നാല് ലക്ഷം കോടി രൂപയ്ക്ക് അമേരിക്കൻ ആണവോർജ്ജം
ദൈനംദിന പ്രശ്നങ്ങൾ | 20 ജൂൺ 2016 |
---|
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഏറ്റവും അവസാനത്തെ അമേരിക്കൻ സന്ദർശനം വളരെ 'വിലയേറിയതാ'യിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ഇതുവരെ ഏർപ്പെട്ടിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ ഉടമ്പടിയുടെ പ്രാരംഭ ചർച്ചകളും തത്വത്തിൽ ധാരണയും ആയിരിക്കുന്നു. ഇടപാട് നാലുലക്ഷം കോടിയുടേതാണ്. അതിന് ഇന്ത്യയ്ക്ക് ലഭിക്കുന്നതോ, ആറ് ന്യൂക്ലിയാർ റീയാക്റ്ററുകൾ. വെസ്റ്റിങ് ഹൗസ് എന്ന കമ്പനിയുടെ ഏ പി 1000 എന്നറിയപ്പെടുന്ന റീയാക്റ്ററുകളാണ് ഇന്ത്യ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. ഒരു ദശകത്തിലേറെയായി വല്ലാത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിൽ ഉഴലുകയാണ് വെസ്റ്റിങ് ഹൗസ് ഇലട്രിക് കമ്പനി. വ്യത്യസ്തമായ ഡിസൈനുള്ള ഏ പി 1000 റീയാക്റ്ററുകളുടെ പ്രവർത്തനക്ഷമത ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ അനേകം ഓർഡറുകൾ ക്യാൻസൽ ചെയ്യപ്പെട്ടു. അമേരിക്കയിലെ ആഭ്യന്തര ഉപഭോക്താക്കൾക്കു പോലും ഈ കമ്പനിയിൽ വിശ്വാസമില്ല.
ഒരു റീയാക്റ്ററിന് 70,000 കോടി രൂപ വിലവെച്ച് ഒരു മെഗാവാട്ട് വൈദ്യുതി ഉല്പാദനത്തിനുണ്ടാകുന്ന മൂലധനച്ചിലവു മാത്രം 70 കോടി രൂപാ വരും. ഇന്ന് ഇന്ത്യയിലുള്ള ന്യൂക്ലിയാർ റീയാക്റ്ററുകളുടെ ഒരു മെഗാവാട്ട് ഉല്പാദനത്തിന്റെ മൂലധനച്ചിലവ് 10 കോടി മാത്രമാണ്. (കൂടംകുളം ആണവ നിലയത്തിന്റെ ആകെ ചിലവ് 17,270 കോടി രൂപ, ഉത്പാദനം 2000 മെഗാ വാട്ട്, ഒരു യൂണിറ്റിന് വില ₹4.29) അമേരിക്കൻ റീയാക്റ്ററുകൾ ഉല്പാദിപ്പിക്കുന്ന വൈദ്യുതിക്ക് നാം കൊടുക്കേണ്ടിവരുന്ന വിലയോ ഒരു യൂണിറ്റിന് 25 രൂപ. ഇതിനെ താരത്മ്യം ചെയ്യേണ്ടത്, സൗരോർജജത്തിന്റെ വിലയുമായാണ് . യൂണിറ്റിന് അഞ്ചു രൂപ. കഴിഞ്ഞില്ല ഈ പുതിയ ഉടമ്പടിയുടെ ഇന്ത്യാവിരുദ്ധത. ഒരപകടമുണ്ടായാൽ അതിന്റെ ബാധ്യത ഇന്ത്യയ്ക്കു തന്നെ, വെസ്റ്റിങ് ഹൗസ് എന്ന കമ്പനിക്ക് ഭോപ്പാൽ ദുരന്തത്തിൽ ഡൗ കെമിക്കൽസ് എന്നപോലെ ഊരിപ്പോരാം: വെസ്റ്റിങ് ഹൗസിനു മേൽ ഇന്ത്യയിലെ കോടതികൾക്ക് യാതൊരു നീതിന്യായ അധികാരങ്ങളും ഉണ്ടായിരിക്കുന്നതല്ല. (ഇതിലേയ്ക്കു നയിക്കുന്ന ഒരു അന്തർദേശീയ ധാരണ -കൺവെൻഷൻ ഓൺ സപ്ലിമെന്റററി കോമ്പൻസെഷൻ (CSC) - കഴിഞ്ഞ ഫെബ്റുവരിയിൽ ഇന്ത്യ അംഗീകരിച്ചിരുന്നു.
Enable comment auto-refresher