സൈന്യം രാജ്യത്തിന്റെ ഒരു ഉപകരണമാണ്, ആത്മാവല്ല.

abhiprayavedi.org സംരംഭത്തിൽ നിന്ന്
12:28, 3 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VijayanPN (സംവാദം | സംഭാവനകൾ)
Jump to navigation Jump to search
രാഷ്ട്രീയം — ഹാപ്പിമോൻ ജേക്കബ് 02 നവംബർ 2016


ഹാപ്പിമോൻ ജേക്കബ് ജവഹർലാൽ നെഹ്രു യൂണിവേർസിറ്റിയിൽ സ്കൂൾ ഓഫ് ഇന്റെർനാഷണൽ സ്റ്റഡീസ് വിഭാഗത്തിൽ അസോസിയറ്റ് പ്രൊഫസർ

"വരും‌കാലം 'സൈനികപാളയ' (Garrison State) രാഷ്ട്രങ്ങളുടേതാണ്‌." രണ്ടാം ലോകയുദ്ധകാലത്ത് വളർന്നുവന്ന സൈനിക, സ്വേച്ഛാധിപത്യ പ്രവണതകളോട് പ്രതികരിച്ചുകൊണ്ട് 1941ൽ അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകൻ ഹാരോൾഡ് ലാസ്‌വെൽ എഴുതി. "അക്രമത്തിൽ പ്രാഗത്ഭ്യവും പ്രാവീണ്യവും ഉള്ളവർ അധികാരം കയ്യാളുന്ന ഒരു ലോകം." ഭാഗ്യവശാൽ നാം ജീവിക്കുന്ന ഇന്നത്തെലോകം 'സൈനിക പാളയ രാഷ്ട്രങ്ങളു'ടേതല്ല. എന്നാൽ അത്തരം പ്രവണതകൾക്ക് മേൽക്കൈ ലഭിക്കുന്ന സമൂഹങ്ങൾ ഇടയ്ക്കിടെ ആവിർ‌ഭവിക്കാറുണ്ട്. ആരാലും ചോദ്യം ചെയ്യപ്പെടാതെ വളരാൻ അനുവദിക്കപ്പെട്ടപ്പോഴൊക്കെ അവ സ്വതന്ത്ര സമൂഹങ്ങളുടെ ജനാധിപത്യ മൂല്യങ്ങളെ ക്ഷീണിപ്പിച്ചിട്ടുണ്ട്. അടുത്തകാലത്ത് നമ്മുടെ രാജ്യത്ത് ഉയർന്നുകേൾക്കുന്ന ചില ആശയങ്ങൾ, നമ്മുടെ സമൂഹത്തിൽ അക്രമത്തിൽ വൈശിഷ്ട്യമുള്ളവർക്കും (അതായത് സൈന്യത്തിനും) അനുബന്ധ ആഖ്യാനങ്ങൾക്കും അസുഖകരമാം‌‌വിധം പ്രാമുഖ്യം നൽകാൻ കാരണമാവില്ലേ എന്ന ചോദ്യമുയർത്തുന്നു.

ബി ജെ പി യുടെ വക്താക്കളും കേന്ദ്ര മന്ത്രിമാരും നടത്തുന്ന പ്രസ്താവനകൾ പറയുന്നത് സൈന്യത്തിനേയോ സൈന്യത്തിന്റെ നടപടികളെയോ ചോദ്യം ചെയ്യുകയോ 'സർജിക്കൽ സ്ട്രൈക്ക്' പോലുള്ളവയ്ക്ക് തെളിവുകൾ ആവശ്യപ്പെടുകയോ ചെയ്യുന്നത് ദേശവിരുദ്ധമായ കാര്യമാണെന്നാണ്. തെളിവുകൾ വേണമെന്ന് ശഠിക്കുന്നവർ പാകിസ്ഥാൻ പൗരത്വം തേടണമെന്നാണ് കേന്ദ്രമന്ത്രി ഉമാഭാരതി പറഞ്ഞത്. "നിങ്ങൾ ഒരു പാകിസ്ഥാനി ചാരൻ' എന്നു പറയുന്നതിനു തുല്യം. ദേശീയസുരക്ഷയെക്കുറിച്ച് എന്തെങ്കിലും ചോദ്യമുന്നയിക്കുന്നത്, അത് കാഷ്മീർ ആവട്ടെ, നക്സൽ ആക്രമണമാവട്ടെ, നിന്ദനീയവും ദേശവിരുദ്ധവുമാണ്. ദേശീയ സുരക്ഷാ നയങ്ങളോട്‌ വിയോജിപ്പു പ്രകടിപ്പിക്കുന്നത് രാജ്യദ്രോഹവുമാണ്.

