ഇടതുപക്ഷത്തിന്റെ തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ കാണുക

abhiprayavedi.org സംരംഭത്തിൽ നിന്ന്
08:57, 18 ജനുവരി 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VijayanPN (സംവാദം | സംഭാവനകൾ)
Jump to navigation Jump to search
രാഷ്ട്രീയം ഭാസുരേന്ദ്ര ബാബു, വിജയകുമാർ പി എൻ 18 ജൂൺ 2019



Error: <seo> tag must contain at least one non-empty attribute.
Photo:BBC.Com

പതിനേഴാമത് ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇടതുപക്ഷത്തിന് ഉണ്ടായ പരാജയം വിലയിരുത്തപ്പെടുന്ന സമയമാണിത്. ഇടതുപക്ഷ പാർട്ടികളും സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റിയും ഒരേപോലെ അംഗീകരിക്കുന്നത് പരാജയത്തിനുള്ള രണ്ട് പ്രധാന കാരണങ്ങളാണ്. കേന്ദ്രത്തിൽ ബിജെപിയെ പരാജയപ്പെടുത്തി യുപിഎ സർക്കാർ ഉണ്ടാകും എന്ന തോന്നലിൽ കേരളത്തിലെ മതനിരപേക്ഷ ശക്തികളിലെ ഒരു വിഭാഗവും മതന്യൂനപക്ഷങ്ങളും കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തു എന്നതാണ് അതിൽ ഒന്നാമത്തേത്. ശബരിമല വിധി നടപ്പാക്കാനുള്ള കേരള സർക്കാരിൻറെ ശരിയായ തീരുമാനത്തെ കോൺഗ്രസും ബിജെപിയും തെറ്റിദ്ധാരണാജനകമായ രീതിയിൽ ജനങ്ങളുടെ ഇടയിൽ പ്രചരിപ്പിച്ചതിന്റെ ഫലമായി വിശ്വാസിസമൂഹം ഇടതുപക്ഷത്തിൽനിന്ന് അകന്നു എന്നതാണ് രണ്ടാമത്തെ കാരണം. അകന്നുപോയ വിഭാഗങ്ങളെ തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി പറയുന്നു. ഇതിൽ ആദ്യത്തേത് കേവലം തോന്നലുകളുടെ അടിസ്ഥാനത്തിൽ സമ്മതിദായകരിൽ ഉണ്ടായ താൽക്കാലിക ചേരിതിരിവ് ആണെന്ന് കരുതാം. അത് അങ്ങനെ പോകട്ടെ. എന്നാൽ ശബരിമല വിഷയത്തെ പിന്തിരിഞ്ഞു നോക്കാതെ വയ്യ. കേരളം കണ്ട ഏറ്റവും വലിയ ജനപങ്കാളിത്തത്തോടുകൂടിയ സംവാദങ്ങൾക്കും വിശകലനങ്ങൾക്കും വിധേയമായ ഒരു പ്രഹേളികയായിരുന്നു ആ വിഷയം. നവോത്ഥാന ചരിത്രവും ഭരണഘടനയും മൗലികാവകാശങ്ങളും ലിംഗനീതിയും പോലുള്ള കനപ്പെട്ട കാര്യങ്ങളും അശേഷം കനമില്ലാത്ത അവസരവാദികളായ രാഷ്ട്രീയ നേതാക്കളുടെ മറുകണ്ടം ചാട്ടവും മലയാളികൾ ചർച്ചചെയ്തു. ആറു മാസത്തിലധികം നീണ്ടുനിന്ന ആ ചർച്ചയിൽ എല്ലാ വിഭാഗം മാധ്യമങ്ങളും പങ്കെടുത്തു. അപ്പോൾ ജനങ്ങളുടെ ഇടയിൽ ഉണ്ടായ തെറ്റിദ്ധാരണയാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്ന് വിശകലനം ചെയ്യാൻ ആകുമോ? തെരഞ്ഞെടുപ്പിന്റെ വിജയപരാജയങ്ങൾക്കപ്പുറത്ത് കേരളത്തിന്റെ സാമൂഹ്യഘടനയുടെ ചില സവിശേഷതകൾ ഈ ഫലങ്ങളിലൂടെ നമുക്ക് കാണാനാവുന്നില്ലേ?

