പാർലമെന്റ് ചുമതലകളിൽനിന്ന് മുഖം തിരിക്കുന്നുവോ?

abhiprayavedi.org സംരംഭത്തിൽ നിന്ന്
15:57, 19 ഒക്ടോബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VijayanPN (സംവാദം | സംഭാവനകൾ)
Jump to navigation Jump to search
രാഷ്ട്രീയം നിസ്സീം മണ്ണത്തുക്കാരൻ 17 ഒക്ടോബർ 2018



IndiaParliament.jpg

ജനാധിപത്യത്തിന് ആഴം കൂട്ടാനും സാമൂഹ്യ സ്വാതന്ത്ര്യങ്ങളെ സം‌രക്ഷിക്കാനുമുള്ള ചുമതല പൂർ‌ണമായും നീതിന്യായ സം‌വിധാനത്തിൽ നിക്ഷിപ്തമായിരിക്കുന്ന ഒരവസ്ഥയാണ് വർത്തമാന കാല ഇന്ത്യയിൽ ഉരുത്തിരിഞ്ഞുവന്നിരിക്കുന്നത്. നിയമനിർ‌മ്മാണസഭ സ്വന്തം ഉത്തരവാദങ്ങളിൽ‌നിന്ന് പൂർ‌ണമായും മുഖം തിരിക്കുന്നത് ഒരുവശത്ത്, മറുവശത്ത് സാമൂഹ്യധർ‌മ്മത്തെയും നീതിന്യായ ധർമ്മത്തെയും സമ്പൂർണമായ വേർതിരിക്കലും.

രണ്ടും ആപത്കരമായ പ്രവണതകളാണ്.

സുപ്രീം കോടതി വിധികൾ ജനശ്രദ്ധ ആകർഷിക്കുന്ന പ്രൈം ടൈം ടെലിവിഷൻ ഫുട്‌ബാൾ / ക്രിക്കറ്റ് മാച്ചുകൾ പോലെ ആയിട്ടുണ്ട്. എന്നാൽ ഈ ജിജ്ഞാസ - പാർ‌ലമെന്ററി ജനാധിപത്യത്തിന് അത്യന്താപേക്ഷിതവും നിർ‌ണായകവുമായ താല്പര്യം - പാർ‌ലമെന്റിൽ നടക്കുന്ന ചർച്ചകളെപ്പറ്റിയോ പാസ്സാക്കപ്പെടുന്ന ബില്ലുകളെക്കുറിച്ചോ ഉണ്ടാകാറില്ല.

നിസ്സീം മണ്ണത്തുക്കാരൻ
കാനഡയിലെ ഡൽഹൗസി സർവകലാശാലയിൽ International Develpment Studies ന്റെ അദ്ധ്യക്ഷൻ

ഒറ്റയൊരു ഉദാഹരണം ധാരാളമാണ്. ഈ വർ‌ഷം ആദ്യം വിദേശത്തുനിന്നുള്ള സംഭാവനകളെ നിയന്ത്രിക്കുന്ന നിയമത്തിൽ സർക്കാർ ഒരു നിയമഭേദഗതി വരുത്തുകയുണ്ടായി: വിദേശവ്യക്തികളോ വിദേശ കമ്പനികളോ രാഷ്ട്രീയ പാർട്ടികൾക്കു നൽകുന്ന സംഭാവനകൾക്ക് നിയമസാധുത നൽകുന്ന ഒരു ഭേദഗതിയായിരുന്നു അത്. പാർ‌ലമെന്റ് ആ ബില്ല് പാസ്സാക്കുന്ന ദിനം മുതലല്ല, 1976 മുതൽ മുൻ‌കാല പ്രാബല്യത്തോടെ. ഇന്ത്യൻ ജനാധിപത്യത്തിന് ആപത്കരമായ പ്രത്യാഘാതങ്ങൾ ഉറപ്പുവരുത്തുന്ന ആ ബില്ല് പാർ‌ലമെന്റിന് അകത്തോ പുറത്തോ ഒരു ചർച്ചയും കൂടാതെ സർക്കാർ പാസ്സാക്കിയെടുത്തു.