ബി ജെ പി യുടെ വക്താക്കളും കേന്ദ്ര മന്ത്രിമാരും നടത്തുന്ന പ്രസ്താവനകൾ പറയുന്നത് സൈന്യത്തിനേയോ സൈന്യത്തിന്റെ നടപടികളെയോ ചോദ്യം ചെയ്യുകയോ 'സർജിക്കൽ സ്ട്രൈക്ക്' പോലുള്ളവയ്ക്ക് തെളിവുകൾ ആവശ്യപ്പെടുകയോ ചെയ്യുന്നത് ദേശവിരുദ്ധമായ കാര്യമാണെന്നാണ്. തെളിവുകൾ വേണമെന്ന് ശഠിക്കുന്നവർ പാകിസ്ഥാൻ പൗരത്വം തേടണമെന്നാണ് കേന്ദ്രമന്ത്രി ഉമാഭാരതി പറഞ്ഞത്. ദേശീയസുരക്ഷയെക്കുറിച്ച് എന്തെങ്കിലും ചോദ്യമുന്നയിക്കുന്നത്, അത് കാഷ്മീർ ആവട്ടെ, നക്സൽ ആക്രമണമാവട്ടെ, നിന്ദനീയവും ദേശവിരുദ്ധവുമാണ്. ദേശീയ സുരക്ഷാ നയങ്ങളോട്‌ വിയോജിപ്പു പ്രകടിപ്പിക്കുന്നത് രാജ്യദ്രോഹവുമാണ്.

തുറന്ന സമൂഹത്തിന്റെ കാവലാളുകളെന്ന് ഉദ്ഘോഷിക്കപ്പെടുന്ന മാധ്യമങ്ങൾ സ്വാർത്ഥതാല്പര്യങ്ങൾമൂലം ഈയൊരു ആഖ്യാനത്തെ അതേപടി വിഴുങ്ങുകയാണ്. ഒപ്പം തന്നെ ഉല്പതിഷ്ണുക്കളായ ബുദ്ധിജീവികൾ പതുക്കെ പതുക്കെ കീഴടങ്ങുകയുമാണ്.

സൈന്യത്തിൽ നമുക്ക് പൂർണ്ണവിശ്വാസമുള്ളതുകൊണ്ട് അവരോടു തെളിവു ചോദിക്കരുതെന്ന് ഒരു വിഭാഗം മാധ്യമങ്ങൾ പറയുമ്പോൾ, അതൊരു സൈനികനടപടി ആയിരുന്നതിനാൽ രാഷ്ട്രീയക്കാർ അതിന്റെ മേന്മ അവകാശപ്പെടാൻ പാടില്ല എന്ന് മറ്റൊരു വിഭാഗം. രണ്ടു പക്ഷക്കാർക്കും തെറ്റി. ഒരു ആധുനിക ജനാധിപത്യരാഷ്ട്രത്തിലെ പൗരസമൂഹത്തിന് ഭരണകൂടത്തിന്റെ എല്ലാ ശാഖകളേയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്-അത് ചെയ്യുകയും വേണം. രാഷ്ട്രത്തിന്റെ ഒരു ഉപകരണം മാത്രമാണ് സൈന്യം, നിലവിലുള്ള ഭരണകൂടം അതിന്റെ നയങ്ങൾ നടപ്പിലാക്കാൻ ആ ഉപകരണത്തെ ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്. 'സൈനിക നടപടി' എന്നൊന്നില്ല. നിലവിലുള്ള ഭരണകൂടത്തിന്റെയാണ് നടപടി. ഭരണകൂടം രാഷ്ട്രീയലാഭത്തിനായി ഇപ്പോൾ ചെയ്തതുപോലെ അതിന് വൻ പബ്ലിസിറ്റി കൊടുക്കണോ എന്നുള്ളത് വേറിട്ടൊരു ചോദ്യം തന്നെയാണ്.

