നിശബ്ദത - ബുദ്ധിപരമായ ആത്മഹത്യ

abhiprayavedi.org സംരംഭത്തിൽ നിന്ന്
13:10, 20 ജൂൺ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VijayanPN (സംവാദം | സംഭാവനകൾ)
Jump to navigation Jump to search
ഗോപാൽകൃഷ്ണ ഗാന്ധി അശോക യൂണിവേർസിറ്റിയിൽ ചരിത്രം, രാഷ്ട്രീയം വിഭാഗങ്ങളിൽ പ്രൊഫസർ, മുൻ പശ്ചിമ ബംഗാൾ ഗവർണർ, ഗാന്ധിജിയുടെ ചെറുമകൻ

റയുന്നതേ എഴുതാവൂ’, ഒരു ജ്ഞാനവൃദ്ധൻ എന്നോടൊരിക്കൽ പറഞ്ഞു, ‘ചിന്തിക്കുന്നതേ പറയാവൂ.’ വാചകക്കസർത്തുകളിൽനിന്നും കൃത്രിമത്വത്തിൽനിന്നും എഴുത്തിനെ സം‌രക്ഷിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ആ ഉപദേശം ഭദ്രമായ ഒന്നായിരുന്നു. ഏറ്റവും അർത്ഥസമ്പുഷ്ടമായ വാക്കുമാത്രം, ഏറ്റവും കുറിക്കുകൊള്ളുന്ന മട്ടിൽ മാത്രം ഉപയോഗിക്കുക എന്ന ത്വര കടന്നുകൂടിയാൽ എഴുത്ത് എന്നത് അന്തമില്ലാത്ത ഒരു അഭ്യാസമായി മാറും. പെൻസിൽ കൂർപ്പിച്ചു കൂർപ്പിച്ച് മുനയൊടിച്ചുകളയുന്നതിനേക്കാൾ ഇത്തിരി മൂർച്ച കുറയുന്നതുതന്നെയാണ് ഭേദം.

നമുക്കെല്ലാവർക്കുംതന്നെ ചില എഴുത്തുകാരെ, മറ്റുചില എഴുത്തുകാരെക്കാൾ ഇഷ്ടം തോന്നാറുണ്ട്. അത് അവരുടെ രചനാശൈലി മൂലമോ, രചനയുടെ പ്രമേയം മൂലമോ ആവാം. അരനൂറ്റാണ്ടിലേറെയായി തന്റെ എഴുത്തിലെ സത്യസന്ധതമൂലം പൊതുവേ ആദരിക്കപ്പെട്ടുപോരുന്ന എഴുത്തുകാരനാണ് ജോർജ് ഓർ‌വൽ. അദ്ദേഹത്തിന്റെ എഴുത്ത് ദുർ‌ഗ്രഹമല്ല, പഴഞ്ചനുമല്ല. അദ്ദേഹം തുറന്നടിച്ചു പറയും എന്നുമാത്രമല്ല, ഇതുവരെയാരും പറയാത്ത രീതിയിൽ പറയുകയും ചെയ്യും.

ഏഴുദശാബ്ദങ്ങൾക്കുമുമ്പ്, രണ്ടാം ലോകയുദ്ധത്തിനുശേഷം ബ്രിട്ടനിൽ ഒരു മാസിക ഇറങ്ങി – ‘പോളമിക്’. കഷ്ടിച്ച് മൂന്നുവർഷമേ അതിന് ആയുസ്സ് ഉണ്ടായിരുന്നുള്ളു. ‘തത്വശാസ്ത്രത്തിന്റെയും മനശാസ്ത്രത്തിന്റെയും സൗന്ദര്യശാസ്ത്രത്തിന്റെയും’ പ്രസിദ്ധീകരണം എന്നാണ് അത് സ്വയം വിശേഷിപ്പിച്ചിരുന്നത്. സ്പെയിനിലെ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള മുൻ കമ്യൂണിസ്റ്റ് ഹംഫ്രി ഹ്യൂ സ്ലേറ്റർ ആയിരുന്നു അതിന്റെ സ്ഥാപകൻ. എല്ലാത്തരത്തിലുള്ള സമഗ്രാധിപത്യത്തിനും എതിരായിരുന്നു ‘പോളമിക്’.

