ഭരണകൂട അജണ്ടയിൽ പെട്ടുപോയ മാദ്ധ്യമങ്ങളും പ്രതിപക്ഷവും
സാമ്പത്തികം | രാഷ്ട്രീയം | — പി എൻ വേണുഗോപാൽ | 06 ഫെബ്രുവരി 2017. |
---|
പാർലമെന്ററി ജനാധിപത്യത്തിന്റെ മര്യാദകളും കീഴ്‌വഴക്കങ്ങളും പാലിക്കാതെ ഒരു മരണത്തിനുകുറുകെ കാലെടുത്തു വച്ച് ഫെബ്രുവരി ഒന്നാംതീയതി അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബഡ്ജറ്റ് അക്ഷന്തവ്യമായ മറ്റൊരു അപരാധം കൂടി ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ ഉണ്ടായ ഏറ്റവും വലിയ സംഭവത്തെ സംഗതിവശാലുള്ള ഏതാനും പരാമർശങ്ങളിൽ ഒതുക്കി എന്നതാണത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കുമേൽ ആസൂത്രിതമായി പതിച്ച 'നോട്ട് അസാധുവാക്കൽ' എന്ന വെള്ളിടിയുടെ ആഘാതം ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തികരേഖയായ ബഡ്ജറ്റിലല്ലെങ്കിൽ പിന്നെയെവിടെയാണ് ചർച്ചചെയ്യപ്പെടുക?
അസാധുവാക്കിയ നോട്ടുകളിൽ 86 ശതമാനം ഡിസംബർ 10 നകം ബാങ്കുകളിൽ തിരിച്ചെത്തിക്കഴിഞ്ഞിരുന്നു എന്ന് റിസർവ് ബാങ്ക് പ്രസ്താവിച്ചിരുന്നു. എന്നാൽ ബാക്കിയുണ്ടായിരുന്ന 21 ദിവസങ്ങളിൽ എത്ര ശതമാനംകൂടി തിരിച്ചെത്തി എന്ന് ബഡ്ജറ്റിലൂടെ ജനങ്ങളെ അറിയിക്കുക എന്നത് ഭരണകർത്താക്കളുടെ ചുമതലയല്ലേ? രാജ്യത്തെ ഓരോ മേഖലയേയും നോട്ടു പിൻവലിക്കൽ എങ്ങനെയൊക്കെ ബാധിച്ചു എന്ന വിശകലനം വേണ്ടേ? ഉണ്ടായ തിരിച്ചടിയെ എങ്ങനെ മറികടക്കാൻ ഉദ്ദേശിക്കുന്നു എന്ന വിശദീകരണം വേണ്ടേ? അതില്ലാതെ 2017-18 ലേയ്ക്ക് ലക്ഷ്യമിടുന്ന വരവുചിലവു കണക്കുകൾക്ക് എന്തു പ്രസക്തി?
എന്നാൽ ബഡ്ജറ്റ് വിശകലനം ചെയ്ത് പത്രമാധ്യമങ്ങളിലേറെയും ഗൗരവപരമായ ഈ അപാകതയെ വളരെ ലാഘവത്വത്തോടെ പറഞ്ഞുപോവുകയാണുണ്ടായത്. പ്രതിപക്ഷ ത്തുനിന്നുള്ള പ്രതികരണങ്ങളും ഏതാണ്ട് ഇമ്മട്ടിൽതന്നെയായിരുന്നു. അപൂർണ്ണമായ ഒരു രേഖ വിശകലനം ചെയ്യുന്നതുതന്നെ അർത്ഥശൂന്യമാണ്. ഭരണകൂടം ഒരുക്കുന്ന കെണിയിൽചെന്നു വീണുകൊടുക്കുകയാണത്.
മോഡി സർക്കാരിന്റെ ഒരു തന്ത്രമാണിത്. രാജ്യത്ത് എന്തു ചർച്ചചെയ്യപ്പെടണമെന്ന അജൻഡ അവരാണു നിശ്ചയിക്കുക. പാർലമെന്റിൽ നൂറുശതമാനവും അങ്ങനെതന്നെയാണെന്ന് അവർ പോലും സമ്മതിക്കും. എന്നാൽ പാർലമെന്റിന്റെ പടിക്കുപുറത്ത്, മാദ്ധ്യമങ്ങളിലും സമൂഹത്തിലും പൊതുചർച്ചാവേദികളിലും തങ്ങൾ തീരുമാനിക്കുന്ന അജൻഡാ അനുസരിച്ച് കാര്യങ്ങൾ കൊണ്ടുപോകുന്നതിൽ ബിജെപി വിജയിച്ചിരിക്കുകയാണ്.
കഴിഞ്ഞ രണ്ടരവർഷങ്ങളിലെ പ്രധാന വിഷയങ്ങളിലൂടെ പിന്നോട്ടുനടന്നാൽ ഇതു ശരിയായ നിഗമനമാണെന്ന് മനസ്സിലാക്കാം. ഓരോന്നും സമൂഹ്യമദ്ധ്യത്തിലോട്ടു പൊട്ടിവീഴുക, അത്രതന്നെ പ്രമുഖരോ പ്രശസ്തരോ അല്ലാത്ത സംഘപരിവാർ / ബി ജെ പി നേതാക്കളുടെ ആക്രമണൊത്സുകതയുള്ള, ഹിംസാത്മകമായ പ്രസംഗ / പ്രസ്താവനകളിലൂടെയാണ്. അവയെ എതിർക്കേണ്ടത് അനിവാര്യവും അടിയന്തരവും ആയതിനാൽ എല്ലാവരും അതിലേയ്ക്കു തിരിയുന്നു. വാദപ്രതിവാദങ്ങൾ ഒട്ടൊന്നടങ്ങുമ്പോൾ മറ്റൊരു വിഷമയമായ വിഷയം വലിച്ചെറിയപ്പെടുകയായി. ഈ തുടർച്ചയിൽനിന്നുതന്നെ മനസ്സിലാക്കാം, ഇവയൊന്നും യാദൃച്ഛികമല്ല, ബൃഹത്തായ ഒരു അജൻഡായുടെ ഭാഗമായി ആസൂത്രണം ചെയ്യപ്പെട്ടതാണെന്ന്.
എന്നിരുന്നാലും ഒരു ‘വിശുദ്ധരേഖ'യായി കൊണ്ടാടപ്പെട്ടുപോരുന്ന ബഡ്ജറ്റ് പോലും ഈ വിധത്തിൽ ഉപയോഗിക്കപ്പെടുന്നത് ജനാധിപത്യത്തിന്റെ നിസ്സാരവത്കരണമാണ്. ഭരണകക്ഷിയുടെ നിഗൂഢ തന്ത്രങ്ങൾ തിരിച്ചറിയുന്നതിൽ നിരന്തരമായി പ്രതിപക്ഷം പരാജയപ്പെടുന്നു എന്നതാണ് ഏറ്റവും പരിതാപകരം.
Enable comment auto-refresher
Anonymous user #1
Permalink |
Anonymous user #2
Permalink |