മുന്നറിയിപ്പ്: ഒരു പുതിയ തലമുറ ഉദിച്ചുയരുന്നു

abhiprayavedi.org സംരംഭത്തിൽ നിന്ന്
09:27, 14 ജനുവരി 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VijayanPN (സംവാദം | സംഭാവനകൾ)
Jump to navigation Jump to search
രാഷ്ട്രീയം ടി.ജെ.എസ്. ജോർജ് 14 ജനുവരി 2020


Error: <seo> tag must contain at least one non-empty attribute.
കൊൽക്കത്തയിലെ വിദ്യാർത്ഥി പ്രക്ഷോഭം
Photo:The New Indian Express

എന്താണു നമ്മുടെ രാജ്യത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്നത്? കപ്പിത്താനോ നങ്കൂരമോ ഇല്ലാതെ കൊടുങ്കാറ്റിൽ മുങ്ങിപ്പൊങ്ങുന്ന ഒരു കപ്പലായി വളരെച്ചെറിയ കാലം കൊണ്ട് അതുമാറിയിരിക്കുന്നു. കഴിഞ്ഞയാഴ്ച്ച ജെ എൻ യുവിൽ ആഞ്ഞടിച്ച അക്രമം ജാമിയ മില്ലിയായിലും അലിഗഡിലും അരങ്ങേറിയതിനേക്കാൾ എത്രയോ രൂക്ഷമായിരുന്നു. ജെ എൻ യു വിൽ വിദ്യാർത്ഥികളെയും അധ്യാപകരേയും മർദ്ദിച്ച ഗുണ്ടകൾ മുഖം‌മൂടികൾ ധരിച്ചിരുന്നു. എന്നാൽ ഹിന്ദു രാഷ്ട്ര ദൾ എന്ന സംഘടന അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ ഹിന്ദുത്വ മതഭ്രാന്തന്മാർ ആയിരുന്നു ആ ആക്രമണത്തിനു പിന്നിൽ എന്ന് വ്യക്തമായി. പൊലീസിനെ നിഷ്ക്രിയരാക്കിക്കൊണ്ട് സർക്കാർ അവരെ പിന്തുണച്ചു. പൊലീസ് കർമ്മനിരതരായതോ തെരുവുവിളക്കുകൾ അണയ്ക്കാനായിമാത്രം. തെരുവുതെമ്മാടികൾക്ക് സ്വസ്ഥമായി അന്തർ‌ധാനം ചെയ്യണമല്ലോ. ഒരു അക്രമി പോലും അറസ്റ്റു ചെയ്യപ്പെട്ടില്ല. പോരാഞ്ഞിട്ട്, തലയ്ക്കടിയേറ്റ വിദ്യാർത്ഥി യൂണിയൻ നേതാവിന്റെ പേരിൽ കേസ് ചാർജു ചെയ്യുകയും ചെയ്തു.

ഇന്ത്യയിൽ ഒരുകാലത്തും ഒരു സർക്കാർ ഇത്ര ജനവിരുദ്ധരായിട്ടില്ല. അതേസമയം ഇത്ര നൈസർഗ്ഗികമായ ഒരു ജനകീയ കലാപം ഇന്ത്യയും കണ്ടിട്ടില്ല. ഞങ്ങളെ കേൾക്കണം എന്ന ആവശ്യവുമായി ഇന്ത്യ ഒട്ടാകെയുള്ള യുവജനങ്ങൾ മുന്നേറുകയാണ്. പ്രത്യേകിച്ച്‌ ആരും തന്നെ സംഘടിപ്പിച്ചതായിരുന്നില്ല ദേശമാകെ വ്യാപിച്ച അവയൊന്നും. ജനങ്ങൾക്കു മടുത്തുകഴിഞ്ഞിരിക്കുന്നു, നിലനിൽക്കുന്ന വ്യവസ്ഥിതി. അവർക്ക് വേണ്ടത് മാറ്റങ്ങളാണ്. വിദ്യാർത്ഥികളെ ശത്രുക്കളാക്കിത്തീർക്കാൻ പ്രത്യേക പ്രാവീണ്യമുള്ള ജെ എൻ യു വൈസ് ചാൻസലർ ജഗദേശ് കുമാറിനെ പുറത്താക്കുന്നപോലുള്ള നടപടികളാണ് അവർക്കുവേണ്ടത്.