രാഷ്ട്രീയ വ്യവഹാരം സൈനികഭാഷയിലേയ്ക്ക് മാറ്റപ്പെടുന്ന ഒരു സാഹചര്യം നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഇതിനു ജനപ്രിയത ഏറിവരുന്നു; ചില ചാനലുകൾ സൈനിക പദാവലികൾ അനുകരിച്ചുതുടങ്ങിയിരിക്കുന്നു, എന്തിന്, അവരുടെ സ്റ്റുഡിയോകളിൽ 'വാർ റൂം' വരെ തുറന്നിരിക്കുന്നു!

നമ്മുടെ രാജ്യം അതിർത്തികൾക്കുള്ളിലും പുറത്തുമുള്ള ശത്രുക്കളുടെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് നമ്മുടെ നേതാക്കൾ നിരന്തരമായി ഉരുവിട്ടുകൊണ്ടിരിക്കുന്നു. 'ഇത്തരം അപകടസന്ധികളിൽ ശത്രുക്കളെ നേരിടാനായി ഒരുമിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്. പാകിസ്ഥാനി കലാകാരന്മാർ പോലും രാജ്യത്തിന് ഭീഷണിയാണ്.' എല്ലാ തലങ്ങളിലും- ഭിന്നാഭിപ്രായത്തിനെതിരെ, ന്യൂനപക്ഷങ്ങൾക്കെതിരെ, വിശാലമായ ലോകവീക്ഷണത്തിനെതിരെ- ആക്രമണോത്സുകത മദിച്ചുയരുന്ന കാലത്തുതന്നെയാണ് ഇതും എന്നത് ശ്രദ്ധിക്കുക. 'ഗാന്ധിയും അദ്ദേഹത്തിന്റെ അഹിംസയും കാലഹരണപ്പെട്ടിരിക്കുന്നു.' രാഷ്ട്രത്തിന്റെ 'ശത്രുക്കളെ' ഉൽപാദിപ്പിച്ച്, വേർ‌തിരിച്ച്, ലേബൽ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു -'ശസ്ത്രക്രിയക്ക്' തെളിവുചോദിച്ചവർ മുതൽ ജെ എൻ യു വിലെ യുവാക്കൾ വരെ. ശരിയാണ്, കാഷ്മീറിൽ നമ്മുടെ സേനകൾക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചിരിക്കുന്നു, താഴ്‌വരയിൽ മുഴങ്ങുന്ന ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും ഉച്ചസ്ഥായിയിലായിരിക്കുന്നു. എന്നാൽ ഇതെന്തുകൊണ്ട് എന്ന് നാം ചോദിച്ചുകൂടാ, കാരണം അതു നമ്മുടെ സൈനികരുടെ മനോവീര്യം കെടുത്തും, 'നമ്മളുറങ്ങുമ്പോളും നമ്മെ കാക്കുന്നവർ അവരല്ലേ?'

എന്തുകൊണ്ടാണ് നമ്മൾ ഇത്രയെളുപ്പം യുദ്ധത്തിന്റെയും പകരം‌വീട്ടലിന്റേയും വായ്ത്താരികളിൽ മയങ്ങിപ്പോകുന്നത്?

മനുഷ്യാവകാശപ്രവർത്തകർ രാജ്യതാല്പര്യങ്ങൾക്കെതിരായി പ്രവർത്തിക്കുന്നതായി പ്രചരിപ്പിക്കപ്പെടുന്നു. അഫ്‌സ്‌പാ (AFSPA)യെയോ മറ്റ് ഏതെങ്കിലും പ്രത്യേകനിയമത്തിനേയോ വിമർശിക്കുന്നത് ശപിക്കപ്പെട്ട പ്രവർത്തിയാവുന്നു. പോരെങ്കിൽ പൊതുജീവിത, രാഷ്ട്രീയ സ്വാതന്ത്ര്യങ്ങളിൽ സുരക്ഷയുടെ പേരിൽ നിയന്ത്രണങ്ങൾ അടിച്ചേല്പിക്കാനുള്ള പ്രവണത വർദ്ധിച്ചുവരുന്നു.