ജോർജ് ഓർ‌വൽ അതിൽ എഴുതാറുണ്ടായിരുന്നു. അദ്ദേഹത്തെക്കൂടാതെ വിഗ്രഹഭഞ്ജകനായ ബെർട്രാൻഡ് റസ്സൽ (‘ആധുനിക ലോകത്തിലെ പ്രശ്നം എന്തെന്നാൽ, വിവേകശൂന്യർക്ക് എല്ലാത്തിനെപ്പറ്റിയും ഉറപ്പാണ്, അമിതമായ ആത്മവിശ്വാസമാണ്, അതേസമയം ബുദ്ധിയുള്ളവർക്ക് എല്ലാത്തിനെപ്പറ്റിയും സംശയമാണ്’), പ്രസിദ്ധ അമേരിക്കൻ സാഹിത്യകാരൻ ഹെൻ‌റി മില്ലർ (‘എനിക്ക് ഏകാന്തതയാണ് ആവശ്യം. എന്റെ നാണക്കേടും എന്റെ നൈരാശ്യവും ഏകനായിരുന്ന് മനനം ചെയ്യണം’), തത്ത്വചിന്തകനായ എ.ജെ ആയെർ (‘ഒരാൾ ഒരു ജോടി ഷൂ വാങ്ങുമ്പോൾ അയാൾ മൂന്നു സാധനങ്ങളാണ് വാങ്ങുന്നത്: ഇടതു ഷൂ, വലതു ഷൂ, ഒരുജോടി ഷൂ’), ബ്രിട്ടീഷ് കവി സ്റ്റീഫൻ സ്പെൻഡർ (‘തനിക്കു കഴിയുന്നതിലും അപ്പുറം പോകാൻ കഠിനപ്രയത്നം ചെയ്യുന്നവർക്കേ മഹത്തായ കവിത എഴുതാൻ കഴിയൂ’), വെൽഷ് കവി ഡിലാൻ തോമസ് (‘ആ അന്ത്യരാത്രിയിലേയ്ക്ക് സൗമ്യമായി പോകരുത്’), ചരിത്രകാരൻ ഹ്യൂ ട്രെവർ റോപ്പർ (‘പുതിയ ഉത്തരങ്ങൾ നൽകുക എന്നതല്ല ഒരു പ്രതിഭാശാലിയുടെ കടമ, മറിച്ച് കാലത്തിനും സാധാരണക്കാർക്കും പരിഹരിക്കാവുന്ന പ്രശ്നങ്ങൾ ഉന്നയിക്കുക എന്നതാണ്’), വിവാദചിന്തകനായ സി. ഇ. എം ജോഡ് (‘പഴകുമ്പോൾ ചിലർ വിനാഗിരിയായി മാറും, പക്ഷേ ശ്രേഷ്ഠന്മാർ പ്രായത്തിനൊപ്പം ഉന്നമനം പ്രാപിക്കുന്നു’) എന്നിവരും അതിൽ എഴുതിയിരുന്നു.