ജനകീയ പ്രസ്ഥാനങ്ങളെ ബലപ്രയോഗം കൊണ്ട് അടിച്ചമർത്താം എന്ന് വിഡ്ഢികളായ ഭരണനേതാക്കൻമാർ കണക്കുകൂട്ടുന്നു. ഉത്തരപ്രദേശ് സർക്കാർ മറ്റെല്ലാവരേയും വെല്ലുന്ന വിഡ്ഢിത്തമാണ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ആ സർക്കാർ ദുഷ്ടത നിറഞ്ഞതുമാണ്. കാവിവസ്ത്രധാരിയായ അവിടുത്തെ മുഖ്യമന്ത്രി, തന്റെ സംസ്ഥാനത്തെ ഹിന്ദുത്വയുടെ ഒരു ഉത്തമ മാതൃക ആക്കുക എന്ന ലക്ഷ്യത്തോടെ മൂന്നാം മുറ പ്രയോഗിക്കാനായി മുസ്ലീങ്ങളെ തെരഞ്ഞുപിടിക്കാൻ പൊലീസിനെ പ്രോത്സാഹിപ്പിക്കുകയാണ്. തന്റെ സർക്കാർ പ്രതിഷേധക്കാരുടെ ആസ്തികൾ ലേലം ചെയ്യുമെന്ന് ആ സന്യാസിവര്യൻ ഭീഷണിപ്പെടുത്തുകയുണ്ടായി. അങ്ങനെയാണത്രെ, 'പ്രതികാരം ചെയ്യുക'. അനേകം പൗരന്മാർക്ക് കഷ്ടനഷ്ടങ്ങൾ പരിഹരിക്കാനായി പണം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസുകൾ അയച്ചുകഴിഞ്ഞിരിക്കുന്നു. മുസ്ലീങ്ങളായ പ്രവർത്തകരെ തെരഞ്ഞുപിടിച്ചായിരുന്നു ഈ പ്രത്യേക ചികിത്സ. പ്രാകൃതമായ വർഗ്ഗീയത പ്രയോഗിച്ചു മുന്നേറാം എന്നു ചിന്തിക്കുന്ന രാഷ്ട്രീയക്കാർ ഇക്കാലത്തും ഉണ്ട് എന്നത് അതിശയിപ്പിക്കുന്നതാണ്.

മോഡിയും അമിത് ഷായും ആദിത്യനാഥും നയിക്കുന്ന ഇന്ത്യയെ അന്ധകാരം വലയം ചെയ്യുകയാണ്. പ്രകാശത്തിനുമാത്രമേ ഇരുട്ടിനെ ചെറുക്കാനാവൂ. രാജ്യത്തെമ്പാടുമുള്ള സർ‌വകലാശാലകളിൽ യുവജനങ്ങൾ മെഴുകുതിരികൾ കൊളുത്തിയിരിക്കുന്നു. ഇരുട്ടിനെ ഭയക്കാത്ത മാറ്റത്തിന്റെ മിശിഹാമാരാണ് അവർ. പ്രകാശം പരക്കുമെന്നും ജ്വലിച്ചുനിൽക്കുമെന്നും അവർ ഉറപ്പുവരുത്തും.

അവർ ഇതിൽ വിജയിക്കില്ല, കാരണം ഇന്ത്യ എന്തെന്ന് അവർ കരുതുന്നുവോ അതല്ല സമകാലിക ഇന്ത്യ. ഒരു പുതിയ ഇന്ത്യ ഉണർന്ന് എഴുനേൽക്കുകയാണെന്ന് രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള യുവജനങ്ങൾ കാണിച്ചുതരികയാണ്. ഉത്തരപ്രദേശിനുപോലും ഇതു സമ്മതിച്ചുതരേണ്ടിവരും. നാടകപ്രവർത്തകയായ രത്നാപാഠക് അടുത്തയിടയ്ക്ക് ഒരു വിദ്യാർഥിയോടു പറയുകയുണ്ടായി, "ദുർ‌ഭരണത്തിനുകീഴിൽ ജീവിതം എങ്ങനെയെന്ന് ഒരു തലമുറ കാണുന്നത് ഇതാദ്യമായിരിക്കും. നിങ്ങളുടെ തലമുറയാണ് ആശയറ്റ തലമുറ. ഭീകരമായ ഈ അവസ്ഥയിൽ നാം എത്രനാൾ കഴിയും?' എന്നാലും അവർക്ക് ശുഭാപ്തിവശ്വാസമാണ്. "അർത്ഥപൂർണമായ ഒരു ഇന്ത്യക്കു വേണ്ടി വിദ്യാസമ്പന്നരായ ഇത്രയേറെ ആളുകൾ മെനക്കിട്ടിറങ്ങുന്നത് ഞാൻ ഇതിനുമുമ്പ് കണ്ടിട്ടില്ല."

