Test
രാഷ്ട്രീയം | — വിദ്യ സുബ്രഹ്മണ്യം | 18 മാർച് 2019 |
---|
ഉള്ളടക്കം
അതിർത്തി കാക്കുന്ന ജവാൻ
വിദ്യ സുബ്രഹ്മണ്യം
അപ്പോൾ ഗെയ്മും സെറ്റും മാച്ചും നരേന്ദ്ര മോഡിക്ക്? പൊതു തെരഞ്ഞെടുപ്പിന് ഇനിയും രണ്ടുമാസമുണ്ടായിട്ടും ഓഹരി വിപണിയിലായാലും, സാട്ടാക്കച്ചവടത്തിലായാലും, തെരുവു ചർച്ചകളിലായാലും തെരഞ്ഞെടുപ്പു വിദഗ്ദ്ധരുടെ ചർച്ചകളിലായാലും എല്ലാം കഴിഞ്ഞു എന്ന പ്രതീതിയാണ് സംജാതമായിരിക്കുന്നത്. ബി ജെ പിക്ക് തനിച്ചാണോ കൂട്ടുകക്ഷികളുമായി ചേർന്നാണോ ഭൂരിപക്ഷം ലഭിക്കാൻ പോകുന്നത് എന്നതുമാത്രം കണ്ടറിഞ്ഞാൽ മതി.
ഒരു മാസം വരുത്തുന്ന വ്യത്യാസം
ഒരു മാസം മുമ്പ് ഇങ്ങനെയായിരുന്നില്ല. മിസ്റ്റർ മോഡിക്ക് ഒരു വട്ടം കൂടി എന്നത് തീരുമാനിക്കപ്പെട്ടുകഴിഞ്ഞ ഒന്നായിരുന്നില്ല.'എപ്പോഴും ഒരു പടി മുമ്പിൽ' എന്ന മോഡി- അമിത് ഷാ കൂട്ടുകെട്ടിന്റെ രണനീതിയെ വെല്ലാൻ പ്രതിപക്ഷപ്പാർട്ടികൾക്ക് കഴിയുന്നു എന്നാണ് വിവിധ സംസ്ഥാനങ്ങളിൽ അവർ സുഗമമായി എത്തിച്ചേർന്നുകൊണ്ടിരുന്ന സഖ്യങ്ങളിലൂടെ വ്യക്തമായിക്കൊണ്ടിരുന്നത് .
അപ്പോഴാണ് പുൽവാമാ സംഭവവും ബാലാകോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പിനുനേരെ ഇന്ത്യയുടെ ബോംബാക്രമണവും ഇന്ത്യൻ വ്യോമസേനയുടെ വൈമാനികനെ തടവുകാരനാക്കുകയും മോചിപ്പിക്കലും ഉണ്ടാവുന്നത്. പുൽവാമായ്ക്കു ശേഷമുള്ള നാളുകളിൽ തിരക്കഥ മാറിമറിഞ്ഞെങ്കിലും അത് അവസാനിച്ചപ്പോൾ ഇന്ത്യക്ക് രണ്ടു വീരനായകന്മാരുണ്ടായി. ഒന്ന്, യുദ്ധമുറവിളിയുടെ അകമ്പടിയോടെ നാട്ടിൽ തിരിച്ചെത്തിയ വിംങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ, രണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി. ടെലിവിഷൻ മാധ്യമപ്രവർത്തകർ ഉൾപ്പടെയുള്ള അദ്ദേഹത്തിന്റെ സ്തുതിപാഠക അനുയായി വൃന്ദത്തിന്റെ കാഴ്ചപ്പാടിൽ 'അചിന്ത്യവും' 'അസാധ്യവുമായ' ഒന്നായിരുന്നു, പാക്കിസ്ഥാനിലേയ്ക്ക് വായുമാർഗ്ഗം കടന്നുചെന്ന് ബോംബ് വർഷിച്ചത്. ഈ കഥാകഥനമനുസരിച്ച് 1971ൽ ആണ് അവസാനമായി പാകിസ്ഥാൻ അതിർത്തി ലംഘിച്ച് ആക്രമണം സംഘടിപ്പിക്കുന്നത്. അതിനുശേഷം അധികാരത്തിൽ വന്ന ചങ്കുറപ്പില്ലാത്ത ഇന്ത്യൻ പ്രധാനമന്ത്രിമാർ പാകിസ്ഥാൻ ഭീകരവാദികൾക്ക് വിഘ്നങ്ങളോ ചെറുത്തുനില്പുകളോ ഇല്ലാത്ത അവസരങ്ങൾ പ്രദാനം ചെയ്യുകയാണുണ്ടായത്. ഒരു റ്റിവി അവതാരകൻ ഉദ്ഘോഷിച്ചു, നെഞ്ചുറപ്പുള്ള 'ഒരു പുരുഷന്റെ' സാന്നിദ്ധ്യമേ വേണ്ടിവന്നുള്ളു, പാക്കിസ്ഥാന് തങ്ങൾ യഥാർഥത്തിൽ എവിടെനിൽക്കുന്നു എന്നു മനസ്സിലാക്കിക്കൊടുക്കാൻ.