ഇന്ത്യൻ ജനാധിപത്യത്തെ ചുമക്കുന്ന നാലു സ്ഥൂപങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നായി മാറിയിരിക്കുകയാണ് ഇന്ന് നീതിന്യായ വ്യവസ്ഥ. നിയമനിർ‌മാണസഭയുടെയും നിയമം നടപ്പാക്കേണ്ട ഭരണസം‌വിധാനത്തിന്റെയും അധഃപതനത്തിന്റെയും ദുരുപയോഗത്തിന്റെയും ഫലമാണിത്.

ജനങ്ങളെ പ്രതിനിധീകരിക്കുന്ന പരമോന്നത വേദിയായ പാർ‌ലമെന്റ് എങ്ങനെയാവണമായിരുന്നോ, അതിന്റെ ഒരു നിഴൽ മാത്രമായി മാറിയിരിക്കുന്നു. പാർലമെന്റിൽ നടക്കുന്ന ചർച്ചകളിൽ വളരെ അപൂ‌ർ‌വമായിമാത്രമേ പ്രധാനമന്ത്രി പങ്കെടുക്കാറുള്ളു. ആ സ്ഥാപനത്തിന്റെ പ്രാധാന്യത്തെ ഇടിച്ചുതാഴ്ത്തുന്ന ഒരു നടപടിയാണിത്. 1950 കളിൽ ശരാശരി 127 ദിവസമാണ് ലോകസഭ കൂടിയിരുന്നതെങ്കിൽ 2017 ൽ അത് കേവലം 57 ആയി ചുരുങ്ങി. ആദ്യ ലോകസഭയിൽ 72 ബില്ലുകൾ പാസാക്കിയെങ്കിൽ 15 ആമത് ലോകസഭയിൽ (2009-14) 40 ബില്ലുകൾ മാത്രമാണ് നിയമമായത്.

ഈ സാമ്പത്തിക വർഷത്തിലെ ബഡ്‌ജറ്റ് സമ്മേളനത്തിൽ ബഡ്‌ജറ്റിനായി നീക്കി‌വച്ചിരുന്ന സമയത്തിന്റെ ഒരു ശതമാനം സമയം മാത്രം കൊണ്ട് സഭ ചുരുട്ടിക്കെട്ടി. രാജ്യത്തിന്റെ ഭൗതിക അടിസ്ഥാനത്തിന്റെ ഏറ്റവും നിർ‌ണ്ണായക ഘടകമായ ബജറ്റ് ചർച്ചകളൊന്നും കൂടാതെ 'ഗിള്ളറ്റിൻ' മാർഗ്ഗം ഉപയോഗിച്ച് പാസാക്കിയെടുത്തു. റഫേൽ യുദ്ധവിമാനങ്ങളുടെ ഇടപാടിൽ ഉയർന്നുവന്ന ആരോപണങ്ങളിൽ ഏറ്റവും കുറഞ്ഞത് ഒരു സം‌യുക്ത പാർ‌ലമെന്ററി സമതിയെക്കൊണ്ട് അന്വേഷണമെങ്കിലും പ്രഖ്യാപിക്കാമായിരുന്നു സർക്കാരിന്. എന്നാൽ അതും ഉണ്ടായില്ല. 2017 ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് പാർ‌ലമെന്റ് സമ്മേളനം വിളിച്ചുകൂട്ടുന്നത് തങ്ങളുടെ സൗകര്യത്തിന് ആക്കിയതുവഴി പാർ‌ലമെന്റിന്റെ വിലയിടിച്ചു, കേന്ദ്രത്തിലെ ഭരണകക്ഷി.

1950 കളിൽ ശരാശരി 127 ദിവസമാണ് ലോകസഭ കൂടിയിരുന്നതെങ്കിൽ 2017 ൽ അത് കേവലം 57 ആയി ചുരുങ്ങി. ആദ്യ ലോകസഭയിൽ 72 ബില്ലുകൾ പാസാക്കിയെങ്കിൽ 15 ആമത് ലോകസഭയിൽ (2009-14) 40 ബില്ലുകൾ മാത്രമാണ് നിയമമായത്.

