നമ്മുടെ പ്രധാനമന്ത്രിയുടെ രണ്ട് ചെയ്തികൾ: നിങ്ങൾ അറിയുക

abhiprayavedi.org സംരംഭത്തിൽ നിന്ന്
14:27, 6 ഓഗസ്റ്റ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VijayanPN (സംവാദം | സംഭാവനകൾ)
Jump to navigation Jump to search
രാഷ്ട്രീയം ഭാസുരേന്ദ്ര ബാബു, വിജയകുമാർ പി എൻ 06 ജൂലൈ 2020


Photo:The Indian Express
ഒന്ന്

വളരെ അപ്രതീക്ഷിതമായി ജൂലായ് മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെ ലെ സന്ദർശിച്ചു. മെയ് മാസം അഞ്ചിന് തുടങ്ങി ജൂൺ 15ന് 20 ജവാന്മാരുടെ മരണത്തിൽ കലാശിച്ച ഇന്ത്യ ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ചും പ്രശ്ന മേഖലയിൽനിന്നും ഇരുരാജ്യങ്ങളുടെയും സൈന്യം പൂർണമായും പിന്തിരിഞ്ഞിട്ടില്ലാത്തതിനാലും നയതന്ത്ര തലത്തിലുള്ള ചർച്ചകൾ തുടങ്ങിയിട്ടില്ലാത്തതിനാലും. നിമുവിൽ അദ്ദേഹം സിന്ധു ദർശൻ പൂജ നടത്തുകയും ജവാന്മാരെ അഭിസംബോധന ചെയ്യുകയും ഉണ്ടായി. തുടർന്ന് അദ്ദേഹം ലേയിലെ മിലിട്ടറി ഹോസ്പിറ്റലിൽ എത്തി പരിക്കേറ്റ ജവാന്മാരെ കണ്ടു.

പ്രധാനമന്ത്രിയുടെ സന്ദർശനം ജവാന്മാരുടെ ആത്മവീര്യം വർദ്ധിപ്പിക്കും എന്നതിൽ സംശയമില്ല. മുൻപും ഇന്ത്യൻ പ്രധാനമന്ത്രിമാർ യുദ്ധ സമയത്ത് പോലും അതിർത്തിയിലെ ഫോർവേഡ് പോസ്റ്റുകൾ സന്ദർശിച്ചിട്ടുണ്ട് എന്ന് കോൺഗ്രസ് പാർട്ടി അവകാശപ്പെടുന്നു. നരേന്ദ്രമോഡി പോയത് സംഘർഷം നിലനിൽക്കുന്ന സ്ഥലത്തേക്കോ ചൈന അവരുടേത് എന്ന് അവകാശപ്പെടുന്ന സ്ഥലത്തേക്കോ അല്ല. യഥാർത്ഥ നിയന്ത്രണ രേഖയിൽനിന്നും (LAC) 200 ൽ പരം കിലോമീറ്ററുകൾ ഉള്ളിൽ. അതിനാൽ ഇക്കാര്യത്തിൽ പ്രത്യേക ധീരത ഒന്നും അവകാശപ്പെടാനില്ല. എത്ര രഹസ്യമായാണ് ഈ യാത്ര പ്ലാൻ ചെയ്തതെങ്കിൽ കൂടി പൂജ മുതൽ പ്രസംഗം വരെ എല്ലാം തത്സമയം സംപ്രേക്ഷണം ചെയ്യാൻ ഭരണയന്ത്രം മറന്നില്ല. ദൃശ്യങ്ങളോടുള്ള അദ്ദേഹത്തിൻറെ അഭിനിവേശം കാണുമ്പോൾ അദ്ദേഹത്തിന് പട്ടാളക്കാരെ കാണുന്നതിനേക്കാൾ താല്പര്യം താൻ പട്ടാളക്കാരെ കാണുന്നു എന്ന് മാലോകരെ കാണിക്കുന്നതിലാണ് എന്ന് തോന്നിപ്പോകും.

Photo: Press Information Bureau

ആശുപത്രി സന്ദർശനം അത്തരമൊരു ദൃശ്യ തട്ടിപ്പാണെന്ന് സാമൂഹ്യ മാധ്യമങ്ങൾ വിലയിരുത്തിയപ്പോൾ സൈനിക മേധാവികൾ വിശദീകരണവുമായി രംഗത്തെത്തി. കോവിഡ് കാലത്ത് താൽക്കാലികമായി ഉണ്ടാക്കിയ ആശുപത്രിയാണ് ഇത് എന്നാണ് അവർ വിശദീകരിച്ചത്. എന്നാൽ ജവാൻമാർക്ക് പരിക്കുകൾ കാണാനില്ലല്ലോ സാധാരണ ആശുപത്രികളിൽ കാണാറുള്ള ഒരു ഉപകരണവും അവിടെങ്ങും ഇല്ലല്ലോ എന്നീ സംശയങ്ങൾക്ക് ജവാൻമാർക്ക് ചെറിയ പരിക്കുകളേയുള്ളൂ എന്ന് അവർ വിശദീകരണം നൽകി. ചെറിയ പരിക്ക് ഉള്ളവർ മൂന്നാഴ്ച ആയിട്ടും ആശുപത്രി വിട്ടില്ലേ എന്ന സംശയത്തിന് മറുപടി ഉണ്ടായില്ല.