തങ്ങളുടെ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ സർക്കാർ ഒരു മുദ്രാവാക്യം സ്വരുക്കൂട്ടിയെടുത്തത് കൃത്യസമയത്തായിരുന്നു: :നാ മുംകിൻ അബ് മുംകിൻ ഹൈ" (അസാധ്യമായത് സാധ്യമാണിന്ന്). ആരാധനമൂത്ത മോഡിയുടെ പാർട്ടിക്കാർ അതിനെ "മോഡി ഹൈ തോ മുംകിൻ ഹൈ" ( 'മോഡിയുണ്ടെങ്കിൽ അതു സാധ്യമാണ്') എന്നാക്കിമാറ്റി. ഇത് പരസ്യപ്പലകകളിലും മോഡി ആരാധകരുടെ സോഷ്യൽ മീഡിയായിലും വൻ സാന്നിധ്യമായത് ആരെയും അദ്ഭുതപ്പെടുത്തിയില്ല. അവരിൽ ചിലർ ട്വിട്ടറിൽ ആക്രോശിച്ചു: 'യുദ്ധം വേണം'. 2018 നവംബറിൽ ചില സംസ്ഥാനങ്ങളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പിൽ ബി ജെ പി യ്ക്ക് ഏറ്റ പരാജയത്തിനുശേഷം കേൾക്കാതിരുന്ന '56 ഇഞ്ച്' വിജയഭേരിയോടെ മടങ്ങി വന്നു. ബി ജെ പി യും പ്രധാനമന്ത്രിയും ചേർന്ന് സായുധസേനയും ഭരണാധികാരികൾക്കും ഇടയിലുള്ള വിഭജനരേഖ മായ്ക്കാൻ ശ്രമിച്ചു.
ബി ജെ പി യുടെ പരസ്യങ്ങളിൽ ഇന്ത്യൻ യുദ്ധവിമനങ്ങളുടെയും വിങ് കമാൻഡർ വർത്തമാന്റെയും ഒപ്പമായിരുന്നു പ്രധാനമന്ത്രി. മാർച്ച് 9 ന് നോയ്ഡയിൽ ഒരു റാലിയിൽ 'കഷണം കഷണമായ സംഘത്തെ' (പൊതു സമൂഹത്തെയും സ്വതന്ത്രചിന്താഗതിക്കാരെയും) പഴി പറഞ്ഞു. 'മോഡി ആക്കർ മാർ കെ ചലാ ഗയാ' ( മോഡി വന്ന് ഞങ്ങളെ അടിച്ചു) എന്ന് പാക്കിസ്ഥാൻ തന്നെ വിലപിക്കുമ്പോൾ ബാലാകോട്ട് ആക്രമണത്തെ അവിശ്വസിക്കുന്നതിന്. ആ പരസ്യങ്ങളൊക്കെ എടുത്തുമാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നത് ശരിതന്നെ, പക്ഷെ പ്രധാനമന്ത്രിയുടെ വാക്കുകൾ ഇല്ലാണ്ടാക്കാനോ അവ പരക്കുന്നത് തടയാനോ ആർക്കു കഴിയും?
