ഓണം വിശേഷാൽ കഥകൾ - 2016

abhiprayavedi.org സംരംഭത്തിൽ നിന്ന്
16:39, 10 സെപ്റ്റംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VijayanPN (സംവാദം | സംഭാവനകൾ)
Jump to navigation Jump to search
സാഹിത്യ നിരൂപണം കഥാഗതൻ 10 സെപ്തംബർ 2016.


സന്ത്രാസം - എം. മുകുന്ദൻ

ചിത്രീകരണം - ടോം വട്ടക്കുഴി

'അയാൾ ഒരു പാവമത്രെ. കഞ്ഞി ഉപ്പിടാതെ കൊടുത്താൽ ഒന്നും പറയില്ല. ഉപ്പ് കൂടിയാലും കുറഞ്ഞാലും ആവലാതിപ്പെടാതെ സന്തോഷത്തോടെ കോരിക്കുടിക്കും............' 'അങ്ങനെയുള്ള ഒരാളാണ് എല്ലാവരും നരൻ എന്നുവിളിക്കുന്ന നരേന്ദ്രൻ. അയാൾക്കാണ് ഇപ്പോൾ സന്ത്രാസം വന്നിരിക്കുന്നത്.'

ഇങ്ങനെ ആരംഭിക്കുന്നു മുകുന്ദന്റെ കഥ. ചിട്ടയായ ജീവിതം നയിക്കുന്ന നരൻ ഒരു ഉദോഗസ്ഥനാണ്. ലളിതമായ ജീവിത ശൈലി. 'നരനു മദ്യപാനം, പുകവലി, ഉച്ചപ്പടം തുടങ്ങിയ ദുഃശ്ശീലമൊന്നുമില്ല.' നരൻ പെണ്ണ് കാണാൻ പോവുന്നു. ചക്യത്ത്‌ മുക്കു ബസ് സ്റ്റോപ്പിനടുത്തുള്ള കോൺക്രീറ്റ് വീട്ടിൽ നന്ദിനി. പ്ലസ് റ്റു കഴിഞ്ഞപ്പോൾ പഠിത്തം നിറുത്തി. അവൾക്ക്‌ ഒരനുജത്തി. കോളജിൽ പഠിക്കുന്നു. അച്ഛൻ സർക്കാർ ഉദ്യോഗസ്ഥൻ. എല്ലാം‌കൊണ്ടും നരന് ഈ ബന്ധം ഇഷ്ടമായി. വിവാഹം നിശ്ചയിച്ചു. കള്ളക്കർക്കിടകം കഴിഞ്ഞേ വിവാഹമുള്ളൂ.

ചിത്രത്തിന് കടപ്പാട്: വിക്കി മീഡിയ

ഒരുദിവസം രാവിലെ ബസ്സിൽ ഓഫീസിലേയ്ക്കു പോകുന്ന നരൻ കാണുന്നു, ചക്യത്ത്‌ മുക്കു ബസ് സ്റ്റോപ്പിൽ അവൾ നിൽക്കുന്നു. ചുരിദാറും ഷാളുമണിഞ്ഞ്‌ , മാറോടടക്കിപ്പിടിച്ച ബാഗിൽ പുസ്തകങ്ങളുമായി. നരൻ ചാടിയിറങ്ങി. പ്ലസ് റ്റൂവോടെ പഠിത്തം നിറുത്തിയ ഇവൾ പുസ്തകങ്ങളുമായി എങ്ങോട്ടുപോകുന്നു? തലശ്ശേരിയ്ക്കാണെങ്കിൽ ഒപ്പം പോകാമെന്ന്‌ നരൻ. താനെപ്പോഴും കുറച്ചു നേരത്തെയാണ് ഓഫീസിൽ പോകാറുള്ളതെന്നും, അതുതന്റെ സ്വഭാവമാണെന്നും .... "ങ്ങള് ന്തിനാ ദ്‌ന്നോട് പറയ്‌ന്നത്? ങ്ങക്ക് പെരാന്തുണ്ടോ മനിശാ? ണ്ടെങ്കിൽ കുതിരവട്ടത്ത് പോയി കെടക്ക്". അയാൾ വീണ്ടും പലതും പറഞ്ഞെങ്കിലും അവൾ പോടാ എന്നു പറഞ്ഞ് കണ്ണൂർ ബസ്സിൽ കയറി പോവുകയും ചെയ്തു.

