സക്കറിയയുടെ കഥ — ‘റാണി’
മലയാളത്തിലെ 'മാസ്റ്റർ സ്റ്റോറി ടെല്ലർ' ആണ് സക്കറിയ. പതിറ്റാണ്ടുകളായി തന്റെ വടിവൊത്ത, മികവുറ്റ ചെറുകഥകളുമായി മലയാളം വായനക്കാരെ രസിപ്പിക്കുന്നു. എന്നാൽ കുറേക്കാലമായി കഥാരംഗത്ത് അദ്ദേഹം നിശബ്ദനായിരുന്നു. അതുകൊണ്ട് മേയ് 22 ന് ഇറങ്ങിയ മാതൃഭൂമി വാരികയുടെ പുറം താൾ കണ്ടപ്പോൾത്ത്ന്നെ സന്തോഷം തോന്നി. ചിന്താവിഷ്ടനായ സക്കറിയയുടെ ചിത്രം. ഒപ്പം തന്നെ 'സക്കറിയയുടെ കഥ റാണി' എന്ന് വെണ്ടയ്ക്കയിൽ നിരത്തിയിരിക്കുന്നു.
പത്താം പേജിലാണ് കഥ. പത്താം പേജും പതിനൊന്നാം പേജും ഷെരീഫിന്റെ ചിത്രത്തിനായി നീക്കിവച്ചിരിക്കുന്നു. കൂറ്റൻ ദൈനോസറിനുമുന്നിൽ നിൽക്കുന്ന അശുവായ മനുഷ്യൻ. ഉദ്വേഗം വർദ്ധിക്കുന്നു.
എന്നാൽ അടുത്ത പേജിൽ കഥയാരംഭിക്കുന്നതോടെ പ്രതീക്ഷകൾക്കു മങ്ങലേൽക്കുന്നു. ഒരു കാലത്ത് ആനുകാലികങ്ങളിൽ നിറഞ്ഞാടിയിരുന്ന ലൈംഗികത കലർന്ന പൈങ്കിളിയാണല്ലോ ഇത് എന്ന തോന്നൽ വരുന്നു. കടിഞ്ഞൂൽ പ്രസവം കഴിഞ്ഞപ്പോൾ മുതൽ റാണിക്കു നടുവേദന. പ്രശസ്തവൈദ്യൻ വീട്ടിൽ വന്ന് തൈലം പുരട്ടി തിരുമ്മി ചികിത്സിക്കുന്നു. ഏതാണ്ട് പൂർണനഗ്നയായി റാണി കയറ്റുകട്ടിലിൽ. “കൂവളത്തില തികയില്ലല്ലോ, അടുത്തെവിടെയെങ്കിലും കൂവളമുണ്ടോ?” വൈദ്യൻ.
‘അടുത്തെവിടെയെങ്കിലും മുറുക്കാൻ കടയുണ്ടോ, നീ പോയി ഒരു പായ്ക്കറ്റ് സിഗററ്റ് വാങ്ങിക്കൊണ്ടുവാ’ വീട്ടിലുള്ള സുന്ദരിയുമായി രമിക്കാൻ കട്ടുറുമ്പായുള്ളവനെ പുറത്തേയ്ക്കു പറഞ്ഞുവിടുന്ന ഈ ടെക്നിക് എത്രകാലം നാം മലയാള സിനിമയിൽ കണ്ടിരുന്നു. ഇവിടെ സിഗററ്റിനു പകരം കൂവളത്തില. (മാന്യത കുറയ്ക്കേണ്ട).
കാടുപിടിച്ച പറമ്പിൽ നിന്ന് കൂവളത്തിലയൊടിച്ച് ഒന്നു വിശ്രമിച്ചപ്പോൾ ഷാജി മയങ്ങിപ്പോയി. അബോധമനസ്സിലെ ബിംബങ്ങളൊക്കെ –ദൈനോസർ മുതൽ ഹിരോഷിമാ വഴി ഇന്ദിരാഗാന്ധിയുടെ വധം വരെ – അവന്റെ സ്വപ്നത്തിൽ.
ഉറക്കമുണർന്ന് പാഞ്ഞ് വീട്ടിലെത്തുമ്പോൾ ചികിത്സ കഴിഞ്ഞ് വൈദ്യൻ പോയിരിക്കുന്നു. റാണി കുളിച്ച് മുടി വിടർത്തിയിട്ട് ഭംഗിയുള്ള സാരിയണിഞ്ഞ് പുഞ്ചിരിച്ചുകൊണ്ടു നിൽക്കുന്നു. “ഇപ്പോൾ നിന്റെ വേദന എങ്ങനെയുണ്ട്?”
റാണിയുടെ കണ്ണുകളിൽ മധുരമായ ഒരാലസ്യം നിറഞ്ഞു. അവൾ മുടി പകുത്ത് ഒരു വശത്തെ മാറിലേക്കിട്ടുകൊണ്ട് പറഞ്ഞു, “ഓ, അത് പമ്പ കടന്നു.”
ഇതിനായി മാതൃഭൂമി നീക്കിവച്ചിരിക്കുന്നത് പുറം താൾ ഉൾപ്പടെ ഏഴു താൾ. യാതൊരു കഴമ്പുമില്ലാത്ത ഈ പ്രമേയത്തിൽ സ്വപ്ന ദർശനമായി മനഃപൂർവം കുത്തിനിറച്ചിരിക്കുന്നു, കുറേ ‘ആർക്കിടൈപ്പൽ ഓർമ്മകൾ’ . അതിനുവേണ്ടി വിനിയോഗിച്ച രണ്ടു ഖണ്ഡികകൾ മാറ്റി നോക്കൂ, കൃതൃമ ഗൗരവം നഷ്ടപ്പെട്ട് കഥ തനി പൈങ്കിളിയാവുന്നു. ദൈനോസ്സറും, ദ്വാരകയും, മുഹമ്മദും മദീനയും ഹിറ്റ്‌ലറും മുസ്സോളിനിയും സ്റ്റാലിനും ഗാന്ധിയും ഗോഡ്‌സേയും മാവോയും തമോഗർത്തങ്ങളുമൊക്കെ നിറഞ്ഞുനിൽക്കുന്ന ആ രണ്ടു ഖണ്ഡികകൾ ഷെരീഫിനു പടം വരയ്ക്കാൻ മാത്രം ഉതകും.
അതീവ സങ്കടത്തോടെ പറയട്ടെ, ‘സ്യൂഡോ ബുദ്ധിജീവി’ എന്ന വിശേഷണത്തിന് അർഹനാക്കുന്നു ശ്രീമൻ സക്കറിയയെ, ഈ കഥ.