കോടതിവിധിയുടെ യഥാർത്ഥ ഗുണഭോക്താവ് ആര്? അവരെവിടെ?

ശബരിമലയിൽ പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളോട് കാട്ടുന്ന വിവേചനത്തിന് എതിരായാണല്ലോ ഒരു കൂട്ടം സ്ത്രീകൾ സുപ്രീം കോടതിയെ സമീപിച്ചത്. അത്തരം വിവേചനം ഭരണഘടന പൗരന് ഉറപ്പുനൽകുന്ന തുല്യതാ സങ്കൽപത്തിനെതിരാണ് എന്നതിനാൽ തുടരാനാവില്ല എന്ന് കോടതി ഉത്തരവിട്ടു. എന്നാൽ വിധിയുടെ പിൻബലത്തിൽ മലചവിട്ടാൻ എത്തിയ കേരളീയ വനിതകൾ എത്ര? വിരലിലെണ്ണാവുന്നവർ മാത്രം. അവകാശബോധമുള്ള വിശ്വാസി വനിതകൾ കേരളത്തിൽ അത്ര കുറവോ?

മറുവശത്ത് അണിനിരന്ന സ്ത്രീകളെ നോക്കൂ. തുടക്കത്തിൽ നായർ സർവീസ് സൊസൈറ്റിയുടെ ആഹ്വാനമനുസരിച്ച് നാമജപവുമായി തെരുവിലിറങ്ങിയവരും പിന്നീട് അവരോടൊപ്പം ചേർന്ന ബിജെപി കോൺഗ്രസ് എന്നീ പാർട്ടികളുടെ അനുഭാവികളും. മാധ്യമങ്ങൾ പൊലിപ്പിച്ചു കാട്ടിയ എണ്ണം ഒന്നും ഇല്ലായിരുന്നെങ്കിൽക്കൂടി അവർ ആയിരക്കണക്കിന് ഉണ്ടായിരുന്നു. തുല്യത എന്ന സങ്കൽപ്പത്തിന് എതിരായി സ്വന്തം അധമബോധം ഇത്ര വ്യക്തമായി കേരളത്തിലെ സ്ത്രീകൾ ഇതിനുമുൻപ് പ്രദർശിപ്പിച്ചിട്ടില്ല.

കോടതിവിധിക്കുശേഷമുള്ള മൂന്നു മാസങ്ങൾ കേരളം ഇങ്ങനെ ആക്രമണോത്സുക യാഥാസ്ഥിതിക ഹിന്ദുത്വ പരീക്ഷണശാലയായി. സംഘടിതമായ യാതൊരു ചെറുത്തുനിൽപ്പും നേരിടാതെ അവർ മുന്നേറി. മലമുകളിലെ അസുരന്മാർക്ക് തോൽപ്പിക്കാൻവേണ്ടി മാത്രം ഇടയ്ക്കിടയ്ക്ക് കയറ്റം കയറി ക്ഷീണിച്ചു ദുർബലരായ ഒന്നോരണ്ടോ സ്ത്രീകളെ വിട്ടു കൊടുത്തുകൊണ്ടിരുന്നു. ജനുവരി ഒന്നിന്റെ 50 ലക്ഷത്തോളം പേർ പങ്കെടുത്ത വനിതാമതിൽ ആയിരുന്നു ആകെയുണ്ടായ ഒരു ജനകീയ പ്രതിരോധം. അതോ ഒരു സർക്കാർ പരിപാടിയും.

ആണത്തം അടക്കിവാഴുന്ന കുടുംബങ്ങൾ.

സാമൂഹ്യമായി പുരോഗതി നേടിയ ഒരു സമൂഹമാണ് കേരളമെന്ന് നാം പൊതുവേ കരുതി പോന്നിട്ടുണ്ട്. എന്നിട്ടും തുല്യതയ്ക്കു വേണ്ടിയുള്ള ശബ്ദങ്ങൾ എന്തുകൊണ്ട് ഒറ്റപ്പെട്ടുപോയി? എന്തുകൊണ്ട് യാഥാസ്ഥിതിക ശക്തികൾ എത്രയോ വേഗത്തിൽ ഒത്തുകൂടി? 50 ലക്ഷം സ്ത്രീകൾ പ്രതിജ്ഞ ചൊല്ലിയിട്ടും എന്തുകൊണ്ട് ഇടതുപക്ഷം തോറ്റുപോയി?