തന്റെ ശത്രുക്കളെ പരിഹസിക്കുന്നതിന് അനേകം മാർഗ്ഗങ്ങളുണ്ട് പ്രധാനമന്ത്രിക്ക് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. BC യ്ക്കും AD യ്ക്കും അദ്ദേഹം നൽകിയ പുതിയ നിർവചനങ്ങൾ ശ്രദ്ധിക്കൂ: ബിഫോർ കോൺഗ്രസ്സ് (കോൺഗ്രസ്സിനു മുമ്പ്), ആഫ്റ്റർ ഡൈനാസ്റ്റി (രാജവംശത്തിനു ശേഷം). ഇതേ രീതി അവലംബിച്ച് 2019 നെ പുൽവാമയ്ക്കു മുമ്പും പുൽവാമയ്ക്കു ശേഷവും എന്ന് വിഭജിക്കാവുന്നതാണ്. പുൽവാമ ആക്രമണത്തിനുമുമ്പ് പ്രതിപക്ഷം ആവേശത്തിലും ബി ജെ പി നട്ടം തിരിയുകയുമായിരുന്നെങ്കിൽ ഭീകരാക്രമണം കഴിഞ്ഞപ്പോൾ കാര്യങ്ങൾ നേരെ തിരിഞ്ഞു. രാജ്യസ്നേഹം ബി ജെ പി തങ്ങളുടെ കുത്തകയാക്കി, പ്രതിപക്ഷത്തെ രാജ്യസ്നേഹമില്ലാത്തവരുമാക്കി.
എന്തിലോട്ടൊക്കെ ആരും കടക്കാൻ പാടില്ലാ എന്ന് ബി ജെ പി തീരുമാനിച്ച് തീട്ടൂരമിറക്കിയിരിക്കുകയാണ്: ബാലാക്കോട്ട് വ്യോമാക്രമണത്തെ സംശയിക്കാൻ പാടില്ല, പുൽവാമാ കൂട്ടക്കൊലയിലേയ്ക്കു നയിച്ച രഹസ്യാന്വേഷണ അപചയത്തെപ്പറ്റി മിണ്ടാൻ പാടില്ല, റഫേൽ ഇടപാടിനെപ്പറ്റിപ്പോലും പ്രധാനമന്ത്രിയോടൊ, സർക്കാരിനോടോ ചോദ്യങ്ങൾ പാടില്ല. സർക്കാർ, സൈന്യം, രാജ്യം ഇവ മൂന്നും ഒന്നാണെന്നും മൂന്നിനും ഒരേ തലത്തിലുള്ള ബഹുമാനം നൽകണമെന്നും ഒരു റ്റി വി റിപ്പോർട്ടറോട് സീനിയർ ക്യാബിനറ്റ് മന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കുകയുണ്ടായി. മാത്രമല്ല, ആ ചുവപ്പുവര ലംഘിക്കുന്നവരെ പാകിസ്ഥാന്റെ സുഹൃത്തുക്കൾ എന്ന് മുദ്രകുത്തുകയും ചെയ്യും.