അടുത്ത ദിവസങ്ങളിലും ഇതിന്റെ ആവർത്തനം ഉണ്ടാവുന്നു. "സത്യം പറയ്യ്. നിനക്കെന്റെ കൂടെ ജീവിക്കാൻ ഷ്ടം ല്ല്യേ?" "പോടാ, ന്റെ കണ്ണിനുമുമ്പില് നിന്നെ എനി കണ്ടുപോകരുത്. ചെരിപ്പൂരി ഞാൻ അടിക്കും. ഞാൻ നിർഭയേം സൗമ്യേം ഒന്നും ല്ല. കൊന്നുകളേം ഞാൻ."

നരൻ ഓഫീസിൽ പോകാതായി. വീട്ടുകാർ വിവാഹത്തിന്റെ ഒരുക്കങ്ങൾ നടത്തുമ്പോൾ അയാൾക്ക് ഒരു താല്പര്യവുമില്ല. ഒരു ദിവസം അയാൾ ടൗണിൽ അലഞ്ഞുതിരിയുമ്പോൾ അതാ അവൾ, നന്ദിനി, ബസ്സിൽ നിന്നിറങ്ങുന്നു. പിറകെ മറ്റൊരു പെൺ‌കുട്ടികൂടി ഇറങ്ങി. അവൾക്കുമുണ്ട് നെറ്റിയിൽ പൊട്ടും ചന്ദനക്കുറിയും. മറ്റൊരു നന്ദിനി?

*ഇത്ര ദുർബലമായ ഒരു കൊളുത്തിലോ ഒരു 'മാസ്റ്റർ സ്റ്റോറി ടെല്ലർ' തന്റെ കഥയെ തൂക്കിയിടുക?
  • അസ്തിത്വവാദമെന്ന ആ പടം മടക്കിയതോടെ മുകുന്ദന്റെ ചെറുകഥകളുടെ അന്തസത്ത ചോർന്നുപോയി?

നരൻ പരിചയക്കാരനും മനോരോഗവിദഗ്ദ്ധനുമായ ഡോക്ടറുടെ അടുത്തെത്തി തനിക്കു മനോവിഭ്രാന്തിയാണെന്നും താൻ വിവാഹം കഴിക്കാൻ പോകുന്ന പെൺ‌കുട്ടിയെ രണ്ടായിക്കാണുന്നുവെന്നും അറിയിച്ചു. പെണ്ണുകാണാൻ പോയതുമുതലുള്ള കാര്യങ്ങളെല്ലാം വിവരിച്ചു. തനിക്കെല്ലാം മനസ്സിലായെന്നും താൻ തരുന്ന ഗുളിക കഴിച്ച് ഇന്നത്തേയ്ക്കു സുഖമായുറങ്ങാനും ഡോക്ടർ നിർദ്ദേശിച്ചു.

ഗുളിക കഴിച്ച് ഉറങ്ങി, രാവിലെ ഉണർന്ന് ചായ കുടിച്ച് പത്രം വായിച്ചുകൊണ്ടിരുന്നപ്പോൾ ഓട്ടോയിൽ നിന്നിറങ്ങി അവൾ മുറ്റത്തേയ്ക്കു കയറിവരുന്നു. കോലായിലേയ്ക്കു കയറി തൂണിൽ ചാരിനിന്ന് അവൾ പറഞ്ഞു: "ഞാൻ ഒരുപാട്‌ വേദനിപ്പിച്ചു. പ്രേമരാജൻ ഡോക്ടർ വീട്ടി വന്നിരുന്നു. അപ്പഴാ എനക്ക് എല്ലാം മനസ്സിലായത്. ഞാൻ നന്ദിനി അല്ലട്ടോ. ഞാൻ അവൾടെ അന്യത്ത്യാ. അവളെ പെറ്റ് മുക്കാല് മണിക്കൂറ് കയിഞ്ഞിട്ടാ മ്മ ന്നെ പെറ്റത്. ഞങ്ങൾ എരട്ടകളാ." "അപ്പോ നിന്റെ പേരന്താ? സന്ത്രാസം ന്നോ?"

കഥ ഇവിടെ തീരുന്നു.

