുക്ക് പരിചിതമല്ല, അതിനാലാണ് അവ ആഘാതമാകുന്നത്. എന്നാൽ പ്രതിരോധം തകരുമ്പോൾ ഇവയേയും നമ്മൾ അംഗീകരിച്ചുതുടങ്ങും, കഷ്ടം.

മറ്റൊരു ഉദാഹരണം നോക്കാം: ഇടതുപക്ഷ ആശയങ്ങൾ എന്നും മേൽക്കൈ നേടിയിരുന്ന രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെയോ മറ്റ് ധൈഷണിക സൗധങ്ങളേയോ സമ്മർദ്ദത്തിലാക്കാൻ മാറിമാറി ഭരിച്ച കോൺഗ്രസ് സർക്കാരുകളോ വാജ്പേയി സർക്കാർ പോലുമോ ഒരിക്കലും ശ്രമിച്ചിട്ടില്ല, മറിച്ച് അവയെയും വ്യവസ്ഥിതിയിലേയ്ക്ക് സ്വാംശീകരിക്കുകയാണ് ചെയ്തത്. എന്നാൽ ന്യൂഡൽഹിയിലെ പുതിയ അധികാരിവർഗം അവരെ സ്വാംശീകരിച്ചില്ല എന്ന് മാത്രമല്ല കടുത്ത പ്രതിരോധത്തിനും തുടർന്നുണ്ടായ കോലാഹലങ്ങൾക്കുമിടയിൽ അവരെ ഒരു മൂലയിലേയ്ക്ക് ഒതുക്കുകയും നിശ്ശബ്ദരാക്കുകയുമാണ് ചെയ്യുന്നത്.

വേറൊരുദാഹരണം മോഡി സർക്കാരിന്റെ കാശ്മീർ നയമാണ്. കഴിഞ്ഞകാലങ്ങളിൽ സർക്കാരുകൾ രാഷ്ട്രീയ അനുരഞ്ജനത്തിലൂടെ പരിഹാരം ആഗ്രഹിച്ചിരുന്നുവെന്ന് മാത്രമല്ല വിമതരെ സഹിഷ്ണുതയോടെ കാണുകയും ചെയ്തിരുന്നു. ഇന്നത്തെ ബി ജെ പി സർക്കാർ ഇതിനെല്ലാം നേർവിപരീതമാണ് ചെയ്തുകണ്ടിരിക്കുന്നത്. ഒരുകാലത്ത് ഡൽഹിയിലെ സർക്കാർ ഏജൻസികൾ ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുകയും പ്രീണിപ്പിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന ഈ വിമതർക്കു പുറകെ നായാട്ടിനായി NIA യെ വിടുകയാണ് ഇപ്പോൾ. കാശ്മീരിൽനിന്ന് ഉയരുന്ന ആക്രമണോന്മുഖമായ പ്രതികരണം സ്വാഭാവികം മാത്രമാണ്. മാതൃകാ മാറ്റങ്ങൾ ആശങ്കയും അസ്വസ്ഥതയും കോലാഹലങ്ങളും സൃഷ്ടിക്കും. കൃത്യമായും അതുതന്നെയാണ് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

അടുത്തത് എന്ത്?

ധിഷണാശീലം ഉള്ളവർക്ക് ഈ ഘടനാമാറ്റങ്ങളെ അംഗീകരിക്കാനും ചിലപ്പോൾ അതിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ പോലും കഴിഞ്ഞേക്കാം. എന്നാൽ മാതൃകാമാറ്റങ്ങൾ സാമൂഹ്യ-രാഷ്ട്രീയ ഘടനയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ അവയുടെ സ്വഭാവവും ലക്ഷ്യവും അനുസരിച്ച് വളരെ തീവ്രമായേക്കാം. ഹിന്ദുത്വ 2.0 സംഘടിതമായിരിക്കുന്നത് ഭൂരിപക്ഷ വർഗീയതയെ അടിസഥാനമാക്കിയാണ് എന്നിരിക്കെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാകുന്ന ഈ മാതൃകാമാറ്റം കൂടുതൽ അലങ്കോലങ്ങൾ സൃഷ്ടിക്കാനാണ് സാദ്ധ്യത. ഹിന്ദുത്വ അജൻഡ നടപ്പാക്കുന്നതിനായി ബലപ്രയോഗം ഉൾപ്പടെ എല്ലാത്തരം പ്രേരണകളും ചെലുത്തുന്നത് നമ്മൾ ഇപ്പോൾതന്നെ കാണുന്നുണ്ട്.