ഉയർന്ന ജനാധിപത്യമൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്നതിനു പകരം പാർ‌ലമെന്റ് ഭൂരിപക്ഷം സീറ്റുള്ള പക്ഷത്തിന്റെ ഹീനാഭിലാഷങ്ങൾക്കു‌വേണ്ടി ഉപയോഗപ്പെടുത്തുന്നതായാണ് കണ്ടുവരുന്നത്. അതുമൂലം, ആധിപത്യതാൽപര്യങ്ങൾ അടിച്ചേല്പിക്കുന്ന പ്രാകൃതമായ സാമൂഹ്യ, മതപര ആചാരങ്ങളെ വെല്ലുവിളിക്കാൻ പാർ‌ലമെന്റിനു കഴിയുന്നില്ല. അതുകൊണ്ടാണ് 377 ആം വകുപ്പ് ഭാഗികമായെങ്കിലും റദ്ദാക്കാൻ 70 വർഷം എടുത്തത്. നിയമനിർ‌മാണ സഭയും ഭരണകൂടവും അവ്ശേഷിപ്പിക്കുന്ന അപകടകരമായ ആ ശൂന്യതയിലേയ്ക്ക് സുപ്രീം കോടതി പ്രവേശിക്കുന്നതിൽ എന്താണൽഭുതം?

പ്രധാനമന്ത്രി മോഡി ആദ്യമായി പാർലമെന്റിൽ എത്തിയപ്പോൾ ചവിട്ടുപടിയിൽ നമസ്കരിക്കുന്നു

എന്നാൽ സമൂഹത്തെ ജനാധിപത്യവൽക്കരിക്കുന്നതിന്റെ ചുമതല തെരഞ്ഞെടുപ്പിലൂടെയല്ലാതെ യഥാസ്ഥാനത്ത് എത്തിച്ചേർന്നിരിക്കുന്ന ജുഡീഷ്യറിയെ ഏല്പിക്കാൻ കഴിയില്ല. അതിന്റെ ഉന്നതസ്ഥാനങ്ങളിൽ എത്തുന്നത് 'കൊളേജിയം' സം‌വിധാനം വഴി സ്വയം നിയമിതരാവുന്ന അംഗങ്ങളും. (ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ ആഗ്രഹിച്ച ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഒരു പ്രത്യാഘാതമായിരുന്നു 'കൊളേജിയം' എന്നതും ശ്രദ്ധേയമാണ്.) മറിച്ച്, ജനാധിപത്യവൽക്കരണം സംഭവിക്കേണ്ടത് അടിത്തട്ടിൽ‌നിന്നുള്ള സാമൂഹ്യ രഷ്ട്രീയ സമരങ്ങളിലൂടെയാണ്, ഉന്നതങ്ങളിൽ നിന്നുള്ള ജുഡീഷ്യൽ കല്പനകൾ വഴിയല്ല.

ജുഡീഷ്യറി നിലനിൽക്കുന്നത് ഒരു ശൂന്യതയിലല്ല എന്നതിനും പ്രാധാന്യമുണ്ട്. പ്രതിലോമകരവും പിന്നോട്ടടിക്കുന്നതുമായ സാമൂഹ്യാചാരങ്ങളെ തിരുത്താൻ ശ്രമിക്കുമ്പോൾ, അതും നമ്മുടെ സമൂഹത്തിന്റെ പ്രതിഫലനം തന്നെയാണ്. ഉന്നത നീതിപീഠങ്ങളിലെ വൻ പ്രാതിനിധ്യക്കുറവും വൈവിധ്യമില്ലായ്മയും ഇതിന്റെ ദൃഷ്ടാന്തമാണ്.

1993 ൽ ജസ്റ്റിസ് എസ് ആർ പാണ്ഡ്യൻ നടത്തിയ ഒരു കണക്കെടുപ്പു പ്രകാരം, ഉന്നത നീതിപീഠങ്ങളിലെ ന്യായാധിപരിൽ ദളിത്, ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവർ നാലു ശതമാനത്തിൽ താഴെയായിരുന്നു, സ്ത്രീകൾ മൂന്നു ശതമാനത്തിൽ താഴെയും. ഇതിനെ തുടർന്ന് മുൻ പ്രസിഡന്റ് കെ ആർ നാരായൺ, പാർ‌ശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ സുപ്രീം കോടതി ജഡ്‌ജിമാരായി പരിഗണിക്കണം എന്ന് ശുപാർശ ചെയ്യുകയുണ്ടായി. ഒരു ചീഫ് ജസ്റ്റിസ് ഉൾപ്പടെ കേവലം നാലു ദളിതുകൾ മാത്രമാണ് സ്വാതന്ത്ര്യാനന്തരം സുപ്രീം കോടതി ജഡ്‌ജിമാർ ആയിട്ടുള്ളത്.