വിവരണാതീതമായ ഒരു അമ്പരപ്പാണ് ഈ കഥ ആദ്യം എന്നിൽ ജനിപ്പിച്ചത്. 'സീതാ ഔർ ഗീതാ' എന്നൊരു ഹിന്ദി ചലച്ചിത്രം ഓർമ്മ വന്നു. ഹേമാ മാലിനി ഡബിൾ റോളിൽ അഭിനയിക്കുന്നു. 'identical twins' നെ ചുറ്റിപ്പറ്റിയുള്ള എത്രയെത്ര കഥകളാണ് നാം വായിച്ചിരിക്കുന്നത്, കേട്ടിരിക്കുന്നത്. ഇത്ര ദുർബലമായ ഒരു കൊളുത്തിലോ ഒരു 'മാസ്റ്റർ സ്റ്റോറി ടെല്ലർ' തന്റെ കഥയെ തൂക്കിയിടുക?

തിരിഞ്ഞുനോക്കുമ്പോൾ മറ്റു ചിലകാര്യങ്ങൾ കൂടി വ്യക്തമാകുന്നു. അസ്തിത്വവാദമായിരുന്നു മുകുന്ദന്റെ കഥകളുടെ ആധാരശില. അവയുടെ പരിണാമഗുപ്തി പലപ്പോഴും അസ്തിത്വദുഃഖത്തിലൂടെയായിരുന്നു. അല്ലെങ്കിൽ അസ്തിത്വവാദം പരിലസിച്ച നിഗൂഢതകളിലും പ്രഹേളികകളിലുമായിരുന്നു. ഉത്തരം ലഭിക്കാത്ത ആ ചോദ്യങ്ങൾ തന്നെയാവാം വായനക്കാരെ അദ്ദേഹത്തിന്റെ കഥകൾ വായിക്കാൻ പ്രേരിപ്പിച്ചതും ഇഷ്ടപ്പെടാൻ കാരണമായതും. അസ്തിത്വവാദമെന്ന ആ പടം മടക്കിയതോടെ മുകുന്ദന്റെ ചെറുകഥകളുടെ അന്തസത്ത ചോർന്നുപോയി?

ബൻജി ജംപിങ് - എൻ. എസ്. മാധവൻ

ചിത്രീകരണം - ബാര ഭാസ്കർ

സ്വന്തം പങ്കു കുറഞ്ഞുകുറഞ്ഞ്‌ നാമമാത്രമായിത്തീരുന്ന കഥകളിലെ നായികയാവാൻ തീരെ ഇഷ്ടമുണ്ടായിരുന്നില്ല കുഹുവിന്. 'തവി തവിയായി സമയത്തെ അളന്നാണ് ' അവൾ ജീവിക്കുന്നത്. റോഹനുമൊത്തുള്ള ജീവിതത്തിൽനിന്ന് അരമണിക്കൂറെങ്കിൽ അരമണിക്കൂർ എങ്ങനെ മാറ്റിയിടാം എന്നതാണ് കുഹുവിന്റെ ചിന്ത.'

റോഹൻ അവളിൽനിന്ന് രക്ഷപെടുന്നത് ചെവിയിൽനിന്ന് ഊരാത്ത ഇയർഫോണുമായിട്ടാണ്. അടുപ്പിച്ചടുപ്പിച്ച് അവധി ദിവസങ്ങൾ. എങ്ങോട്ടെങ്കിലും പോകാമെന്ന് അയാൾ. 'സ്വന്തം ഏകാന്തതന്നെ താങ്ങാൻ പറ്റുന്നില്ല, കുഹു ഉള്ളിൽ പറഞ്ഞു. പിന്നല്ലേ രണ്ട് ഏകാന്തതകൾ?'

NSMadhavan.jpg

വെള്ളിയാഴച സായാഹ്നം. ഓഫീസിൽ നിന്നിറങ്ങി ഷോപ്പിങ്ങ് കോമ്പ്ലക്സിൽ കയറി ആവശ്യമില്ലാതിരുന്നിട്ടും കുറേ വസ്ത്രങ്ങൾ വാങ്ങി. റോഹനായി ഒന്നു തിരഞ്ഞെടുത്തെങ്കിലും അയാൾ അതു തിരസ്കരിക്കുമെന്ന് ഉറപ്പുതോന്നിയതുകൊണ്ട് വേണ്ടെന്നുവച്ചു. തുടർന്ന് അവൾ പോയത് അവളുടെ നൃത്തഗുരു ആയിരുന്ന ഉസ്താദിന്റെ ഫ്ലാറ്റിലേയ്ക്കാണ്. എൺപത്തിയെട്ടു വയസ്സ്. പ്രായത്തിന്റെ പാരവശ്യം. കുഹു ഉസ്താദിന്റെ മുമ്പിൽ തറയിലിരുന്ന് കാലിലെ നഖങ്ങൾ വെട്ടിക്കൊടുത്തു. ഉസ്താദ് അവളുടെ മുടി തടവി. അവളുടെ വിഷാദത്തിന്റെ കാരണം അന്വേഷിച്ചു: 'റോഹൻ?' 'അതെ റോഹൻ. ഞാൻ അവനെ വിടാൻ പോകുകയാണ്.' 'അതു വലിയ തീരുമാനമാണ്. അതെടുക്കുന്നതിനുമുമ്പ് മനസ്സ് പഞ്ഞിക്കെട്ടുപോലെ ഭാരമില്ലാതാകണം.'