Photo:The Hindu

ആചാരങ്ങൾ വിശ്വാസങ്ങൾ തെറ്റിദ്ധാരണകൾ തുടങ്ങിയ വാക്കുകൾക്കൊക്കെ അപ്പുറം പ്രശ്നത്തിന്റെ കാതൽ മറ്റിടങ്ങളിലാണ് തേടേണ്ടത്. അല്ലെങ്കിൽത്തന്നെ ആചാരങ്ങളെയും വിശ്വാസങ്ങളെയും കുറിച്ചുള്ള ചർച്ചകൾ ആരേയും സ്വാതന്ത്ര്യ സങ്കല്പങ്ങളിലേക്ക് എത്തിക്കില്ല. കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയെ ചില സാമാന്യവൽക്കരണങ്ങളിലൂടെയേ ഒരു ചെറിയ ലേഖനത്തിൽ വ്യക്തമാക്കാനാകു. നമ്മുടെ കുടുംബ വ്യവസ്ഥ നോക്കൂ. ആൺകോയ്മയുടെ കോട്ടയാണ് കുടുംബം. സ്ത്രീകളുടെ യാതൊരു സ്വാതന്ത്ര്യ സങ്കല്പത്തിനും ആ കോട്ടയ്ക്കുള്ളിൽ പ്രസക്തിയില്ല. പൗരാവകാശങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും വീടിൻറെ ഉമ്മറത്തേക്ക് പോലും പ്രവേശനമില്ല. രാഷ്ട്രീയ അഭിപ്രായങ്ങൾ രൂപീകരിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യം എല്ലാവർക്കും നൽകുന്നു. എന്നാൽ നമ്മുടെ സമൂഹം 70 വർഷങ്ങളായി പരിശീലിക്കുന്ന ജനാധിപത്യത്തിൻറെ മൂല്യങ്ങളെ അല്പംപോലും സ്വാംശീകരിക്കുവാൻ കുടുംബങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഈവിധ പ്രശ്നങ്ങളെ ഒരു രാഷ്ട്രീയ പാർട്ടിയും ഇതേ വരെ അഭിസംബോധന ചെയ്തിട്ടില്ല. അതുകൊണ്ട് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ എൻഎസ്എസ് കരയോഗം സെക്രട്ടറിയുടെ വീടും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ വീടും ഒന്നുതന്നെ. ശബരിമല വിധിയുടെ യഥാർത്ഥ ഗുണഭോക്താക്കളായ സ്ത്രീകൾ തെരുവുകളെ ആഹ്ലാദത്താൽ അലങ്കരിക്കുന്നതിനു പകരം നാമജപവുമായി അപമാനിച്ചത് അവരുടെ സ്വാതന്ത്രേച്ഛയുടെ അഭാവം കൊണ്ടാണ്. സതി ആചാരം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എഴുപതിനായിരത്തോളം സ്ത്രീകളാണ് 1987ൽ രാജസ്ഥാനിലെ തെരുവുകളിൽ പ്രക്ഷോഭം നടത്തിയത് എന്നത് നമ്മൾ മറക്കരുത്. അതിനാൽ ഈ അടിസ്ഥാന പ്രശ്നത്തിനുള്ള പരിഹാരശ്രമങ്ങളുടെ അഭാവത്തിൽ നാമജപ ഘോഷയാത്രകളും വനിതാ മതിലും ഒരുപോലെ അന്തസ്സാരശൂന്യമായിപ്പോകുന്നു.

