‘WAITING’ - മരണത്തിനുവേണ്ടിയുള്ള കാത്തിരിപ്പ്?
ചലച്ചിത്ര നിരൂപണം | —സിനി ക്രിട്ടിക് |
---|
കൊച്ചി നഗരത്തിലെ ഒരു പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രി. യുവതിയും സുന്ദരിയുമായ താര (കൽക്കി കിക്ലാൻ) മുംബയിയിൽനിന്ന് അവിടേയ്ക്ക് പറന്നെത്തുന്നു. അവളുടെ ഭർത്താവ് രജത് ആ ആശുപത്രിയിൽ ഐ സി യു വിൽ അബോധാവസ്ഥയിൽ . ആക്സിഡന്റ്. തലച്ചോറിനു ക്ഷതം. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ. എന്നാൽ ശസ്ത്രക്രിയക്കുശേഷം രജത് ഒരു ജീവച്ഛവമാവില്ല എന്ന് ഉറപ്പുകൊടുക്കാൻ ഡോക്ടർ തയാറല്ല. തന്റെ ഭർത്താവ് കേവലമൊരു 'സസ്യമായി' ജീവിക്കുന്നത് ആലോചിക്കാൻ പോലും കഴിയുന്നില്ല താരയ്ക്ക്.
അതേ ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിയുന്നു പങ്കജ, ഫിലോസഫി പ്രൊഫസ്സറായിരുന്ന ശിവ് നടരാജിന്റെ (നസീറുദ്ദീൻ ഷാ) ഭാര്യ. എട്ടുമാസമായി അവർ വെന്റിലേറ്ററിലാണ്. വെന്റിലേറ്റർ മാറ്റിയാൽ ഉടൻ മരണം. ഇനിയും ഈ സ്ഥിതി തുടർന്നിട്ടു കാര്യമില്ലെന്ന് ഡോക്ടർ. അങ്ങനെയല്ല, തന്റെ ഭാര്യ ഒരുദിവസം ഉണർന്നെഴുനേൽക്കും എന്ന ഉറച്ച വിശ്വാസമാണ് ശിവ് നടരാജിന്. തന്റെ പക്കലുള്ള പണം അവസാനിക്കുകയാണെന്നും താൻ കടത്തിൽ മുങ്ങിയിരിക്കുകയാണെന്നും അറിഞ്ഞതുകൊണ്ടാണ് ആശുപത്രി അധികൃതർ വെന്റിലേറ്റർ മാറ്റാൻ നിർബന്ധം പിടിക്കുന്നതെന്ന് ശിവ് കരുതുന്നു.
സംവിധാനം | അനു മേനോൻ |
അഭിനേതാക്കൾ | നസീറുദ്ദീൻ ഷാ, നസീറുദ്ദീൻ ഷാ |
കാമറ | നേഹ പാർതി മതിയാനി |
എഡിറ്റിങ് | നിതിൻ ബെയ്ദ്, അപൂർവ അസ്രാനി |
സംഗീതം | മിക്കി മക്ലാരി |
നിർമാണം | പ്രീതി ഗുപ്ത & മനീഷ് മുണ്ട്ര |
താരയും ശിവും തമ്മിലുണ്ടാവുന്ന സൗഹൃദബന്ധവും അവരുടെ കാത്തിരിപ്പുമാണ് നൂറുമിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള ഈ സുന്ദര ചിത്രം. മനുഷ്യജീവിതത്തിലെ പല പ്രഹേളികകളും ചർച്ചചെയ്യപ്പെടുന്നു ഈ കാത്തിരിപ്പിനിടയിൽ. ശസ്ത്രക്രിയ വേണമെന്നോ വേണ്ടെന്നോ വയ്ക്കാൻ ആർക്കാണ് അവകാശം? രജത്തിന്, ഡോക്ടർക്ക്, അതോ താരയ്ക്കോ? വെന്റിലേറ്ററിൽനിന്ന് മാറ്റണമെന്നു പറയാൻ ആർക്കാണ് അധികാരം? പങ്കജയ്ക്ക്, ഡോക്ടർക്ക്, ശിവ നടരാജിന് ?
ആഖ്യാനത്തിൽ പ്രശംസനീയമായ മിതത്വം പാലിക്കുന്ന സംവിധായക അനു മേനോന്റെ രണ്ടാമത്തെ ഫീച്ചർ ഫിലിമാണ് 'വെയിറ്റിങ്.' (2012 ൽ ഇറങ്ങിയ 'ലണ്ടൻ പാരീസ് ന്യൂയോർക്ക് ' ആയിരുന്നു ആദ്യത്തേത്). ഹിന്ദിയും ഇടയ്ക്കിടയ്ക്ക് ഇത്തിരി മലയാളവും കൂടിക്കലരുന്ന ഡയലോഗുകളുള്ള ഈ ഇംഗ്ലീഷ് ചിത്രത്തിൽ തുടക്കം മുതൽ ഒടുക്കം വരെയും കൊച്ചി പശ്ചാത്തലമായി നിൽക്കുന്നു. അതിവൈകാരികതയിലൂടെ അമിതാഭിനയത്തിലേയ്ക്കു വഴുതി വീഴാൻ സകല സാദ്ധ്യതകളുമുണ്ടായിരുന്ന താരയുടേയും ശിവ് നടരാജിന്റേയും വേഷങ്ങൾ ഒരു തുള്ളിപോലും കവിഞ്ഞുപോകാതെ ഗംഭീരമാക്കിയിട്ടുണ്ട് കൽക്കിയും നസീർ ഭായിയും.
Enable comment auto-refresher