ഒഴിവുദിവസങ്ങൾ ചിലവഴിക്കാനായി ഋഷീകേശിലേയ്ക്ക്. എന്നാൽ മല കയറാൻ അവളെ ഒപ്പം കൂട്ടിയില്ല റോഹൻ. അടുത്തദിവസം വൈറ്റ് വാട്ടർ റാപ്പിഡ്സ് കാണാൻ അയാൾ അവളെ വിളിച്ചെങ്കിലും അവൾ ചെന്നില്ല. മാർക്കറ്റിലൂടെ അലഞ്ഞപ്പോൾ ഹിന്ദി പത്രങ്ങളിൽ ഉസ്താദിന്റെ മുഖം. ഉസ്താദ് എന്നേയ്ക്കുമായി പോയിരിക്കുന്നു. അവൾ പൊട്ടിക്കരഞ്ഞു. റോഹൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

അടുത്തദിവസം ബൻജി ജംപിങ്. കിഴക്കാംതൂക്കായ ഒരു പാറയിൽ ഭീമാകാരമഅയ ചട്ടക്കൂട് ഒരു കടൽപ്പാലം പോലെ പകുതിക്കുവച്ച് മുറിഞ്ഞുനിന്നിരുന്നു. അതിന്റെ ഉയരം 83 മീറ്റർ. മലയിടുക്കിന്റെ ആഴം കൂടി കൂട്ടിയാൽ ഇരുപത്തിയഞ്ചു നില കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടുന്നതുപോലെയാണ് 'ബഞ്ജി ജമ്പിങ്' നടത്തിപ്പുകാരിയായ ക്രിസ്റ്റിന വിവരിച്ചു.

*കുഹുവിന്റെ അസംതൃപ്തമായ ജീവിതം എന്ന focus ൽ നിന്ന് ഒരു നിമിഷം പോലും കഥ വ്യതിചലിക്കുന്നില്ല എന്നതാണ് ബഞ്ജി ജമ്പിങ്ങിനെ അതിശ്രേഷ്ടമായ ഒന്നാക്കുന്നത്.
*വാക്കുകളുടെ തിരഞ്ഞെടുപ്പിൽ മാധവൻ പ്രകടിപ്പിക്കുന്ന കൃത്യതയും വാക്കുകൾ ഉപയോഗിക്കുന്നതിൽ പാലിക്കുന്ന മിതത്വവും ശ്രദ്ധേയമാണ്.

ഇലാസ്റ്റിക് ബെൽറ്റുകളുടെ മേൽചട്ട അണിയിച്ച് , കാലുകൾ രണ്ടും കയറുകൊണ്ട് ബന്ധിച്ച് അവളെ പ്ലാറ്റ്ഫോമിൽ എത്തിച്ച് ചാടാൻ നിർദ്ദേശം നൽകി. അവൾ ചാടി. .....താഴെ ജലാശയത്തിൽ പ്രതിബിംബിച്ചിരുന്ന ആകാശം അവളുടെ അടുത്തുവരികയും പിൻ‌വാങ്ങുകയും ചെയ്തു. മനസ്സിന്റെ കനം കുറയുന്നു. 'ഉസ്താദ്, ഇപ്പോൾ എന്റെ മനസ്സിന്റെ കനം ഒരു തൂവലിന്റെ അത്രയേ ഉള്ളു. ഒരൊറ്റമേഘം പോലുമില്ലാത്ത അഗാധമായ ആകാശത്തെയാണ് ഞാൻ ഉള്ളിൽ കൊണ്ടുനടക്കുന്നത്. ചിദംബരം. ഇനി നിങ്ങൾ പറഞ്ഞപോലെ എനിക്കു വലിയ തീരുമാനങ്ങൾ എടുക്കാം. എന്റെ കഥ ഞാൻ തിരിച്ചുപിടിച്ചിരിക്കുന്നു. അതിലെ നായിക ഞാൻ തന്നെയാണ്. '