ആക്രമണത്തിൽ സമർത്ഥരാണെങ്കിലും സൈന്യത്തിന്റെ മനോവീര്യം വളരെ ദുർ‌ബലമാണത്രേ. അതുകൊണ്ട് അവരെ വിമർശിക്കാനെ പാടില്ല, അവർക്ക് അബദ്ധങ്ങൾ പറ്റിയാലും നാം അതു കണ്ടതായി നടിക്കാനേ പാടില്ല, കാരണം അവരുടെ മനോവീര്യം വളരെ ദുർബലമാണല്ലോ.

സൈന്യത്തിൽനിന്ന് വിരമിച്ച ജനറൽമാർക്കാണ് ഇന്ന് ദേശീയസുരക്ഷയുടെ അവസാനവാക്കു പറയാനുള്ള അവകാശം കല്പിച്ചു നൽകിയിരിക്കുന്നത്. അവരിൽ ചിലരെങ്കിലും കക്ഷിരാഷ്ട്രീയാടിസ്ഥാനത്തിൽ നിലപാടുകളെടുക്കുന്നു. ഏറെ നിർണ്ണായകമായ പദവികൾ വഹിച്ചിരുന്നവർ രാഷ്ട്രീയപ്പാർട്ടികളുടെ വാലായി മാറുന്നത് അവർ വഹിച്ചിരുന്ന സ്ഥാനങ്ങൾക്കു ചേർന്നതാണോ? മുമ്പ്, വിരമിച്ച നയതന്ത്രജ്ഞന്മാർ ആയിരുന്നു സുരക്ഷാ ചർച്ചകളിൽ ആധിപത്യം പുലർത്തിയിരുന്നത്. നാം ജീവിക്കുന്ന കാലം നയതന്ത്രജ്ഞതയേക്കാൾ ആക്രമണോത്സുകതയാണ് ആവശ്യപ്പെടുന്നത് എന്ന തോന്നൽകൊണ്ടാവുമോ അംബാസ്സഡർമാർക്കുപകരം ജനറൽമാരെ ചർച്ചാവേദികളിൽ പ്രതിഷ്ഠിക്കുന്നത്? ഒരു സിനിമാതാരം മുതൽ ഒരു രാഷ്ട്രീയക്കാരൻ വരെ ആരെയും പൂജിക്കുന്ന ഒരു രാജ്യത്ത് യോദ്ധാവാണ് പുതിയ നായകൻ: രാഷ്ട്രീയക്കാർക്ക് വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു, താരങ്ങളാണെങ്കിൽ അവരുടെ 'പശ്ചാത്തലം' പ്രശ്നമാവുന്നു. 'സൈനികാരാധന' രാഷ്ട്രത്തോടുള്ള നമ്മുടെ കൂറു പ്രദർശിപ്പിക്കാനുള്ള മറ്റൊരു മാർഗ്ഗമായി മാറിയിരിക്കുന്നു.

ഒരു ജനാധിപത്യത്തിൽ എല്ലാവരും നിരീക്ഷണത്തിനും വിമർശനത്തിനും വിധേയരാണ്. അത് നിങ്ങൾക്കു രുചിക്കുന്നില്ലെങ്കിൽ, മഹാമോശം എന്നല്ലേ പറയേണ്ടൂ. 'സൈനിക അപ്രമാദിത്വം' എന്ന ആശയം ചോദ്യം ചെയ്യപ്പെടേണ്ടത് നമ്മുടെ നന്മയ്ക് അത്യന്താപേക്ഷിതമാണ്.