വിഭാഗീയത സൃഷ്ടിക്കുന്ന തരത്തിലുള്ള ഈ മാതൃകാമാറ്റം മറ്റ് പലതിനുമൊപ്പം പ്രത്യയശാസ്ത്ര തർക്കങ്ങൾക്കും തെരുവ് യുദ്ധങ്ങൾക്കും പ്രാദേശിക വിഭജനത്തിനും ഇന്ത്യൻ യൂണിയന്റെ അടിസ്ഥാന തത്വങ്ങളുടെ പുനഃപരിശോധനയിലേയ്ക്കുപോലും പോയേക്കാം. എന്നാൽ ഈ ഭരണകൂടവും അതിന്റെ പ്രത്യയാശാസ്ത്ര നായകരും രാജ്യത്തിന്റെ വൈവിദ്ധ്യത്തെ പരിഗണിക്കാതെയും മത വികാരങ്ങളും പ്രാദേശിക വ്യത്യാസങ്ങളും പൗരാവകാശങ്ങളും കണക്കിലെടുക്കാതെയും മാതൃകാമാറ്റം നടപ്പിലാക്കാൻ ശ്രമിച്ചാൽ ആഭ്യന്തര യുദ്ധത്തിന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഭിന്നതകൾ വർദ്ധിക്കുന്നതിനും കലാപങ്ങൾക്കും വഴിവെക്കും.

രാജ്യത്ത് സംഭവിച്ചുകൊണ്ടിർക്കുന്ന ഈ പ്രത്യയശാസ്ത്രമാറ്റത്തെ തടയാൻ ശ്രമിക്കുന്നവർ ഒരു കാര്യം ഓർക്കണം. ശക്തമായ ആശയനിർമിതിയുടെ പിൻബലത്തിലാണ് മാതൃകാമാറ്റം നടപ്പാക്കുന്നതെന്നും അവയെ എതിർക്കുന്നതിനോ മയപ്പെടുത്തുന്നതിനോ ശക്തമായ എതിർ വാദങ്ങൾ രൂപീകരിക്കേണ്ടതുണ്ടെന്നും. ഇന്നത്തെ ഇന്ത്യയിൽ എതിർ വാദമുഖങ്ങൾ വളരെ കുറഞ്ഞുപോയിരിക്കുന്നു. കുറെപ്പേർ പഴയ മാതൃകകൾക്കുള്ളിൽ വഴിതെറ്റി ഉഴലുന്നു, ചിലർ പ്രതിരോധം തന്നെ വേണ്ടെന്നുവെയ്ക്കുന്നു, മറ്റുപലരും മറുകണ്ടം ചാടുന്നു. നിതീഷ്‌കുമാർ അങ്ങിനെചെയ്യുന്ന അവസാനത്തെ ആൾ ആയിരിക്കില്ല.


'ദ ഹിന്ദു' ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ('When the paradigm shifts') പരിഭാഷ - ലേഖകന്റെ അനുമതിയോടെ — പകർപ്പവകാശം ലേഖകന്.



Anonymous user #1

88 months ago
Score 0++

ഭരണകഷിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്ന നല്ല ലേഖനം. നെഹ്രുവിയൻ വികസന സങ്കൽപ്പങ്ങളെ നയിച്ചിരുന്ന പ്രധാന ഘടകങ്ങൾ ജനാധിപത്യം, മതേതരത്വം, economic planning ൽ അധിഷ്ഠിതമായ ക്ഷേമരാഷ്ട്ര സങ്കൽപ്പം വിദേശനയത്തിലെ ചേരിചേരായ്മ ഇവ ആയിരുന്നല്ലോ. ഇതിലെ ക്ഷേമരാഷ്ട്ര സങ്കൽപ്പങ്ങൾക്ക് എന്നേ കത്തിവെച്ചിരുന്നു. നെഹൃവിന്റെ പിൻ മുറക്കാർ തന്നെ കമ്പോള നിയന്ത്രിത സമ്പത്‌വ്യവസ്ഥയിലേയ്ക്ക് മാറാൻ എന്തെല്ലാം പണിപ്പെട്ടു. കാലങ്ങളെടുത്ത് കെട്ടിപ്പൊക്കിയ പൊതുമേഖലയെ വിറ്റഴിക്കുന്നതിനായി പ്രത്യേക മന്ത്രിമാർ പോലുമുണ്ടായി. അക്കാര്യത്തിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഭരിച്ച എല്ലാവരും ഒറ്റക്കെട്ടാണ്. എന്നാൽ ജനാധിപത്യം, മതേതരത്വം, ചേരിചേരായ്മ ഇവയെല്ലാം ആകെ മാറിമറിഞ്ഞിരിക്കുന്നു എന്നത് വസ്തുതതന്നെ. അതുകൊണ്ടുതന്നെ ഹിന്ദുത്വ 2.0 എന്നത് കൂൂതലും ഒരു സാംസ്കാരിക ആഘാതമാണ്. ഇവർ കെട്ടിപ്പൊക്കുന്ന പുതിയ സംസ്കാരം ഇന്ത്യൻ ജനതയെ വൃത്തികെട്ട മുതലാളിത്തത്തിലേയ്ക്കും ഭീകരമായ അസമത്വങ്ങളിലേയ്ക്കും ഫസിസത്തിലേയ്ക്കുമേ നയിക്കൂ.

ജെയിംസ്. എം

Anonymous user #2

88 months ago
Score 0++

വല്ലാതെ അലോസരപ്പെടുത്തുന്ന കണ്ടെത്തലുകൾ.

--വിജയൻtvm.
Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.