നവോത്ഥാന ശക്തികൾ

ശബരിമല വിധിയുടെ അന്തസത്തയോട് സർവാത്മനാ ഐക്യപ്പെട്ട ഒരു വിഭാഗമാണ് പിന്നോക്കക്കാർ, പ്രത്യേകിച്ച് ദളിത്/ആദിവാസികൾ. വൈക്കം സത്യാഗ്രഹത്തിലും ഗുരുവായൂർ സത്യാഗ്രഹത്തിലും മുഖ്യമായും നേതൃത്വത്തിൽ ഉണ്ടായിരുന്നവർ സവർണർ ആയിരുന്നുവെങ്കിൽ നവോത്ഥാന പ്രസ്ഥാനത്തിൻറെ ഇന്നത്തെ പതാകവാഹകർ തങ്ങളാണെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. തന്ത്രികളും രാജാക്കന്മാരും നായന്മാരും, അവരെയെല്ലാം ഓച്ഛാനിച്ചു നിൽക്കുന്ന രാഷ്ട്രീയപാർട്ടികളും വളരെ പെട്ടെന്ന് ഒത്തുചേർന്നപ്പോൾ മറുവശത്ത് രൂപംകൊണ്ട ഒരു സ്വാഭാവിക ചേരി ആയിരുന്നു അത്. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ ഈ നവോത്ഥാന ശക്തികളെ ഏകോപിപ്പിച്ച് മുന്നോട്ടുപോകാനുള്ള ബാധ്യത ഇടതുമുന്നണിയിലല്ല, വനിതാമതിലിന്റെ സംഘാടനം എന്നപോലെ പരിമിതികൾ ഏറെയുള്ള സർക്കാരിൻറെ ചുമലിലാണ് വീണത്.

പണ്ട് ക്ഷേത്രപ്രവേശനത്തിനും വഴിനടക്കൽ സ്വാതന്ത്ര്യത്തിനും വേണ്ടി ചെയ്ത സമരങ്ങൾ വിജയിച്ചതിനുശേഷവും ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞാണ് യഥാർത്ഥ അവകാശികൾക്ക് അവ ഉപയോഗിക്കാനായത് എന്ന് വാദത്തിന് വലിയ സാംഗത്യം ഒന്നും ഇപ്പോൾ ഇല്ല. കാരണം അന്നത്തേതിൽനിന്ന് വ്യത്യസ്തമായി ഭരണഘടന ഉറപ്പുതരുന്ന അവകാശങ്ങൾ ഉള്ള ഒരു ജനാധിപത്യ ക്രമത്തിലാണ് ഇന്ന് നമ്മൾ ജീവിക്കുന്നത്.

ഇതൊക്കെയാണെങ്കിലും ബിജെപിക്ക് സംസ്ഥാനത്ത് ഒരൊറ്റ സീറ്റു പോലും കൊടുക്കാതിരുന്നതിൻറെ ക്രെഡിറ്റ് ഇടതുമുന്നണിക്ക് മാത്രം അവകാശപ്പെട്ടതാണ്. അതുപോലെതന്നെയാണ് തെരഞ്ഞെടുപ്പിന് മുൻപും പിൻപും അഴിമതി ആരോപണങ്ങൾക്ക് വിധേയനായ, അയ്യപ്പൻറെ സ്വന്തം സ്ഥാനാർത്ഥി എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട, കാപട്യം നിറഞ്ഞ ബിജെപി സ്ഥാനാർഥിയെ മൂന്നാം സ്ഥാനത്ത് തന്നെ നിർത്തിയതും.

ഒരു തീവ്രമായ പ്രത്യയശാസ്ത്ര സമരത്തിൻറെ പരിണിതി അനുകൂലമല്ല എന്ന് കണ്ടപ്പോൾ ആ സമരത്തിൻറെ ഭാഗമായി എതിർ ചേരിയിലേക്ക് പോയവരെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കും എന്ന് ലളിതമായി പറയുന്നത് ആശങ്ക ഉണ്ടാക്കുന്നു. പുരോഗമന നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന ജനാധിപത്യ മൂല്യങ്ങൾക്കും നീതിക്കുമായി തത്വാധിഷ്ഠിതമായി സമരം ചെയ്യുന്ന ഒരു ഇടതുപക്ഷത്തെയാണ് ജനങ്ങൾ ആഗ്രഹിക്കുക.


ലേഖനം പങ്കിടുന്നതിനായി ഈ ലിങ്ക് പകർത്തുക ‌-->> <clippy show="true">https://bit.ly/2IS6bTm</clippy>


Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.