നീതിന്യായവ്യവസ്ഥയുടെ താഴേക്കിടയിലും കഥ ഏറെയൊന്നും വ്യത്യസ്ഥമല്ല. 11 സംസ്ഥാനങ്ങളിലെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം ഒ ബി സി / എസ് സി-എസ് റ്റി ന്യായിധപന്മാർ 12 മുതൽ 14 ശതമാനം മാത്രമായിരുന്നു. സുപ്രീം കോടതിയിൽ ഒരു വനിതയെ ജഡ്‌ജിയായി നിയമിക്കാൻ 42 വർഷമെടുത്തു. ഇതുവരെയും കേവലം എട്ടു വനിതാ ജഡ്‌ജിമാർ മാത്രമാണ് സുപ്രീം കോടതിയിൽ ഉണ്ടായിട്ടുള്ളത്.

നിഷ്‌കളങ്കരായ ആയിരക്കണക്കിന് വിചാരണത്തടവുകാർ ജീവിതകാലം മുഴുവൻ തടവറകളിൽ നീതിക്കുവേണ്ടി കാത്തുകിടന്ന് മുരടിക്കുക എന്നതിൽ‌പരം അനീതി മറ്റെന്താണ് ഒരു ജനാധിപത്യത്തിൽ? ഇന്ത്യയിലെ തടവുകാരിൽ 67 ശതമാനം വിചാരണ കാത്തുകിടക്കുന്നവരാണ്. ഞെട്ടിപ്പിക്കുന്ന ഈ സ്ഥിതി വിവരക്കണക്കിന് ഒരു അനുബന്ധം കൂടിയുണ്ട്: ഇവരിൽ 55 ശതമാനം ദളിതരും ആദിവാസികളും മുസ്ലീമുകളുമാണ്.

പ്രാതിനിധ്യം പലപ്പോഴും ഒരു സൂചകം മാത്രമായിത്തീരുന്നുണ്ടെങ്കിലും അതില്ലാത്ത അവസ്ഥയിൽ ജനാധിപത്യം പൊള്ളയായി മാറുന്നു.

തീർപ്പാകാത്ത 3.3 കോടി കേസുകളുടെ ഭാരത്തിൽ വീർപ്പുമുട്ടുകയാണ് നീതിന്യായവ്യവസ്ഥ എന്നത് നിയമനിർ‌മാണസഭ അതിന്റെ ഉത്തരവാദിത്തങ്ങളിൽ‌നിന്ന് ഒഴിഞ്ഞുമാറുന്ന പ്രവണതയെ അതിരൂക്ഷമാക്കുന്നു. ഹൈക്കോടതികളിൽ 43 ലക്ഷവും സുപ്രീം കോടതിയിൽ 57,987 കേസുകളും കെട്ടിക്കിടക്കുന്നു.

നിഷ്‌കളങ്കരായ ആയിരക്കണക്കിന് വിചാരണത്തടവുകാർ ജീവിതകാലം മുഴുവൻ തടവറകളിൽ നീതിക്കുവേണ്ടി കാത്തുകിടന്ന് മുരടിക്കുക എന്നതിൽ‌പരം അനീതി മറ്റെന്താണ് ഒരു ജനാധിപത്യത്തിൽ? ഇന്ത്യയിലെ തടവുകാരിൽ 67 ശതമാനം വിചാരണ കാത്തുകിടക്കുന്നവരാണ്. ഞെട്ടിപ്പിക്കുന്ന ഈ സ്ഥിതി വിവരക്കണക്കിന് ഒരു അനുബന്ധം കൂടിയുണ്ട്: ഇവരിൽ 55 ശതമാനം ദളിതരും ആദിവാസികളും മുസ്ലീമുകളുമാണ്.