പോളമിക്കിൽ ഓർ‌വൽ എഴുതിയ അഞ്ചു ലേഖനങ്ങളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് ‘സാഹിത്യത്തെ തടയൽ’ ആണ്. അതിന്റെ ശീർഷകം എന്തു പറയുന്നുവോ അതുതന്നെയാണ് ആ ലേഖനം —ബൗദ്ധികസ്വാതന്ത്ര്യത്തിന്റെ ശത്രുക്കളെപ്പറ്റി. അന്നത്തെ ഇംഗ്ലണ്ടിൽ ചിന്താസ്വാതന്ത്ര്യത്തിന് ഭീഷണിയായി അദ്ദേഹം കണ്ടത് പത്രമാധ്യമങ്ങൾ വളരെ കുറച്ചുപേരുടെ കൈപ്പിടിയിൽ ഒതുങ്ങിയതും റേഡിയോയുടെമേലുള്ള കുത്തകയും ശക്തമായ ബ്യൂറോക്രസിയും മാത്രമല്ല, പുസ്തകങ്ങൾ വാങ്ങുന്നതിൽ പൊതുജനങ്ങൾ പ്രദർശിപ്പിച്ച മടിയും ഉണ്ടായിരുന്നു എന്നത് കൗതുകമുണർത്തുന്നു. ഈ ഭീഷണിയെ അദ്ദേഹം വിവരിച്ചത് ‘സമൂഹത്തിന്റെ ഒഴുക്കിനൊത്തുള്ള പൊതുനിലപാട്’ എന്നാണ്. അദ്ദേഹം എഴുതുന്നു, ‘നമ്മുടെ കാലഘട്ടത്തിൽ ബൗദ്ധിക സ്വാതന്ത്ര്യം എന്ന ആശയം രണ്ടുദിശകളിൽനിന്ന് ആക്രമണം നേരിടുന്നു. ഒരു ദിശയിൽ ആശയപരമായ ശത്രുക്കളാണ് സമഗ്രാധിപത്യത്തിന്റെ വക്താക്കൾ. മറുവശത്ത് പ്രായോഗിക ശത്രുക്കളാണ് – കുത്തകകളും ബ്യൂറോക്രസിയും. തന്റെ സത്യസന്ധതയും ആത്മാർഥതയും നിലനിർത്താൻ ശ്രമിക്കുന്ന എഴുത്തുകാരും പത്രപ്രവർത്തകരും അഭിമുഖീകരിക്കുന്ന പ്രധാന ഭീഷണി അടിച്ചമർത്തലിനേക്കാൾ സമൂഹത്തിന്റെ ഒഴുക്കിനൊത്തുള്ള ഈ പൊതുനിലപാടാണ്.’

ഏഴു ദശകങ്ങൾക്കിപ്പുറം ഒരു മാറ്റൊലി

ഓർ‌വലിന്റെ 1946ലെ ആ ലേഖനം ഒരു മുന്നറിയിപ്പെന്ന നിലയിൽ നമുക്കിന്ന് അസ്വസ്ഥകരമാം വിധം പ്രധാനമാണ്. അത് എന്തുകൊണ്ടെന്നറിയാൻ, അടുത്തയിടെ പുറത്തിറങ്ങിയ, പെൻ‌ഗ്വിൻ – വൈക്കിങ് പ്രസിദ്ധീകരിച്ച ‘വേഡ്സ് മാറ്റർ: റൈറ്റിങ്സ് എഗൻസ്റ്റ് സൈലൻസ്’ എന്ന പുസ്തകം ഒന്നു മറിച്ചുനോക്കിയാൽ മതി. കെ സച്ചിദാനന്ദൻ എഡിറ്റുചെയ്ത ഈ പുസ്തകത്തിൽ നയൻ‌താരാ സൈഗൾ, റോമിളാ താപ്പർ, ഗോപാൽ ഗുരു, ഗീതാ ഹരിഹരൻ, ഏ ആർ വെങ്കിടചലപതി, അനന്യാ വാജ്‌പേയ്, തുടങ്ങിയവർ എഴുതിയിരിക്കുന്നു. കൂടാതെ കൊല്ലപ്പെട്ട സ്വതന്ത്രചിന്തകരായ നരേന്ദ്ര ദാഭോൽക്കർ, ഗോവിന്ദ് പൻ‌സാരെ, മല്ലേശപ്പാ കാൾ‌ബുർഗി എന്നിവരുടെ കൃതികളിൽനിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ‘പോളമിക്കി’ന്റെ ഒരു സമകാലീന ഇന്ത്യൻ അവതാരമാണ് ഈ പുസ്തകം.

