ഒറ്റാൽ - അനാഥബാല്യത്തിന്റെ (ചെക്കോവ്) ജയരാജ് കഥ
പ്രകൃതിയുടെ മടിത്തട്ടിൽ കളിച്ചുരസിച്ചുനടന്നിരുന്ന ഒമ്പതുവയസ്സുകാരൻ വാങ്ക അമ്മയുടെ മരണത്തെ തുടർന്ന് മോസ്കോ നഗരത്തിലെ ഒരു ചെരുപ്പുകുത്തിയുടെ ആലയിലേയ്ക്ക് പറിച്ചെറിയപ്പെടുന്നു. അവിടത്തെ ദുരവസ്ഥ വിവരിച്ചുകൊണ്ട് തന്റെ എല്ലാമെല്ലാമായിരുന്ന മുത്തശ്ശന് വാങ്ക ഒരു കത്തെഴുതുന്നു. ഇത്ര ലളിതമാണ് ആന്റൺ ചെക്കോവിന്റെ 'വാങ്ക' എന്ന ചെറുകഥ. എന്നാൽ അതേസമയം അനാഥത്വത്തിന്റെയും ദൈന്യബാല്യത്തിന്റെയും നൊമ്പരപ്പിക്കുന്ന ചിത്രം കൂടിയാണ് നൂറ്റിമുപ്പതുവർഷം മുമ്പ് എഴുതപ്പെട്ട ഈ കഥ.
അവിടെക്കഴിയുന്നു വാങ്കയോടുള്ള കടപ്പാട്. 'ഒറ്റാലിൽ' ബാക്കിയെല്ലാം തിരക്കഥാകൃത്ത് ജോഷി മംഗലത്തിന്റെയും സംവിധായകൻ ജയരാജിന്റെയുമാണ്.
പത്തൊമ്പതാം നൂറ്റാണ്ടിൽനിന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേയ്ക് – ഒറ്റാലിലേയ്ക്ക് എത്തുമ്പോൾ വാങ്ക കുട്ടപ്പായി ആയി മാറുന്നു, വാങ്കയുടെ റഷ്യൻ ഗ്രാമം, കുട്ടനാടും. കുട്ടനാടിന്റെ തനതായ വശ്യമനോഹാരിത ഇന്നും നിലനിർത്തുന്ന അപൂർവം ചില ലൊക്കേഷനുകൾ കണ്ടെത്താൻ ജയരാജിനു കഴിഞ്ഞിരിക്കുന്നു. വിശാലമായ പാടശേഖരങ്ങളും തുറന്ന ആകാശവും ആമ്പൽക്കുളങ്ങളും ചതുപ്പുകളും താറാവുകൂട്ടങ്ങളും ഇരുപത്തിനാലില ചക്രങ്ങളും, ചൂണ്ടയും വലയും ഒറ്റാലും കള്ളുഷാപ്പും കൊച്ചുവള്ളവും പൂഹോയ് വിളികളും…
സംവിധാനം | ജയരാജ് |
തിരക്കഥ | ജോഷി മംഗലത്ത് |
അഭിനേതാക്കൾ | വാസുദേവൻ, അശാന്ത് കെ ഷാ |
കാമറ | എം.ജെ.രാധാകൃഷ്ണൻ |
എഡിറ്റിങ് | അജിത് കുമാർ |
സംഗീതം | കാവാലം നാരായണ പണിക്കർ |
നിർമാണം | കെ.മോഹൻ (സെവൻ ആർട്സ്), വിനോദ് വിജയൻ |
താറാക്കൂട്ടങ്ങളെ നയിച്ചും മീൻ പിടിച്ചും പ്രകൃതിയുടെ കൊച്ചുകൊച്ചു രഹസ്യങ്ങൾ ഒന്നൊന്നായി ചുരുളഴിച്ചും വല്യപ്പച്ചനുമൊത്ത് കഴിയുന്ന കുട്ടപ്പായിയുടെ സന്തോഷത്തിന്റെ ദിനങ്ങൾ പക്ഷെ, ഏറെ നീണ്ടുനിൽക്കുന്നില്ല. സ്കൂളിലേയ്ക്കെന്ന വ്യാജേന കേരളസാമൂഹ്യജീവിതത്തിലെ അവിഭാജ്യഘടകമായി മാറിയിരിക്കുന്ന ദല്ലാൾ കുട്ടപ്പായിയെ കൊണ്ടെത്തിക്കുന്നത് ജയിലിനു സമാനമായ, ശ്വാസം മുട്ടിക്കുന്ന തമിൾനാട്ടിലെ ഒരു പടക്കനിർമ്മാണശാലയിലാണ്. അവൻ കത്തെഴുതുന്നു, തന്നെ ഇവിടെനിന്ന് രക്ഷിക്കണമെന്ന്. വിലാസം : ‘എന്റെ വലിയപ്പച്ചന്, കുട്ടനാട്.’
കുട്ടപ്പായിയുടെ ബാല്യത്തെ താരതമ്യം ചെയ്യാനായി സമപ്രായക്കാരനായ 'ടിങ്കു' എന്ന സമ്പന്ന കുടുംബത്തിലെ കുട്ടിയെ രംഗത്തു കൊണ്ടുവരുന്നുണ്ട്. മാതാപിതാക്കളുടെ അമിതസംരക്ഷണത്തിൽ വളരുന്ന അവനെ തന്റെ ഗ്രാമത്തെയും ചുറ്റുപാടുമുള്ള ജീവിതത്തെയും കുറിച്ച് ബോധവനാക്കാൻ പോലും കുട്ടപ്പായി വേണ്ടിവന്നു. ടിങ്കുവുമായുള്ള കുട്ടപ്പായിയുടെ സൗഹൃദ ചിത്രീകരണത്തിൽ ഇടയ്ക്കിടെ അതിഭാവുകത്വം കടന്നുകൂടുന്നുണ്ട്. കുട്ടനാട്ടിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നതിൽ ഇന്നത്തെ അവസ്ഥയിൽ ഒരു അസ്വാഭാവികതയുമില്ലെങ്കിലും ആ അദ്ധ്യാപകനെ ഒരു ‘കാരിക്കേച്ചർ’ ആക്കേണ്ടിയിരുന്നില്ല.
ഈ ചിത്രത്തിന് ‘ഒറ്റാൽ’ എന്ന പേരുനൽകിയത് - it's a brilliant stroke! ഒറ്റാലിൽപെട്ടാൽ പിന്നെ മോചനമില്ല; പിടഞ്ഞുപിടഞ്ഞുള്ള മരണം മാത്രം.
മഹാനായ വിശ്വസാഹിത്യകാരൻ ചെക്കോവിന് മലയാളം അർപ്പിക്കുന്ന ഗംഭീരമായ ആദരാഞ്ജലിയായി ഒറ്റാലിനെ കണക്കാക്കാവുന്നതാണ്.
Enable comment auto-refresher
Anonymous user #1
Permalink |
Anonymous user #1
Permalink |
Anonymous user #2
Permalink |
Anonymous user #3
Permalink |