ഈ പശ്ചാത്തലത്തിൽ, ജുഡീഷ്യറിയുടെ വിലപ്പെട്ട സമയം അശ്ലീലസാഹിത്യം നിരോധിക്കുക, സിനിമാ കൊട്ടകകളിൽ ദേശീയഗാനം നിർ‌ബന്ധമാക്കുക തുടങ്ങിയ പൊതുതാല്പര്യ ഹർജികൾക്കായി (പി എൽ ഐ) ചെലവഴിക്കേണ്ടതുണ്ടോ?

ദുർ‌ബല ജനവിഭാഗങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിൽ അനുപമവും സുശക്തവുമായ സാധ്യതകളുള്ള പി എൽ ഐ ഇന്ന് വല്ലാതെ അധഃപതിച്ചിരിക്കുന്നു. അടുത്തകാലത്ത് ഫയൽ ചെയ്യപ്പെട്ട ഒരു പെറ്റീഷൻ നോക്കുക: സസ്യാഹാരികൾക്കും മാംസഭുക്കുകൾക്കും തീ‌വണ്ടിയിൽ വെവ്വേറെ സീറ്റുകൾ വേണമത്രെ.

പടക്കം, മൈക്ക് എന്നിവ നിരോധിക്കുക, സീറ്റ് ബെൽറ്റ് / ഹെൽമറ്റ് നിർ‌ബന്ധമാക്കുക, ഹിന്ദുമതത്തിന്റെ അന്തഃസാരം എന്താണ് / പ്രാർത്ഥിക്കുന്നതിന് മസ്‌ജിദ് അത്യന്താപേക്ഷിതമാണോ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ അമിത ജോലിഭാരത്തിൽ ശ്വാസം മുട്ടുന്ന കോടതികൾ, നിയമനിർ‌മാണ സഭ /ഭരണകൂട സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഒരു ഇതരമാർഗ്ഗമല്ല.

മതപരമോ മതേതരപരമോ ആയ അനീതികൾ നിയമപരമായി മാത്രം ഇല്ലായ്മ ചെയ്യാൻ കഴിയില്ല. ജനക്കൂട്ട കയേറ്റത്തെ ഇല്ലാതാക്കാനായി പുതിയ നിയമം വേണമെന്ന സുപ്രീം കോടതിയുടെ നിർ‌ദ്ദേശം തന്നെയെടുക്കുക. ഒരു സമുദായത്തെ ലക്ഷ്യമാക്കി രാഷ്ട്രീയ പ്രേരിതമായ ജനക്കൂട്ട കയ്യേറ്റം നടക്കുന്നത് നിയമം ഇല്ലാഞ്ഞല്ല. തെരഞ്ഞെടുപ്പ് ഭൂരിപക്ഷത്തിന്റെ ബലത്തിൽ ലഹളക്കൂട്ടങ്ങൾ രംഗത്തിറങ്ങുന്നതും ഭരണസ്ഥാപനങ്ങൾ മനഃപൂർ‌വം നിയമങ്ങളെ അട്ടിമറിക്കുന്നതുകൊണ്ടുമാണ് അവ സംഭവിക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ വസിക്കുന്നതും രാഷ്ട്രീയപരമായി നിർ‌ണായക പങ്കു വഹിക്കുന്നതുമായ സം‌സ്ഥാനത്തിന്റെ തലവന് ബാബറി മസ്‌ജിദ് പൊളിച്ചതിൽ താൻ അഭിമാനിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിക്കാൻ കഴിഞ്ഞത്.

എന്നാൽത്തന്നെയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ വിപ്ലവം പൂർത്തീകരിക്കുക എന്ന നിയോഗം ന്യായാധിപരുടെ ചുമലിൽ മാത്രം അടിച്ചേല്പിക്കാൻ കഴിയില്ല എന്നതാണ് ജനാധിപത്യത്തിന്റെ വിരോധാഭാസം.


'ദ ഹിന്ദു' ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ –ലേഖകന്റെ അനുമതിയോടെ — പകർപ്പവകാശം ലേഖകന്.

ലേഖനം പങ്കിടുന്നതിനായി ഈ ലിങ്ക് പകർത്തുക ‌-->> <clippy show="true">https://bit.ly/2Es6i9c</clippy>


Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.