പ്രതികൂലാവസ്ഥയെ പ്രയോജനപ്പെടുത്തുക
പ്രതികൂലാവസ്ഥയെ പ്രയോജനപ്പെടുത്താൻ അസാമാന്യ കഴിവുണ്ട് നരേന്ദ്ര മോഡിക്ക്. 2001 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി അദ്ദേഹം സ്ഥാനം ഏൽക്കുമ്പോൾ തനിക്ക് ലഭ്യമാവാൻ പോകുന്ന മഹാ താരോദയത്തിന്റെ സൂചനകളൊന്നുമുണ്ടായിരുന്നില്ല. 2002 ഫെബ്റുവരി 24 ന് നടന്ന അദ്ദേഹത്തിന്റെ ആദ്യത്തെ തെരഞ്ഞെടുപ്പിൽ അദ്ദേഹം ജയിക്കുന്നു, അന്നുതന്നെ നടന്ന മറ്റ് ഉപതെരഞ്ഞെടുപ്പുകളിൽ ബി ജെ പി പരാജയപ്പെടുന്നു. ഗോധ്രാ തീവണ്ടി കൂട്ടക്കൊലയ്ക്ക് മൂന്നു ദിവസം മുമ്പായിരുന്നു ഇത്. സംസ്ഥാനം മുസ്ലീങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിലേയ്ക്ക് എടുത്തുചാടിയതോടെ രഹസ്യാന്വേഷണ അപചയങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങൾ അതിൽ മുങ്ങിത്താണു. അതോടെ മി. മോഡി ഗുജറാത്തിന്റെ 'ഹിന്ദു ഹൃദയ സാമ്രാട്ടായി'.അവിടുന്നാണ് അദ്ദേഹം അനേകം വർണ്ണശബളമായ മൈൽക്കുറ്റികൾ താണ്ടി പ്രധാനമന്ത്രി പദത്തിലേയ്ക്ക് ഉയർന്നത്.
ഏതാണ്ട് ഇതുതന്നെയായിരുന്നു 2016 നവമ്പർ 8 ലെ നോട്ട് അസാധുവാക്കൽ. വരാൻ പോകുന്ന വൻദുരന്തത്തിന്റെ നാന്ദിയായിരുന്നു അത്. എന്നിട്ടും മി മോഡിയുടെ മാസ്മരിക വാഗ്ദ്ധോരണിയിൽ അത് രാഷ്ട്ര നിർമാണത്തിന്റെയും സാമർഥ്യത്തിന്റെയും ത്യാഗത്തിന്റെയും ഗാഥയായി മാറി. കള്ളപ്പണത്തിനെതിരെയുള്ള കടന്നാക്രമണം വിജയിക്കണമെങ്കിൽ ജനങ്ങളുടെ സഹകരണവും ത്യാഗവും അനിവാര്യമാണ്, അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തിനുവേണ്ടി വെടിയുണ്ട ഏറ്റുവാങ്ങുന്ന 'അതിർത്തി കാക്കുന്ന ജവാനു' മായി ത്യാഗം സഹിക്കുന്ന സാധാരണക്കാരെ അദ്ദേഹം താരതമ്യം ചെയ്തു. ഇതിനോടുള്ള പ്രതികരണം വിദ്യുൽ പ്രവാഹം പോലെ ആയിരുന്നു. വിലയില്ലാതാക്ക്പ്പെട്ട കറൻസി നോട്ടുകളുമായി വരിനിന്ന സാധാരണക്കാർ 'അതിർത്തി കാക്കുന്ന ജവാൻ' എന്ന് തത്ത പറയും പോലെ ഉരുവിട്ടു. നോട്ട് നിരോധനത്തിന്റെ ദാരുണമായ പ്രത്യാഘാതങ്ങൾ ദൃശ്യമായിത്തുടങ്ങിയപ്പോഴേയ്ക്കും ബി ജെ പി ഉത്തരപ്രദേശിലെ അവരുടെ ഏറ്റവും വലിയ വിജയം കരസ്ഥമാക്കിക്കഴിഞ്ഞിരുന്നു.
ഇന്ന് 'അതിർത്തി കാക്കുന്ന ജവാൻ' ഉപമിക്കപ്പെടാവുന്ന ഒരു ആവാഹനത്തിനുമപ്പുറം മറ്റുപലതുമായിരിക്കുന്നു. തന്റെ രാജ്യത്തിനുവേണ്ടി മരിക്കാൻ തയ്യാറായ മാംസവും രക്തവുമുള്ള ഒരു വ്യക്തിയായി അയാൾ മാറിയിരിക്കുന്നു.ബി ജെ പി വീണ്ടും ഇതാ ജനങ്ങളോട് ആഹ്വാനം ചെയ്യുകയായി, സർക്കാരിനേയും സൈന്യത്തേയും പിന്തുണയ്ക്കാൻ. മോഡി പരാജയപ്പെട്ടാൽ രാജ്യത്തിന്റെ സുരക്ഷ അപകടത്തിൽ എന്ന രാഷ്ട്രീയസന്ദേശമാണ് അമിത് ഷായും കൂട്ടരും തെരഞ്ഞെടുപ്പ് തലേന്ന് നൽകുന്നത്.