ചിത്രത്തിന് കടപ്പാട് - മാതൃഭൂമി

എഴുത്തുകാരുടെ സ്വാതന്ത്ര്യം എന്നത് ഇന്നത്തെ ഇന്ത്യൻ ഭരണാധികാരികളുടെ മുൻ‌ഗണനയിൽ പെടുന്നില്ല. സ്വതന്ത്ര ചിന്തയും അതിന്റെ പ്രകാശനവും അവരുടെ ലിസ്റ്റിൽ വളരെത്താഴെയാണ് ഇടം പിടിക്കുന്നത്. എന്നാൽ സ്വതന്ത്രചിന്തയെ പ്രതിരോധിക്കുന്നവരെ സം‌ബന്ധിച്ചിടത്തോളം അതേപോലെതന്നെ അസ്വസ്ഥജനകമാണ് ഇന്നത്തെ നമ്മുടെ സമൂഹത്തിന്റെ പൊതുനിലപാടും. രണ്ടിലൊന്ന് തിരഞ്ഞെടുക്കുക എന്ന ഒരു വിഷമസന്ധിയിലാണ് ഇന്ന് ഇന്ത്യയിലെ ബുദ്ധിജീവികൾ . ബുദ്ധിപരമായ കൊലപാതകത്തിലേയ്ക്ക് നയിക്കാവുന്ന സ്വതന്ത്ര പ്രകാശനം, അല്ലെങ്കിൽ ബുദ്ധിപരമായ ആത്മഹത്യയിൽ അവസാനിക്കുന്ന നിശബ്ദത. ആരാണ് ഇതാവശ്യപ്പെടുന്നത്? ഭരണകൂടം? ഭരണകൂടം നേരിട്ട് എന്തായാലും ഇതാവശ്യപ്പെടുന്നില്ല. അതിനേയാണ് ഓർ‌വൽ ‘സമൂഹത്തിന്റെ, ഒഴുക്കിനൊത്തുള്ള പൊതുനിലപാടെ’ന്ന് വിളിച്ചത്.

‘പത്രപ്രവർത്തകൻ അസ്വതന്ത്രനാണ്,’ ഓർ‌വൽ എഴുതി. ‘നുണകളെഴുതാൻ നിർ‌ബന്ധിതനാവുമ്പോഴും പ്രാധാന്യമർ‌ഹിക്കുന്നതെന്ന് അയാൾക്കുതോന്നുന്ന വാർത്തകൾ മൂടിവയ്ക്കേണ്ടിവരുമ്പോഴും അയാൾ ആ അസ്വാതന്ത്ര്യത്തെക്കുറിച്ച് ബോധവനാണ്. ആത്മനിഷ്ഠമായ അവബോധത്തെ തെറ്റായി അവതരിപ്പിക്കേണ്ടിവരുമ്പോൾ ഭാവനാശാലിയായ എഴുത്തുകാരൻ അസ്വതന്ത്രനാണ്…’

ഇത് ഇന്നത്തെ ഇന്ത്യക്കും ബാധകമാണ് എന്നത് നമ്മെ അമ്പരപ്പിക്കുന്ന ഒരു സത്യമാണ്. ഇന്നത്തെ ഭരണകക്ഷിയെ അധികാരത്തിലേറ്റിയ വോട്ടവകാശമുള്ള മുപ്പതു ശതമാനം, അന്ധമായ പൊരുത്തപ്പെടലിന്റേയും വീരാരാധനയുടേയും ഏറ്റവും സങ്കുചിതമായ ദേശീയതയുടേയും നിലപാടിനെ പ്രതിഫലിപ്പിക്കുന്നു.