പ്രദർശനപരനായ നമ്മുടെ പ്രധാനമന്ത്രിയുടെ ചെയ്തികളെ ജനങ്ങൾ സംശയത്തോടെ നോക്കുന്നു എന്നാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത്. വളരെ ഗൗരവമുള്ള കാര്യങ്ങളെ തമാശരൂപേണ കാണുന്ന രീതിയിലേക്ക് ജനങ്ങളുടെ മനോഘടന മാറിയിരിക്കുന്നു.

രണ്ട്

ഇന്ത്യയിലെ മെഡിക്കൽ രംഗത്തെ ഗവേഷണങ്ങൾ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന കേന്ദ്ര സ്ഥാപനമാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ICMR). കോവിഡിനെതിരായ പ്രതിരോധ മരുന്നിൻറെ പരീക്ഷണത്തെ സംബന്ധിക്കുന്ന അവരുടെ ഉത്തരവ് മെഡിക്കൽ രംഗത്ത് ആശങ്ക പരത്തിയിരിക്കുന്നു. ആഗസ്റ്റ് 15ന് പ്രധാനമന്ത്രിക്ക് പ്രഖ്യാപിക്കാൻ പോന്ന തരത്തിൽ പരീക്ഷണങ്ങൾ പൂർത്തീകരിക്കണം എന്നതാണ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

സത്യത്തിൽ മരുന്ന് പ്രഖ്യാപിക്കേണ്ടത് പ്രധാനമന്ത്രിയല്ല. ശാസ്ത്ര സാങ്കേതിക കണ്ടുപിടുത്തങ്ങൾ ആ രംഗത്തെ വിദഗ്ധൻമാർ കാലങ്ങൾ നീണ്ട പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടുപിടിക്കുന്നവയാണ്. ശാസ്ത്രജ്ഞൻമാർ റോക്കറ്റ് വിടും പോലെ പുതിയ മരുന്നിൻറെ കണ്ടുപിടിത്തം പ്രഖ്യാപിക്കാൻ യോഗ്യർ അതിൽ ഉൾപ്പെട്ട ഗവേഷകർ തന്നെയാണ്. കണിയാന്മാർ കവടി നിരത്തി സമയം കുറിക്കുന്നതുപോലെ ആഗസ്റ്റ്15 എന്നും മറ്റും ഉത്തരവിടുന്നത് വങ്കത്തരമാണ്.

കൊറോണ വൈറസിനെ നിർവീര്യമാക്കി മനുഷ്യ ശരീരത്തിലേയ്ക്ക് പ്രവേശിപ്പിച്ച്‌ അതിനെതിരെ ശരീരം സൃഷ്ടിക്കുന്ന പ്രതിരോധം മനസ്സിലാക്കി എത്രഅളവ് എത്രതവണ എന്നൊക്കെ പരീക്ഷിക്കാൻ വളരെ സമയബന്ധിതമായേ കഴിയൂ. എത്ര അടിയന്തരം ആണെന്ന് കരുതിയാലും ഒരു വർഷം മുതൽ ഒന്നര വർഷം വരെ ഇതിനു സമയമെടുക്കും. തിരക്കു കൂട്ടിയാൽ ഗുണമല്ല, കടുത്ത ദോഷമാണ് ഉണ്ടാവുക. സ്വന്തം ശരീരത്തിൽ രോഗാണുക്കളെ കുത്തിവച്ച് പരീക്ഷണം നടത്താൻ സന്നദ്ധപ്രവർത്തകർ തയ്യാറാവണം. ഒന്നും രണ്ടുമല്ല, നൂറുകണക്കിന് ആളുകൾ വേണ്ടിവരും. അതിന് നല്ല സമയമെടുക്കും. സമയം ഒട്ടും ഇല്ലെങ്കിൽ സാധാരണ മൂന്നാം ലോക രാജ്യങ്ങളിൽ നടക്കുന്നതുപോലെ മറ്റ് അസുഖങ്ങളുമായി ആശുപത്രികളിൽ എത്തുന്നവർ അവരറിയാതെതന്നെ പരീക്ഷണ വസ്തുക്കളാകും.

CoronaVirus.jpg

പ്രതിരോധ മരുന്നിനായി ലോകത്താകമാനം 140 ഓളം വ്യത്യസ്ത പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. അവയിൽ പലതും ഇന്ത്യയെ അപേക്ഷിച്ച് വളരെ മുന്നിലുമാണ്. എങ്കിലും അവരാരുംതന്നെ മരുന്ന് കണ്ടുപിടിച്ചുവെന്നോ അത് എന്ന് പ്രഖ്യാപിക്കുമെന്നോ ഒന്നും ഇതേവരെ പറഞ്ഞിട്ടില്ല. അത്തരം അനൗചിത്യങ്ങളൊന്നും ശാസ്ത്രലോകത്തുള്ളവർ സാധാരണ ചെയ്യാറില്ല. അപ്പോൾ ICMR ഡയറക്ടർ പത്‌മശ്രീ ഡോ.ബൽറാം ഭാർഗവ ആഗസ്റ്റ് 15 നകം പരീക്ഷണങ്ങൾ പൂർത്തീകരിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുന്നത് എന്തുകൊണ്ടായിരിക്കും?