പ്രശ്നങ്ങൾ x മുദ്രാവാക്യങ്ങൾ
ഈ തിരക്കഥയ്ക്കെതിരെ പ്രവർത്തനം അത്ര എളുപ്പമല്ല. പ്രതിപക്ഷത്തുനിന്നും രാഹുൽ ഗാന്ധി നിർണ്ണായകമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. രാജ്യസ്നേഹത്തെ മുൻനിർത്തിക്കൊണ്ടുള്ള പേപ്പിടിയെ ഭയക്കാതെ രാഹുൽ ഗാന്ധി രഹസ്യാന്വേഷണപ്പിഴവുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ ബാലക്കോട്ട് വ്യോമാക്രമണം ബി ജെ പി പ്രവർത്തകർക്ക് ഉന്മേഷദായിനി ആയിരിക്കുന്നു എന്നതിൽ തർക്കമില്ല. രാഷ്ട്രീയ കാലാവസ്ഥയെത്തന്നെ അത് മാറ്റിമറിച്ചിരിക്കുന്നു. ബി ജെ പി യിലേയ്ക്ക് കാലുമാറിയവർ മോഡിയുടെ 'ധൈര്യ'ത്തെ പ്രതിപക്ഷത്തിന്റെ 'ഭീരുത്വ'ത്തിനെതിരെ നിരത്തുന്നു.
എല്ലാ മേഖലകളിലും നിരാശാജനകമാണ് ബിജെ പി യുടെ ഭരണം - മുങ്ങിത്താഴുന്ന സമ്പദ് വ്യവസ്ഥ, ശോഷിപ്പിക്കുന്ന തൊഴിലില്ലായ്മ, കാർഷിക ദുരന്തങ്ങൾ...എന്നാൽ ഇവയെല്ലാം തന്നെ വിസ്മൃതിയിൽ ആണ്ടുപോകും, കാതടപ്പിക്കുന്ന ദേശീയതയുടെ ചെണ്ടകൊട്ടുകൾക്കിടെ വേർപെട്ടുപോയ കക്ഷികളെ ബി ജെ പി സ്വന്തം അണിയിൽ ചേർത്ത് തെരഞ്ഞെടുപ്പു നേരിടുമ്പോൾ. എന്നാലും ബി ജെ പിയ്ക്ക് ചില കഠിന യാഥാർഥ്യങ്ങൾ അഭിമുഖീകരിക്കാതെ വയ്യ. യു പി യിൽ ഇപ്പോൾ സഖ്യകക്ഷികളായ സമാജ്വാദി പാർട്ടിയ്ക്കും ബഹുജന സമാജ്വാദി പാർട്ടിക്കും ആകെ വോട്ടിന്റെ 40 ശതമാനം പിന്തുണ ലഭിക്കുന്നുണ്ട്. 2014 ലെ തെരഞ്ഞെടുപ്പിൽ പോലും ഇത് ദൃശ്യമായിരുന്നു. കോൺഗ്രസ്സും ജനതദളും (സെക്കുലർ) ഒരുമിച്ചു മത്സരിക്കുന്ന കർണാടകയിലും ഇതുതന്നെയാണ് അവസ്ഥ. ഏതാണ്ട് 10 സംസ്ഥാനങ്ങളിൽ ബി ജെ പി തങ്ങൾക്ക് ലഭിക്കുന്നാവതിന്റെ പരമാവധിയിലാണ് ഇപ്പോൾ തന്നെ. മറ്റു സംസ്ഥാനങ്ങളിൽ അവർക്കു കാര്യമായി ഒന്നും ചെയ്യാനുമില്ല. യുദ്ധഭേരി മുഴക്കി ഇനിയൊരുവട്ടം കൂടി നേടിയെടുക്കാൻ അതിനു കഴിയുമോ?
[Category:രാഷ്ട്രീയം]]
Enable comment auto-refresher