അടിച്ചേല്പിക്കലിലൂടെയല്ല എല്ലായ്പോഴും സമഗ്രാധിപത്യം വിളയാടുന്നത്. സൂചനകൊണ്ടും തനിപ്പകർപ്പുണ്ടാക്കൽ കൊണ്ടും നുഴഞ്ഞുകടത്തപ്പെടുകയാണ്. ഇന്ത്യയിൽ ഒരു രാഷ്ട്രീയ സ്വേച്ഛാധിപത്യം നിലവിലില്ല. എന്നാൽ ഒരു മതാനുസാരമായ രാഷ്ട്രീയം നമ്മുടെ ദേശീയജീവിതത്തിലേയ്ക്ക് നുഴഞ്ഞുകയറിയിട്ടുണ്ട്. ആ രാഷ്ട്രീയ യാഥാസ്ഥിതികത്വം പരമോന്നതഭരണാധികാരിക്കുമുമ്പിൽ മുട്ടുകുത്തുന്നു, ഹിന്ദുക്കളെ ശുദ്ധ ആര്യൻ പിന്തുടർച്ചയായ ഉടമവം‌ശമായി കാണുന്നു, ഒരു ‘സൂപ്പർ പവർ’ ആവുക എന്നത് ഈ ഭരണസ‌ംവിധാനത്തിന്റെ ലക്ഷ്യമായിക്കാണുന്നു. ഗർ‌വ്‌ ഭയത്തിന്റെ മച്ചമ്പിയാണ്. ഭയം ഭരണകൂടം വിളംബരം ചെയ്ത് ജനിപ്പിക്കേണ്ട കാര്യമില്ല. പൊതുജീവിതത്തിലേയ്ക്ക് ഭയത്തെ ഒഴുക്കിവിട്ടാൽ മതി.

സ്വയം അവരോധിക്കുന്ന നിശബ്ദത

കലാപരമായ പ്രകാശനങ്ങൾക്കുമേൽ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തണമെന്നില്ല. സ്വയം അവരോധിക്കുന്ന ജാഗ്രതാ സംഘങ്ങൾ അവയെ മുഠാളത്തം ഉപയോഗിച്ച് നിശ്ശബ്ദരാക്കിക്കൊള്ളും. ഭിന്നാഭിപ്രായത്തെ നിരോധിക്കേണ്ട കാര്യമില്ല, കൂറ്റൻ പ്രകടനങ്ങളും ഹിപ്നോട്ടൈസ് ചെയ്യുന്ന പ്രസംഗങ്ങളും എതിർക്കാനുണ്ടെങ്കിൽ. സെലിബററ്റി താരങ്ങൾ പങ്കെടുക്കുന്ന വൻ 'സംഭവങ്ങൾ’ വഴി സാധാരണക്കാരെ മെസ്മറൈസ് ചെയ്യാം. പ്രീണനവും കടും വെട്ടും മാറിമാറി പ്രയോഗിച്ച് ബുദ്ധിജീവികളെ ഒതുക്കാം. ഉന്നതാധികാര കേന്ദ്രങ്ങൾ ഹിറ്റ്‌ലറെ അനുകരിക്കേണ്ട കാര്യമില്ല. 'റീച്ചിന്റെ’ (ഹിറ്റ്‌ലറുടെ ഭരണകൂടത്തിന്റെ) രസതന്ത്രം പ്രവർത്തനക്ഷമമാവാൻ അനുവദിച്ചാൽ മാത്രം മതി. സ്വയം നിയന്ത്രണവും സ്വയം സെൻസർഷിപ്പും സ്വതവേ രൂപമെടുത്തോളും. കുത്തകകളും ബ്യൂറോക്രസിയും (ഇതിൽ ടെക്ക്‌നോക്രാറ്റ്സും ശാസ്ത്രജ്ഞന്മാരും, നയതന്ത്രപ്രതിനിധികളും സാമ്പത്തിക വിദഗ്ദ്ധരും പെടും) ‘വേണ്ടതു’ ചെയ്യാനായി പരിപൂർണസന്നദ്ധരായി ഉണ്ടാവും.