താൻ ചാടുന്നില്ലെന്ന് റോഹൻ ഇതിനകം അറിയിച്ചുകഴിഞ്ഞിരുന്നു. ചാടാൻ പറ്റാത്ത ജാള്യതയിൽനിന്നു വിടുതൽ നേടാൻ റോഹന് ആഴ്ചകൾ പിടിക്കുമെന്ന് കുഹുവിനു തോന്നി. 'കാർ ഞാനോടിച്ചോളാം. നീ പെട്ടെന്ന്‌ പരിഭ്രമിക്കുന്ന ടൈപ്പാണ്.' എന്നു പറഞ്ഞ് അവളെ കൊച്ചാക്കാറുണ്ടായിരുന്ന റോഹൻ അവളുടെ നീട്ടിയ കയ്യിൽ കാറിന്റെ താക്കോൽ വച്ചുകൊടുക്കുന്നതോടെ കഥ പര്യവസാനിക്കുന്നു.

യാന്ത്രികമായ നഗരജീവിതത്തിൽനിന്ന് ഋഷീകേശിലെ കുളിർമ്മയിലേയ്ക്ക് നമ്മെ കൊണ്ടുപോകുന്നു മനോഹരമായ ഈ കഥ. കുഹുവിന്റെ ഏകാന്തതയും ഒറ്റപ്പെടലും എത്ര ഭംഗിയായി എൻ എസ് മാധവൻ അവതരിപ്പിക്കുന്നു എന്നു നോക്കൂ: 'അവൾ വഴിയുടെ നടുവിൽനിന്ന് ആകാശത്തിനോടു ചോദിച്ചു: ഉസ്താദ്, നിങ്ങൾ പോയാൽ ഇനി ഞാൻ ആരോടു സംസാരിക്കും?' കുഹുവിന്റെ അസംതൃപ്തമായ ജീവിതം എന്ന focus ൽ നിന്ന് ഒരു നിമിഷം പോലും കഥ വ്യതിചലിക്കുന്നില്ല എന്നതാണ് ബഞ്ജി ജമ്പിങ്ങിനെ അതിശ്രേഷ്ടമായ ഒന്നാക്കുന്നത്. വാക്കുകളുടെ തിരഞ്ഞെടുപ്പിൽ മാധവൻ പ്രകടിപ്പിക്കുന്ന കൃത്യതയും വാക്കുകൾ ഉപയോഗിക്കുന്നതിൽ പാലിക്കുന്ന മിതത്വവും ശ്രദ്ധേയമാണ്. 'തവി തവിയായി സമയത്തെ അളക്കുന്ന ' ബിംബം ' കുഹുവിന്റെ ജീവിതത്തിലെ വിരസതയോടൊപ്പം ടി എസ് എലിയട്ടിന്റെ 'I have measured out my life with coffee spoons ' എന്ന പ്രസിദ്ധമായ വരിയേയും ഓർമ്മിപ്പിക്കുന്നു


Sadacharam.jpg

എത്ര പ്രഗത്ഭരായ എഴുത്തുകാരുടെ ഒരു കൂട്ടത്തേയാണ് മനോരമ പ്രസന്റു ചെയ്യുന്നതെങ്കിലും അവരുടെ 'തനി ' പ്രദർശിപ്പിക്കാതെ, പാവം, അവർക്കു തരമില്ലല്ലോ. അതിനായി 'ജോയ്‌സി'യുടെ ഒരു കഥയുണ്ട് 'സദാചാര പൊലീസ് '. ഒളിഞ്ഞുനോട്ടക്കാരുടെ ഒരു 'കൂട്ടായ്മ ' സദാചാരപ്പോലീസ് ചമയുന്നതാണ് വിഷയം. സോദ്ദേശസാഹിത്യം എന്നാവും വിവക്ഷ, എന്നാൽ ഫലത്തിൽ ദുരുദ്ദേശ സാഹിത്യം അല്ലേ ആ കഥ? ആ കഥയുടെ വ്യത്യസ്തതയെപ്പറ്റി പത്രാധിപർക്ക് നല്ല ധാരണയുമുണ്ട്. അതുകൊണ്ടായിരിക്കുമല്ലോ ബാര ഭാസ്കരന്റെ ഗംഭീര ചിത്രങ്ങളാണ് ഭൂരിപക്ഷം കഥകൾക്കെങ്കിലും, മനോരമ ആഴ്ചപ്പതിപ്പിൽ ചിത്രങ്ങൾ വരയുന്ന മോഹനെ സദാചാരപ്പോലീസിന്റെ ദൃശ്യങ്ങൾക്കായി നിയോഗിച്ചിരിക്കുന്നത്.