ആക്രമണത്തിൽ സമർത്ഥരാണെങ്കിലും സൈന്യത്തിന്റെ മനോവീര്യം വളരെ ദുർ‌ബലമാണത്രേ. അതുകൊണ്ട് അവരെ വിമർശിക്കാനെ പാടില്ല, അവർക്ക് അബദ്ധങ്ങൾ പറ്റിയാലും നാം അതു കണ്ടതായി നടിക്കാനേ പാടില്ല, കാരണം അവരുടെ മനോവീര്യം വളരെ ദുർബലമാണല്ലോ. മനോവീര്യം ഉണ്ടാവുന്നത് ശരിയായ പരിശീലനത്തിലൂടെയും, ഉചിതമായ ആയുധങ്ങളിലൂടെയും, അർഹിക്കുന്ന ശമ്പളത്തിലൂടെയും തൊഴിൽ‌പരമായവൈശിഷ്‌ട്യത്തിലൂടെയുമല്ലേ? ഒരു ജനാധിപത്യത്തിൽ എല്ലാവരും നിരീക്ഷണത്തിനും വിമർശനത്തിനും വിധേയരാണ്. ഇത് രുചിക്കുന്നില്ലെങ്കിൽ, മഹാമോശം എന്നല്ലേ പറയേണ്ടൂ. 'സൈനിക അപ്രമാദിത്വം' എന്ന ആശയം ചോദ്യം ചെയ്യപ്പെടേണ്ടത് നമ്മുടെ നന്മയ്ക് അത്യന്താപേക്ഷിതമാണ്.

അപ്രമാദിത്വമല്ല, മികച്ച പരിശീലനം സിദ്ധിച്ച, തൊഴിൽ‌പരമായി പ്രാഗത്ഭ്യമുള്ള സൈനികരേയാണ് നമുക്കാവശ്യം. കാരണമെന്തെന്നാൽ, സൈന്യം രാജ്യത്തിന്റെ ഒരു ഉപകരണം മാത്രമാണ്, രാജ്യത്തിന്റെ ആത്മാവല്ല.

'സൈനിക പാളയ'രാജ്യം എന്ന ആശയം ദീർഘകാലാടിസ്ഥാനത്തിൽ വിപരീതഫലങ്ങളാണ് രാജ്യത്തിനും ജനങ്ങൾക്കും നൽകുകയെങ്കിലും അധികാരത്തിലിരിക്കുന്നവർക്ക് രാഷ്ട്രീയമായി മുതലെടുപ്പിന് അവസരമൊരുക്കുന്നു. ചരിത്രപരമായിത്തന്നെ നാസി ജർമനിയേയും ഫാസിസ്റ്റ് ഇറ്റലിയേയും താല്പര്യത്തോടെ ഉറ്റുനോക്കിയിരുന്ന സംഘപരിവാറിൽനിന്ന് പ്രത്യയശാസ്ത്രപരമായ നേതൃത്വം സ്വീകരിക്കുന്ന ബിജെപിയ്ക്ക് സൈനികമായ ആഖ്യാനങ്ങൾ സഹായകമായി ഭവിക്കുന്നു എന്നതിൽ തർക്കമില്ല. കുറേക്കൂടി പ്രായോഗികമായ തലത്തിൽ പറഞ്ഞാൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനും പബ്ലിസിറ്റിക്കുമായി ഉതകുന്ന ഒരു ഉപകരണമായി സൈന്യത്തെ ഉപയോഗിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്.

എന്നാൽ സൈന്യത്തിന്റെ യഥാർത്ഥപ്രശ്നങ്ങൾ അവഗണിക്കപ്പെടുന്നു. ഓഫീസർ‌മാരുടെ വീട്ടുജോലി ചെയ്തുകൊടുക്കേണ്ടിവരുന്ന പട്ടാളക്കാരുടെ അവസ്ഥ ഇതിന്റെ ഒരു ഉദാഹരണമാണ്. 15-16 മണിക്കൂർ തുടർച്ചയായി കാവൽ ജോലി ചെയ്യേണ്ടിവരുന്ന സൈനികനെ നല്ലവണ്ണം പരിപാലിക്കുകയാണ് വേണ്ടത്, പൂജിക്കുകയല്ല.