റിസർ‌വ് ബാങ്കിന്റെ ഗവർണർ രഘുറാം രാജൻ, ധിഷണാശാലിയായ, ശക്തനായ ഒരു വ്യക്തിയാണ്. രാജ്യത്തിന്റെ സെൻ‌ട്രൽ ബാങ്കിന് മാറ്റങ്ങളെ ഉൾകൊള്ളാൻ കഴിയുന്ന ഒരു മസ്തിഷ്ക്കമാണ് വേണ്ടത്, രൂപയുടെ മൂല്യ ഗതിവിഗതികളെ കാത്തുസൂക്ഷിക്കാനുള്ള ഒരു റോബോട്ടിനെയല്ല. തന്റെ നേരെ നിരന്തരമായി ഉണ്ടാവുന്ന വിമർശനങ്ങളെ അദ്ദേഹം നിസ്സാരമാക്കി തള്ളിക്കളയുന്നുണ്ടെങ്കിലും ഇൻഡ്യൻ ബുദ്ധിജീവികളിലേറെയും വല്യേട്ടന്മാരെ പ്രതിരോധിക്കാതെ സ്വയം അവരോധിച്ച സെൻസറിങ്ങിന്റെ നിശ്ശബ്ദതയിൽ മരുവുകയാണ്. ‘പോളമിക്’ലെ ഒരു ലേഖനത്തിൽ ഓർവെൽ എഴുതി : ‘വാർത്തെടുത്ത കഷണങ്ങൾകൊണ്ട് കുട്ടികൾ രൂപങ്ങളുണ്ടാക്കി കളിക്കുന്നതുപോലെ നമ്മുടെ കാലത്തെ രാഷ്ട്രീയ ലിഖിതങ്ങൾ മുൻപേ തയ്യാറാക്കിയ പദങ്ങളുടെയും ശൈലികളുടെയും വിളക്കിച്ചേർക്കൽ മാത്രമാണ്. നിരോധനം സ്വയം ഏർപ്പെടുത്തുന്നതിന്റെ സ്വാഭാവിക ഫലമാണിത്. ഭയമില്ലാതെ ചിന്തിക്കുന്നവർക്കേ വ്യക്തമായും ശക്തമായും എഴുതുവാൻ കഴിയൂ. ഭയമില്ലാതെ ചിന്തിക്കുന്നവൻ യാഥാസ്ഥിതിക രാഷ്ട്രീയക്കാരനാവില്ല.’

ധിഷണാസ്വാതന്ത്ര്യത്തിന്റെ രക്ഷിതാക്കൾ ഭരണകൂടത്തിന്റെ നിഷ്ഠുരവാഴ്ചയ്ക്കെതിരെ ഉരുക്കുകോട്ടയായി നിൽക്കണം. ചിന്തിക്കുന്നത് എഴുതാനും ചിന്തിക്കുന്നത് പറയാനും നമുക്ക് കഴിയാതിരിക്കുന്നത് മുതലെടുക്കുന്ന രാഷ്ട്രീയ യാഥാസ്ഥിതികത്വത്തിന്റെ നിഷ്ഠുരവാഴ്ചയെ വെറുതെ വിട്ടുകൂടാ. ‘പോളമിക്’ന്റെ ശക്തിയും ശൈലിയും അതിന് ഉണ്ടാകണം.
വാക്കുകൾ നിർണായകമാണ് - അന്തിമ വിശകലനത്തിൽ വാക്കുകൾക്ക് ഗണനീയമായ സ്ഥാനമുണ്ട്.


('ദ ഹിന്ദു' ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ –ലേഖകന്റെ അനുമതിയോടെ — പകർപ്പവകാശം ലേഖകന്)



Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.