ഈ യാഥാർത്ഥ്യം അംഗീകരിക്കാൻ അധികാരത്തിലുള്ളവർ തയാറല്ല. സംഘട്ടനങ്ങളും കലഹങ്ങളും ആശയപരമായ ഏറ്റുമുട്ടലിലേയ്ക്ക് നയിക്കുമെന്നും അത് ഹിന്ദുത്വയുടെ വളർച്ചയിലേയ്ക്കു നയിക്കുമെന്നും അവർ വിഭാവനം ചെയ്യുന്നു. ഒളിഞ്ഞും പതുങ്ങിയും ആക്രമണോത്സുകരായ സംഘടനകളെ സർക്കാർ പിന്തുണയ്ക്കുന്നത് അതുകൊണ്ടാണ്. ഇത് യു പി യിൽ മാത്രമല്ല. കേന്ദ്രവും ഏറ്റുമുട്ടലുകളെ പ്രോത്സാഹിപ്പിക്കാൻ എപ്പോഴും തയാറാണ്. രാജ്യത്തെ പ്രസിദ്ധമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ വർഗ്ഗീയ കുടക്കീഴിൽ അണിനിരത്താനായുള്ള മനപ്പൂർ‌വമായ ഉദ്യമമാണ് ക്യാമ്പസുകളിലെ ഈ ആക്രമണങ്ങൾ. രാജ്യമെമ്പാടും നടക്കുന്ന പൗരത്വ നിയമ വിരുദ്ധ സമരങ്ങൾ തങ്ങളുടെ ആധിപത്യമോഹങ്ങളെ വെല്ലുവിളിക്കുന്നതായാണ് കേന്ദ്ര സർക്കാരും ഹിന്ദുത്വ ലോബികളും കാണുന്നത്. രാജ്യത്ത് ഉയർന്നുവരുന്ന പുതുശക്തികളെ നേരിടുന്നതിൽ അവർ കാണിക്കുന്ന ക്രൂരത യുവ പ്രവത്തകരുടെ വീര്യം വർദ്ധിപ്പിക്കുകയേ ഉള്ളു എന്നത് അവർ മനസ്സിലാക്കുന്നില്ല. അമിത് ഷാ സ്റ്റൈൽ ഭീഷണികൾ ഈ തലമുറയ്ക്കു മുമ്പിൽ വിലപ്പോവുകയില്ല.

അടിച്ചമർത്തൽ തന്ത്രങ്ങളുമായി സർക്കാർ മുന്നോട്ടുപോയാൽ ചെറുത്തുനില്പ് വളരുകയും വർദ്ധിക്കുകയും ചെയ്യും. ബി ജെ പി ഇതര സർക്കാരുകളാണ് പല സംസ്ഥാനങ്ങളിലും എന്നത് മറക്കരുത്. ദൽഹിയുടെ അസഹിഷ്ണുത ചെറുത്തുനില്പിന് വീര്യം വർദ്ധിപ്പിക്കുകയേ ഉള്ളൂ. ഇന്ത്യയുടെ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതാവും ഇതിന്റെ പ്രത്യാഘാതം.

മോഡിയും അമിത് ഷായും ആദിത്യനാഥും നയിക്കുന്ന ഇന്ത്യയെ അന്ധകാരം വലയം ചെയ്യുകയാണ്. പ്രകാശത്തിനുമാത്രമേ ഇരുട്ടിനെ ചെറുക്കാനാവൂ. രാജ്യത്തെമ്പാടുമുള്ള സർ‌വകലാശാലകളിൽ യുവജനങ്ങൾ മെഴുകുതിരികൾ കൊളുത്തിയിരിക്കുന്നു. ഇരുട്ടിനെ ഭയക്കാത്ത മാറ്റത്തിന്റെ മിശിഹാമാരാണ് അവർ. പ്രകാശം പരക്കുമെന്നും ജ്വലിച്ചുനിൽക്കുമെന്നും അവർ ഉറപ്പുവരുത്തും.


'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്' ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ — പകർപ്പവകാശം ലേഖകന്.


Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.