ISRO യുടെ ഒരു അഭിമാന ദൗത്യമായിരുന്നു ചന്ദ്രയാൻ-2. 2019 ജൂലൈ 14 ന് വിക്ഷേപിക്കുവാനും 2019 സെപ്റ്റംബർ 6 ന് ചന്ദ്രനിൽ ഇറങ്ങുവാനുമായിരുന്നു പദ്ധതി. ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായതിനാൽ വിക്ഷേപണം 8 ദിവസം വൈകി ജൂലൈ 22 നാണ് നടന്നത്. എന്നാൽ ചന്ദ്രനിൽ ഇറങ്ങുന്ന തീയതി മാറ്റിയില്ല. രണ്ടാം മോദി സർക്കാരിൻറെ നൂറാം ദിനം എങ്ങനെ മാറ്റിവയ്ക്കാൻ ആകുമെന്ന് സാമൂഹ്യ മാധ്യമങ്ങൾ കളിയാക്കി. ദൗത്യം പരാജയപ്പെട്ടു എന്നറിഞ്ഞപ്പോൾ ദേഷ്യത്തോടെ അണിയറയിലേക്ക് മടങ്ങുന്ന മോഡിയെ നമ്മൾ തത്സമയം കണ്ടു.

രാഷ്ട്രീയനേതൃത്വം അവർക്ക് വൈദഗ്ധ്യം ഇല്ലാത്ത ശാസ്ത്രലോകത്തിലെ തീരുമാനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ ഇത്തരം അപകടങ്ങൾ ഉറപ്പാണ്. ഏതൊരു അവസരത്തേയും മുതലെടുക്കാൻ രാഷ്ട്രീയ നേതൃത്വം ശ്രമിക്കുമ്പോഴാണ് അവരുടെ വിശ്വാസ്യത നഷ്ടപ്പെടുന്നത്. അവർ പരിഹാസ കഥാപാത്രങ്ങളാകുന്നതും.

മുൻ പ്രസിഡണ്ട് അബ്ദുൽ കലാം തൻറെ റോക്കറ്റ് വിക്ഷേപണ ശ്രമങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ആദ്യപരീക്ഷണം തന്നെ പരാജയപ്പെട്ടു തകർന്ന് അറബിക്കടലിലേക്ക് വീണപ്പോൾ വ്യസനത്തോടെയിരുന്ന അബ്ദുൽകലാമിനോട് അന്നത്തെ ISRO അദ്ധ്യക്ഷൻ പറഞ്ഞു, ഇത് ഞാൻ പത്രക്കാരോട് വിശദീകരിച്ചു കൊള്ളാമെന്ന്. രണ്ടാമത് അത് വിജയകരമായി വിന്യസിച്ച വിവരം അദ്ധ്യക്ഷനെ അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ഇക്കാര്യം ആദ്യം ലോകത്തോട് പറയേണ്ടത് ശാസ്ത്രജ്ഞർ തന്നെയാണ് മന്ത്രി അല്ല എന്ന്. കാരണം വിജയം വിശദീകരണം ആവശ്യപ്പെടുന്നില്ല.

പരാജയപ്പെടുന്ന എല്ലാ റോക്കറ്റ് വിക്ഷേപണങ്ങളുയുടെയും കാരണം ISRO അന്വേഷിക്കുകയും റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും ചെയ്യും. എന്നാൽ ചന്ദ്രയാൻ-2 പരാജയപ്പെടാൻ കാരണം സോഫ്റ്റ്‌വെയറിൽ ഉണ്ടായ കുഴപ്പമാണ് എന്ന് കമ്മിറ്റി പറഞ്ഞതല്ലാതെ ഇതുവരെ ആ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല.

അത്യന്തം ഗുരുതരവും സങ്കടകരവുമായ പട്ടാളക്കാരുടെ മരണവും കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്ന മരുന്നിന്റെ പരീക്ഷണവും വിലകുറഞ്ഞ തമാശകളുടെ വിഷയങ്ങളായി മാറുന്നത് ഇന്ത്യൻ ജനതയുടെ ദുര്യോഗമാണ്. ഈ രണ്ട് സംഭവങ്ങളിലും ദേശീയത തന്നെയാണ് പ്രധാനമന്ത്രി വ്യവഹരിക്കുന്നത്. ദേശീയത നല്ലൊരു വികാരമാണ്. എന്റെ രാജ്യം എന്ന ചിന്തയാണല്ലോ അത്. പക്ഷേ അതി-ദേശീയത ഒരു നല്ല വികാരമല്ല. അത് ഫാസിസത്തിന്റെ സിദ്ധാന്തമാണ്. അക്കാര്യം നമ്മൾ മറന്നുപോകരുത്.



Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.