Anonymous user #1

99 months ago
Score 0++

ചിന്തകൾ ചന്തയിൽ വില്ക്കാൻ വിളമ്പണേൽ വരുമാന ലബ്ധി അതാവരുത് ലക്ഷ്യം

ഉപദേശീ, നിനക്ക് സലാം, സലാം.

Anonymous user #2

99 months ago
Score 0++
വത്യസ്തവും സത്യസന്ധവുമായ പ്രതികരണം. ഇത്രയും മോശമായ ഓണപതിപ്പുകൾ ഇറങ്ങിയ വർഷം ഇതിനുമുൻപ് ഉണ്ടായിട്ടില്ലെന്നു തോന്നുന്നു - ടി. കെ. സദാശിവൻ, എറണാകുളം.

Anonymous user #3

99 months ago
Score 0++

വളരെ ശരിയാണ്. ടി പത്മനാഭന്റെ കഥ നോക്കൂ. എഴുതിക്കൊണ്ടിരിക്കുന്നതിനിടെ പത്രാധിപർ 'സമയം കഴിഞ്ഞു' എന്നു പറഞ്ഞ് പേപ്പർ വലിച്ചെടുത്തുകൊണ്ടുപോയതുമാതിരിയുള്ള ഒരു കഥ!

സേതുവിന്റെ കഥയോ? അച്ഛന്റെ മരണക്കിടക്കയിൽ നിന്ന് തുടങ്ങുന്ന അമ്മയുടെ പുതിയ ബന്ധം അംഗീകരിക്കാനാവാത്ത പ്രശസ്തനായ ഒരു കലാകാരൻ, ആ അമ്മയുടെ, താനുമായൊത്തുള്ള ദൈന്യ നിമിഷങ്ങളെ തന്റെ കലാപ്രമേയമാക്കുവാൻ വെമ്പൽ കൊള്ളുന്നതിന്റെ ദുർബലമായ ആഖ്യാനമാണ്. അതേ സമയം അമ്മയുടെ പുതിയ ബന്ധത്തിൽ അധാർമ്മികത ഒരു പുച്ഛത്തോടെ കാണുന്ന മകൻ യഥാർത്ഥത്തിൽ കഥാകാരൻ തന്നെയാണ് എന്നത് പ്രതിലോമകരവുമാണ്.

കെ പി രാമനുണ്ണിയുടേത് മാനസിക വൈകൃതം ബാധിച്ച ഒരു പ്രായമായ വ്യക്തിയുടെ documentation ആണ്. ശവങ്ങൾ ചുട്ടെരിക്കുന്നതിൽ ആത്മസംതൃപ്തി ലഭിക്കുന്ന ഒരാാളുടെ. എന്തിന് ഇങ്ങനെ ഒരു കഥ?

അതേ തട്ടിലാണ് ഗ്രേസിയുടെ കഥയും. വീണ്ടും ചോദിക്കട്ടെ, എന്തിന് ഇങ്ങനെ ഒരു കഥ?

മലയാളത്തിലെ അറിയപ്പെടുന്ന കഥാകാരന്മാർ അനുഭവിക്കുന്ന ദാരിദ്ര്യത്തിന്റെ നേർ വായനകളാണ് ഈ കഥകൾ. കഥാകൃത്തുക്കൾക്ക് മാത്രമല്ല, അവരുടെ കാഴ്ചകൾക്കും പ്രമേയങ്ങൾക്കും കഥാപാത്രങ്ങൾക്കും ഒരേപോലെ പ്രായം ചെന്നിരിക്കുന്നു!

വിജയകുമാർ, കൊച്ചി.
Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.

"http://abhiprayavedi.org/index.php?title=ഓണം_വിശേഷാൽ_കഥകൾ_-_2016&oldid=574" എന്ന താളിൽനിന്ന് ശേഖരിച്ചത്