ഇന്ത്യൻ സൈന്യത്തെ ആധുനികവൽക്കരിക്കുന്നതിലും രാജ്യത്തിന്റെ പ്രതിരോധശക്തിയെ പുഷ്ടിപ്പെടുത്തുന്നതിലും ഗൗരവപരമായ താല്പര്യമുണ്ടെന്ന് സൂചിപ്പിക്കുന്ന ഒന്നുംതന്നെ ഈ സർക്കാർ ഇതുവരെയും ചെയ്തിട്ടില്ല. രാഷ്ട്രീയ മുതലെടുപ്പിനായി സൈന്യത്തിന്റെ 'അഹം' ഭാവത്തെ തടവിക്കൊടുത്താൽ മതിയല്ലോ.


(http://www.thehindu.com/opinion/lead/happymon-jacob-on-the-rise-of-the-garrison-state/article9235788.ece 'ദ ഹിന്ദു' ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ] സംക്ഷിപ്ത പരിഭാഷ –ലേഖകന്റെ അനുമതിയോടെ — പകർപ്പവകാശം ലേഖകന്)



Anonymous user #1

96 months ago
Score 0++

വളരെ പ്രസക്തമായ ലേഖനം. സമയോചിതം.

നിരീക്ഷണങ്ങൾക്കും വിമർശനങ്ങൾക്കും വിധേയമായിരിക്കണം എല്ലാം എന്നതുതന്നെയാണ് ജനാധിപത്യത്തിന്റെ കാതൽ.

സൈന്യത്തിനെ മാത്രമല്ല പോലീസിനേയും അധികൃതരേയും പോലും സംശയിക്കുന്നതോ ചോദ്യം ചെയ്യുന്നതോ നല്ല സ്വഭാവമല്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു പറയുന്നത് കേട്ടില്ലേ? ഭോപ്പാൽ ഏറ്റുമുട്ടൽ കൊലപാതകത്തെക്കുറിച്ചുള്ള ചോദ്യങ്ങളെ അദ്ദേഹം നേരിട്ടത് അങ്ങിനെയാണ്. കഷ്ടമെന്തെന്നാൽ ഈ കൊലപാതകങ്ങളിൽ ഗൂഢമായും പരസ്യമായും ആഹ്ലാദിക്കുന്ന ഒരു വിഭാഗവും ഈ രാജ്യത്ത് ഉദയംചെയ്തിരിക്കുന്നു എന്നതാണ്. അവരെ ആരും തീവ്രവാദികൾ എന്ന് വിളിക്കുന്നില്ലെന്നുമാത്രം.


newindianexpress.com/nation/2016/nov/01/kiren-rijiju-says-habit-of-questioning-authorities-raising-doubts-should-stop-1533921.html

Anonymous user #2

96 months ago
Score 0++

"15-16 മണിക്കൂർ തുടർച്ചയായി കാവൽ ജോലി ചെയ്യേണ്ടിവരുന്ന സൈനികനെ നല്ലവണ്ണം പരിപാലിക്കുകയാണ് വേണ്ടത്, പൂജിക്കുകയല്ല." ഡൽഹിയിലെ വിമുക്തഭടന്റെ ആത്മഹത്യ ഈ പ്രസ്താവത്തിലെ സത്യം ഏറ്റവും ദാരുണമായിവെളിപ്പെടുത്തുന്നു. ഉഷ

തൃശൂർ

Deveswar

96 months ago
Score 0++

എന്നാൽ സൈന്യത്തിന്റെ യഥാർത്ഥപ്രശ്നങ്ങൾ അവഗണിക്കപ്പെടുന്നു. ഓഫീസർ‌മാരുടെ വീട്ടുജോലി ചെയ്തുകൊടുക്കേണ്ടിവരുന്ന പട്ടാളക്കാരുടെ അവസ്ഥ ഇതിന്റെ ഒരു ഉദാഹരണമാണ്. 15-16 മണിക്കൂർ തുടർച്ചയായി കാവൽ ജോലി ചെയ്യേണ്ടിവരുന്ന സൈനികനെ നല്ലവണ്ണം പരിപാലിക്കുകയാണ് വേണ്ടത്, പൂജിക്കുകയല്ല.


വളരെ നല്ല ലേഖനം. കാലിക പ്രസക്തം
Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.